എന്റെ കാമ്പസ് ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ എന്നോ കഴിഞ്ഞു പോയി.പക്ഷേ ഇന്നും ഞാന്‍ ആ നിമിഷങ്ങള്‍ പല സമയത്തും അനുഭവിക്കുന്നു – നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തനത്തിലൂടെ.വീണ്ടും ഒരു വര്‍ഷം കൂടി പ്രോഗ്രാം ഓഫീസര്‍ കാലാവധി നീട്ടിക്കിട്ടിയതോടെ നാലാം വര്‍ഷവും എന്‍.എസ്.എസ് ജി.ഇ.സി യൂണിറ്റിനെ ചുമലിലേറ്റാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.
എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന് കീഴില്‍ വര്‍ഷം തോറും നടക്കുന്ന ഒരു പ്രക്രിയയാണ് പ്രോഗ്രാം ഓഫീസര്‍മാരുടെ വാര്‍ഷിക സംഗമം.കളമശ്ശേരിയും കൊട്ടിയവും ബാര്‍ട്ടണ്‍ ഹില്ലും കഴിഞ്ഞ് വീണ്ടും അത് തിരുവനന്തപുരത്ത് അരങ്ങേറുമ്പോള്‍ അതില്‍ പങ്കെടുക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു.
ഇതോടൊപ്പം എനിക്ക് സ്വയം അഭിമാനം തോന്നിയ ചില നിമിഷങ്ങള്‍ ഈ പ്രോഗ്രാം ഓഫീസര്‍ മീറ്റിങ്ങില്‍ ഉണ്ടായി.അതിലാദ്യത്തേത് 150 ഓളം വരുന്ന പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് എന്‍.എസ്.എസ് റെഗുലര്‍ ആക്ടിവിറ്റിയെക്കുറിച്ച് ഒരു ക്ലാസ്സ് എടുക്കാന്‍ അവസരം ലഭിച്ചപ്പോഴാണ്.ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അത് അടുക്കും ചിട്ടയോടും കൂടി മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ അടക്കമുള്ള പലരും തന്ന അനുമോദനം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാക്കാന്‍ ഉതകുന്ന വിധത്തില്‍ അവതരിപ്പിച്ചപ്പോള്‍ അത് പലര്‍ക്കും നേരിട്ട് പകര്‍ത്തുവാനുള്ള ഒരു പ്രചോദനം കൂടിയായി.
വീണ്ടൂം എനിക്ക് അഭിമാനം തോന്നിയത് തുടര്‍ച്ചയായി മൂന്നാം തവണയും ഞാന്‍ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. എന്റെ സഹ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിലര്‍പ്പിച്ച വിശ്വാസം , തുടര്‍ന്നും ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി.
ഒരു പ്രോഗ്രാം ഓഫീസറെ സംബന്ധിച്ചിടത്തോളം നാല് വര്‍ഷമാണ് ഗവ. ഓഫ് ഇന്ത്യ നിര്‍ദ്ദേശക തത്വ പ്രകാരം പരമാവധി കാലാവധി. നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇത് എന്റെ ഈ കാമ്പസിലെ അവസാന വര്‍ഷങ്ങള്‍ കൂടിയാണെന്ന തിരിച്ചറിവ് എനിക്ക് തരുന്നത് ഒരു പോസിറ്റീവ് എനര്‍ജിയാണ് – കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാനുള്ള പോസിറ്റീവ് എനര്‍ജി. അതിന് ജഗദീശ്വരന് അനുഗ്രഹിക്കട്ടെ.
2 comments:
വീണ്ടും ഒരു എന്‍.എസ്.എസ് വിശേഷം
ആശംസകള്‍ മാഷെ
Post a Comment
നന്ദി....വീണ്ടും വരിക