Pages

Tuesday, March 16, 2021

എന്റെ ഗ്രാമകഥകൾ

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ഗ്രാമ ചിത്രങ്ങൾ വരികളിൽ കോറിയിടുന്ന ഒലീവ് പബ്ലിക്കേഷന്സിന്റെ പുസ്തക പരമ്പരയാണ് എൻ്റെ ഗ്രാമകഥകൾ. ഗ്രാമങ്ങളെപ്പറ്റിയും അവിടത്തെ നിഷ്കളങ്കമായ ജീവിതങ്ങളെപ്പറ്റിയും കൂടുതൽ അറിയാൻ താല്പര്യമുള്ളതിനാൽ പുസ്തകമേളകളിൽ ഞാൻ എപ്പോഴും നാടൻ കഥകൾ തിരയാറുണ്ട്. അങ്ങനെ ഏഴാമത് അരീക്കോട് പുസ്തകമേളയിൽ നിന്നാണ് ശ്രീ.യു.കുമാരന്റെ എൻ്റെ ഗ്രാമകഥകൾ കയ്യിൽ കിട്ടിയത്.

പതിമൂന്ന് കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥകൾ എന്നതിലുപരി ഗ്രാമീണ ജീവിതാനുഭവങ്ങളായി അവ തോന്നിപ്പോകുന്നു.  നമ്മുടെ ചുറ്റും ഇതേ പോലുള്ള നിരവധി കഥാ തന്തുക്കൾ കാറ്റിൽ ഉലയുന്നതായി ഈ കഥകളിലൂടെ നമുക്ക് നേരിട്ടനുഭവപ്പെടും .  എഴുത്തിൽ അല്പം വൈഭവം ഉണ്ടെങ്കിൽ എല്ലാ വായനക്കാർക്കും ഇത്തരം ഗ്രാമീണ ചിത്രങ്ങൾക്ക് അക്ഷരങ്ങളിലൂടെ മിഴിവേകാൻ സാധിക്കും.

"തപാൽപെട്ടി ബസ്‌സ്റ്റോപ്പ് "  എന്ന കഥ നാല്പത് വയസ്സിന് മുകളിലുള്ളവരിൽ ഒരു ഗൃഹാതുരത്വം ഉണ്ടാക്കും എന്ന് എനിക്ക് തോന്നുന്നു. ഇന്ന് അപൂർവ്വമായി കാണപ്പെടുന്ന തപാൽപെട്ടിയുടെ ആത്മ നൊമ്പരങ്ങൾ വളരെ രസകരമായി ആ കഥയിലൂടെ വായിച്ചെടുക്കാം. "ഗ്രാമത്തിൽ കാണാതായ പെൺകുട്ടി" എന്ന കഥ എന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെയാണെങ്കിലും കഥാഭാവന ഹൃദ്യമായി.

ചില കഥകൾ തമ്മിൽ പരസ്പരം എവിടെയോ ചില ബന്ധങ്ങൾ ഉള്ളതായും തോന്നി."ഭൂമിയുടെ അളവുകാരനിലെ" അളവുകാരന്റെ മനോവികാരങ്ങൾ തന്നെ "ഉണ്ണിയും പോകുന്നു" എന്ന കഥയിൽ നിഴലിടുന്നുണ്ട്."വീട് എന്ന വികാരം " എന്ന കഥയും "വീട് സംസാരിക്കുന്നു" എന്ന കഥയും വീടിനെപ്പറ്റി രണ്ട് കഥാപാത്രങ്ങളുടെ വ്യത്യസ്ത വീക്ഷണങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത്. "ഓരോ വിളിയും കാത്ത് " എന്ന കഥയും  "വീട് എന്ന വികാരം " എന്ന കഥയുമായി എവിടെയൊക്കെയോ ഒരു മൃദു ചുംബനം നടത്തുന്നുണ്ട്.

"ക്വിറ്റ് ശങ്കരമാമ " എന്ന കഥ അവസാനം വരെ വായനക്കാരനെ കൊണ്ട് പോകും. പക്ഷെ കഥാവസാനം ആരാണ് ക്വിറ്റ് ആയത് എന്ന സംശയം ബാക്കിയാകും. പുസ്തകത്തിലെ മറ്റു കഥകളും ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്ന ആരിലും ഒരനുഭൂതി സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

ഈ പരമ്പരയിലെ മറ്റു പുസ്തകങ്ങൾ കൂടി വാങ്ങി വായിക്കാൻ ഈ പുസ്തകം എന്നെ പ്രേരിപ്പിക്കുന്നു. തീർച്ചയായും അത് തന്നെയാണ് ഒരു പുസ്തകത്തിന്റെ വിജയവും.

പുസ്തകം                : എൻ്റെ ഗ്രാമകഥകൾ                                                                                        രചയിതാവ്         : യു.കുമാരൻ                                                                                  പ്രസാധകർ         : ഒലീവ് പബ്ലിക്കേഷൻസ്                                                                                പേജ്                        : 113                                                                                                                    വില                        : 150 രൂപ  

5 comments:

Areekkodan | അരീക്കോടന്‍ said...

ഈ പരമ്പരയിലെ മറ്റു പുസ്തകങ്ങൾ കൂടി വാങ്ങി വായിക്കാൻ ഈ പുസ്തകം എന്നെ പ്രേരിപ്പിക്കുന്നു.

© Mubi said...

എൻ്റെ ഗ്രാമകഥകൾ കൗതുകമുണർത്തുന്നു :)

Areekkodan | അരീക്കോടന്‍ said...

Mubi...നേരിട്ടുള്ള വായന കൂടുതൽ രസകരമാക്കും

Muralee Mukundan , ബിലാത്തിപട്ടണം said...

എൻ്റെ ഗ്രാമകഥകൾ' സീരീസായി ഇറക്കുന്ന പുസ്തകങ്ങളാണോ ?

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ആ സീരീസ് അല്ല , അങ്ങനെയൊരു വിഭാഗമായി പല പ്രശസ്തരുടെയും ഗ്രാമകഥകൾ

Post a Comment

നന്ദി....വീണ്ടും വരിക