വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും"
കുട്ടിക്കാലം മുതലേ കേൾക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളാണിവ.
പുസ്തക വായന പലർക്കും ഒരു ഹോബിയാണ്.എനിക്കത് ഒരു ഹോബിയല്ലെങ്കിലും വായനയിൽ ഞാൻ ആനന്ദം കണ്ടെത്താറുണ്ട്. എന്റെ എഴുത്തിനെ പരിപോഷിപ്പിക്കാനും വായന കൊണ്ട് സാധിച്ചിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കാനായി, പിതാവിന്റെ പാത പിന്തുടർന്ന് എന്റെ വീട്ടിൽ ഒരു ഹോം ലൈബ്രറിയും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.വായനാ തൽപരരായ മൂത്ത രണ്ട് മക്കളും ആവശ്യപ്പെടുന്നതിന് അനുസരിച്ചും ചില പുസ്തകങ്ങൾ എന്റെ ശ്രദ്ധയിൽ പെടുന്നതിനനുസരിച്ചും വിവിധ മേളകളിൽ പങ്കെടുക്കുന്നതിനനുസരിച്ചും ലൈബ്രറിയിൽ പുസ്തകങ്ങൾ കൂടിക്കൂടി വരുന്നു.
മൂന്ന് വർഷമായി എന്റെ മക്കൾ കൂടുതലും ആവശ്യപ്പെടുന്നത് ഇംഗ്ലീഷ് പുസ്തകങ്ങളാണ്.അവർ തന്നെ കണ്ടെത്തുന്ന പുസ്തകങ്ങളായതിനാൽ ഒരു പ്രാഥമിക അന്വേഷണം മാത്രം നടത്തി ഓൺലൈനിൽ വാങ്ങിക്കാറാണ് പതിവ്.വളരെ പെട്ടെന്ന് തന്നെ അത് അവർ വായിച്ച് മുഴുവനാക്കുകയും ചെയ്യും.ഞാനിതുവരെ ആ പുസ്തകങ്ങളിൽ ഒന്ന് പോലും വായിച്ച് നോക്കിയിരുന്നില്ല.മലയാളം പോലെ ഇംഗ്ലീഷ് ആസ്വദിക്കാൻ സാധിക്കില്ല എന്ന തെറ്റിദ്ധാരണ ആയിരുന്നു അതിന് പ്രധാന കാരണം.
അങ്ങനെയിരിക്കെ, ഒരു ദിവസം ഞാൻ പാലക്കാട്ടെ സഹപ്രവർത്തകനായ വിനയൻ സാറിന്റെ വീട്ടിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി. അദ്ദേഹത്തിന്റെ മേശപ്പുറത്തും അലമാരിയിലുമായി നിരവധി പുസ്തകങ്ങൾ കണ്ടപ്പോൾ എനിക്ക് കൗതുകമായി.
"അമിഷ് വായിച്ചിട്ടുണ്ടോ?" ഞാൻ പുസ്തകങ്ങളിലേക്ക് കണ്ണോടിക്കുന്നത് കണ്ട് സാർ എന്നോട് ചോദിച്ചു.ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ താല്പര്യമില്ലാത്ത ഞാൻ വെറുതെ ചിരിച്ചു കാണിച്ചു.
"ഞാൻ ഇതിന്റെ രണ്ടാം ഭാഗവും വായിച്ചിട്ടുണ്ട്...ഇത് സാർ കൊണ്ടുപോയി വായിച്ചോളൂ..." പുസ്തകം നേരെ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് വിനയൻ സാർ പറഞ്ഞു.എന്റെ സാഹിത്യാഭിരുചിയും മനസ്സും അറിഞ്ഞ് തരുന്നതായതിനാൽ നിഷേധിക്കാൻ അപ്പോൾ മനസ്സ് അനുവദിച്ചില്ല. ഞാൻ ആ പുസ്തകം ഏറ്റുവാങ്ങി.
പുറം ചട്ട നോക്കിയപ്പോഴാണ് പുസ്തകത്തിന്റെ രചയിതാവാണ് അമിഷ് എന്നും പുസ്തകത്തിന്റെ പേര് "The Immortals of Meluha" എന്നാണെന്നും മൂന്ന് പുസ്തകങ്ങൾ അടങ്ങിയ Shiva Trilogy സീരീസിൽ വരുന്നതാണെന്നും മനസ്സിലായത്.ഹിന്ദു ദൈവമായ ശിവന്റെ കഥ, അതും ഇംഗ്ലീഷിൽ ഉള്ളത് വായിക്കുന്നതിൽ അനിഷ്ടം തോന്നിയെങ്കിലും ഏതാനും ദിവസം കഴിഞ്ഞ് അങ്ങനെത്തന്നെ തിരിച്ചു കൊടുക്കാം എന്ന പ്ലാനിൽ ഞാൻ പുസ്തകം എടുത്ത് ബാഗിൽ വച്ചു.
ഒന്നര മാസത്തോളം സ്റ്റാഫ് ഹോസ്റ്റലിലെ എന്റെ റൂമിലെ മേശപ്പുറത്ത് പ്രസ്തുത പുസ്തകം പൊടിപിടിച്ച് കിടന്നു.വീട്ടിൽ നിന്നും കൊണ്ട് വന്ന പല മലയാള പുസ്തകങ്ങളും ഇതിനിടയിൽ ഞാൻ വായന പൂർത്തിയാക്കുകയും ചെയ്തു.
പുസ്തകം തിരിച്ച് കൊടുക്കുന്നതിന് മുമ്പായി ഒരു അദ്ധ്യായമെങ്കിലും വായിച്ച് നോക്കാൻ എന്റെ മനസ്സിൽ നിന്ന് ഒരു അജ്ഞാത നിർദ്ദേശം വന്നു. അതനുസരിച്ച് ഞാൻ വായന തുടങ്ങി. പുസ്തകത്തിൽ ആകെയുള്ള 342 പേജുകളിൽ 50 എണ്ണം പൂർത്തിയാക്കിയ ശേഷമാണ് അന്ന് ഞാൻ ആ പുസ്തകം പൂട്ടിവച്ചത്.മലയാള നോവലുകളോട് പോലും തോന്നാത്ത ഒരു അഭിനിവേശം ആ പുസ്തകത്തോട് എനിക്ക് തോന്നി.ഇനി പുസ്തകം മുഴുവൻ വായിച്ചിട്ടേ തിരിച്ചു കൊടുക്കൂ എന്ന് ഞാൻ അപ്പോൾ തന്നെ മനസ്സിലുറപ്പിക്കുകയും ചെയ്തു.അപ്രതീക്ഷിതമായി സ്ഥലം മാറ്റം ഓർഡർ വന്നതിനാൽ മൂന്ന് ദിവസം കുത്തിയിരുന്ന് ഞാൻ പുസ്തക വായന മുഴുവനാക്കി.
ആ വായനാനുഭവം അടുത്ത പോസ്റ്റിൽ
(തുടരും....)
3 comments:
വായന എന്ന അനുഭവം
ചില പുസ്തകങ്ങൾ അങ്ങിനെയാണ് മാഷേ...
Mubi... Truly
Post a Comment
നന്ദി....വീണ്ടും വരിക