ജീവിതത്തിൽ ഒരു മടക്കയാത്ര
സാധ്യമാണെങ്കിൽ നാല്പത് കഴിഞ്ഞ ഏതൊരാളും തെരഞ്ഞെടുക്കുന്നത് പഴയ ആ എൽ.പി. സ്കൂളിലെ
ഉയരം കുറഞ്ഞ ബെഞ്ചിൽ ഇരിക്കുന്ന പ്രായമായിരിക്കും.ഓർമ്മയിലെ മായാത്ത പൊട്ടായി ആ ക്ലാസ്സും
അതിലെ കാലൊടിഞ്ഞ ബെഞ്ചും മുക്കാലി ബോർഡും അത് തുടക്കുന്ന ശീലക്കഷ്ണം കുത്തി നിറച്ച
ഒരു ഡെസ്റ്ററും പിന്നെ ഒരു ‘കുമാരൻ’ മാഷും ഇല്ലാത്ത മനസ്സുകൾ, ജീവിച്ചിരിക്കുന്ന ഒരാൾക്കും ഉണ്ടാകില്ല എന്ന് തന്നെയാണ്
എന്റെ വിശ്വാസം.
തറയും പറയും പഠിപ്പിച്ച
ആ നല്ല ദിനങ്ങൾ ഇന്നും ‘തറ പറ‘യുമ്പോൾ ഇടക്കെങ്കിലും കയറി വരുന്നു. അന്നത്തെ ‘കുമാരൻ
മാഷെ‘ കാണുമ്പോൾ നാമറിയാതെ തന്നെ മുണ്ട് താഴ്ത്തുന്നു. നാല്പത് കഴിഞ്ഞിട്ടും നാം ഒന്നാം
ക്ലാസ്സിലെ കൊച്ചുകുട്ടിയായി ഒരു നിമിഷ നേരത്തേക്ക് മാറിപ്പോകുന്നു.
എന്റെ ഓർമ്മയിലെ സ്കൂൾ
ജീവിതം ആരംഭിക്കുന്നത് അരീക്കോട് ജി.എം.യു.പി സ്കൂളിൽ ആണ്. അന്ന് സ്കൂൾ മുറ്റത്തുണ്ടായിരുന്ന
വലിയ ചീനിമരവും മറ്റും ഏതൊക്കെയോ പോസ്റ്റുകളിൽ ഒരു ഓർമ്മത്തെറ്റുപോലെ ഞാൻ ഓർത്തുപോയിട്ടുണ്ട്.ഇന്ന്
ആ ചീനി മരം പോയി പകരം ഒരു ഉങ്ങ് മരം തണൽ വിരിച്ച് നിൽക്കുന്നത് ഇടക്കിടക്ക് ഞാൻ കാണാറുണ്ട്.
1977-78 അധ്യയന വർഷത്തിലാണ്
ഞാൻ ഒന്നാം ക്ലാസ്സിൽ ഈ വിദ്യാലയത്തിൽ കാലുകുത്തുന്നത്. എന്റെ ക്ലാസ്സ് ടീച്ചറായിരുന്ന
അമാനു മാസ്റ്റർ ഒരു വാഹനാപകടത്തിൽ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു(ദൈവം അദ്ദേഹത്തിന്റെ
ആത്മാവിന് നിത്യശാന്തി നൽകട്ടെ).1982-83 ൽ ആറാം ക്ലാസ് വരെ ഈ സ്കൂളിൽ ഞാൻ പഠനം തുടർന്നു.അന്ന്
ഉച്ച സമയത്ത് ലഭിച്ചിരുന്ന ഉപ്പ്മാവിന്റെ രുചി ഈ നാല്പതാം വയസ്സിലും നാവിൽ കിനിഞ്ഞിറങ്ങുന്നു.സ്കൂളിൽ
നിന്നിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ,തസ്രാക്കിന്റെ ഇതിഹാസം രചിച്ച ശ്രീ.ഒ.വി.വിജയൻ പഠിച്ച
സ്കൂളിലാണ് ഞാനും പഠിച്ചത് എന്ന് മനസ്സിലായത്. ഇതിഹാസകാരന്റെ സഹപാഠിയായിരുന്ന ശ്രീ
എൻ.വി.അഹമ്മദ്കുട്ടി മാസ്റ്റർ എന്റെ അധ്യാപകനും ആയിരുന്നു.
ദിവസങ്ങൽക്ക് മുമ്പ് എന്റെ
രണ്ടാമത്തെ മകളെ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേർക്കാനായി ഞാൻ പോയി. പുതിയ ബിൽഡിംഗും
ഓഫീസും ഗ്രൌണ്ടും അധ്യാപകരും എല്ലാം കൂടി എന്റെ
പഴയ സ്കൂൾ ആകെ മാറിപ്പോയിരിക്കുന്നു.മോളെ ചേർത്തിയ ശേഷം ആ പഴയ ഓർമ്മകളിലേക്ക് അല്പ
നേരം ഒന്ന് ഊളിയിടാൻ അവളുടെ തോളിൽ കയ്യിട്ട് ഞാൻ ഒന്ന് ചുറ്റിനടന്നു. ആറ് വിരലുള്ള
വേലായുധൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ഇരുന്ന മുറിയും എന്നും പൂർണ്ണഗർഭണനായ പ്യൂൺ ചിന്നേട്ടൻ
ബെൽ മുഴക്കാനായി ആഞ്ഞടിച്ചിരുന്ന ഇരുമ്പ് പലകയും ഇന്നില്ല. എന്റെ പഴയ ഒന്നാം ക്ലാസ്സ്
വശങ്ങൾ മുഴുവൻ ചുമർ കെട്ടി ഭദ്രമാക്കിയിരിക്കുന്നു.അബ്ദുള്ള ജിന്നിനെ കണ്ട ചക്കൻതൊടു
കാട് കാണ്മാനേ ഇല്ല. പൊട്ടൻകരീം പൊട്ടിച്ചിരിച്ച ഗ്രൌണ്ടിൽ പുതിയ കെട്ടിടം ഉയർന്നു
വന്നു.പക്ഷേ ഞാൻ ആ സ്കൂളിൽ അവസാനമായി പഠിച്ച ആറാം ക്ലാസ്സ് അതേ പോലെ ഒരു മൂലയിൽ സ്വയം
ഒതുങ്ങി കൂടിയിരിക്കുന്നു.ഏഴാം ക്ലാസ്സ് അവിടെ ഉണ്ടായിരുന്നിട്ടും ഒരക്ഷരം മിണ്ടാതെ
ഞാൻ ആ പടി ഇറങ്ങിപ്പോയതിന് എന്റെ പ്രിയപ്പെട്ട ആറാം ക്ലാസ്സ് മുറി കെറുവിച്ച് നിൽക്കുന്ന
പോലെ തോന്നി.
ബാല്യകാല ഓർമ്മയിലെ തിരകളെ
തഴുകി മനസ്സെന്ന കൊച്ചുവള്ളം മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങവേ എന്റെ മൊബൈൽഫോൺ റിംഗ്
ചെയ്തു - അടുത്ത ഒരു ബന്ധു അർജന്റായി മാർക്ക് ലിസ്റ്റ് അറ്റസ്റ്റ് ചെയ്യാൻ വീട്ടിൽ
കാത്ത് നിൽക്കുന്നു എന്ന സന്ദേശം. ഇന്ന് ഒരു ഗസറ്റഡ് ഓഫീസറായി ഇരിക്കുമ്പോൾ , എന്നെ
ഞാനാക്കിയ ആ മുറ്റത്ത് നിന്ന് എനിക്ക് കണ്ണും മനസ്സും പറിച്ചെടുത്ത് പോരേണ്ടി വന്നു.
സാരമില്ല , തലമുറകൾക്ക് ഒരു പാട് അനുഭവങ്ങൾ പകരാൻ ഇനിയും എന്റെ സ്കൂൾ ബാക്കിയുണ്ടല്ലോ….
3 comments:
ബാല്യകാല ഓർമ്മയിലെ തിരകളെ തഴുകി മനസ്സെന്ന കൊച്ചുവള്ളം മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങവേ എന്റെ മൊബൈൽഫോൺ റിംഗ് ചെയ്തു
ഓര്മ്മച്ചെപ്പ് തുറക്കുകയാണല്ലേ?
watch Malayalam news, dramas and your favorite Tv Channels ONline on Internet Live at.
http://alltvchannels.net/malayalam-channels
Post a Comment
നന്ദി....വീണ്ടും വരിക