ചക്കരച്ചോറ് മലബാറിൽ മിക്കവർക്കും പരിചയം ഉണ്ടാകും. മലബാറിലെ മുസ്ലിംകളിൽ സുന്നി ആദർശം പിന്തുടരുന്നവരുടെ വീടുകളിൽ അറബി മാസം ശഅബാൻ 15 ന് നടക്കുന്ന ബറാഅത്ത് എന്ന ആചാരത്തിലെ പ്രധാന ഭക്ഷണമാണ് ചക്കരച്ചോറ്. ചോറിൽ മധുരമിട്ട് കഴിക്കുന്നത് പണ്ടുമുതലേ എനിക്ക് ആലോചിക്കാൻ പോലും പറ്റാത്ത സംഗതി ആയതിനാൽ ചക്കരച്ചോറ് ഞാൻ കഴിച്ചതായി എന്റെ ഓർമ്മയിൽ ഇല്ല.
ഏറനാടൻ മുസ്ലിംകളുടെ വാമൊഴിയിൽ എഴുതപ്പെട്ട കഥകൾ മലയാളത്തിൽ വളരെ വളരെ കുറവാണ്. രണ്ടായിരാമാണ്ടിന്റെ ആദ്യ വർഷങ്ങളിൽ മലയാളത്തിൽ ബ്ലോഗുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോഴാണ് അത്തരം കഥകൾ അല്പമെങ്കിലും ഇന്റർനെറ്റിൽ വായിക്കാനായത്. 2006 ൽ ഞാൻ ബ്ലോഗെഴുത്ത് ആരംഭിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഏറനാടൻ വാമൊഴിയിൽ 'അബുവും സൈനബയും' എന്ന കഥ എഴുതി. വായനക്കാർ തന്ന മികച്ച പ്രതികരണം അതിനെ ഒരു സീരീസാക്കി. ക്രമേണ അതൊരു നോവലായി മാറി. ഇപ്പോളത് പ്രസിദ്ധീകരണത്തോടടുക്കുന്നു.
ഈയിടെയാണ് 'ചക്കരച്ചോറ്' എന്ന പേരിൽ ഒരു പുസ്തകം എന്റെ ശ്രദ്ധയിൽ പെട്ടത്.അതിന്റെ അവതാരികയിലും പ്രസാധകക്കുറിപ്പിലും എടുത്ത് പറഞ്ഞത് ഏറനാടൻ വാമൊഴിയുടെ ചന്തവും അതിൽ ഈ പുസ്തകത്തിന്റെ പങ്കുമാണ്. ഈ പുസ്തകത്തിലെ ഇരുപത് കഥകളിലും ഈ വായ്മൊഴി നമുക്ക് ആസ്വദിക്കാം. വായ്മൊഴി ലിപിയിലേക്ക് പകർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ വായ്മൊഴി അറിയാത്തവർക്ക് ഈ കഥകൾ ആസ്വദിക്കാനും സാധ്യമല്ല. അവർക്ക് ഇത് അക്ഷത്തെറ്റ് നിറഞ്ഞ ഒരു പുസ്തകമായേ തോന്നൂ.
അശ്ലീലമെന്ന് തോന്നാവുന്ന പദങ്ങൾ (വായനക്കാർക്കനുസരിച്ചിരിക്കും ) ചില കഥകളിൽ യാതൊരു മടിയും കൂടാതെ ഉപയോഗിക്കാൻ കഥാകൃത്തിന് കിട്ടിയ ധൈര്യം അപാരം തന്നെ.മിക്ക കഥകളും വായിക്കുമ്പോൾ തന്നെ അത് സ്വന്തം അനുഭവങ്ങളുടെ വാക് പയറ്റാണെന്ന് മനസ്സിലാകും. അനുഭവങ്ങൾ ഗ്രാമീണ പശ്ചാലത്തിലുള്ള ഒരു കഥയായി രൂപപ്പെടുത്താൻ കഥാകൃത്തിന് സാധിച്ചു എന്നതാണ് ഈ പുസ്തകത്തിന്റെ വിജയം. മലബാറികൾക്ക് ഈ പുസ്തകത്തോട് ഇഷ്കും മുഹബ്ബത്തും ഉണ്ടാകും എന്ന് ഉറപ്പാണ്.
ചക്കരച്ചോറ് ഒരു കട്ടൻചായയുടെ അകമ്പടിയോടെയാണ് മിക്കവാറും വിളമ്പാറ് എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഒരു കട്ടൻ ചായയും ഗ്ലാസ്സിലെടുത്ത് ഈ 'ചക്കരച്ചോറ്' തിന്നാൻ തുടങ്ങിയാൽ പ്ളേറ്റ് വടിച്ച് വൃത്തിയാക്കിയിട്ടേ ഗ്ളാസ് താഴെ വയ്ക്കൂ എന്നാണ് എന്റെ അനുഭവം.
രചയിതാവ് :സാക്കിർ സാക്കി
പ്രസാധകർ : പേരക്ക ബുക്സ്
പേജ് : 112
1 comments:
ഒരു കട്ടൻ ചായയും ഗ്ലാസ്സിലെടുത്ത് ഈ 'ചക്കരച്ചോറ്' തിന്നാൻ തുടങ്ങിയാൽ പ്ളേറ്റ് വടിച്ച് വൃത്തിയാക്കിയിട്ടേ ഗ്ളാസ് താഴെ വയ്ക്കൂ എന്നാണ് എന്റെ അനുഭവം.
Post a Comment
നന്ദി....വീണ്ടും വരിക