തികച്ചും അപ്രതീക്ഷിതമായാണ് അന്ന് ഞാൻ വീട്ടിലെത്തിയത്. കോളേജ് പ്രവൃത്തി ദിനങ്ങളിൽ സാധാരണയായി ഞാൻ നാട്ടിൽ തിരിച്ചെത്താറില്ല. പക്ഷെ അന്ന് എന്തോ ഒരു ഉൾവിളി കാരണം വീട്ടുകാരിയെപ്പോലും അറിയിക്കാതെ ഞാൻ നാട്ടിലേക്ക് ബസ് കയറി.
നാല് ദിവസം മുമ്പ് ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ നിന്നും പോയ ടൂറിന്റെ അവലോകനം അന്ന് രാവിലെ കഴിഞ്ഞിരുന്നു.ടൂർ പ്ലാൻ ചെയ്ത വ്യക്തി എന്ന നിലയിൽ കണ്ട സ്ഥലങ്ങളും കിട്ടിയ സൗകര്യങ്ങളും സമയക്രമവും എല്ലാം വളരെയധികം പ്രശംസയ്ക്ക് പാത്രമായി.ആദ്യം സന്ദർശിച്ച കരുവാരക്കുണ്ടിൽ ഞങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തന്ന എന്റെ സുഹൃത്തുക്കളായ സാഹിറിനെയും മണിയേയും അവലോകനത്തിൽ ഞാൻ പ്രത്യേകം എടുത്ത് പറയുകയും ചെയ്തിരുന്നു.
കോളേജിൽ നിന്നും വീട്ടിലേക്കുള്ള വഴിയേ ഞാൻ പെരിന്തൽമണ്ണ എത്തിയപ്പോൾ പെട്ടെന്ന് മേൽ സൂചിപ്പിച്ച മണി എന്നെ വിളിച്ചു.
"ആബിദേ.. നീ വീട്ടിലുണ്ടോ?"
"ഇല്ലെടാ...പക്ഷെ ഞാൻ ഇന്ന് വീട്ടിലെത്തും... നീ എവിടെയാ?"
"ഞാൻ അരീക്കോട്ടുണ്ട്...മൈത്രയിൽ..."
"നീ എപ്പോഴാ തിരിച്ചു പോവുക?"
"ഞാനിതാ ഇറങ്ങുകയാണ്...പക്ഷെ അഞ്ചര വരെ അരീക്കോട്ടുണ്ട്...."
"ഓ..കെ..അപ്പോഴേക്കും ഞാനെത്തും...നീ എവിടെയാ ഉണ്ടാവുക?"
"അരീക്കോട്ട് കെ.എസ്.ടി.എ യുടെ ഒരു ഓഫീസുണ്ട്...അവിടെ.."
"എടാ...അതിന്റെ നേരെ ഓപ്പോസിറ്റ് ആണ് എൻറെ വീട്..ബാക്കി നേരിൽ കണ്ടിട്ട് പറയാം...." ഞാൻ ഫോൺ കട്ട് ചെയ്തു.
നാട്ടിൽ ബസ്സിറങ്ങി വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി മെയിൻ റോഡിൽ നിന്നും എന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാൻ അഞ്ചാറടി കൂടി ഉള്ളപ്പോഴാണ് "കേരള സർക്കാർ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം" എന്ന ചുവപ്പ് ബോർഡ് വച്ച കാർ എന്റെ മുന്നിൽ വന്നു നിന്നത്! പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയ മണി ആയിരുന്നു പ്രസ്തുത കാറിൽ ഉണ്ടായിരുന്നത്. അവൻ പറഞ്ഞ ഓഫീസും അവിടെ നിന്ന് നോക്കിയാൽ കാണുന്ന എന്റെ വീടും കാണിച്ച ശേഷം ഞാൻ വീട്ടിലേക്ക് നടന്നു.
സംഘടനാപരമായി ചെയ്യാനുള്ള ചില കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം മണി എന്റെ വീട്ടിലെത്തി. 1995ലെ ബി.എഡ് പഠന കാലത്തെ പഴയ ഓർമ്മകളും മറ്റുവിശേഷങ്ങളും പങ്കു വച്ച്, അന്നേ അവന് പരിചയമുള്ള എന്റെ ഉമ്മയെയും കണ്ട്, ചായ സൽക്കാരവും കഴിഞ്ഞ് അവൻ തിരിച്ചു പോകുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു - ഒരു സുഹൃത്തിനെപ്പറ്റി രാവിലെ സംസാരിക്കുക ... വൈകിട്ട് അവൻ എന്നെ വിളിക്കുക... അറിയാതെ അവൻ എന്റെ വീടിന്റെ നേരെ മുന്നിൽ എത്തിപ്പെടുക... മറ്റൊരു നാട്ടിലുള്ള ഞാനും അവനും അന്ന് തന്നെ കണ്ടുമുട്ടുക ... ദൈവത്തിന്റെ ഓരോരോ വികൃതികൾ!!
1 comments:
ദൈവത്തിന്റെ ഓരോരോ വികൃതികൾ!!
Post a Comment
നന്ദി....വീണ്ടും വരിക