Pages

Saturday, June 25, 2011

‘ഈയെഴുത്ത്‘ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍!!!

“ഹലോ...ആബിദ് അരീക്കോടല്ലേ?” മൂന്ന് ദിവസം മുമ്പ് ഒരു പെണ്ണ് ഫോണില്‍ വിളീച്ചു ചോദിച്ചു.

“അതേ...ആരാ..?”

“ഇത് മഞ്ചേരി ഡി.ടി.ഡി.സി.യില്‍ നിന്നാ...ഒരു കൊറിയര്‍ ഉണ്ട്...”

“ഓ...ഞാന്‍ ഇപ്പോള്‍ കോഴിക്കോട് ആണല്ലോ...”

“നിങ്ങള്‍ നാളെ വന്ന് വാങ്ങിയാല്‍ മതി...”

“കൊറിയര്‍ എവിടുന്നാ എന്ന് പറഞ്ഞു തരുമോ?” അപ്രതീക്ഷിതമായ കൊറിയര്‍ വാര്‍ത്തയായതിനാല്‍ ഞാന്‍ ചോദിച്ചു.

“അത് അറിയില്ല.“

“ശരി...നിങ്ങള്‍ക്ക് അത് എത്ര ദിവസം കീപ് ചെയ്യാന്‍ പറ്റും...?”

“നിങ്ങള്‍ വരും എന്നുണ്ടെങ്കില്‍ മൂന്നോ നാലോ ദിവസം...”

“ഓ...എങ്കില്‍ ഞാന്‍ ശനിയാഴ്ച വരാം...”

ആ നിമിഷം മുതല്‍ ഞാന്‍ ചിന്തയിലായിരുന്നു.പോണ്ടിച്ചേരി നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ വച്ച് പരിചയപ്പെട്ട കര്‍ണാടകയിലെ ഒരു സാറിനോട് കുറേ പച്ചക്കറി വിത്തുകള്‍ അയക്കാന്‍ പറഞ്ഞിരുന്നു.പക്ഷേ അദ്ദേഹത്തിന് ഞാന്‍ നല്‍കിയ അഡ്രസ് കോളേജിന്റേതായിരുന്നു.അപ്പോള്‍ അത് പച്ചക്കൊറിയര്‍ ആവാന്‍ സാധ്യതയില്ല.

ഒരാഴ്ച മുമ്പ് റീഡേഴ്സ് ഡൈജസ്റ്റില്‍ നിന്നും കോടിപതി ആകാനുള്ള ഒരു ഓഫര്‍ വന്നിരുന്നു.ഒപ്പം ഒരു കാറും(ഫോട്ടോ മാത്രം).അവരുടെ ഒരു ലൊക്കട കമ്പ്യൂട്ടര്‍ ഉണ്ട്.അത് എന്നും എന്നെ ഫൈനലിസ്റ്റ് എന്‍‌ട്രി ആയി തെരഞ്ഞെടുക്കും.ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റൊജര്‍ ഫെഡറര്‍ എന്ന പോലെ എല്ലാ വര്‍ഷവും ഫൈനലില്‍ ഞാന്‍ തോല്‍ക്കും.എന്നാല്‍ ഒരു സാന്ത്വന സമ്മാനമെങ്കിലും തരുക, ആ പരിപാടിയേ ഇല്ല.ഇനി അവര്‍ക്ക് മനസ്സ് മാറി എന്നെ എങ്ങാനും തെരഞ്ഞെടുത്തോ?ഏയ്...കൊക്ക് എത്ര കുളം കണ്ടതാ?

ഞാന്‍ സ്ഥിരമായി ഇംഗ്ലീഷില്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു സൈറ്റ് ഉണ്ട്.അവിടെ ഇപ്പോള്‍ നമ്മള്‍ തന്നെയാണ് കുഞ്ഞാലിക്കുട്ടി അഥവാ പുലി.അവര്‍ ഇടക്കിടെ കട്ടന്‍ ചായയും പരിപ്പ് വടയും കഴിക്കാനുള്ള ചെക്കുകള്‍ അയച്ച് തരും.പക്ഷേ ഒരു ചെക്ക് രണ്ടാഴ്ച മുമ്പ് കിട്ടിയതാണ്.ഇത്ര പെട്ടെന്ന് ഒന്നു കൂടി???അതിന് വേറെ ‘ബഡ്‌ക്കൂസുകള്‍’ അതിന്റെ തലപ്പത്ത് വരേണ്ടി വരും.അപ്പോ അതും ആവാന്‍ വഴിയില്ല.

അളിയന്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഒരു ലാപ്‌ടോപ് കൊണ്ടുവരാം എന്ന് പറഞ്ഞിരുന്നു.അളിയന്‍ വന്നിട്ട് ഒന്നര മാസമായെങ്കിലും ലാപ്‌ടോപ് ഗള്‍ഫില്‍ നിന്നും ടേകോഫ് ആയില്ല.ഇനി അതെങ്ങാനും ആരെങ്കിലും കുത്തിപൊക്കി കൊറിയര്‍ വഴി വിട്ടോ?അങ്ങനെയെങ്കില്‍ ഇപ്പോള്‍ നാട്ടിലുള്ള അളിയന്‍ ഒരു ‘ചിന്ന ബടായി’ എങ്കിലും പൊട്ടിക്കേണ്ടതല്ലേ?

കോഴിക്കോട് മുതല്‍ അരീക്കോട് വരെ ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാത്തതിനാല്‍ വീട്ടില്‍ വന്ന ഉടനെ ഞാന്‍ ഭാര്യയോട് തട്ടിക്കയറി.

“ഓരോരുത്തര് ഓരോ സാധനം അയക്കും , മനുഷ്യനെ മെനക്കെടുത്താന്‍.നിന്റെ താത്തയോട് ഗള്‍ഫില്‍ നിന്നും ഇനി ഒരു കുന്ത്രാണ്ടവും അയക്കേണ്ട എന്ന് പറഞ്ഞേക്കണം.കുറേ ചോക്ക്ലേറ്റും കുട്ടിക്ക് അപ്പി ഇടാനുള്ള മറ്റേ സാധനവും , ഈ നാട്ടില്‍ ഒന്നും കിട്ടാത്തതല്ലേ...എന്നിട്ട് അത് മഞ്ചേരിയിലോ കോഴിക്കോടോ പോയി ഞാന്‍ തൂക്കി എടുക്കണം...”

ഭാര്യ ആകെ ചക്കമടല്‍ തിന്ന പശുവിനെപ്പോലെ അന്താളിച്ചു നിന്നു.

മൂന്ന് ദിവസമായി എന്നെ വേട്ടയാടിയ ആ ‘ഒലക്കേടെ മൂട്’ എടുക്കാന്‍ ഞാന്‍ ഇന്ന് മഞ്ചേരിയില്‍ പോയി.ഇപ്പറഞ്ഞ കൊറിയര്‍ സര്‍വീസിന്റെ ഓഫീസിന്റെ സ്ഥാനം അവര്‍ പറഞ്ഞ് തന്നത് ബീവറേജ് ഷോപ്പിന്റെ അടുത്ത് എന്നും!കസ്റ്റമറെ പറ്റി നല്ല ധാരണയുള്ള കൊറിയറുകാരന്‍!!കോരിച്ചൊരിയുന്ന മഴയത്ത് ഓഫീസ് തേടിപ്പിടിച്ച് കോരിയര്‍ ഞാന്‍ ഏറ്റുവാങ്ങി - അത് ‘ഈയെഴുത്ത്‘ എന്ന ബ്ലോഗ് സോവനീര്‍ ആയിരുന്നു!

നേരെ ചോവ്വേ സ്പീഡ് പോസ്റ്റിലോ അല്ലെങ്കില്‍ എല്ലാ നാട്ടിലും സര്‍വ്വീസ് ഉള്ള മറ്റേതെങ്കിലും കൊറിയര്‍ സര്‍വ്വീസിലോ അയച്ചിരുന്നെങ്കില്‍ എനിക്ക് ഇത്രയും ദിവസം ചിന്താവിഷ്ടയായ ശ്യാമള ആകേണ്ടിയിരുന്നില്ല എന്ന് അപ്പോള്‍ തോന്നി.തിരിച്ച് ബസ്സില്‍ കയറിയ ഉടന്‍ ഞാന്‍ മുഴുവന്‍ പേജും ഓടിച്ചു നോക്കി.
“ങേ!!!! എന്റെ സൃഷ്ടിയും ഇല്ല“.

ബസ്സിന്റെ ഷട്ടര്‍ താഴ്ത്തിയിട്ടിരുന്നതിനാല്‍ അരീക്കോട് മഞ്ചേരി റോഡില്‍ അനാഥമായി മഴ നനഞ്ഞ് കിടക്കാതെ ‘ഈയെഴുത്ത്‘ എന്റെ വീട്ടിലെത്തി.ബാക്കി ഇനി അത് വായിച്ചതിന് ശേഷം പറയാം.

13 comments:

Areekkodan | അരീക്കോടന്‍ said...

അവരുടെ ഒരു ലൊക്കട കമ്പ്യൂട്ടര്‍ ഉണ്ട്.അത് എന്നും എന്നെ ഫൈനലിസ്റ്റ് എന്‍‌ട്രി ആയി തെരഞ്ഞെടുക്കും.ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റൊജര്‍ ഫെഡറര്‍ എന്ന പോലെ എല്ലാ വര്‍ഷവും ഫൈനലില്‍ ഞാന്‍ തോല്‍ക്കും.

ഹരീഷ് തൊടുപുഴ said...

യൂസഫ്പാ ഭായിയാണൊ കൊറിയർ അയച്ചത്??

അനില്‍@ബ്ലോഗ് // anil said...

:)

ഇ.എ.സജിം തട്ടത്തുമല said...

എന്തായാലും സസ്പെൻസ് തീർന്നല്ലോ. എന്തെല്ലാം മോഹിച്ചു ചെന്നപ്പോഴാണ് സൊവനീർ കിട്ടിയത്. എന്തായാലും അരീക്കോടിന്റെ ഒരു സൃഷ്ടി വരാതിരുന്നതു കഷ്ടമായി പോയി.എനിക്ക് ഇന്ന് തപാലിൽ കിട്ടി. ഒരു ഓരം പറ്റി എന്റെ ഒരു ചെറിയ “നംബർ“ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറ്റമ്പത് രാവിലെ എണ്ണിക്കൊടുത്തതിന്റെ വിഷമം അതിലങ്ങ് അലിഞ്ഞുപോയി!

Manoraj said...

ഡി.റ്റി.ഡി.സി ഒട്ടുമിക്ക സ്ഥലങ്ങളിലും ഉള്ള സര്‍വ്വീസല്ലേ മാഷേ.. എന്തായാലും അയച്ചു തന്ന ആ പാവം മനുഷ്യനെ (പേരു ഞാന്‍ പറയൂല്ല) ഇത്രയധികം ചീത്ത വിളിക്കേണ്ടായിരുന്നു:) ഞാന്‍ പറഞ്ഞുകൊടുക്കോല്ലോ..ഹി.ഹി

Naushu said...

എന്തായാലും കിട്ടിയല്ലോ ... :)

വാഴക്കോടന്‍ ‍// vazhakodan said...

ഈ ബ്ലോഗര്‍മാരുടെ ഒരു കാര്യം :):)

Areekkodan | അരീക്കോടന്‍ said...

ഹരീഷ്...ആരാണ് അയച്ചത് എന്നറിയില്ല.

അനില്‍ജി...കിട്ടിയോ?

സജീംക്ക...അപ്പോള്‍ ഇത് തപാലിലും കിട്ടുമായിരുന്നു അല്ലേ?ഞാന്‍ വെറുതേ മഞ്ചേരിയില്‍ പോയി വാങ്ങി ആ കാശിഉം സമയവും ഒക്കെ...പറയുന്നില്ല.

മനോരാജ്...ഡി.ടി.ഡി.സി യെക്കാളും ഉണ്ട് കേരളത്തില്‍ കെ.ടി.ഡി.സി.അപ്പോള്‍ അയച്ചത് മനോരാജ് തന്നെയല്ലേ?

നൌഷു...അതേ കിട്ടി.മൂത്തമോള്‍ അത് കിട്ടിയതുമുതല്‍ അതിന്മേലാ....

വാഴക്കോടാ...ആറ്റു നൊറ്റുണ്ടായൊരുണ്ണീ , അത് ചാപിള്ളയായാല്‍???

നൗഷാദ് അകമ്പാടം said...

എന്നാലും എന്റെ അരീക്കോടാ..
ഇതിപ്പോ സസ്പെന്‍സ് പൊളിഞ്ഞ സി.ബി.ഐ. പടം കണ്ട പോലായ്!
ടൈറ്റലില്‍ തന്നെ സസ്പെന്‍സ് പൊളിക്കേണ്ടായിരുന്നു..
അല്ലെങ്കില്‍ ആകാംക്ഷയോടെ വായിച്ച് പോകാമായിരുന്നു..
എഴുത്തിലെ നര്‍മ്മവും പ്രയോഗങ്ങളും കൂടുതല്‍ ആസ്വാദ്യകരമാവുമായിരുന്നു..

ശ്രീനാഥന്‍ said...

നല്ല രസകരമായി കുറിപ്പ്, ഇതുപോലെ ഒന്നെങ്കിലും സുവനീറിലും വരേണ്ടതായിരുന്നു.

Areekkodan | അരീക്കോടന്‍ said...

നൌഷാദേ...ആരാ, ഇങ്ങളോട് ആദ്യം തന്നെ തലേക്കെട്ട് നോക്കാന്‍ പറഞ്ഞത്, അരേക്കെട്ട് നോക്ക്യാപോരയ്ന്യോ.ന്നട്ട് അയ്നും കുറ്റം ഞമ്മക്കെന്നെ....

ശ്രീനാഥ്ജി...സുവനീറിന് ആ ഭാഗ്യം ഇല്ലാതെ പോയി!!!

Hari | (Maths) said...

അരീക്കോടന്‍ സാറിന്റെ നര്‍മ്മം ഒരു മധുരമിഠായി കഴിച്ചതു പോലെ ലളിതം.

Areekkodan | അരീക്കോടന്‍ said...

ഹരി...നല്ല വാക്കുകള്‍ക്ക് നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക