Pages

Saturday, September 05, 2009

ഒരു ശ്രമദാനത്തിനിടയില്‍ കേട്ടത്‌.....

എനിക്കും മോള്‍ക്കും ഓണം അവധി തുടങ്ങിയ ദിവസം.ഞാന്‍ അപൂര്‍വ്വമായി ഉപയോഗപ്പെടുത്തുന്ന ഞങ്ങളുടെ വീട്ടിലേക്കുള്ള പഴയ വഴി ഒന്ന് വൃത്തിയാക്കാം എന്ന് തീരുമാനിച്ചു.ഞാന്‍ അപൂര്‍വ്വമായാണ്‌ ഉപയോഗിക്കുന്നതെങ്കിലും മൂത്താപ്പയുടെ രണ്ട്‌ മക്കളുടെ വീട്ടിലേക്കുള്ള വഴിയും മറ്റൊരു മൂത്താപ്പയുടെ മകന്റെ വീട്ടിലേക്കുള്ള വഴിയും എന്റെ തറവാട്ടിലേക്കുള്ള വഴിയും അതു തന്നെയാണ്‌.എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്ത്‌ ഈ വഴി മുഴുവന്‍ അടിച്ചുവാരി വൃത്തിയാക്കിയിരുന്നത്‌ അദ്ദേഹമായിരുന്നു.എന്റെ കുട്ടിക്കാലത്ത്‌ ഞാനും അനിയനും ഈ പ്രവൃത്തിയില്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത്‌ ഓര്‍മ്മയുണ്ട്‌.ബാപ്പ മരിച്ച്‌ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ആ വഴിയുടെ അവസ്ഥ കണ്ട എനിക്ക്‌ അത്‌ വൃത്തിയാക്കല്‍ അനിവാര്യമായി തോന്നിയതിനാല്‍ ഞാന്‍ മോളേയും കൂട്ടി ഇറങ്ങി. വഴിയിലേക്ക്‌ പടര്‍ന്ന് നില്‍ക്കുന്ന ചെടികള്‍ വെട്ടുക,വളര്‍ന്നു നില്‍ക്കുന്ന പുല്ലും കളയും പറിച്ചുകളയുക,മതിലില്‍ നിന്നും തൂങ്ങി നില്‍ക്കുന്ന കാട്ടുവള്ളികളും മറ്റും അറുത്തുമാറ്റുക തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട പണികള്‍.പുല്ലുകള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന തൂവച്ചെടി തൊട്ടാലുള്ള ചൊറിയും പുഴുക്കളും മറ്റു ജന്തുക്കളും ഉണ്ടാകാനുള്ള സാധ്യതയും ഞാന്‍ മുന്‍കൂട്ടി തന്നെ മോള്‍ക്ക്‌ പറഞ്ഞുകൊടുത്തു. പണിതുടങ്ങി അല്‍പസമയത്തിനകം തന്നെ മൂത്താപ്പയുടെ കുറേ പേരമക്കള്‍ വന്നു.അവരില്‍ ചിലര്‍ ഉത്സാഹപൂര്‍വ്വം സഹായിക്കാന്‍ തുടങ്ങി.പക്ഷേ കുഞ്ഞുപൈതങ്ങള്‍ ആയതിനാല്‍ ഞാന്‍ അവരെ കൂടുതല്‍ പ്രോല്‍സാഹിപ്പിച്ചില്ല.അവരുടെ ആവേശം അടങ്ങിയപ്പോള്‍ അവര്‍ സ്ഥലം വിടുകയും ചെയ്തു.മൂത്താപ്പയുടെ പേരക്കുട്ടിയായ, എന്റെ മോളുടെ ക്ലാസ്മേറ്റ്‌ അതേ സമയം അവിടെ വന്നെങ്കിലും മണ്ണും ചളിയും കയ്യില്‍ പറ്റുന്ന ഈ പരിപാടിയില്‍ പങ്കെടുത്തില്ല. മതിലില്‍ നിന്നും ഞാന്‍ കളകള്‍ പറിക്കുന്ന സമയത്ത്‌ മൂത്താപ്പയുടെ മരുമകള്‍ ആ വഴി വന്നു. "ഓഹ്‌...ഇനി പണി ഉണ്ടാകുമ്പോള്‍ നിന്നെ വിളിച്ചാല്‍ മതിയല്ലേ?" "ങാ...ഞാന്‍ കരുതി മോളുടെ കല്യാണത്തിനെങ്കിലും ഈ വഴി വൃത്തിയാക്കുമെന്ന്..." "അതിന്‌ ഗോപാലേട്ടനെ കിട്ടിയില്ല..." "തണ്ടും തടിയുമുള്ള മക്കള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക്‌ ചെയ്യാവുന്നതേ ഉള്ളൂ ഇതൊക്കെ...ഗോപാലേട്ടന്റെ ആവശ്യം ഇല്ല..." ഞാന്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്കുള്ള വഴി നന്നാക്കാനും പറമ്പില്‍ പണി എടുക്കുന്ന ഗോപാലേട്ടന്‍ ഉണ്ടെങ്കിലേ നടക്കൂ എന്ന അവസ്ഥ.അതും എന്നെപ്പോലെ ഓണാവധി അനുഭവിക്കുന്ന പ്ലസ്‌ടു കഴിഞ്ഞ മകന്‍ വീട്ടിലിരുന്ന് പാട്ട്‌ കേട്ടുകൊണ്ടിരിക്കുമ്പോള്‍.എന്റെ മറുപടി മനസ്സിലാക്കി അവര്‍ ഉടന്‍ സ്ഥലം വിട്ടു. "മോളേ....പുല്ല്‌ ആ പറമ്പിലേക്ക്‌ തന്നെ ഇട്ടാല്‍ മതി..." കള പറിച്ചുകൊണ്ടിരുന്ന മോളോട്‌ അത്‌ ഇടേണ്ട സ്ഥലം ഞാന്‍ പറഞ്ഞുകൊടുത്തു. "അങ്ങോട്ട്‌ ഇടേണ്ട എന്ന് താത്ത പറഞ്ഞു...." "ഓ...എങ്കില്‍ ആ തെങ്ങിന്റെ ചുവട്ടില്‍ കൊണ്ടിട്ടോളൂ..." സ്വന്തം മതിലില്‍ നിന്നും വഴിയിലേക്ക്‌ വളര്‍ന്നു നില്‍ക്കുന്ന കളകള്‍ പറിച്ചിട്ട്‌ അത്‌ ഇടാന്‍ വേറെ സ്ഥലം നോക്കാന്‍ പറയുന്നതില്‍ എനിക്ക്‌ അത്‌ഭുതം തോന്നിയില്ല.കാരണം എന്റെ കുട്ടിക്കാലത്ത്‌ ബാപ്പയോടൊപ്പം ഇതേപണി ചെയ്യുമ്പോള്‍ ആ മകളുടെ ഉപ്പയും ഇതേ അഭിപ്രായക്കാരനായിരുന്നു.നോമ്പ്‌ നോറ്റ്‌ എന്നെ സഹായിച്ച മോള്‍ക്ക്‌ പറിച്ചുമാറ്റിയ കളകള്‍ ഇടാനുള്ള മറ്റൊരു സ്ഥലം ഞാന്‍ പറഞ്ഞുകൊടുത്തു. "ഓ....ബാപ്പയുടെ പണി ഇപ്പോള്‍ നീ ഏറ്റെടുത്തു അല്ലേ?" ഭര്‍ത്താവിന്റെ കൂടെ ആ വഴി വന്ന മൂത്താപ്പയുടേ തന്നെ മറ്റൊരു മോള്‍ പറഞ്ഞു. "ങാ....ബാപ്പ പോയത്‌ ശരിക്കും അറിയുന്നുണ്ട്‌..." ഞാന്‍ അലക്ഷ്യമായി മറുപടി കൊടുത്തു. നാം ജീവിക്കുകയും ദിവസവും പെരുമാറുകയും ചെയ്യുന്ന സ്ഥലവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ട ബാധ്യത നമുക്ക്‌ തന്നെയാണ്‌.അത്‌ അവന്‍ ചെയ്യട്ടെ,പണിക്കാരനെ കിട്ടട്ടെ,സ്ഥിരം ചെയ്യുന്നവര്‍ ചെയ്യട്ടെ തുടങ്ങിയ തീരുമാനങ്ങള്‍ നല്ലതല്ല.നമുക്ക്‌ തന്നെ ഉപകാരപ്പെടുന്ന, കൂട്ടായി ശ്രമിച്ചാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട്‌ ചെയ്തു തീര്‍ക്കാവുന്ന ഇത്തരം ശ്രമദാനങ്ങള്‍ പോലും ചെയ്യാന്‍ നമുക്ക്‌ സമയമില്ല.എന്നാല്‍ സീരിയല്‍ കണ്ടിരിക്കാനും കല്യാണ സി.ഡി കാണാനും മനോരമ വാരിക വായിക്കാനും ഇഷ്ടം പോലെ സമയവുമുണ്ട്‌. വാല്‍:അന്ന് വൈകിട്ട്‌ മൂത്താപ്പയുടെ മകന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു: "ആബോ...നമ്മുടെ ഹൈവേ ഉഷാറായി ട്ടോ...".പ്രതീക്ഷിക്കാത്ത അഭിനന്ദനം എന്നെ വളരെ സന്തോഷിപ്പിച്ചു.

16 comments:

Areekkodan | അരീക്കോടന്‍ said...

അന്ന് വൈകിട്ട്‌ മൂത്താപ്പയുടെ മകന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു:"ആബോ...നമ്മുടെ ഹൈവേ ഉഷാറായി ട്ടോ...".പ്രതീക്ഷിക്കാത്ത അഭിനന്ദനം എന്നെ വളരെ സന്തോഷിപ്പിച്ചു.

ramanika said...

ഇത് ഒരു ഒറ്റപെട്ട സംഭവമല്ല എല്ലാ സ്ഥലത്തും ഇത് തന്നെ !കഴിഞ്ഞ ഓണ ദിവസങ്ങള്ളില്‍കേരളം ടീവീ കണ്ടിരുന്ന സമയത്തില്‍ പത്തില്‍ ഒന്ന് ഇതുപോലെ സ്ഥലം വൃത്തിയാക്കാന്‍ ചിലവാക്കിയിരുന്നാല്‍ ...........

sheriffkottarakara said...

അരീകോടൻ മാഷേ,
എന്റെ അനുഭവത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ താങ്കൾക്കും ഭവിക്കുന്നു. ഇപ്പോൾ കമ്പ്യൂട്ടർ തുറക്കുന്നതിനു മുമ്പു ഒരു ഫയറിംഗ്‌ കഴിഞ്ഞാണു ഞാൻ ഇരിക്കുന്നതു. കൈവശമുള്ള ഒരു തുണ്ടു പുരയിടത്തിൽ നിന്നിരുന്ന രണ്ടു വാഴകൾ കുലച്ചു. അതു കാറ്റത്തു ചരിയാൻ സാദ്ധ്യത ഉണ്ട്‌. ഒരു കഷണം കയർ ഉപയോഗിച്ചു അതൊന്നു വലിച്ചു കെട്ടണം.അതിന്റെ കീഴിൽ കൂടി രണ്ടു ആൺ മക്കൾ പലതവണ നടന്നു പോയപ്പോഴും ഞാൻ കാര്യം പറഞ്ഞു. പിന്നെ ആവട്ടെ..പിന്നെ... കൊടുത്തു ഫയറിംഗ്‌ . വാഴക്കു കയറായി.(കൂട്ടത്തിൽ ഞാനും സഹായിച്ചു) ഈ തലമുറക്കു സമൂലം ബാധിച്ചിരിക്കുന്നു മടി എന്ന രോഗം. കാരണം മാഷ്‌ പറഞ്ഞതു തന്നെ.

മീര അനിരുദ്ധൻ said...

നമ്മടെ നാട്ടിൽ എല്ലാവർക്കും ഇപ്പോ മടിയല്ലേ മാഷേ..ആരെങ്കിലും ഒക്കെ ചെയ്തോളും എനിക്കെന്താ എന്ന മട്ട്.ഈ മനോഭാവം മാറ്റിയാലേ നമ്മടെ നാടു നന്നാവൂ

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

കമഴ്ന്നു കിടക്കണ പ്ലാവില ഒന്ന് മറിച്ചിടാന്‍ ഇന്നത്തെ കുറ്റ്യോലെക്കൊണ്ട് ഉപകാരമില്ല. കാലം പോണ പോക്കെ!

ഇത് എല്ലായിടത്തെയും കഥയാണ് മാഷേ!

siva // ശിവ said...

I agree with your comment....

Anil cheleri kumaran said...

മുടിഞ്ഞൊരു മടി...

മാണിക്യം said...

There was an important job to be done and Everybody was sure that Somebody would do it.

Anybody could have done it, but Nobody did it.

Somebody got angry about that because it was Everybody's job.

Everybody thought that Anybody could do it, but Nobody realized that Everybody wouldn't do it.

It ended up that Everybody blamed Somebody when Nobody did what Anybody could have done

Areekkodan | അരീക്കോടന്‍ said...

ramanika ചേട്ടാ...വളരെ ശരിയാണ്‌.ഓണത്തിന്‌ കേരളം കുടിച്ചു തുലച്ച കാശും ആര്‍മാദിച്ചു കളഞ്ഞ സമയവും ശരിയായി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എന്തൊക്കെ സാധിക്കുമായിരുന്നു...പക്ഷേ ആര്‌ ചിന്തിക്കാന്‍?

Sheriff-ക്ക.....അതേ,ഇതൊരു ആഗോളപ്രതിഭാസം തന്നെ.എന്റെ ഉപ്പ ചെറുപ്പം മുതലേ ഞങ്ങള്‍ക്ക്‌ ഒരു ടൈംടേബ്‌ള്‍ ഇട്ടിരുന്നു.പുരയിടം വൃത്തിയാക്കല്‍,വഴി അടിച്ചുവാരല്‍,കക്കൂസ്‌ കഴുകല്‍,വസ്ത്രം അലക്കല്‍,പാത്രം കഴുകല്‍,വീട്‌ അടിച്ചു തുടക്കല്‍ ഇതെല്ലാം ആ ടൈംടേബ്‌ളില്‍ ഉണ്ടായിരുന്നു.അതിനാല്‍ തന്നെ ഇന്ന് അത്‌ ചെയ്യാന്‍ ഒരു പ്രശ്നവുമില്ല.ഇന്നത്തെ തലമുറയെ നാമും അത്‌ ശീലിപിച്ചാല്‍ ഗുണം ചെയ്യുമായിരിക്കും.

മീര...അതേ...മനോഭാവം മാറണം.അതിന്‌ സന്മനോഭാവമുള്ളവര്‍ മുന്നോട്ട്‌ വരണം.ഒന്ന് ഒത്തുപിടിച്ചു നോക്കാം...

വാഴക്കോടാ....ഈ ആഗോളപ്രതിഭാസത്തെ നമുക്ക്‌ മലര്‍ത്തിയടിക്കാന്‍ ശ്രമിക്കാം...

ശിവ....നന്ദി

കുമാരാ....നല്ലൊരു മരുന്നുണ്ട്‌....അറിഞ്ഞൊരു അടി....പിന്നെ മുടിഞ്ഞൊരു മടി നൈലിനപ്പുറം നിന്നോളും..

മാണിക്യം....ആ ബ്ലഡി 'ബഡി'കളെയെല്ലാം നല്ലൊരു 'ബടി' എടുത്ത്‌ നാല്‌ കാച്ചിയിരുന്നെങ്കില്‍.....

ഒരു നുറുങ്ങ് said...

മാഷെ,
റംസാന്‍ ഓണം തിരക്ക്,ഇവിടെത്തിപ്പെടാന്‍ വൈകി.
ബ്ലോഗിലും ബ്ലോക്കാ!ബൈപാസ് വേണ്ട്യരും!പിന്നെ,
വീട്ടിലേക്കുള്ള വഴിയിലൊക്കെ,റോഡിലും ആകെ
വേസ്റ്റാ മാഷെ!എന്തു പറയാനാ !വ്രുത്തി വിശ്വാസ
ത്തിന്‍റെയും,മാലിന്യങ്ങള്‍ വഴിയിലുപേക്ഷിക്കുന്നത്
വിശ്വാസനിരാസത്തിന്‍റെ ഭാഗമെന്നും ചൊല്ലിപ്പഠിപ്പിക്ക
പ്പെട്ട ഒരു വിഭാഗക്കാര്‍ക്ക് ‘ശുദ്ധി’പറഞ്ഞു
തരാന്‍ ഇനിയുമൊരാളെ പ്രതീക്ഷിച്ചു കൂടല്ലോ!!
കമന്‍റ് നിര്‍ത്തട്ടെ,പരിസ്ഥിതൂഷണമായിപ്പോവും..
റമദാന്‍ നാളുകളല്ലേ !

വശംവദൻ said...

:)

ചാണക്യന്‍ said...

കൊള്ളാം മാഷെ....ശരിയായ ചിന്തകൾ...

കുഞ്ഞായി | kunjai said...

ആ പിന്നേ മിറ്റം നന്നാക്കിണ്‍,ആ നേരത്തേ ടിവീല്‍ വല്ല സിനിമയോ,പാട്ടോ...
അത് തന്നെ പ്രശ്നം.എല്ലാരുടേയും,എല്ലായിടത്തും.

Typist | എഴുത്തുകാരി said...

ഓണത്തിനിടയില്‍ ശ്രമദാനം. നന്നായി.

Areekkodan | അരീക്കോടന്‍ said...

ഹാരൂന്‍ക്ക...എങ്കിലും ആരെങ്കിലും ഇതെല്ലാം വിളിച്ചുപറഞ്ഞേ പറ്റൂ....

വശംവദാ.... വീണ്ടും ഒരു വശത്തായോ?

ചാണക്യാ... നന്ദി

കുഞ്ഞായീ....എണ്റ്റെ വീട്ടില്‍ ടി.വി ഇല്ലാത്തതുകൊണ്ട്‌ ഈ പ്രശ്നവുമില്ല.

Typist ചേച്ചി.... പത്ത്‌ ദിവസം കിട്ടിയിട്ട്‌ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മോശമല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക