Pages

Tuesday, June 30, 2009

ബാപ്പയും കുട്ടികളും.

2008 ജൂണ്‍ 30. ബാപ്പ മരിച്ചതിന്റെ പിറ്റേ ദിവസം.തലേന്ന് രാത്രി മരിച്ച ബാപ്പയുടെ മയ്യിത്ത്‌(മൃതദേഹം) പൊതുദര്‍ശനത്തിനായി വീടിന്റെ ഓഫീസ്‌ മുറിയില്‍ വച്ചിരിക്കുകയാണ്‌.ബന്ധുമിത്രാദികളും ,നാട്ടുകാരും ,ഞങ്ങള്‍ മക്കളുടെ കൂട്ടുകാരും അന്ത്യദര്‍ശനത്തിനായി വന്നു കൊണ്ടിരുന്നു.ഞാനും അനിയനും മയ്യിത്തിന്റെ തൊട്ടടുത്ത്‌ തന്നെ ഇരുന്നു. എട്ടുമണിയോടടുത്താണെന്ന് തോന്നുന്നു മൂത്തുമ്മയുടെ മകനും ഞങ്ങളുടെ തൊട്ട്‌ അയല്‍വാസിയുമായ അബ്ദുറഹ്മാന്റെ രണ്ടര വയസ്സുകാരനായ മകന്‍ റുമാന്‍ അവന്റെ പുതിയ കുടയുമായി കടന്നുവന്നത്‌.വെളുത്ത തുണിയില്‍ പുതപ്പിച്ച്‌ കിടത്തിയിരുന്ന ബാപ്പയുടെ ചുറ്റും, ഒരക്ഷരം മിണ്ടാതെ കൂടി നില്‍ക്കുന്ന ഞങ്ങളുടെ നില്‍പ്‌ എന്തിന്‌ എന്ന് മനസ്സിലാകാഞ്ഞിട്ടായിരിക്കും അവന്‍ ഒരടി മുന്നോട്ടോ പിന്നോട്ടോ വയ്ക്കാതെ വന്ന നില്‍പ്പില്‍ അവിടെ നിന്നു.ശേഷം ഇടവിട്ട്‌ ഞങ്ങളുടെ മുഖത്തേക്കും ബാപ്പയെ കിടത്തിയ കട്ടിലിലേക്കും മാറി മാറി നോക്കികൊണ്ടിരുന്നു. എന്നും രാവിലെ റുമാന്‍ ബാപ്പയെ കാണാന്‍ വരുമായിരുന്നു.വീട്ടില്‍ വരുന്ന എല്ലാ കുട്ടികള്‍ക്കും നല്‍കാനായി ബാപ്പ എന്നും കല്‍കണ്ടവും ഈത്തപ്പഴവും കരുതി വയ്ക്കാറുണ്ടായിരുന്നു.(മിഠായി കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌ ബാപ്പ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല.)അതിനാല്‍ തന്നെ ബാപ്പയെ കുട്ടികള്‍ക്കും കുട്ടികളെ ബാപ്പക്കും വളരെ ഇഷ്ടമായിരുന്നു.കേള്‍വി കുറവായിരുന്നതിനാല്‍ കുട്ടികള്‍ തിരിച്ച്‌ പറയുന്നതൊന്നും ബാപ്പ കേട്ടിരുന്നില്ല.എന്നാലും അവരുടെ മുഖത്തെ സന്തോഷം വായിച്ചെടുത്ത്‌ ചിരിച്ചുകൊണ്ട്‌ തന്നെ ബാപ്പ അവരെ എല്ലാവരേയും സലാം പറഞ്ഞ്‌ യാത്രയാക്കും. അന്നും റുമാന്‍ വന്നത്‌ അവന്‌ പുതിയതായി വാങ്ങിയ കുട ബാപ്പയെ കാണിക്കാനായിരുന്നു.കുട കാണിച്ച്‌ ബാപ്പയുടെ അടുത്ത്‌ നിന്നും അന്നത്തെ കല്‍കണ്ടവും ഈത്തപ്പഴവും വാങ്ങി തിരിച്ചുപോവാന്‍ വന്ന റുമാന്‍, ഒന്നും മിണ്ടാതെ വെളുത്ത തുണിയില്‍ മൂടിപ്പുതപ്പിച്ച്‌ കിടത്തിയ ബാപ്പയെ കണ്ട്‌ എന്ത്‌ ചെയ്യണമെന്നറിയാതെ നിന്ന ആ രംഗം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ഉള്ളില്‍ നിന്നും ഒരു ഗദ്ഗദം ഉയരുന്നു.

10 comments:

Areekkodan | അരീക്കോടന്‍ said...

അന്നും റുമാന്‍ വന്നത്‌ അവന്‌ പുതിയതായി വാങ്ങിയ കുട ബാപ്പയെ കാണിക്കാനായിരുന്നു.കുട കാണിച്ച്‌ ബാപ്പയുടെ അടുത്ത്‌ നിന്നും അന്നത്തെ കല്‍കണ്ടവും ഈത്തപ്പഴവും വാങ്ങി തിരിച്ചുപോവാന്‍ വന്ന റുമാന്‍, ഒന്നും മിണ്ടാതെ വെളുത്ത തുണിയില്‍ മൂടിപ്പുതപ്പിച്ച്‌ കിടത്തിയ ബാപ്പയെ കണ്ട്‌ എന്ത്‌ ചെയ്യണമെന്നറിയാതെ നിന്ന ആ രംഗം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ഉള്ളില്‍ നിന്നും ഒരു ഗദ്ഗദം ഉയരുന്നു.

Rejeesh Sanathanan said...

വന്നു വായിച്ചു. റുമാന്‍റെ നിഷ്കളങ്കതയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒന്നും പറയാന്‍ വാക്കുകളില്ല......

siva // ശിവ said...

എത്ര വേഗം ഒരു വര്‍ഷം കടന്നു പോയി.... ആ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു....

കുഞ്ഞായി | kunjai said...

ആ കുഞ്ഞ് മനസ്സിന്റെ നിഷ്കളങ്കതയ്ക്ക് മുന്നില്‍ എനിക്ക് പറയാന്‍ വാക്കുകളില്ല സുഹൃത്തേ

വാഴക്കോടന്‍ ‍// vazhakodan said...

ഒരു നല്ല ഓര്‍മ്മക്കുറിപ്പിനു ഒരുപാട് അക്ഷരങ്ങളെ ബുദ്ധിമുട്ടിക്കണമെന്നില്ല....റുമാന്‍ എന്നാ ഒരു പേര് കൊണ്ട് താങ്കള്‍ ഹൃദ്യമായ ഒരു ഓര്‍മ്മക്കുറിപ്പ് രചിച്ചിരിക്കുന്നു...നന്നായി!

Anil cheleri kumaran said...

പാവം..

Typist | എഴുത്തുകാരി said...

ആ ദുഖത്തില്‍ കൂടെ ചേരുന്നു.

ramanika said...

vayichu dukhathil panku cherunnu!

കാട്ടിപ്പരുത്തി said...

പ്രാര്‍ത്ഥനയോടെ ഞാനും

Areekkodan | അരീക്കോടന്‍ said...

സുഹൃത്തുക്കളേ....എന്റെ വേദനയില്‍ പങ്കു ചേര്‍ന്നതിന്‌ നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക