ഡൽഹിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോഴൊക്കെ അത് കൊങ്കൺ പാത വഴി ആയിരിക്കണം എന്ന് മനസ്സിൽ ഒരു തീരുമാനം അറിയാതെ രൂപപ്പെടും.പാലങ്ങളും തുരങ്കങ്ങളും നിറഞ്ഞ, അപകടം പതിയിരിക്കുന്ന പാതയാണെങ്കിൽ പോലും അതിലൂടെ യാത്ര ചെയ്യുന്നതിലുള്ള ത്രില്ല് ഒന്ന് വേറെത്തന്നെയാണ്. യാത്ര രാത്രിയാണെങ്കിൽ പോലും ഈ ത്രില്ലിന് കോട്ടം വരാറില്ല. ഇത്തവണത്തെ ഡൽഹി യാത്രയിലെ, ഏതാനും ചില കാഴ്ചകൾ ആണ് വായനക്കാർക്ക് വേണ്ടി ഇവിടെ പങ്കു വയ്ക്കുന്നത്.
പണ്ട് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയിൽ കോട്ടയത്തിനടുത്ത് ഒരു തുരങ്കത്തിലൂടെ ഏതാനും നിമിഷങ്ങൾ കടന്ന് പോകാറുണ്ടായിരുന്നു. പെട്ടെന്ന് ഒരു ഇരുട്ടും പിന്നാലെ കൂക്കിവിളിയും വ്യാപിക്കുമ്പോഴാണ് തുരങ്കത്തിൽ പ്രവേശിച്ചത് അറിയുന്നത്. അപ്പോഴേക്കും ട്രെയിൻ പുറത്തെത്തിയിട്ടും ഉണ്ടാകും. പിന്നീടുള്ള യാത്രകൾ പലപ്പോഴും രാത്രി ആയതിനാലും ആലപ്പുഴ വഴി ആയതിനാലും ഈ തുരങ്കം ഓർമ്മയിൽ നിന്ന് തന്നെ മാഞ്ഞുപോയി. കൊങ്കൺ പാത വഴി നിരവധി യാത്രകൾ ചെയ്തതോടെ തുരങ്കങ്ങൾ കാണാനുള്ള ആക്രാന്തവും ഇല്ലാതായി.
മംഗലാപുരം മുതൽ റോഹ വരെ 740 കിലോമീറ്റർ നീളത്തിലുള്ള കൊങ്കൺ റെയിൽ പാത ശരിക്കും ഒരു എഞ്ചിനീയറിംഗ് വിസ്മയം തന്നെയാണ്. മെട്രോ മാൻ ഇ.ശ്രീധരൻ എന്ന കേരളീയന്റെ എഞ്ചിനീയറിംഗ് പ്രാഗൽഭ്യം ഇന്ത്യ തിരിച്ചറിഞ്ഞത് കൊങ്കൺ പാതയുടെ നിർമ്മാണത്തിലൂടെയാണ്. വലുതും ചെറുതുമായ നിരവധി തുരങ്കങ്ങളും പാലങ്ങളും എലിവേറ്റഡ് ബ്രിഡ്ജുകളും അടങ്ങിയ ഈ പാതയിലൂടെ ഒരിക്കലെങ്കിലും പകൽ സമയത്ത് സഞ്ചരിച്ച് ഈ വിസ്മയം ആസ്വദിക്കണം എന്നാണ് എന്റെ അഭിപ്രായം.
ഈ പാതയിൽ എത്ര തുരങ്കങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. പക്ഷെ നിർബന്ധമായും കാണേണ്ട തുരങ്കം കാർബുഡെ തുരങ്കമാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെയും കൊങ്കൺ റെയിൽപാതയിലെ ഒന്നാമത്തെയും റെയിൽവേ തുരങ്കമാണിത്.
മഹാരാഷ്ട്രയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ രത്നഗിരി കഴിഞ്ഞാൽ തുരങ്കം കാണാനുള്ള തയ്യാറെടുപ്പ് തുടങ്ങാം. രത്നഗിരിയിൽ നിന്ന് ഏതാനും മിനുട്ടുകൾ കഴിഞ്ഞാൽ ഉക്ഷി എന്ന ചെറിയ സ്റ്റേഷൻ എത്തും. അതും കഴിഞ്ഞാൽ തുരങ്കം ആരംഭിക്കുകയായി. ഉക്ഷി - ബോകെ എന്നീ സ്റ്റേഷനുകൾക്കിടയിലാണ് കാർബുഡെ തുരങ്കം. ഈ തുരങ്കത്തിന്റെ നീളം 6.5 കി.മി. ആണ്. മൺസൂൺ സീസൺ ആണെങ്കിൽ തുരങ്കത്തിലുടനീളം പ്രകൃതി ഒരുക്കിയ വാട്ടർ സ്പ്രേയിംഗ് ആസ്വദിക്കാം. രാത്രിയാണ് ഇത് വഴി കടന്നുപോകുന്നത് എങ്കിൽ തുരങ്കത്തിന്റെ ദൈർഘ്യവും ഭയാനകതയും ഒന്നും അനുഭവിക്കാൻ സാധിക്കില്ല.
3 comments:
മംഗലാപുരം മുതൽ റോഹ വരെ 740 കിലോമീറ്റർ നീളത്തിലുള്ള കൊങ്കൺ റെയിൽ പാത ശരിക്കും ഒരു എഞ്ചിനീയറിംഗ് വിസ്മയം തന്നെയാണ്.
ഭാരതീയ തീവണ്ടി സഞ്ചാരങ്ങൾ ...
മുരളിയേട്ടാ... ഇനി എത്ര കാണാനിരിക്കുന്നു ഈ മഹാഭാരതത്തിൽ
Post a Comment
നന്ദി....വീണ്ടും വരിക