Saturday, August 08, 2009
പ്രിയ സുഹൃത്തേ വിട
"മാഷ് ഇനിയും വരണം.....എനിക്ക് ഈ ലോകത്ത് വളരെക്കുറച്ച് സുഹൃത്തുക്കളേ ഉള്ളൂ...ഇവിടെ നിന്ന് പോയാലും ഇടക്ക് വിളിക്കണം...." മാനന്തവാടിയിലെ ക്വാര്‍ട്ടേഴ്സ് വിട്ടൊഴിയുന്നതിന് മുമ്പ് അനില്‍ എന്ന അനിയെ സന്ദര്‍ശിച്ച എന്നോട് അവന്റെ അപേക്ഷ അതായിരുന്നു.
അനി അന്ന് അല്‍പം മൂഡിലാണ് എന്ന് തോന്നിയതിനാല്‍ ഞാന്‍ പറഞ്ഞു."ഞാന്‍ വരും.പക്ഷേ കുടിയന്മാരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.അതിനാല്‍ സ്മാളടിച്ച നിലയിലാണെങ്കില്‍ ഞാന്‍ അനിയെ കാണാനേ വരില്ല..."
"ഇല്ല മാഷേ....രണ്ട് മാസത്തിനകം ഞാനാ വീട്ടില്‍ നിന്നും സ്ഥലം മാറും.എനിക്ക് ആ വീട്ടിലേക്ക് പോകാനേ തോന്നുന്നില്ല..."അനി പറഞ്ഞു.
"ഇന്നും അനി കുടിച്ചില്ലേ?കുടിച്ചാല്‍ അച്ചന്‍ ഇനി വീട്ടിലേക്ക് കയറ്റില്ല എന്ന് അറിയില്ലേ അനിക്ക്..."ഞാന്‍ അനിയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
"മാഷേ...ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട്.അതിന്റെ ആദ്യ ഭാഗം ടൈപ് ചെയ്തിട്ടുമുണ്ട്...ഞാന്‍ ഇപ്പോ പ്രിന്റ് എടുത്ത് തരാ....മാഷൊന്ന് അത് വായിച്ചു നോക്ക്...."വെള്ളത്തിന്റെ വര്‍ക്കിങ്ങിനിടയില്‍ എന്തൊക്കെയോ പറയുകയാണെന്ന് കരുതിയ എന്നെ അത്ഭുതപ്പെടുത്തി അനി ഒരു പേജ് പ്രിന്റ് എടുത്ത് തന്നു.ഞാന്‍ അത് വായിച്ചു നോക്കി.കഥാനായകന്‍ ഒരു മദ്യപനാണ്.അവന്‍ ഒരു പെണ്ണിനെ സ്നേഹിക്കുന്നു.അത്രയും വിവരങ്ങള്‍ വിസ്തരിച്ച് എഴുതിയ പേജ് ആണ് എനിക്ക് തന്നത്.
"മാഷേ എങ്ങിനെയുണ്ട് കഥ?"അനി ചോദിച്ചു.
"ഇതിലെ കഥാപാത്രം അനി തന്നെയാണോ?"ഞാന്‍ സംശയം പ്രകടിപ്പിച്ചു.
"അല്ല എന്റെ സുഹൃത്താണ്.പക്ഷേ ആ പ്രേമത്തിന്റെ ഭാഗം സംഭവിക്കാത്ത ഒന്ന് ഞാന്‍ ഊഹിച്ച് എഴുതുകയാണ്..."
"ആ....അല്‍പം ചില മാറ്റങ്ങള്‍ വരുത്താനുണ്ട്.കഥ പറഞ്ഞു തുടങ്ങിയ രീതി എനിക്ക് ഇഷ്ടപ്പെട്ടു."
"ആ...ബാക്കി ഞാന്‍ പിന്നീട് പ്രിന്റ് എടുത്ത് തരാം..."
അന്ന് വളരെ നേരം ഞാന്‍ അനിയുടെ കൂടെ ചിലവഴിച്ചു.മാനന്തവാടി കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി പോരുന്നതിന്റെ അഞ്ചു ദിവസം മുമ്പ് ഞാന്‍ വീണ്ടും അനിയെ സന്ദര്‍ശിച്ചു.അന്നും മദ്യപാനം വരുത്തിവയ്ക്കുന്ന വിനകള്‍ ഞാന്‍ അവനെ ഓര്‍മ്മപ്പെടുത്തി.
"മാഷ് ഇനിയും വരണം...ഇടക്കൊക്കെ വിളിക്കണം..." യാത്രാമൊഴിയായി അനി പറഞ്ഞു.
മാനന്തവാടി വിട്ട് രണ്ടാഴ്ചക്ക് ശേഷം പലരേയും ഫോണ്‍ ചെയ്ത കൂട്ടത്തില്‍ ഞാന്‍ അനിയേയും വിളിച്ചു.
"അനീ....വീണ്ടും അഡ്മിറ്റ് ആയി എന്നു കേട്ടു..."
"അതെ മാഷെ....ഷുഗര്‍ കൂടി..."
"ഷുഗര്‍ കൂടിയത് കുടിച്ചതു കൊണ്ടല്ലേ?ഇനിയും കുടിച്ചാല്‍ കളി കാര്യമാവും എന്ന് ഡോക്ടര്‍ പറഞ്ഞത് ഓര്‍മ്മയില്ലേ?"ഞാന്‍ വീണ്ടും അനിയെ ഉണര്‍ത്തി നോക്കി.
"ആ....അത് നിര്‍ത്തി മാഷെ...മാഷ് വിളിച്ചതില്‍ വളരെ സന്തോഷം.ഇനിയും വിളിക്കണേ..."അനി അപേക്ഷിച്ചു.
"ശരി ശരി..."
ഇക്കഴിഞ്ഞ ജൂലായ് 30ന് രാത്രി വീണ്ടും മാനന്തവാടിയിലെ പല സുഹൃത്തുകളെയും ഞാന്‍ ഫോണ്‍ ചെയ്തു പരിചയം പുതുക്കി.അനിയുടെ നമ്പര്‍ അവന്റെ പ്രസ്സിലേതായതിനാല്‍ ശനിയാഴ്ച പകല്‍ സ്വസ്ഥമായി വിളിക്കാമെന്നും ഞാന്‍ മനസ്സില്‍ കരുതി.
ജൂലായ് 31ന് കോളേജ് വിട്ട് വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ എന്നോട് ഭാര്യ പറഞ്ഞു.
"ഒരു സാഡ് ന്യൂസുണ്ട്....അനി മരിച്ചു!!!"
"ങേ!!!മാനന്തവാടിയിലെ അനിയോ?എന്തു പറ്റി?" ഞാന്‍ ഞെട്ടലോടെ ചോദിച്ചു.
"ഇന്നലെ രാത്രി ഉറങ്ങിയതാ...കുടിച്ചിരുന്നു എന്ന് തോന്നുന്നു.അതിനാല്‍ രാവിലെ എണീറ്റില്ല.വീട്ടുകാരും ശ്രദ്ധിച്ചില്ല.ഉച്ചക്ക് മൂന്ന് മണിയായിട്ടും എണീക്കാതായപ്പോള്‍ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്...കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.രേഖേച്ചി വിളിച്ചതാ....നിങ്ങള്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു"
എന്റെ മനസ്സിലൂടെ അന്നത്തെ ഞങ്ങളുടെ സംസാരവും ഞാന്‍ നല്‍കിയ ഉപദേശങ്ങളും കടന്നുപോയ്ക്കൊണ്ടിരുന്നു.എന്നെ വളരെയധികം സ്നേഹിച്ചിരുന്ന ബഹുമാനിച്ചിരുന്ന അനി(ആ ശനിയാഴ്ച ഞാന്‍ അനിയുടെ അമ്മയെ മാനന്തവാടിയില്‍ സന്ദര്‍ശിച്ചപ്പോള്‍ ആ ദു:ഖ നിമിഷത്തിലും അവരത് എടുത്ത് പറഞ്ഞ് കരഞ്ഞു) എന്റെ വാക്കുകള്‍ക്ക് അല്‍പമെങ്കിലും ചെവി കൊടുത്തിരുന്നെങ്കില്‍ ഈ ദുര്‍ഗതി എന്റെ അനിക്കും ആ കുടുംബത്തിനും വരില്ലായിരുന്നല്ലോ എന്ന് ഞാന്‍ വിലപിച്ചുപോയി.
സുഹൃത്തുക്കളേ....ഒരു കമ്പനിക്കായി മദ്യം കഴിച്ചു തുടങ്ങിയ അനി, കുടി തുടങ്ങി ഒരു വര്‍ഷത്തിനിടയില്‍ തന്നെ മദ്യാസക്തനായി.അതിലൂടെ മരണവും ഏറ്റുവാങ്ങി.ദയവു ചെയ്ത് നിങ്ങളാരും കമ്പനിക്ക് പോലും(അതെത്ര കുറച്ചായാലും) മദ്യം തൊടരുത് എന്ന് ഒരു സുഹൃത്ത് നഷ്ടപ്പെട്ട ഈ അനുഭവത്തില്‍ നിന്നും വിനീതമായി അപേക്ഷിക്കുന്നു.
16 comments:
ജൂലായ് 31ന് കോളേജ് വിട്ട് വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ എന്നോട് ഭാര്യ പറഞ്ഞു.
"ഒരു സാഡ് ന്യൂസുണ്ട്....അനി മരിച്ചു!!!"
"ങേ!!!മാനന്തവാടിയിലെ അനിയോ?എന്തു പറ്റി?" ഞാന്‍ ഞെട്ടലോടെ ചോദിച്ചു.
എന്തു ചെയ്യാനാ മാഷെ, ചിലരുടെ വിധി അതാണ്.
മദ്യത്തെ വെറുക്കാന്‍ പഠിപ്പിക്കുന്നതോടോപ്പം എന്തുകൊണ്ട് അനി മദ്യപാനിയായി അല്ലെങ്കില്‍ എന്തുകൊണ്ട് തുടര്‍ന്നും മദ്യപിച്ചു എന്ന് ആരെങ്കിലു ട്രേസ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ ആവോ. ചിലര്‍ക്കത് ഒരു മാനസിക രോഗത്തിന്റെ ഭാഗമായി മാറുന്നു എന്ന കാര്യം നമ്മള്‍ പലപ്പോഴും വിസ്മരിക്കുന്നു.
എന്റെ അനുശോചനം അറിയിക്കുന്നു.
ഇവിടെ ബൂലോകത്ത് മദ്യത്തെ പലരും എന്തോ ധീരകൃത്യമെന്ന നിലക്ക് വല്ലാതെ ഹൈലൈറ്റ് ചെയ്ത് കാണിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്.സത്യത്തില്‍ മദ്യത്തെ മഹത്വവത്കരിച്ച് കൊണ്ടുള്ള അത്തരം സാഹിത്യങ്ങള്‍ വായിക്കുന്ന ചിലരെയെങ്കിലും ആ വരികള്‍ സ്വാധീനിക്കുന്നുണ്ടെന്നതാണു വാസ്തവം.ഫലമോ ഒരു കള്ളുകുടിയന്‍ കൂടി ഈ ലോകത്ത് ജന്മമെടുക്കുന്നു.
സാഹിത്യകാരന്‍റെ കൂടെപ്പിറപ്പാണു മദ്യം അല്ലെങ്കില്‍ രണ്ടെണ്ണം വീശിയെങ്കിലേ സാഹിത്യം വരൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.ഒന്ന് സെര്‍ച്ചിയാല്‍ മദ്യത്തില്‍ മുങ്ങിയ നൂറുകണക്കിനു പോസ്റ്റുകള്‍ ബൂലോകത്ത് നിന്ന് തന്നെ നിമിഷങ്ങള്‍ കൊണ്ട് നമുക്ക് കണ്ടെത്താന്‍ സാധിക്കും.ന്‍റെ തടി കേടാക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ട് തല്‍ക്കാലം പിന്‍വാങ്ങുന്നു.ആശംസകള്‍..
മദ്യത്തിന്റെ വിപത്ത് എങ്ങിനെ സംഭവിച്ചാലും നമ്മള്‍ മനസ്സിലാക്കുന്നില്ലല്ലോ...
മദ്യപാനം ആരോഗ്യത്തിനു ഹാനികരം തന്നെയാണ്...
അറിഞ്ഞു കൊണ്ട് തന്നെയാണ് മിക്കവരും അത് ഉപയോഗിക്കുന്നത്....
മദ്യപാന ശീലത്തിനു അടിമപ്പെട്ടവര്‍ക്ക് ചികിത്സയാണ് വേണ്ടത്....
ചുരുക്കം ഒഴിച്ച് കൂടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മദ്യപിക്കുന്നവര്‍ അതൊരു ശീലമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നേ പറയാന്‍ കഴിയൂ......
അനിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു.
ഒരു നല്ല സുഹ്രുത്ത് ഉണ്ടായിരിക്കുകയും
മനസ്സിലെ വൈഷമ്യങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുകയാണ്‍ വേണ്ടത്.
അല്ലാതെ ദുഖഃങ്ങള്‍ക്ക് അവധി
കൊടുക്കാന്‍ മദ്യത്തെ ആശ്രയിക്കുകയല്ല...
ജിപ്പൂസേ :) :-)
മാഷേ ഇത് വായിച്ചു ദുഃഖിക്കുന്നു അനിലിനെ ഓര്‍ത്തു
ഒരാള്‍ എങ്കിലും ഇത് വായിച്ചു 'കുടി' നിറുത്തി എങ്കില്‍ എന്ന് ആശിക്കുന്നു !
ഇതു വായിച്ച് ഒരാളെങ്കിലും മദ്യപാനം നിർത്തിയിരുന്നെങ്കിൽ..
"വായിച്ചപ്പോള്‍ നല്ല വിഷമം.ഇനി രണ്ട് വീശിയാലെ ശരിയാകു!!"
വിഷമിപ്പിക്കുന്ന പോസ്റ്റുകള്‍ വായിച്ച പല കൂട്ടുകാരും പറയുന്ന വാചകമാ ഇത്.മാഷിന്‍റെ ഈ ലേഖനം അവരുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍?
വായിച്ചപ്പോള്‍ നല്ല വിഷമം.ഇനി രണ്ട് വീശിയാലെ ശരിയാകു :)
മാഷേ,
അനിയെപ്പോലെ എത്ര പേരുണ്ട് നമ്മുടെ ചുറ്റും?
അവരെയൊക്കെ ആശ്രയിച്ച് കുറച്ചുപേർ ജീവിക്കുന്നതു പോലും മറക്കുന്നവർ. ഒരു പക്ഷേ അവർക്കും പറയാനായി നിരവധി കാരണങ്ങളുണ്ടാവും.
ആരുടെ നേരെയും വിരൽ ചൂണ്ടിയിട്ടു കാര്യമില്ലല്ലോ. എല്ലാവരും സ്വയം തീരുമാനമെടുക്കണം.
മദ്യപാനം വേണോ എന്ന്.
മാനന്തവാടിയിലെ അനിയുടെ വേർപാടിൽ നിങ്ങളുടെയൊക്കെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.
അകാലത്തില്‍ മരിച്ച അതുല്യ പ്രതിഭകള്‍ പലരും കരളു ദ്രവിച്ചാണു മരിച്ചതെന്നാരും പറയാന്‍ മടിക്കുന്ന സത്യമല്ലേ?
അനില്‍ജീ...അനിയോട് ഞാന്‍ പല പ്രാവശ്യം അന്വേഷിച്ചിട്ടുണ്ട്.ഒരു പ്രസ്സ് നടത്തുന്ന അവന്‍ പറഞ്ഞത് വര്‍ക്ക് കിട്ടാന്‍ ചില കസ്റ്റമേര്‍സിണ്റ്റെ കൂടെ വീശണം,വാങ്ങി കൊടുക്കണം എന്നാണ്. ഓരോരുത്തര്‍ക്കും അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകുമല്ലോ?
ജിപ്പൂസ്.....ബൂലോകത്ത് പല മദ്യ പോസ്റ്റുകളും കമണ്റ്റുകളും കണ്ടതുകൊണ്ടുതന്നെയാ ഈ അനുഭവം ഇവിടെ ഇട്ടത്. ആരെങ്കിലും 'മൈണ്റ്റ്' ചെയ്തിരുന്നെങ്കില്‍ എന്ന ഉദ്ദേശ്യത്തോടെ
കൊട്ടോട്ടീ....സംഭവിക്കുന്ന ദിവസം ഒരു ശ്രദ്ധ,പിന്നെ പഴയപോലെ. ചാണക്യാ....ചികിത്സിക്കാന്‍ സമ്മതിക്കാത്ത എത്രയോ പേരുണ്ട്.മാനന്തവാടിയില്‍ എണ്റ്റെ തൊട്ടടുത്ത റൂമിലെ സുഹൃത്ത് രണ്ട് തവണ ചികിത്സിക്കപ്പെട്ടു.ഇപ്പോള്‍ വീണ്ടും കുടിക്കുന്നു എന്ന് കേള്‍ക്കുന്നു.പിന്നെ 9൦% ആല്‍ക്കാരിലും ചെറുതായി തുടങ്ങി ഒരു ശീലമായി മാറുന്നതായാണ് അനുഭവം. മാണിക്യം....അതേ,നല്ല സുഹൃത്തിനോട് തുറന്ന് പറഞ്ഞാല്‍ തന്നെ പല വിഷമങ്ങളും ഇല്ലാതാകും.അല്ലാതെ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടുന്നവന് ഒരു താല്‍ക്കാലിക സന്തോഷം മാത്രമേ ലഭിക്കുന്നുള്ളൂ.അതിനായി അവന്‍ വിളിച്ചുവരുത്തുന്നത് വാന്‍ ദുരന്തങ്ങളാണെന്ന് മനസ്സിലാക്കാതെ പോകുന്നു.
ramaniga ചേട്ടാ,കുമാരാ....എന്ന് ഞാനും ആത്മാര്‍ത്ഥമായി ആശിക്കുന്നു. അരുണ്‍.....കുടിക്കാന്‍ അങ്ങനെ എന്തൊക്കെ നമ്പരുകള്‍...
ബാബുരാജ്...ഡോക്ടര്‍മാര്‍ ഇങ്ങനെത്തന്നെ പറയണം. വിഷമം തീര്‍ക്കാന്‍ ഇതിന് തൊട്ടു മുമ്പ് ഞാനിട്ട ചെറായി പോസ്റ്റുകള്‍ വായിക്കുക
ലതിചേച്ചീ.... സ്വയം തീരുമാനം എടുക്കാന്‍ നാം നിരന്തരം ഇടപെടല്‍ നടത്തിയേ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്
കരീം മാഷ്.....സത്യം തന്നെ.പക്ഷേ പുതു തലമുറയിലെ എഴുത്തുകാര്‍ ആ അടിമത്തത്തില്‍ നിന്നും മോചിതരായി എന്ന് തോന്നുന്നു.
പുതു തലമുറ ഇപ്പോൾ മദ്യം ഉപേക്ഷിച്ച് തുടങ്ങിയത്രെ.. മയക്കുമരുന്നിലാണ് കൂടുതൽ താത്പര്യം ..:( സ്വബോധമില്ലാത്ത അവസ്ഥയിലല്ലേ പല ക്ലാസുകളും പിറക്കുന്നത്..
ആ സുഹൃത്തിന്റെ അകാലമൃത്യവിൽ താങ്കൾക്കുള്ള ദു:ഖം മനസിലാക്കുന്നു.
madyapaanam nirthaan sarkkaar sammathikkilla........ kaashu koduth visham (madyam) vaangi kazhichu dukham akuttunnath anushtaanamaakkiyavaraaNu shreshtar ennu avar swayam karuthunnu...........(samoohathinte dhaaraNakaL maarendiyirikkunnu)
ബഷീര്‍.... ഇന്നലെ മദ്യം,ഇന്ന് മയക്കുമരുന്ന്,നാളെ ?ഉണ്ണിയേട്ടാ.....വ്യക്തികളുടെ ധാരണയാണ് മാറേണ്ടത്,അപ്പോഴേ സമൂഹം നന്നാവൂ...
Post a Comment
നന്ദി....വീണ്ടും വരിക