Tuesday, May 26, 2009
പക്ഷികള്‍ നല്കിയ സന്ദേശം
ബാപ്പയുടെ മരണ ശേഷം അലങ്കോലമായിക്കിടന്ന മുറ്റത്തെ ചെടികളുടെ സൗന്ദര്യവല്ക്കരണമായിരുന്നു ഈ ഒഴിവുകാലത്തെ എന്റെ പ്രധാന ജോലികളില്‍ ഒന്ന്.ഇന്ന് വീട്ടിനകത്ത് രണ്ട് പാമ്പുകളെക്കൂടി കണ്ടതോടെ(ഇത് ഒരു സാദാപ്രതിഭാസമായി മാറിക്കഴിഞ്ഞു,ഇന്ന് കണ്ടവ വെള്ളിവരയന്‍)ചുറ്റുമുള്ള ചെടികള്‍ നന്നായി തന്നെ വൃത്തിയാക്കണം എന്ന ചിന്ത കൂടിയുണ്ടായി
അങ്ങിനെ നിലം പറ്റി നില്ക്കുന്ന അനാവശ്യ ചെടികളെ വേരോടെ പിഴുതെടുക്കാന്‍ കൈക്കോട്ടും ഒടിഞ്ഞും ചാഞ്ഞും തൂങ്ങിയും നില്ക്കുന്ന കൊമ്പുകള്‍ വെട്ടിമാറ്റാന്‍ കത്തിയുമായി ഞാന്‍ മുറ്റത്തിറങ്ങി.
വീടിന്റെ ഗേറ്റിനടുത്ത്(സോറി ഗേറ്റില്ല,ഉണ്ടായിരുന്നെങ്കില്‍ വയ്ക്കാന്‍ സാധ്യതയുള്ളിടത്ത് എന്ന് തിരുത്തിവായിക്കുക) ഒന്നരയാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്ക്കുന്ന റോസ് നിറത്തിലുള്ള വലിയ ചെമ്പരത്തിയും കാലന്ഡ്രിയയും തെച്ചിയും ബ്ലീഡിഹാര്ട്ടും പിന്നെ നിറയെ പൂക്കളുള്ള പേരറിയാത്ത ഒരു ചെടിയും കൂടി തിങ്ങി ഞെരുങ്ങി വളരുന്ന കാഴ്ച എന്റെ ശ്രദ്ധയില്‍പെട്ടു.ഞാന്‍ കത്തിയുമായി അവക്ക് നേരെ നീങ്ങി.
ചെടി വെട്ടുമ്പോള്‍ പൂമൊട്ടുള്ള കൊമ്പ് ആണെങ്കില്‍ ഞാന്‍ അത് വെട്ടാറില്ല.കാരണം ആ സമയത്ത് പല ചിന്തകളും എന്റെ മനസ്സിലൂടെ കടന്ന് പോകും.ഈ ലോകത്തിന് മുമ്പില്‍ തന്റെ സൗന്ദര്യം മുഴുവന്‍ ഒരു ദിവസം പ്രദര്‍ശിപ്പിക്കാന്‍ ആ പൂമൊട്ടിനും ഒരാഗ്രഹമുണ്ടാകില്ലേ?മൊട്ട് വിടര്‍ന്ന് പൂവായി കഴിഞ്ഞാല്‍ ശലഭങ്ങള്‍ക്കും വണ്ടുകള്‍ക്കും തേന്‍ നുകരാം.മനുഷ്യമക്കള്‍ക്ക് അതിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം ഇത്യാദി ചിന്തകളാണ് പ്രധാനമായും എന്റെ മനസ്സില്‍കൂടി കടന്നുപോവാറുള്ളത്.
വഴിയിലേക്ക് തൂങ്ങി നിന്ന കൊമ്പുകള്‍ വെട്ടാനായി ഞാന്‍ ആ പേരറിയാ ചെടിയുടെ അടുത്തെത്തി.പെട്ടെന്ന് കൂര്‍ത്ത് വളഞ്ഞ കൊക്കുള്ള രണ്ട് ചെറിയ പക്ഷികള്‍ (ഞങ്ങള്‍ അടക്കാകുരുവി എന്ന് പറയും)ആ ചെടിയില്‍ വന്നിരുന്നു.തുടര്‍ന്ന് എന്റെ തലക്ക് തൊട്ടുമേലെയുള്ള കൊമ്പിലെ പൂക്കളില്‍ നിന്നു വരെ അവ തേന്‍ നുകരാന്‍ തുടങ്ങി.മുമ്പ് , ഇവ തേന്‍ നുകരുന്നത് കണ്ട് ക്യാമറ എടുത്ത് വന്ന് ,അഞ്ച് മീറ്റര്‍ അടുത്തെത്തുമ്പോഴേക്കും പറന്ന് പോകുന്ന ആ പക്ഷികള്‍ എന്റെ ഇത്രയും അടുത്ത് വന്ന് തേന്‍ നുകര്‍ന്നത് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി.ആവോളം തേന്‍ നുകര്‍ന്ന് അവ അവയുടെ പാട്ടിന് പോയി.
യഥാര്‍ത്ഥത്തില്‍ ആ പക്ഷികള്‍ എനിക്ക് ഒരു സന്ദേശം കൈമാറുകയായിരുന്നു.ഈ ചെടികളിലെ പൂക്കളില്‍ നിന്നാണ് ഞങ്ങളുടെ ഭക്ഷണം എന്നും ചെടി വെട്ടിയാല്‍ ഞങ്ങളുടെ അന്നം മുടങ്ങും എന്നുമായിരുന്നു ആ സന്ദേശം.പൂക്കളും പൂമൊട്ടുകളുമുള്ള കൊമ്പുകള്‍ നിലനിര്‍ത്തി ഞാന്‍ ആ മിണ്ടപ്രാണികളുടെ സന്ദേശം ശിരസാവഹിച്ചു.
15 comments:
വഴിയിലേക്ക് തൂങ്ങി നിന്ന കൊമ്പുകള്‍ വെട്ടാനായി ഞാന്‍ ആ പേരറിയാ ചെടിയുടെ അടുത്തെത്തി.പെട്ടെന്ന് കൂര്‍ത്ത് വളഞ്ഞ കൊക്കുള്ള രണ്ട് ചെറിയ പക്ഷികള്‍ (ഞങ്ങള്‍ അടക്കാകുരുവി എന്ന് പറയും)ആ ചെടിയില്‍ വന്നിരുന്നു.തുടര്‍ന്ന് എന്റെ തലക്ക് തൊട്ടുമേലെയുള്ള കൊമ്പിലെ പൂക്കളില്‍ നിന്നു വരെ അവ തേന്‍ നുകരാന്‍ തുടങ്ങി.....
യഥാര്‍ത്ഥത്തില്‍ ആ പക്ഷികള്‍ എനിക്ക് ഒരു സന്ദേശം കൈമാറുകയായിരുന്നു
എല്ലാ ജീവജാലങ്ങളും അങ്ങനെ നമ്മോടു ഒന്ന് പറയുന്നു
ശരിയാണ് മാഷേ. അതൊരു സന്ദേശമായിരിയ്ക്കണം
ആയിരിക്കണം, അല്ലെങ്കില്‍ അപ്പോള്‍ മാത്രം ആ കുരുവികള്‍ക്ക് എന്തേ പേടിയില്ലാതായി?
എന്നിട്ടാ പോട്ടമെവിടെ മാഷെ
ഫോട്ടോ എവിടെ ഭായ്...?
നല്ല മനസ്സ് പക്ഷികള്ക്കറിയാം...
അതാണല്ലോ അവ അത്രയും അടുത്ത് വന്നു പറഞ്ഞത്..:)
കുറേയായി വന്നിട്ട്. ഇപ്പോള്‍ വീണ്ടും...
ഉറുമ്പേ...സന്ദേശം കൈമാറുന്നതില്‍ അതിവിദഗ്ദരാണ് ഉറുമ്പുകള്‍ എന്ന് കേട്ടിട്ടുണ്ട്.
പാവപ്പെട്ടവനേ...അതേ എല്ലാ ജീവികളും ഓരോതരം സന്ദേശങ്ങള്‍ മറ്റു ജീവികള്‍ക്കെന്ന പോലെ മനുഷ്യനും നല്കുന്നു.പക്ഷേ നമുക്കുണ്ടോ അത് ശ്രദ്ധിക്കാന്‍ നേരം?
ശ്രീ,എഴുത്തുകാരീ...ആ പക്ഷികളുടെ നിര്‍ഭയത്വത്തില്‍ നിന്ന് അതു തന്നെയാണ് എനിക്കും തോന്നിയത്.
കാട്ടിപരുത്തി,ഹന്ള്ളളത്...അതാ ഞാന്‍ പറഞ്ഞത്,അഞ്ച് മീറ്റര്‍ അടുത്ത് എത്തുമ്പോഴേക്കും അവര്‍ പറക്കും.പിന്നെ പോട്ടം എങ്ങനെ കിട്ടാനാ?
ഷാനവാസ്....വീണ്ടും കണ്ടതില്‍ സന്തോഷം.
ആ ചെടീടടുത്ത് ചെന്നപ്പം വീണ്ടും ഒരു പാമ്പ്..എന്നാ ഞാന്‍ കരുതിയത്..ആശ്വാസമായി..അല്ലല്ലോ!
പക്ഷികളുടെ സന്ദേശം മനസ്സിലാക്കിയതിന് അഭിനന്ദനങ്ങള്‍.
മാഷേ,
എല്ലാ ജീവജാലങ്ങളും മനുഷ്യന് സന്ദേശങ്ങൾ നൽകുന്നു. അത് മനസ്സിലാക്കാൻ പലപ്പോഴും നമൂക്കാവുന്നില്ലെന്ന് മാത്രം.
ആശംസകൾ :)
യു.എ.ഇ യുടെ രാഷ്ട്രപിതാവ് പല നാടുകളിൽ നിന്നും പക്ഷികളെയും പൂമ്പാറ്റകളെയും കൊണ്ട് വന്ന് അവയ്ക്ക് വളരാനുള്ള സാഹചര്യമൊരുക്കിയിരുന്നു. ഇന്നത്തെ ഇവിടെ കാണുന്ന പച്ചപ്പ് അദ്ധേഹത്തിന്റെ നല്ല മനസിന്റെ ബാക്കി പത്രമാണ്. ഇന്ന് പക്ഷെ അതൊക്കെ അദ്ധെഹം ഉദ്ദേശിച്ച രീതിയിൽ സംരക്ഷികപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. മരങ്ങൾ മുറിക്കപ്പെടുന്നു അവിടെ കോൺക്രീറ്റ് കാടുകൾ ഉയരുന്നു.. :(
ഒന്ന് പറയാൻ മറന്നു. വീട്ടിൽ കണ്ട പാമ്പിനെ അവിടെ വളരാൻ അനുവദിക്കരുതേ.. :)
എല്ലാവരും ഭൂമിയുടെ അവകാശികള്‍....
അരീകോടന്‍ മാഷേ....ഗേറ്റ് കെട്ടേണ്ട...ഇത് എല്ലാര്ക്കും വേണ്ടിയുള്ള ഭൂമിയല്ലേ???
മൃഗങ്ങളും മനുഷ്യരും ഒക്കെ അന്യന്റെ ഭൂമി എന്ന സങ്കോചമില്ലാതെ ആ പറമ്പില്‍ സ്വൈര്യമായി വന്നു പോവട്ടെ ...
ജെയിംസ്..... സ്വാഗതം,എണ്റ്റമ്മോ ഇതെന്താ സര്പ്പയജ്ഞമോ?
ബഷീര്‍... കോണ്‍ക്രീറ്റ് കാടുകള്‍ എല്ലായിടത്തും വളരുന്നു,നന്ദി
ഷാരോണ്‍.....സ്വാഗതം... ഗേറ്റ് കെട്ടിയാലും അവ വന്നോളും(ഞാന്‍ ഏതായാലും ഇപ്പോള്‍ ഗേറ്റ് കെട്ടുന്നില്ല)
Post a Comment
നന്ദി....വീണ്ടും വരിക