സ്കൂളിൽ പഠിക്കുന്ന കാലത്ത് നിരവധി ചീത്തവിളികൾ നേരിട്ടും അല്ലാതെയും കേട്ടിട്ടുണ്ട്. അതിൽ പെട്ട ഒന്നായിരുന്നു "കൊരങ്ങത്തി". മലയാളത്തിൽ അങ്ങനെ ഒരു പദം ഉണ്ടോ എന്ന് പോലും അറിയില്ല. എന്നാലും വിളിക്കുന്നവനും/ൾക്കും കേൾക്കുന്നവനും/ൾക്കും മത് ലബ് ക്യാഹെ കൃത്യമായി മനസ്സിലാകും.
വയനാട്ടിലെക്കോ മൈസൂരിലേക്കോ ടൂർ പോകുമ്പോഴാണ് പലപ്പോഴും കുരങ്ങുകളെ കാണാറുള്ളത്.ഇത് രണ്ടിനും പോകാത്തത് കൊണ്ട് ഞാൻ ജീവനുള്ള കുരങ്ങനെ അന്നൊന്നും കണ്ടിരുന്നില്ല. എങ്കിലും ഒരു കുരങ്ങന്റെ ചിത്രം എന്റെ മനസ്സിലുണ്ട്; കഥകളിലൂടെ വായിച്ചറിഞ്ഞ കപീഷ് എന്ന മാന്ത്രിക സിദ്ധിയുള്ള കുരങ്ങൻ. അനന്തമായി നീട്ടാൻ സാധിക്കുന്ന വാലുള്ള കപീഷിന്റെ കഥകൾ വായിച്ച് വായിച്ച് ഒരു കുരങ്ങനെ എങ്കിലും നേരിട്ട് കാണണം എന്ന ആഗ്രഹം എന്റെ മനസ്സിൽ പൊട്ടി മുളച്ചു.
വർഷങ്ങൾ ഏറെ കഴിഞ്ഞു.പുതിയ ആഗ്രഹങ്ങൾ മനസ്സിൽ കയറാൻ തുടങ്ങിയതോടെ പഴയത് പലതും കാലയവനികക്കുള്ളിൽ മറഞ്ഞു.എങ്കിലും അവയിൽ ചിലത് ഇടക്കിടെ സ്വപ്നത്തിൽ വന്ന് എൻറെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു.ധാരാളം കേട്ടത് കൊണ്ടാകാം സ്വപ്നത്തിൽ എന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച ജീവി കുരങ്ങൻ തന്നെയായിരുന്നു.
അങ്ങനെ കാലം (കാലനും) ചക്രത്തിൽ കിടന്ന് തിരിഞ്ഞ് കൊണ്ടിരിക്കുമ്പഴാണ് ആ വാർത്ത വലിയ വായിൽ നിന്നും ചെറിയ ചെവികളിലേക്ക് പടർന്ന് കയറിയത് - നെച്ചിയൻ അയമോട്ടിക്കയുടെ വീട്ടിൽ മൂപ്പർക്ക് പുറമെ ഒരു കുരങ്ങനും കൂടി ഉണ്ട്. പലരും ഗേറ്റിനുള്ളിലൂടെ അതിനെ കണ്ടതായും പറഞ്ഞതോടെ കുരങ്ങനെ ഒന്ന് കണ്ട് സായൂജ്യമടയാൻ എനിക്കും ആഗ്രഹം ജനിച്ചു. കൂട്ടുകാരി റംലയോട് വിവരം പറഞ്ഞപ്പോൾ അവളും റെഡിയായി. അങ്ങനെ അന്ന് വൈകിട്ട് സ്കൂൾ വിട്ടതും ഞങ്ങൾ രണ്ട് പേരും ആവേശത്തോടെ നെച്ചിയൻ അയമോട്ടിക്കയുടെ വീട് ലക്ഷ്യമാക്കി ഓടി.
"സൂറേ... നീ എങ്ങോട്ടാ .... ഇതു വഴി ?" പതിവില്ലാത്ത വഴിയിൽ എന്നെ കണ്ട സൽമ ചോദിച്ചു.
"ഞങ്ങള് ആയിഷയുടെ വീട്ടിലേക്ക് പോകാണ്..." തൽക്കാലം തടിയൂരാൻ ഞാൻ പറഞ്ഞു.
"അത് ഈ വഴിയല്ല...."
"ആ ... നീ പറഞ്ഞ ആയിഷ അല്ല ഞാൻ ഉദ്ദേശിച്ച ആയിഷ... അല്ലേ റംലേ ...?" കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുമ്പ്, അവളിൽ നിന്നും വേഗം രക്ഷപ്പെട്ട് ഞങ്ങൾ ഓടി... അങ്ങനെ ഓടിയോടി ഒരുവിധം ഞങ്ങൾ കുരങ്ങുള്ള വീടിന്റെ മുന്നിലെത്തി.
വീടിന്റെ ഗേറ്റ് പൂട്ടിയിട്ടുണ്ട്. കുരങ്ങൻമാർക്ക് പെൺകുട്ടികളെ കണ്ടാൽ സ്വഭാവം മാറും എന്ന് കേട്ടിട്ടുള്ളതിനാൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഉള്ളിൽ ചെറിയൊരു പേടിയുമുണ്ട്.എന്നാലും ധൈര്യം സംഭരിച്ച് ഗേറ്റിനുള്ളിലൂടെ ഞങ്ങൾ എത്തി നോക്കി. പക്ഷെ കുരങ്ങനെ കണ്ടില്ല.
"ച്ച്...ച്ച് ...ച്ച് ..." റംല ഒരു പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കി.
പെട്ടെന്നൊരു ചങ്ങല കിലുക്കം കേട്ടു. ചങ്ങലയിൽ കെട്ടിയിരുന്ന കുരങ്ങൻ എവിടെ നിന്നോ ചാടി വന്നു. പേടിച്ച് ഞങ്ങൾ ഗേറ്റിൽ നിന്നും പിന്നാക്കം പോയി. കുരങ്ങൻ ചങ്ങലയിലായതിനാൽ ഞങ്ങൾ വീണ്ടും ഗേറ്റിനടുത്തേക്ക് ചെന്നു. അവൻ ഞങ്ങളെ നോക്കി പല ഗോഷ്ടികളും കാണിച്ചു.
"എടീ.... നോക്ക് ... നോക്ക്.... അത് ആണാ..." അല്പം നാണത്തോടെ ഞാൻ പറഞ്ഞു.
"നമ്മള് പെണ്ണുങ്ങളാണെന്ന് അവനെങ്ങനാ അറിഞ്ഞത് ?"
"നമ്മളെ പാവാട കണ്ടിട്ടായിരിക്കും.." ഞാൻ പറഞ്ഞു.
അങ്ങനെ കുരങ്ങനെയും നോക്കി നിന്ന് പല കഥകളും വിശേഷങ്ങളും പറഞ്ഞ് സമയം പോയത് ഞങ്ങളറിഞ്ഞതേയില്ല.
ഇതേ സമയം ഞങ്ങളുടെ രണ്ട് പേരുടെയും വീട്ടിൽ ഭയങ്കരമായ ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ടായിരുന്നു. സാധാരണ, വൈകിട്ട് നാലരക്കും അഞ്ചു മണിക്കും ഇടയിലായി സ്കൂൾ വിട്ട് തിരിച്ച് വീട്ടിലെത്തുന്ന എന്നെ കാണാതെ ഉമ്മയുടെ മനസ്സ് പുകയാൻ തുടങ്ങി. അഞ്ച് മണിയും കഴിഞ്ഞതോടെ നാല് വീടപ്പുറമുള്ള എന്റെ സന്തത സഹചാരി റംലയുടെ വീട്ടിൽ ഞാനുണ്ടോ എന്നന്വേഷിച്ച് ഉമ്മ അങ്ങോട്ട് ചെന്നു. റംലയും അവിടെ എത്തിയില്ല എന്നറിഞ്ഞതോടെ രണ്ട് ഉമ്മമാർക്കും ആധിയായി. വേവലാതിയോടെ രണ്ട് പേരും എന്റെ വീട്ടിലേക്ക് വച്ച് പിടിച്ചു. എന്റെ ജ്യേഷ്ഠത്തി ട്യൂഷനും കഴിഞ്ഞ് എത്തിയിട്ടും ഞാൻ വീട്ടിൽ തിരിച്ച് എത്തിയിരുന്നില്ല. സമാധാനം പോയ രണ്ടുമ്മമാരും വീണ്ടും റംലയുടെ വീട്ടിലേക്കോടി.
"എന്താദ് ...? രണ്ടാളും സഫ മർവന്റെ എടേല് ഓട്ണ മാതിരി കൊറേ നേരായല്ലോ ...??" ഉമ്മമാരെ ശ്രദ്ധിച്ചിരുന്ന മക്കാനിയിലെ ബീരാൻക്ക ചോദിച്ചു.
"ന്റിം ഓളിം മക്കള് ... " ഉമ്മ വിതുമ്പാൻ തുടങ്ങി.
"ങേ!! എന്തു പറ്റി മക്കൾക്ക് ... ?"
ഉമ്മ ബീരാൻക്കയോട് കാര്യം പറഞ്ഞു.വിവരം കേട്ട് മക്കാനിയിലുണ്ടായിരുന്ന അബ്ദ്വാക്കയും അബോക്കരാക്കയും കോരുവേട്ടനും എല്ലാം, കുടിച്ച് കൊണ്ടിരുന്ന ചായ മതിയാക്കി പുറത്തിറങ്ങി.
"കോരോ ... ജ്ജ് .... ഈ ബയ്ക്ക് പോയോക്ക.... അബു ഇമ്പയിക്കും... ഞാൻ അവറാനിം ബിൾച്ച് പുഴന്റെ അട്ത്തും പോകാ... ബയ്ക്കല്ള്ള കെണറ്റിന്റിം കൊളത്തിന്റിം അട്ത്തും കൂടി നോക്കിക്കോണ്ടി ട്ടോ..." അബ്ദ്വാക്ക പെട്ടെന്ന് തന്നെ ഒരു തിരച്ചിൽ പ്ലാൻ തയ്യാറാക്കിക്കൊണ്ട് വിവിധ വഴികളിലൂടെ തെരച്ചിലിനായി തിരിച്ചു.
"രാമാ... ഇജ്ജ് കേട്ടോ... മാളൂന്റിം പൂവിന്റിം കുട്ട്യേളെ കാണാന് ല്ല..." റേഷൻ കടയുടെ മുന്നിലൂടെ പോയപ്പോൾ കടക്കാരൻ രാമനോട് അബോക്ക വിളിച്ച് പറഞ്ഞു.
"ഈശ്വരാ... എന്താ പറ്റ്യത് ? " രാമനും അവിടെ കൂടി നിന്നവരും ചോദിച്ചു.
"അതറിയങ്കി ഞങ്ങളിങ്ങനെ തെര്യാൻ നടക്കോ?" പോകുന്ന പോക്കിൽ അബോക്ക കുശുകുശുത്തു. റേഷൻ വാങ്ങാൻ വന്ന നാലഞ്ച് പേർ കൂടി അവരോടൊപ്പം ചേർന്നു.
"അല്ല... എങ്ങട്ടാ അബോ .... ഈ ജാഥ ?" അബോക്കയെയും പരിവാരങ്ങളെയും കണ്ട മീൻകാരൻ സൈതാലി ചോദിച്ചു.
"അറബിക്കടല് ന്ന് കൊറച്ച് പുത്യേ മീന് നെ പുട്ച്ചാനാ...ജ്ജ് പോര് ണോ?" മനസ്സ് ചൂട് പിടിച്ച അബോക്ക പറഞ്ഞു.
"ങേ! അറബിക്കടല് ഇവിടിം എത്ത്യോ റബ്ബേ...?"
"രണ്ട് കുട്ട്യേളെ കാണാന് ല്ല..ഓലെ തെരെഞ്ഞെറങ്ങ്യതാ .... ഈ ബയിക്ക് പോണത് ജ്ജ് കണ്ടീന്യോ ?."കൂട്ടത്തിലെ ആരോ സൈതാലിയോട് ചോദിച്ചു.
"രണ്ടെണ്ണം മാത്രായിട്ട് പോണത് കണ്ട് ല... ആണും പെണ്ണും ആയ്ട്ട് കൊറെ എണ്ണം ഇതിലെ പോയിക്ക്ണ്...ന്നാ ഞാനും ബെരാ ... തെര്യാൻ ..." സൈതാലി പറഞ്ഞു.
"കൃഷ്ണാ... മാളൂന്റിം പൂവിന്റിം കുട്ട്യേളെ കാണാന് ല്ല..." ടൈലർ കൃഷ്ണന്റെ പീടികക്ക് മുമ്പിലെത്തിയപ്പോൾ അബോക്ക വിളിച്ച് പറഞ്ഞു.
അങ്ങനെ വഴിയിൽ കണ്ടവരെയൊക്കെ അറിയിച്ച് വലിയൊരു പട ഞങ്ങളെയും തേടി പഞ്ചായത്തിലെ എല്ലാ ഇടവഴികളിലൂടെയും അരിച്ച് പെറുക്കി തിരയാൻ തുടങ്ങി. നാട്ടിൽ നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ കുരങ്ങനെ മതിവരോളം കണ്ട് ഞങ്ങൾ തിരിച്ച് നടക്കാനും തുടങ്ങി.
"അതാ... രണ്ട് പെങ്കുട്ട്യേള്... " ആരോ വിളിച്ച് പറയുന്നത് കേട്ട് ഞാൻ ഞെട്ടി. തിരിഞ്ഞ് നോക്കിയപ്പോൾ വലിയൊരു ആൾക്കൂട്ടം ഞങ്ങളുടെ നേരെ ഓടി വരുന്നു. ഞങ്ങൾ രണ്ട് പേരും പേടിച്ചു വിറച്ചു എന്ത് ചെയ്യണം എന്നറിയാതെ നിന്നു പോയി.
"എവിട്യായ് നെടീ നീ ഇത്രിം നേരം..?'' എന്നെ തിരിച്ചറിഞ്ഞ,ആ കൂട്ടത്തിലെ എന്റെ ഒരു ബന്ധു ചോദിച്ചു.
"ഞങ്ങള് ദാ ഔടെ ... കൊരങ്ങനെ കാണാൻ പോയതാ... " നെച്ചിയൻ അയമോട്ടിക്കയുടെ വീട് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
"മോന്തി നേരത്താ അന്റെ കൊരങ്ങനെ കാണാൻ പോകല് ഹിമാറേ...?"
"ഇന്റതല്ല... അയമോട്ട്യാക്കാന്റതാ കൊരങ്ങൻ...." നിഷ്കളങ്കമായി ഞാൻ പറഞ്ഞു.
"ഉം... നടക്ക് ബേഗം കുടീക്ക് ... "
വീട്ടിലെത്തിയപ്പോഴാണ് ഞങ്ങളെ കാണാതായ വിവരം കാട്ടുതീ പോലെ നാട്ടിൽ പടർന്നത് അറിഞ്ഞത്. അത്യാവശ്യം ചൂടുള്ള പത്തിരുപത് അടികൾ കൂടി അന്ന് കിട്ടിയതിനാൽ, പിന്നീട് കുരങ്ങൻ എന്ന് കേൾക്കുമ്പഴേ എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നും.
1 comments:
എടീ.... നോക്ക് ... നോക്ക്.... അത് ആണാ..." അല്പം നാണത്തോടെ ഞാൻ പറഞ്ഞു.
Post a Comment
നന്ദി....വീണ്ടും വരിക