Wednesday, March 14, 2007
ബാല്യകാലസ്മരണകള്‍ - മൂന്ന്
ഞങ്ങളുടെ പറമ്പില്‍ മാത്രം ഉണ്ടായിരുന്ന ഒരു മാവായിരുന്നു മൂവാണ്ടന്‍.ഉപ്പയുടെ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത മാവാണ്.അവിടെ അതിനെ കുറുക്കന് മാങ്ങ (കുറുക്കന് തിന്നുന്നത് കൊണ്ടാവാം) എന്ന് വിളിക്കും.കണ്ണിമാങ്ങ കാലത്ത് ഇത്ര കയ്പുള്ള ഒരു മാങ്ങ ലോകത്ത് മറ്റൊന്നില്ല.അതുപോലെതന്നെ പഴുത്ത് കഴിഞ്ഞാല്‍ ഇത്ര സൗന്ദര്യവും(!) മധുരവുമുള്ള മറ്റൊരു മാങ്ങയുമില്ല (എന്ന് ഞാന്‍).കുഞ്ഞങ്കാക്കയെ പോലെ തന്നെ എലുമ്പനായി നില്ക്കുന്ന മൂവാണ്ടന്‍ മാവിന്റെ ശിഖരങ്ങളില്‍ വെണ്ണീര് കലര്‍ന്ന പച്ച നിറത്തില്‍ തൂങ്ങി നില്ക്കുന്ന മാങ്ങകള്‍ ഇന്നും കൊതിയൂറുന്ന കാഴ്ചയാണ്.
മാങ്ങാക്കാലമായാല്‍ ഞാന്‍ കുഞ്ഞങ്കാക്കയെ തന്നെ ചുറ്റിപ്പറ്റി നടക്കും.മാവില്‍ കയറാന്‍ കുഞ്ഞങ്കാക്കാക്കെ അറിയൂ.മാവിനെറിയാന് പാടില്ല - ഉപ്പായുടെ സ്റ്റേ ഓര്‍ഡര്‍ നിലവിലുണ്ട്.തോട്ടിയിട്ട് പറിക്കാം - പക്ഷേ കുട്ടികളായ ഞങ്ങള്‍ക്ക് പൊങ്ങില്ല.പൊങ്ങുന്ന തോട്ടി മാവിലേക്കെത്തുകയുമില്ല.പിന്നെ പുളിയുറുമ്പ് (മിശ്റ്) ശല്യവും.കുഞ്ഞങ്കാക്കയെ ശട്ടം കെട്ടിയാല്‍ എല്ലാം സുന്ദരമായി നടക്കും.
അങ്ങിനെ ഒരു ദിവസം മാവ് കുലുക്കാന്‍ ഉപ്പ കുഞ്ഞങ്കാക്കയെ ഏല്‍പ്പിച്ചു.മുഴുവന്‍ കുലുക്കി കഴിഞ്ഞേ പെറുക്കാനിറങ്ങാവൂ എന്ന് കുഞ്ഞങ്കാക്കയുടെ സന്തതസഹചാരിയായ എനിക്ക് കുഞ്ഞങ്കാക്ക നിര്‍ദ്ദേശം തന്നു.മിനുട്ടുകള്‍ക്കകം കുഞ്ഞങ്കാക്ക മാവിന്റെ ഉച്ചിയിലെത്തി.
"ചക്കപ്പോ.... മാറിക്കോ...മാങ്ങ തലയില്‍ വീഴും....കുലുക്കാന്‍ പോവുകയാണ്.." കുഞ്ഞങ്കാക്ക മുകളില്‍ നിന്നും വിളിച്ചു പറഞ്ഞു.ഞാന്‍ അകലേക്ക് മാറിനിന്നു.കുഞ്ഞങ്കാക്കയുടെ കുലുക്കലില്‍ മാങ്ങ ചടപട വീണ് നാല്പാടും ചിതറി.
പെട്ടെന്നാണ് പഴുത്തൊരു മാങ്ങ വീണുകിടക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടത്.കുഞ്ഞങ്കാക്ക അടുത്ത കൊമ്പിലേക്ക് നീങ്ങുന്ന ഇടവേളയില്‍ ആ മാങ്ങ എടുക്കാന്‍ ഞാന്‍ ചാടി ഇറങ്ങി.ഇതൊന്നുമറിയാതെ കുഞ്ഞങ്കാക്ക നിന്ന നില്പ്പില് നിന്ന് ശക്തിയായൊരു കുലുക്കല്‍ - " ഠേ " മുഴുത്തൊരു മാങ്ങ കൃത്യം എന്റെ തലയുടെ ഉച്ചിയില്‍ തന്നെ വീണു.വേദനയുടെ മരവിപ്പില്‍ നക്ഷത്രമെണ്ണിക്കൊണ്ട് ഞാന്‍ എങ്ങോട്ടോ ഓടി.കരഞ്ഞാല്‍ കുഞ്ഞങ്കാക്ക മാവില്‍ നിന്നിറങ്ങും, മാങ്ങ പറി നില്ക്കും എന്നതിനാല്‍ ഒന്ന് കരയാന്‍ പോലുമാവാതെ ഞാനിരുന്നു.അന്ന് ഒരു ചാക്ക് നിറയെ മൂവാണ്ടന്‍ മാങ്ങ കിട്ടിയെങ്കിലും എനിക്കശേഷം സന്തോഷം തോന്നിയില്ല.(അന്ന് വീണ ആ മാങ്ങയാണോ ഇന്നത്തെ എന്റെ കഷണ്ടിയുടെ രഹസ്യം എന്ന് ന്യായമായും ഞാന്‍ സംശയിക്കുന്നു.)
3 comments:
" ഠേ " മുഴുത്തൊരു മാങ്ങ കൃത്യം എന്റെ തലയുടെ ഉച്ചിയില്‍ തന്നെ വീണു.വേദനയുടെ മരവിപ്പില്‍ നക്ഷത്രമെണ്ണിക്കൊണ്ട് ഞാന്‍ എങ്ങോട്ടോ ഓടി.കരഞ്ഞാല്‍ കുഞ്ഞങ്കാക്ക മാവില്‍ നിന്നിറങ്ങും, മാങ്ങ പറി നില്ക്കും എന്നതിനാല്‍ ഒന്ന് കരയാന്‍ പോലുമാവാതെ ഞാനിരുന്നു.അന്ന് ഒരു ചാക്ക് നിറയെ മൂവാണ്ടന്‍ മാങ്ങ കിട്ടിയെങ്കിലും എനിക്കശേഷം സന്തോഷം തോന്നിയില്ല.(അന്ന് വീണ ആ മാങ്ങയാണോ ഇന്നത്തെ എന്റെ കഷണ്ടിയുടെ രഹസ്യം എന്ന് ന്യായമായും ഞാന്‍ സംശയിക്കുന്നു.)
മാങ്ങ വീണുടായ കഷണ്ടി(?) അത് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് കേട്ടോ :), ശരിക്കും മൂവാണ്ടന്‍ മാങ്ങയ്ക്ക് നല്ല എന്ത് മധുരമാണ്, നാട്ടിലത് മഴയുടെ ഒപ്പമാണ് കൂടുതല്‍ വീഴുക. എന്നും രാവിലെ കണ്ണുതുറന്നാല്‍ ആദ്യം ഓടുന്നത് മാഞ്ചുവട്ടിലേയ്ക്ക്, ഏറ്റവും പഴുത്തതും നല്ലതും കിട്ടാന്‍, പിന്നെ മഴയുറച്ച് കഴിയുമ്പോള്‍ പശുവിന് പോലും കൊടുക്കില്ല.
അമ്മവീട്ടില്‍ പേരയ്ക്കാ മാങ്ങ എന്നും പറഞ്ഞ് ഒന്ന് കൂടിയുണ്ടായിരുന്നു, അത് പച്ചയ്ക്ക് തിന്നാനാ രുചി.
ദേ പറഞ്ഞ് പറഞ്ഞ് വായില്‍ വെള്ളം നിറഞ്ഞു :)
-പാര്‍വതി.
പാറുചേച്ചീ....കഷണ്ടി അങ്ങിനെയും വരാം എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി...ഓര്‍മ്മകള്‍ പങ്കു വച്ചതിനും വീണ്ടും ഇവിടെ എത്തിയതിനും ഒരുപാട് നന്ദി
Post a Comment
നന്ദി....വീണ്ടും വരിക