Pages

Sunday, December 30, 2012

നമ്മുടെ നാട് ഇനിയെങ്കിലും ഉണരുമോ ?


അവസാനം ആ ജ്യോതിയും അണഞ്ഞു, അവളും മരണത്തിന് കീഴടങ്ങി.ദല്‍ഹിയില്‍ നരാധമന്മാര്‍ പിച്ചിചീന്തിയ അവളുടെ ശരീരം ഒരു ‘വിദേശയാത്ര’ യും കഴിഞ്ഞ് വീണ്ടും ഇന്ത്യയില്‍ എത്തുമ്പോള്‍ അനേകം ചോദ്യങ്ങള്‍ മനസ്സില്‍ ഉയരുന്നു.ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ തന്നെ പല തട്ടുകളിലായി അഭിപ്രായം പറയുമ്പോള്‍ പൊതുജനം വീണ്ടും കഴുതകളാകുന്നു.

കേരളത്തിന്റെ സൌമ്യ ഇന്ന് നമ്മുടെ സ്മൃതിപഥത്തില്‍ നിന്നും മറഞ്ഞു കഴിഞ്ഞു.അന്നത്തെ ഗോവിന്ദച്ചാമി ഏതോ കോണില്‍ ഇന്നും ജീവിക്കുന്നു.പല തരത്തിലുള്ള കോലാഹലങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കി നാം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന ഒരു മിഥ്യാബോധം നമ്മില്‍ സൃഷ്ടിച്ച് ആ അധ്യായം എല്ലാവരും ഭംഗിയായി ക്ലോസ് ചെയ്തു.ദല്‍ഹി സംഭവം ഒരു വേള നമ്മെയെല്ലാം സൌമ്യയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

ദല്‍ഹി പെണ്‍കുട്ടിയുടെ മരണം രാജ്യമൊട്ടുക്കും പ്രതിഷേധ കൊടുങ്കാറ്റ് തന്നെ അഴിച്ചു വിട്ടു.പ്രധാനമന്ത്രിയും പ്രസിഡെന്റും മറ്റും അവളെ ഇന്ത്യയുടെ ധീരപുത്രിയായി വാഴിച്ചു. കാമഭ്രാന്തന്മാര്‍ പിച്ചിചീന്തിയപ്പോഴാണോ ഇവര്‍ക്ക് ഇത് മനസ്സിലായത് എന്ന് ഏത് കുട്ടിക്കും സംശയം തോന്നും.എന്തിനാണ് ഈ ഒന്നാംതരം നാടക ഡയലോഗ്  എന്ന് ബുദ്ധിയുള്ള എല്ലാ മനുഷ്യര്‍ക്കും മനസ്സിലായിട്ടുണ്ടാകും എന്ന് തീര്‍ച്ച.‘ആ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നു’ എന്ന് പറയുന്ന യു.പി.എ അധ്യക്ഷയോട് ഒരു ചോദ്യം കൂടി.ഇത്തരം എത്ര ശബ്ദങ്ങള്‍ താങ്കളുടെ ബധിരകര്‍ണ്ണത്തില്‍ പതിഞ്ഞു എന്ന് കൂടി വെളിപ്പെടുത്താമോ?

വിദ്യാര്‍ത്ഥികള്‍ സ്വമേധയാ ഡെല്‍ഹിയിലെ തെരുവീഥികളില്‍ തടിച്ചുകൂടി പ്രതിഷേധമുയര്‍ത്തിയത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു താക്കീതാണ്. ഈ രാജ്യത്ത് എന്ത് തോന്ന്യാസവും നടത്താന്‍ ഇനി ഞങ്ങള്‍ സമ്മതിക്കില്ല , യുവജനങ്ങള്‍ ലിംഗ-ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഉണര്‍ന്നു കഴിഞ്ഞു എന്ന ശക്തമായ താക്കീത്.ടിയാനന്‍മെന്‍ സ്ക്വയറിലും കെയ്‌റോയിലും മറ്റും സംഭവിച്ചത് രാം‌ലീലയിലും സംഭവ്യമാണ് എന്ന മുന്നറിയിപ്പ് കൂടിയാണിത്. ഈ സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് ആരും ഉപയോഗപ്പെടുത്താതെ ശരിയായ ദിശയില്‍ നീങ്ങിയാല്‍ തീര്‍ച്ചയായും ‘ജ്യോതി‘ എന്നും അണയാതെ നില്‍ക്കും.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ.ഏറ്റവും വേഗത്തിലുള്ളതും ഏറ്റവും മാതൃകാപരവുമായ ശിക്ഷ തന്നെയാണത്. ഒരു പെണ്‍കുട്ടിയുടെ മാനം മാത്രമല്ല ഇവിടെ നഷ്ടപ്പെട്ടത് , മറിച്ച് ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെയും അതിലെ 124 കോടി ജനങ്ങളുടേയും മാനം കൂടിയാണ് എന്നതിനാല്‍ നീതിപീഠം എത്രയും പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.ജനമനസ്സുകളില്‍ നിന്ന് ഈ ദുരന്തസ്മരണകള്‍ ഒഴിയും മുമ്പ് ഈ മനുഷ്യമൃഗങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കും എന്ന് മാത്രം ഇപ്പോള്‍ നമുക്ക് പ്രത്യാശിക്കാം.

5 comments:

Areekkodan | അരീക്കോടന്‍ said...

‘ആ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നു’ എന്ന് പറയുന്ന യു.പി.എ അധ്യക്ഷയോട് ഒരു ചോദ്യം കൂടി.ഇത്തരം എത്ര ശബ്ദങ്ങള്‍ താങ്കളുടെ ബധിരകര്‍ണ്ണത്തില്‍ പതിഞ്ഞു എന്ന് കൂടി വെളിപ്പെടുത്താമോ?

വീകെ said...

.ടിയാനന്‍മെന്‍ സ്ക്വയറിലും കെയ്‌റോയിലും മറ്റും സംഭവിച്ചത് രാം‌ലീലയിലും സംഭവ്യമാണ് എന്ന മുന്നറിയിപ്പ് കൂടിയാണിത്.

ഇനിയും കണ്ണു തുറന്നു കാണാൻ അധികാരികൾ തെയ്യാറായില്ലെങ്കിൽ, അതു തുറപ്പിക്കുക തന്നെ വേണം...
തുറപ്പിക്കും....!
അതിന്റെ മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു....!!
പുതുവത്സരാശംസകൾ...

ajith said...

ഒരു വിപ്ലവത്തിന്റെ കാഹളങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

Cv Thankappan said...

തിന്മകളെ നിഷ്കാസനം ചെയ്ത് നന്മകളെയെല്ലാം
ഉണര്‍ത്താന്‍ കഴിഞ്ഞെങ്കില്‍,........!!!
പുതുവത്സരാശംസകള്‍

kochumol(കുങ്കുമം) said...

:(

Post a Comment

നന്ദി....വീണ്ടും വരിക