കാശ്മീരിലെ കാഴ്ചകളുടെ അവസാന ദിനത്തിലേക്ക് പുലർച്ചെ തന്നെ ഞാൻ ഉണർന്നെണീറ്റു. സമീപത്തുള്ള പള്ളികളിൽ നിന്നെല്ലാം സുബഹ് ബാങ്ക് വിളി കേൾക്കുന്നുണ്ട്. അതിലൊന്ന് മാത്രം ഒരു പ്രത്യേക താളത്തിലായിരുന്നു. അതിനെ പിന്തുടർന്ന് ചെന്ന് ആ ശബ്ദത്തിൻ്റെ ഉടമയെ നേരിട്ട് കാണാൻ മനസ്സിൽ വെറുതെ ഒരാഗ്രഹം തോന്നി. ഇന്നും മോണിംഗ് വാക്കിന് പോകാനുള്ളതിനാലും മുൻ കാശ്മീർ സന്ദർശനത്തിൽ ഇഷ്ഫാഖ് നൽകിയ മുന്നറിയിപ്പ് കാരണവും പ്രസ്തുത ആഗ്രഹം അപ്പോൾ തന്നെ കുഴിച്ചു മൂടി. മോണിംഗ് വാക്കിന് ഇറങ്ങുന്നതിന് മുമ്പ് അന്തരീക്ഷ ഊഷ്മാവ് അറിയാനായി വെറുതെ ഗൂഗിളമ്മായിയെ ഉണർത്തി - യാ കുദാ ! ഇന്ന് മൈനസ് മൂന്ന് ഡിഗ്രി !!
ഡിഗ്രി മൈനസിലാണെങ്കിലും ഞാനും സത്യൻ മാഷും പോസിറ്റീവ് മൂഡിലായിരുന്നു. ഇന്നലെ നടന്നതിലും അൽപം കൂടി വേഗത്തിൽ ഞങ്ങൾ നടന്നു. ഇന്നലെ എന്നെ വിട്ടുപോയ കണ്ണട വഴിയിൽ എവിടെയെങ്കിലും എന്നെ കാത്തിരിക്കുന്നുണ്ടോ എന്ന് നോക്കാനും ഞാൻ മറന്നില്ല. ഘാട്ട് നമ്പർ 10 ഉം കഴിഞ്ഞ് അല്പം കൂടി ഞങ്ങൾ മുന്നോട്ട് പോയി. തോക്കും ഏന്തി പട്ടാളക്കാർ നിരനിരയായി നിൽക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിപ്പെട്ടത്. ഏതോ ഒരു റജിമെൻ്റിൻ്റെ കാര്യാലയം എന്ന് എഴുതി വച്ചിട്ടുണ്ട്. അവിടെ വച്ച് ഞങ്ങൾ തിരിച്ച് പോന്നു. ഓരോ പട്ടാളക്കാരൻ്റെയും തോക്കിന്റെ ദിശ നോക്കിയും വർത്തമാനം പറഞ്ഞുമായിരുന്നു ഞങ്ങളുടെ നടത്തം.
'നില്ക്കവിടെ ...!!' പെട്ടെന്ന് ഒരു പട്ടാളക്കാരൻ്റെ ശബ്ദം കേട്ടതായി തോന്നി ഞങ്ങൾ ഞെട്ടി.
"നാട്ടിലെവിടെയാ?" അടുത്ത ചോദ്യം കേട്ടപ്പോൾ സമാധാനമായി.
"കോഴിക്കോട് "
"ആഹാ... കോഴിക്കോട്ട് എവിടെ ? ഞാനും കോഴിക്കോട്ട് കാരനാ..."
"വെള്ളിമാട് കുന്ന്..."
നാദാപുരം സ്വദേശി നികേഷ് ആണെന്നും രണ്ടര വർഷമായി ശ്രീനഗറിലാണെന്നും ശേഷം നാട്ടു വിശേഷങ്ങളും കാശ്മീർ വിശേഷങ്ങളും എല്ലാം അദ്ദേഹം പങ്ക് വച്ചു. സമയം കൂടുതൽ ഇല്ലാത്തതിനാൽ ഞങ്ങൾ ഘാട്ട് നമ്പർ രണ്ടിലേക്ക് വേഗം നടന്നു. അവിടെ കാത്ത് നിന്നിരുന്ന ബസ്സിൽ കയറി ഹസ്രത്ത് ബാൽ മോസ്കിലേക്ക് യാത്ര ആരംഭിച്ചു.
എൻ്റെ ഡിഗ്രി പഠനം കഴിഞ്ഞ് തൊട്ടടുത്ത വർഷമാണ് ഞാൻ ഹസ്രത്ത് ബാൽ പള്ളിയെപ്പറ്റി ആദ്യമായി കേട്ടത്. ഭീകരർ (അന്ന് അതെന്താണെന്ന് പോലും അറിയില്ലായിരുന്നു) ഒളിച്ചിരിക്കുന്നത് കാരണം ഇന്ത്യൻ സൈന്യം പള്ളി വളഞ്ഞ ഒരു റിപ്പോർട്ടായിരുന്നു അന്ന് വായിച്ചിരുന്നത്. പിന്നീട് കാശ്മീരിൽ നിന്നുള്ള വാർത്തകളിൽ പലപ്പോഴും ഹസ്രത്ത് ബാൽ നിറഞ്ഞു നിന്നു. 2022 ൽ കാശ്മീരിൽ എത്തിയപ്പോൾ ഈ പള്ളി കാണാം എന്ന് പ്രതീക്ഷിച്ചു. പക്ഷെ, യാസീൻ മലിക് കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസമായിരുന്നു അന്ന് ഞങ്ങൾ ശ്രീനഗറിൽ എത്തിയിരുന്നത്. മുൻകരുതൽ എന്ന നിലയിൽ അന്ന് പള്ളിയിലേക്കുള്ള റോഡുകൾ അടച്ചതിനാൽ ഞങ്ങൾക്കങ്ങോട്ട് പോകാൻ സാധിച്ചില്ല.
ദാൽ ലേക്ക് ഘാട്ട് നമ്പർ രണ്ടിൻ്റെ പരിസരത്ത് നിന്ന് എട്ടോ ഒമ്പതോ കിലോമീറ്റർ അകലെ ദാൽ തടാകത്തിൻ്റെ തീരത്ത് തന്നെയാണ് ഹസ്രത്ത് ബാൽ മോസ്ക് സ്ഥിതി ചെയ്യുന്നത്. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ മുടി സൂക്ഷിച്ച പള്ളി എന്ന നിലയിലാണ് പലരും ഇവിടം സന്ദർശിക്കുന്നത്. രാവിലെ എട്ടര മണിയോടെ തന്നെ ഞങ്ങൾ പള്ളി പരിസരത്ത് എത്തി. പള്ളി മതിൽക്കെട്ടിന് പുറത്ത് തെരുവിൽ കൂട്ടമായിരുന്ന് തീറ്റ ഭക്ഷിക്കുന്ന പ്രാവുകൾ മനോഹരമായ ഒരു കാഴ്ചയായിരുന്നു. പ്രാവുകൾക്കിടയിലൂടെ നടക്കുമ്പോൾ അവ ചിറകടിച്ച് ഉയരുന്നതും തീറ്റ നൽകുമ്പോൾ കൂട്ടമായി പറന്ന് വരുന്നതും ക്യാമറയിൽ പകർത്താൻ എല്ലാവരും മത്സരിച്ചു.
പള്ളിയിൽ കയറുന്നതിന് മുമ്പായി പ്രാതൽ കഴിക്കാൻ തൊട്ടടുത്ത ഹസ്രത്ത് ബാൽ മാർക്കറ്റിലേക്ക് ഞങ്ങളിറങ്ങി. അവിടെ ഒരു കടയിൽ വിൽക്കാൻ വച്ച പൂരികൾ കണ്ട ഹഖ്, പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്നു പോയി. അത്രയും വലിയ പൂരി എങ്ങനെ തിന്നും എന്നായിരുന്നു ഹഖിൻ്റെ സംശയം. തത്സമയം കടയിൽ വന്ന ഒരു സ്ത്രീ എന്തോ പറഞ്ഞതും കടക്കാരൻ ഒരു പൂരി എടുത്ത് വലിച്ചു കീറി. ശേഷം ത്രാസിലിട്ട് തൂക്കി പൊതിഞ്ഞ് കൊടുത്തു.
ബ്രേക്ക് ഫാസ്റ്റ് ഫുഡ് ആയി ഒരു കിലോ പൂരി കഴിക്കാം എന്നായിരുന്നു ഹഖിൻ്റെ കണക്ക് കൂട്ടൽ. പക്ഷേ, ഞങ്ങൾ കയറിയ കടയിൽ ചോള ബട്ടൂര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചന്ന അണ്ട എന്ന മുട്ടക്കടലക്കറി സൂപ്പറാണെന്ന് നിഖിൽ പറഞ്ഞിരുന്നു. ചൂടുള്ള പൂരിയും പ്രസ്തുത കറിയും സ്വാദോടെ ഞങ്ങൾ കഴിച്ചു. ഹസ്രത്ത് ബാൽ മാർക്കറ്റിലെ കാഴ്ചകൾ ആസ്വദിച്ച് വീണ്ടും ഞങ്ങൾ മോസ്കിലെത്തി.
പള്ളിയുടെ വുളുഖാന (അംഗശുദ്ധി വരുത്തുന്ന സ്ഥലം) തന്നെ വിശാലമായ ഒരു നമസ്കാര സ്ഥലം കൂടിയാണ്. കാശ്മീരിലെ എല്ലാ പള്ളികളിയിലെയും പോലെ ഇവിടെയും ചൂടുവെള്ളത്തിനും തണുത്ത വെള്ളത്തിനും പ്രത്യേകം പ്രത്യേകം ടാപ്പുകളുണ്ട്. ഈ ബിൽഡിംഗിൻ്റെ മറ്റൊരു ഭാഗത്ത് സ്ത്രീകൾക്കും നമസ്കാരം നിർവ്വഹിക്കാനുള്ള സൗകര്യമുണ്ട്. പക്ഷെ, മെയിൻ പളളിക്കകത്തേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല. അംഗശുദ്ധി വരുത്തി ഞാൻ പള്ളിക്കകത്തേക്ക് പ്രവേശിച്ച് രണ്ട് റക് അത്ത് തഹിയ്യത്ത് നമസ്കരിച്ചു.
ഏതാനും ചെറുപ്പക്കാർ അൽപം മാറി ഇരുന്ന് എന്തൊക്കെയോ ഉരുവിടുന്നുണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. മിഹ്റാബിൻ്റെ (പ്രസംഗ പീഠം) തൊട്ടുമുകളിലായി കാണുന്ന കിളിവാതിൽ പോലെയുള്ള അലമാരക്കകത്താണ് കേശം സൂക്ഷിച്ച് വച്ചിരിക്കുന്നത് എന്നും വർഷത്തിൽ ആറ് തവണ പൊതുജനങ്ങൾക്ക് ദർശനത്തിന് വയ്ക്കാറുണ്ടെന്നും അവരിൽ നിന്നറിഞ്ഞു. ഏതൊക്കെ ദിവസങ്ങളിലാണ് അതെന്ന ചോദ്യത്തിന് പ്രവേശന കവാടത്തിലെ ബോർഡ് നോക്കാനായിരുന്നു നിർദ്ദേശം.
നബി (സ) യുടെ ജന്മദിനമായ മിലാദ് ശരീഫ്,മിഅ്റാജ് ദിനം, നബിക്ക് ശേഷം വന്ന നാല് ഖലീഫമാരുടെ ജന്മദിനം എന്നിവയാണ് ആ ആറ് അവസരങ്ങൾ. പള്ളിയുടെ മെയിൻ ഹാളിനകത്ത് ഫോട്ടോ എടുക്കാൻ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സൈഡിലേക്ക് മാറി നിന്ന് ഫോട്ടോ എടുക്കുന്നതിൽ തടസ്സമില്ല. അംഗശുദ്ധി വരുത്തി അമുസ്ലിംകൾക്കും പള്ളിയിൽ പ്രവേശിക്കാം. പള്ളിക്കകത്തെ ശാന്ത സുഗന്ധപൂരിത അന്തരീക്ഷം മനസ്സിന് ഒരു നവോൻമേഷം നൽകി.
പള്ളിയുടെ പിൻഭാഗത്ത് മേപ്പിൾ മരങ്ങൾ നിറഞ്ഞ ഒരുദ്യാനവും അതിനപ്പുറം ദാൽ തടാകവുമാണ്. നിരവധി പേർ അവിടെ വിശ്രമിക്കാൻ എത്തിയിരുന്നു. പള്ളിയുടെ മുൻ ഭാഗത്തും വിശാലമായ ഒരു ഉദ്യാനമുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ഉദ്യാനത്തിലൂടെ പ്രഭാതസവാരി നടത്തുന്നുണ്ട്. കൂടുതൽ ഒന്നും കാണാനില്ലെങ്കിലും, ഹസ്രത്ത് ബാൽ പള്ളിയുടെ വെണ്ണക്കല്ലിൽ തീർത്ത കുംഭ ഗോപുരങ്ങളെ വലം വച്ച് പറക്കുന്ന പ്രാവുകളെ നോക്കി ഇരുന്നാൽ തന്നെ സമയം പോകുന്നതറിയില്ല.
5 comments:
ഹസ്രത്ത് ബാൽ പള്ളിയിലൂടെ...
Red after a long time well return and good floor of events keep writing. Qais
Thank you Qais
ആബിദിന്റെ വിവരണം അസ്സൽ ... കഴിഞ്ഞ വർഷം അവിടം സന്ദർശിച്ചതിന്റെ ഓർമ്മകൾ മനസിൽ നിറച്ച ആഖ്യാനം.... വീണ്ടുമൊരിക്കലൂടെ അവിടം സന്ദർശിച്ച feeling.... വളരെ നന്നായിരിക്കുന്നു.... അഭിനന്ദനങ്ങൾ... തുടരുക .... ഭാവുകങ്ങൾ....
അബു ...വായനക്കും അഭിപ്രായത്തിനും നന്ദി
Post a Comment
നന്ദി....വീണ്ടും വരിക