Pages

Sunday, August 07, 2016

സൌജന്യ സേവനങ്ങൾ - കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍

        ശാസ്ത്ര സാങ്കേതിക യുഗത്തിലൂടെയാണ് നാം ഇന്ന് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അനുദിനം പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പഴയ കാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത്തരം സൌകര്യങ്ങള്‍ പെട്ടെന്ന് തന്നെ ജനങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.ശാസ്ത്രത്തിന്റെ ഈ വളര്‍ച്ച കൂടുതല്‍ ത്വരിതപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

         വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിരുചിയും പരിസ്ഥിതി ബോധവും വളര്‍ത്താനുതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ (www.kscste.kerala.gov.in). പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൌണ്‍സില്‍ ധനസഹായം ചെയ്യുന്നുണ്ട്.

             എല്‍.പി സ്കൂള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ പരിസ്ഥിതി ക്ലബ്ബുകള്‍ക്കും നോന്‍ ഗവണ്മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍ക്കും ലോകപരിസ്ഥിതി ദിനം ആചരിക്കാനും അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണത്തിനും  20000 രൂപ വരെ ധനസഹായം നല്‍കുന്നുണ്ട്.പരിസ്ഥിതി ദിനാചരണത്തിനുള്ള ധനസഹായത്തിനുള്ള അപേക്ഷ എല്ലാ വര്‍ഷവും മെയ്  മാസത്തിലും (സാധാരണ രണ്ടാം വാരത്തില്‍) കൌണ്‍സിലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.ഓസോണ്‍ ദിനാചരണത്തിനുള്ള ധനസഹായത്തിനുള്ള അപേക്ഷ ആഗസ്ത് മാസത്തിലും(സാധാരണ രണ്ടാം വാരത്തില്‍) വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.അപേക്ഷ ഡൌണ്‍ലോഡ് ചെയ്ത് നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ചെറിയ ഒരു വിശദീകരണക്കുറിപ്പും ഏകദേശ ബജറ്റും സഹിതം നിശ്ചിത ദിവസത്തിനകം അയച്ചുകൊടുക്കണം.

            ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് സ്വീകരിക്കപ്പെട്ടവയുടെ ലിസ്റ്റും അനുവദിച്ച സംഖ്യയും അതാത് ദിവസങ്ങളുടെ ആചരണത്തിന് മുമ്പ് സൈറ്റില്‍  പ്രസിദ്ധീകരിക്കും. പരിപാടികള്‍ മുഴുവന്‍ നടത്തി അതിന്റെ റിപ്പോര്‍ട്ടും ഫോട്ടോകളും പത്രക്കുറിപ്പും മാതൃകാ നോട്ടീസുകളും ബ്രോഷറുകളും ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും യൂറ്റിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും (ഗവ. സ്ഥാപനമാണെങ്കില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററും ഓഫീസ് മേധാവിയും ഒപ്പിട്ടാല്‍ മതി, ഓഡിറ്റ് ചെയ്യേണ്ടതില്ല) കൌണ്‍സില്‍ ഓഫീസിലേക്ക് അയച്ചുകൊടുക്കണം. അത് പ്രൊസസ് ചെയ്ത ശേഷം മാത്രമേ അനുവദിച്ച സംഖ്യ ചെക്കായി തരികയുള്ളൂ.  ഓരോ വര്‍ഷവും 150ഓളം സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ ധനസഹായം അനുവദിക്കുന്നുണ്ട്. സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകള്‍ക്ക് നിലവില്‍ ഈ ധനസഹായം നല്‍കുന്നില്ല.

          വിദ്യാര്‍ഥികളിലെ ശാസ്ത്രാഭിരുചി വളര്‍ത്താന്‍ ദേശീയ സാങ്കേതിക ദിനാചരണത്തിനും വിവിധ തരം പ്രൊജക്ടുകള്‍ ചെയ്യാനും കൌണ്‍സില്‍ ധനസഹായം നല്‍കുന്നുണ്ട്.മേല്‍പറഞ്ഞ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഈ സൌകര്യ്ങ്ങളും എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

        പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മറ്റൊരു സര്‍ക്കാര്‍ വകുപ്പാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്.അതിനെക്കുറിച്ച് പിന്നീട്.

3 comments:

Areekkodan | അരീക്കോടന്‍ said...

വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിരുചിയും പരിസ്ഥിതി ബോധവും വളര്‍ത്താനുതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ (www.kscste.kerala.gov.in).

Cv Thankappan said...

ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക