കട്ടുറുമ്പിന്റെ കാതുകുത്തിന് കാട്ടിലെന്ത് മേളാങ്കം…
നാട്ടുകാർ വന്നു….വീട്ടുകാർ വന്നു…..
കേട്ടവരൊക്കെയും വിരുന്നു
വന്നൂ…..
മൂത്തമോൾ ലുലു എൽ.കെ.ജിയിൽ
പഠിക്കുന്ന അന്നു മുതലേ വീട്ടിൽ കേൾക്കുന്ന, ഇന്നും മൂന്നാമത്തെ മോൾ ലൂനയിലൂടെ കേട്ടുകൊണ്ടിരിക്കുന്ന
ഒരു നഴ്സറിഗാനം. പക്ഷേ ഇന്ന് അതിന് ചെറിയ ഒരു പ്രസക്തി ഉള്ളതായി തോന്നി.
എന്റെ ഉമ്മ കാതുകുത്തിയിട്ടില്ല.ഉമ്മയുടെ
ജേഷ്ടത്തിമാരും അങ്ങനെത്തന്നെ.അക്കാലത്ത് കാത് കുത്തിയാലും തുളസിയിലയോ മറ്റോ ഇട്ടാൽ
മതി എന്നതിനാൽ സ്വർണ്ണം വാങ്ങാൻ കാശ് ഇല്ലാത്തതിനാലാണ് കാതുകുത്താത്തതെന്ന് ആരും പറഞ്ഞില്ല.ഉമ്മയുടെ
വാപ്പ (ഞാൻ കണ്ടിട്ടില്ലാത്ത എന്റെ വല്യുപ്പ) അദ്ധ്യാപകൻ ആയിരുന്നതിനാൽ സ്വർണ്ണം വാങ്ങാൻ
അന്ന് പ്രയാസം ഉണ്ടാകും എന്നും തോന്നുന്നില്ല.പക്ഷേ അന്നത്തെ നാട്ടുനടപ്പിൽ സ്വർണ്ണത്തിന്
നൽകുന്ന പ്രാധാന്യം കുറക്കാൻ വേണ്ടിയോ മറ്റൊ വല്യുപ്പ സ്വീകരിച്ച ഒരു മാർഗ്ഗം ആയിരുന്നു
ഇതെന്ന് തോന്നുന്നു. എന്റെ ഒരേ ഒരു പെങ്ങളും ഈ പാരമ്പര്യം പിന്തുടർന്ന് കാത് കുത്താത്തവളായി.
എന്റെ മക്കൾക്കും ഞാൻ
ഇതേ രീതി പിന്തുടരാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ സാമൂഹിക സമ്മർദ്ദം(ഭാര്യാ
കുടുംബം) എന്നെ അതിനനുവദിച്ചില്ല. കാത് കുത്തുന്നത് ഒരു പാപമോ കുറ്റമോ അല്ലാത്തതിനാൽ
മൂത്തമോൾ ലുലുവിന്റെ കാത് കുത്തണം എന്ന ആവശ്യം ഞാൻ അനുഭാവപൂർവ്വം പരിഗണിക്കുകയും എന്റെ
സമയവും കാലവും ഒത്തുവന്നപ്പോൾ അയൽവാസിയായിരുന്ന രവിയുടെ അടുത്ത് പോയി ആ കൃത്യം നിർവ്വഹിക്കുകയും
ചെയ്തു.അന്ന് വേദന കൊണ്ട് പിടഞ്ഞ ആ മുഖം ഞാൻ ഇന്നും ഓർക്കുന്നു.ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും
കാത് പഴുത്ത് വീങ്ങി വീർത്തതും എന്റെ ഓർമ്മയിൽ നില നിന്നതിനാൽ രണ്ടാമത്തെ മോൾ ലുഅയുടെ
കാത് കുത്താവശ്യം ഞാൻ പരമാവധി നിരുത്സാഹപ്പെടുത്തി.
ചേച്ചിയുടെ കുത്തിയ കാത്
എന്നും കാണുന്ന അനിയത്തിക്ക് ഇതിന്റെ വേദനയെപറ്റി മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചെങ്കിലും
അത് മാത്രം ആ ചെവിയിലേക്ക് കയറിയില്ല. എന്തോ ആവശ്യാർത്ഥം ഭാര്യാ സമേതം മഞ്ചേരിയിൽ പോയ
ഒരു ദിവസം വഴിയരികിൽ കണ്ട ഒരു ബോർഡ് ഭാര്യയുടെ ശ്രദ്ധയിൽ പെട്ടെന്ന് പെട്ടു – ‘വേദനയറിയാതെ
കാത് കുത്തുന്നു’. കാറ്റുള്ളപ്പോൾ തൂറ്റണം എന്ന പഴമൊഴിയും കാശുള്ളപ്പോൾ കടം ചോദിക്കണം
എന്ന പുതുമൊഴിയും ഒരുമിച്ച് പ്രയോഗിച്ച് ഭാര്യ ആ ബോർഡിലേക്ക് എന്റെ ശ്രദ്ധയും ക്ഷണിച്ചു.
എങ്കിൽ അതാവാം എന്ന മട്ടിൽ ഞാനും സമ്മതിച്ചു. അങ്ങനെ ലുഅ മോളുടെ ഒരു കാതിൽ കൃത്യമായി
ഒരു തരം തോക്ക് പ്രയോഗത്തിലൂടെ കമ്മൽ അടിച്ചുകയറ്റി.പക്ഷേ രണ്ടാം കാതിൽ കുത്താൻ വേദന
അറിഞ്ഞ മോൾ സമ്മതിച്ചില്ല.അവസാനം ബലപ്രയോഗത്തിലൂടെ ഒരു വിധം അതും നടത്തിയപ്പോൾ അല്പസ്വല്പം
സ്ഥാനമാറ്റം സംഭവിച്ചെങ്കിലും മൈന്റ് ചെയ്തില്ല.
കാത് കുത്തിയ ഉമ്മയും
രണ്ട് ജ്യേഷ്ടത്തിമാരും മൂന്നാമത്തെ മോളുടെ കാത് കുത്തൽ മോഹം എന്നും ആകാശത്തോളം ഉയർത്തി.ലുലു
ഓരോ ദിവസവും ഇടുന്ന ഫാൻസി കമ്മലുകൾ കൂടി കണ്ടപ്പോൾ അത് കാതിന് മുകളിലൂടെ കൊളുത്തിയിട്ട്
അവൾ കാത് കുത്താത്തതിലുള്ള സങ്കടം മറച്ചു വച്ചു.എങ്കിലും ഇടക്കിടെ അവളുടെ ഉമ്മയുടെ
അടുത്ത് കാതു കുത്തലിനുള്ള ശ്രദ്ധ ക്ഷണിക്കൽ
പ്രമേയം അവതരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഇന്നലെ അവളുടെ കാത് കുത്താൻ അങ്ങാടിയിൽ
പോകുന്ന വിവരം പറഞ്ഞപ്പോൾ ആ നാലു വയസ്സുകാരിയുടെ മറുപടി ഇതായിരുന്നു – ‘ എനിക്ക് സന്തോഷായി….’ (അരീക്കോടൻ ഭാഷയിൽ പറഞ്ഞാൽ ച്ച് പെരുത്ത് സ്ടായി…).
കുത്താനുള്ള കമ്മൽ തെരഞ്ഞെടുക്കുമ്പോഴും
കാത് കുത്താൻ തട്ടാൻ സുനിലിന്റെ അടുത്തിരിക്കുമ്പോഴും അവളുടെ മുഖം സന്തോഷപൂരിതമായിരുന്നു.
കമ്മൽ കുടുക്കാനുള്ള ആദ്യത്തെ വെടി അവളെ ഒരല്പം വേദനപ്പെടുത്തി.പൈതലിന്റെ മുഖം പെട്ടെന്ന്
വാടി.ഉടൻ തന്നെ രണ്ടാമത്തെ കാതിലും വെടി തുളച്ചു കയറിയപ്പോൾ അവളുടെ മുഖഭാവം മാറി.കുഞ്ഞിന്റെ
വേദന അമർത്തിപിടിച്ചുള്ള മുഖം കണ്ടപ്പോൾ സങ്കടം തോന്നി.വേദന നന്നായി അനുഭവിച്ചിട്ടും
കരയാതെ അവൾ അത് അടക്കിപ്പിടിച്ചു. അങ്ങനെ ആ യജ്ഞവും വിജയകരമായി സമാപിച്ചു.
കാത്കുത്തൽ ചടങ്ങ് ഒരു
കല്യാണം പോലെതന്നെയാണ് പല സമൂഹങ്ങളിലും നടക്കുന്നത്.ഒരു ജോഡി കമ്മൽ മാത്രമേ ഒറ്റ സമയം
ഇടാൻ പറ്റൂ എന്നതിനാൽ കല്യാണം കൂടാൻ വരുന്നവർക്ക് ഭക്ഷണം ഉണ്ട് പോയാൽ മതി , മറ്റു ചെലവുകൾ
ഉണ്ടാകില്ല എന്ന് ഞാൻ കരുതുന്നു.പക്ഷേ അത് എന്റെ ഒരു തെറ്റിദ്ധാരണ മാത്രമായിരിക്കും
, കാരണം വെറുതെ വിളിച്ച് സൽകരിച്ച് വിടുന്ന ഒരു പരിപാടി മലയാളിക്ക് പരിചയമുള്ളതല്ലല്ലോ.
4 comments:
കട്ടുറുമ്പിന്റെ കാതുകുത്തിന് കാട്ടിലെന്ത് മേളാങ്കം…
നാട്ടുകാർ വന്നു….വീട്ടുകാർ വന്നു…..
കേട്ടവരൊക്കെയും വിരുന്നു വന്നൂ…..
മനുഷ്യര്‍ക്ക് ആവശ്യമുള്ള ദ്വാരങ്ങള്‍ വച്ചാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പിന്നെ എന്തിനാവും അഡിഷണല്‍ ആയിട്ട് തുളയ്ക്കുന്നത്??
കാതു കുത്തി ചന്തം ചാര്‍ത്തല്‍.. ഞാന്‍ ഇന്ത്യയിലെ പലയിടങ്ങളില്‍ വെച്ചാണ് കാതു കുത്തിയത്.. പല കുട്ടികള്‍ക്കൊപ്പം.. കുട്ടികളുടെ ഒപ്പം കൂടുക എന്നതായിരുന്നു എന്റെ കാത് കുത്തലുകളൂടെ രഹസ്യം.. പോസ്റ്റ് ഭംഗിയായി..
ഇപ്പോള്‍ കാതുകുത്താന്‍ തട്ടാന്മാരൊന്നും വേണ്ട....
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക