ശരിക്കും പറഞ്ഞാൽ ഞാൻ തന്നെ ഞെട്ടിപ്പോയി.ദൈവമേ, ഈ പാവം എന്നെപ്പറ്റി എന്തൊക്കെ വിവരങ്ങളാ ഈ ഗൂഗിളമ്മായി ലോകം മുഴുവൻ പറഞ്ഞ് പരത്തുന്നത്. അതിലൊന്ന് ദേ താഴെ -
"രണ്ടാഴ്ചത്തെ അദ്ധ്യാപകൻ,എൻ.എസ്.എസ് നെ വിപ്ലവീകരിക്കുന്നു" എന്ന് പച്ച മലയാളത്തിൽ പറയാവുന്ന ഈ വാർത്ത ഇംഗ്ലീഷിലായതുകൊണ്ട് അധികമാരും കണ്ടില്ല. പത്രറിപ്പോർട്ടർ പലതും ചോദിച്ച് പോയ അന്ന് മുതൽ രണ്ട് മാസം ഞാൻ ഈ പത്രം കഷ്ടപ്പെട്ട് അരിച്ച് പെറുക്കി വായിച്ചെങ്കിലും ഈ റിപ്പോർട്ട് കണ്ടിരുന്നേ ഇല്ല (മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).
അടുത്തത് കണ്ടപ്പോൾ ഞാൻ ശരിക്കും രോമാഞ്ചകഞ്ചുകമണിഞ്ഞു.2013 ൽ ഇന്ദിരാഗാന്ധി ദേശീയ അവാർഡ് രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയിൽ നിന്നും ഞാൻ സ്വീകരിക്കുന്ന ഫോട്ടോ ആണ്.അത് കണ്ടതിലല്ല പുളകിനായത്;"The Hindu Images" എന്ന പേരിൽ ഹിന്ദു ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫർ വി.സുദർശൻ എടുത്ത ഫോട്ടോക്ക് ഇട്ട വില!!ഒറ്റത്തവണ ഉപയോഗിക്കാനാണെങ്കിൽ മീഡിയം സൈസ് ഇമേജിന് വില വെറും 9074 രൂപാ മാത്രം.എവിടെയെങ്കിലും പ്രദർശിപ്പിക്കാനോ പ്രതിഷ്ഠിക്കാനോ ഒക്കെ ആണെങ്കിൽ (Non Exclusive ഉപയോഗത്തിനാണെങ്കിൽ) ചുരുങ്ങിയത് മൂന്ന് മാസം എടുക്കണം;അതിന് വില വെറും 37000 രൂപ.ഇനി ഒരു വർഷത്തേക്കാണെങ്കിൽ 58250 രൂപാ മാത്രം!എന്നിട്ട് കുട്ടയിലേക്കിടണോ (Add to Cart) എന്നൊരു ചോദ്യവും.
ഇത്രയും വിലയുള്ള ഈ ഫോട്ടോയാണ് കഴിഞ്ഞ ഒമ്പത് വർഷമായി ചോദിക്കുന്നവനും ചോദിക്കാത്തവനും ഒക്കെ അയച്ച് കൊടുക്കുന്നതും വാട്സ്ആപ്പിൽ ഞാൻ അംഗമായത് മുതൽ ആർക്കും സേവ് ചെയ്യാവുന്ന രൂപത്തിൽ ഡി.പി ആക്കി വയ്ക്കുന്നതും എന്നോർത്തപ്പോൾ ചെറിയൊരു നെഞ്ചു വേദന അനുഭവപ്പെട്ടോ?
ഇന്ന് വരെ ഉണ്ടായിരുന്ന വേറൊരു വേദന ഇതോടെ മാറുകയും
ചെയ്തു.അവാർഡ് സെറിമണിയുടെ മുഴുവൻ ഫോട്ടോയും അടങ്ങിയ സി.ഡി അന്ന് മേടിച്ചത് പ്രിൻസിപ്പാൾ വിദ്യാസാഗർ സാർ തന്ന 300 രൂപ കൊടുത്തായിരുന്നു.അപ്പോൾ, വളണ്ടിയർമാരടക്കം എഴുപതോളം പേരുടെ
ഫോട്ടോയുള്ള ആ സി.ഡിയുടെ വില ഇപ്പോൾ എത്രയാ? എന്റെ ദൈവമേ??ഒറ്റ സി.ഡി എന്നെ കോടിപതിയാക്കി!!!
3 comments:
ഇത്രയും വിലയുള്ള ഈ ഫോട്ടോയാണ് കഴിഞ്ഞ ഒമ്പത് വർഷമായി ചോദിക്കുന്നവനും ചോദിക്കാത്തവനും ഒക്കെ അയച്ച് കൊടുക്കുന്നതും വാട്സ്ആപ്പിൽ ഞാൻ അംഗമായത് മുതൽ ആർക്കും സേവ് ചെയ്യാവുന്ന രൂപത്തിൽ ഡി.പി ആക്കി വയ്ക്കുന്നതും എന്നോർത്തപ്പോൾ ചെറിയൊരു നെഞ്ചു വേദന അനുഭവപ്പെട്ടോ?
അതുശരി...ഇനി എന്താ ചെയ്യുക മാഷേ
Dhruvakanth ... തൽക്കാലം സഹിക്കുക.
Post a Comment
നന്ദി....വീണ്ടും വരിക