Wednesday, December 12, 2007
പുന:സമാഗമം
അര്മാന് മോല്യാരും സൈതാലിയും കാത്തുനില്ക്കുന്ന വിവരം അറിയാതെ കോയാക്കയും അബുവും കോഴിക്കോട്ടങ്ങാടിയിലൂടെ കറങ്ങി നടന്നു.സേട്ട്മാരുടെയും പഠാണികളുടെയും തുണിക്കടകളും ജൗളിക്കടകളും അവിടെ വില്പനക്കായി നിരത്തിവച്ച സാധനങ്ങളും നാട്ടിന്‍പുറത്തുകാരനായ അബുവിന് ഒരു വിസ്മയക്കാഴ്ചയായി.ഇടക്കിടെ മണിമുഴക്കി ഓടുന്ന കുതിരവണ്ടികളും ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന കാളവണ്ടികളും മനുഷ്യന് ചവിട്ടി ഓടിക്കുന്ന റിക്ഷകളും അബു കൗതുകത്തോടെ നോക്കി നിന്നു.
"ഇനി എന്താ അബൂ വാങ്ങേണ്ടത്?" കോയാക്കയുടെ ചോദ്യം കേട്ട് അബു ചിന്തയില്‍ നിന്നുണര്‍ന്നു.
"ഞെത്തും മാണ്ട*"
"നെനെക്ക്ള്ളതും ഉമ്മാക്ക്ള്ളതും എല്ലാം ആയോ?"
"ആയി"
"ന്നാ ഞമ്മള്ക്ക് തിരിച്ച് പോവാ...?"
"ഉം..."
"എന്താ...നെന്റെ മൊകത്ത് ഒരു വെഷമം....?"
"എത്തുംല്ല..."
"അബോ.....നീ എന്റെ മക്കാനീല് വെന്ന ദിവസം ഓര്‍മ്മണ്ടോ?"
"ഉം.."
"അന്ന് സൈതാലി നെന്റെ കാര്യങ്ങള്‍ പറയുമ്പം എനക്ക് നീ ഏതോ ഒര് യതീം കുട്ട്യെയ്നി...."
"ഉം..."
"പക്ഷേ.....ഇപ്പോ നീ എന്റെ അനിയന് പൂക്കോയന്റെ മോനാ...ഞാന്‍ നെന്റെ മൂത്താപ്പയാ..."
"ആ...മൂത്താപ്പാ.....അതെന്ന്യാ ഇന്ക്ക് മന്സ്ല് ഒര് പൊറുത്യേട്*..."
"എന്ത് പൊറുതികേട്...?അനക്ക് ഉമ്മാനെ കാണണ്ടേ?"
"ഉമ്മാനെ കാണണം...കോയ്ക്കോടും മൂത്താപ്പാനിം ബ്ട്ട് പോവാനും ബെജ്ജ*..."
"ഹ...ഹ..അത് നല്ല തമാശ....അബോ നെന്നെ വ്ടാന്‍ എനക്കും താല്പര്യം ഇല്ല....പിന്നെ പത്ത് മാസം ഗര്‍ഭം ചുമന്ന ഒര് ഉമ്മ അന്നേം ഓര്‍ത്ത് കണ്ണീര് വാര്ത്റ്റ് കഴിയുന്ന്ണ്ടല്ലോന്ന് ആലോചിക്കുമ്പം.....അതോണ്ടാ മോനേ....പോയി ഉമ്മാനെ സമാധാനിപ്പിച്ച് നെനക്ക് തോന്നുമ്പം തിരിച്ച് വന്നാ മതി...."
സംസാരിച്ച് നടന്ന് നടന്ന് അവര്‍ മക്കാനിക്കടുത്തെത്താറായി..പെട്ടെന്നാണ് സൈതാലിയുടെ വണ്ടി കോയാക്കയുടെ ശ്രദ്ധയില്‍ പെട്ടത്.
"ആരോ വന്നിട്ടുണ്ടല്ലോ മക്കാനീല്.....വണ്ടി കണ്ടിട്ട് ദൂരേന്നാ ന്നാ തോന്ന്ണെ..." കോയാക്ക അബുവിനോട് പറഞ്ഞു.
"ആ..അത് സൈതാലിന്റെ വണ്ട്യാണല്ലോ...സൈതാല്യേ....സൈ....താല്യേ...." കോയാക്ക നീട്ടി വിളിച്ചു.
അല്പം മാറി മരത്തണലില്‍ ഉറങ്ങുകയായിരുന്ന സൈതാലി ഞെട്ടി എണീറ്റു.
"ഹൗ.....എത്ത്യോ..? ഞമ്മളെ കുണ്ടനൗടെ?" സൈതാലി ചോദിച്ചു.
"ഇതാ....അന്റെ കുണ്ടന്‍ ഇവിടെ തന്നെണ്ട്....നെനക്ക് വല്ല വിവരോം കിട്ട്യോ?"കോയാക്ക ചോദിച്ചു.
"കിട്ട്യോന്നോ......?ങള് രണ്ടാളും ഞമ്മളെ ബണ്ടിന്റട്ത്ത്ക്ക് ബെരി..."സൈതാലി അവരെയും കൂട്ടി വണ്ടിയുടെ അടുത്തേക്ക് നീങ്ങി.
"മോല്യാരെ....മോല്യാരെ....ദാ ഞമ്മളെ മൊയലാളിം കുണ്ടനും..." വണ്ടിയിലേക്ക് നോക്കി സൈതാലി പറഞ്ഞു.വണ്ടിയില്‍ കിടന്നുറങ്ങുകയായിരുന്ന അര്മാന് മോല്യാര് എണീറ്റ് നോക്കി.
"ഇതാരാ...?" കോയാക്ക സൈതാലിയോട് ചോദിച്ചു.
"ഈ കുണ്ടനിം അന്വേസിച്ച് അരീക്കോട്ട്ന്ന് ബെന്നതാ....ഓന് അറ്യോന്ന് ചോയ്ച്ചോക്കി..."
"അബോ....വണ്ടീലെ ആളെ അനക്കറ്യോ?" കോയാക്ക അബിവിനോട് ചോദിച്ചു.അബു വണ്ടിയിലേക്ക് നോക്കി...
"ങ്ഹേ!!!!ഉസ്താദ്!!!!" അബു വിളിച്ചു പറഞ്ഞു.
"മോനേ അബോ...." അര്മാന് മോല്യാര് വണ്ടിയില്‍ നിന്നും ചാടിയിറങ്ങി അബുവിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു.കണ്ടു നിന്ന കോയാക്കയുടെയും സൈതാലിയുടെയും കണ്ണില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു.
(തുടരും)
***********************
ഞെത്തും മാണ്ട = ഇനി ഒന്നും വേണ്ട
പൊറുത്യേട് = വിഷമം
ബെജ്ജ = വയ്യ
8 comments:
"ഈ കുണ്ടനിം അന്വേസിച്ച് അരീക്കോട്ട്ന്ന് ബെന്നതാ....ഓന് അറ്യോന്ന് ചോയ്ച്ചോക്കി..."
"അബോ....വണ്ടീലെ ആളെ അനക്കറ്യോ?" കോയാക്ക അബിവിനോട് ചോദിച്ചു.അബു വണ്ടിയിലേക്ക് നോക്കി...
"ങ്ഹേ!!!!ഉസ്താദ്!!!!"
അബുവും സൈനബയും - ഭാഗം 27
:)
അബൂനെ വിടാനുള്ള പരിപാടിയില്ലല്ലേ.
നന്നായിരിക്കുന്നു.
പൂര്‍ത്തിയാക്കു വേഗം.
-സുല്‍
തുടര്‍ച്ചയായി വായിക്കാത്ത കാരണം ഒരു എത്തും പിടിയും കിട്ടിയില്ല. പക്ഷെ ആ വരികളില്ക്കൂടിപ്പോയാല് ഒരു സിനിമാരംഗങ്ങള്‍ പോലെ മിഴിവു കിട്ടുന്നുണ്ട്.
മക്കാനി = ?
:)
ഉപാസന
ഞമ്മക്ക് പെരുത്തു ഇഷ്ടായി എഴുത്ത്
നന്നായിരിക്കുന്നു.
വല്ല്യമ്മായീ....ഉടന്‍ തീരും .....
ശ്രീ....ഒന്നും മനസ്സിലായില്ല അല്ലേ?
സുല്ലേ.....അങ്ങനെ അങ്ങ് പൂര്‍ത്തിയാക്കിയാല്‍ അബൂന്റെ കല്യാണം നടക്കോ?
കുഞ്ഞാ....നല്ല വാക്കുകള്‍ക്ക് നന്ദി
ഉപാസന അര്‍പ്പിച്ച ഉപാസനക്ക് നന്ദി
ഉണ്ണികൃഷ്ണാ....സന്തോഷം
വാല്മീകീ.....നന്ദി
Post a Comment
നന്ദി....വീണ്ടും വരിക