Pages

Wednesday, November 30, 2016

ഒട്ടകപ്പടയും ആനപ്പടയും

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ രണ്ടാമത്തെ ക്ലാസ്സിലും കൂടി രക്ഷിതാക്കൾക്ക് കുട്ടികളുടെ കൂടെ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. അതിനാൽ ഞാനും ലുഅ മോളുടെ കൂടെ മലപ്പുറത്തേക്ക് പോയി. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ക്ലാസ് ഉള്ളതിനാൽ അത്യാവശ്യം ചെയ്യാനുള്ള വർക്കുകൾ തീർക്കാൻ ലാപ്‌ടോപ്പും വായിക്കാനായി ഒരു പുസ്തകവും (സി.രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകൾ) കയ്യിൽ കരുതിയിരുന്നു.

മോളെ ക്ലാസ്സിൽ കയറ്റി മറ്റു നിരവധി  രക്ഷിതാക്കൾക്കൊപ്പം ഞാനും പുറത്തെ ബെഞ്ചിൽ ഇരുന്നു.തൊട്ടടുത്തിരുന്ന ആളെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം എന്റെ ആദ്യത്തെ സർക്കാർ സർവീസായ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആണെന്ന് പറഞ്ഞു. 1996ൽ ഉണ്ടായിരുന്ന പലരെയും പറ്റി സംസാരിക്കുന്നതിനിടക്ക് സാമാന്യം തടിയുള്ള ഒരാൾ  കുട്ടിയുമായി താമസിച്ച് വന്നു. വന്ന ആളെ എന്റെ തൊട്ടടുത്തിരിക്കുന്ന ആൾ എണീറ്റ് നിന്ന് ആദരിച്ചു! അയാളെ പരിചയമുണ്ടോ എന്ന ഒരു ചോദ്യവും എന്റെ നേരെ എറിഞ്ഞു.

കുട്ടിയെ ക്ലാസിൽ കയറ്റി ആഗതൻ വീണ്ടും ഞങ്ങളുടെ അടുത്തെത്തി.

“സാർ, ഇദ്ദേഹം മുമ്പ് നമ്മുടെ ഡിപാർട്ട്മെന്റിൽ ഉണ്ടായിരുന്നു...” എന്നെ കാണിച്ച് എന്റെ സഹ ഇരിയൻ ആഗതനോട് പറഞ്ഞു.

“ഏത് വർഷം?” അദ്ദേഹം ചോദിച്ചു.

“1996-98 കാലത്ത്...” 

“പേര്?”

“ആബിദ് തറവട്ടത്ത്”

“ഇല്ലല്ലോ...” എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കി ആഗതൻ പറഞ്ഞു. പക്ഷെ അല്പം കഴിഞ്ഞ് അദ്ദേഹം അത് തിരുത്തി.  കൂടെ ഇരിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു, ഓണാക്കിയ ലാപ്‌ടോപ് ഞാൻ മെല്ലെ മടക്കി. കുട്ടികളുടെ ക്ലാസ്സിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനത്തെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ സംസാരവും ആ വിഷയത്തിലേക്ക് തിരിഞ്ഞു. നാഷണൽ സർവീസ് സ്കീമിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്ന ചില ബോധവൽക്കരണ പരിപാടികളെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു.

“അതിനെപ്പറ്റി ആധികാരികമായി പഠിച്ച വ്യക്തിയാണ് ഞാൻ...ഇത് ഒരു പേപ്പറായി എവിടെയും അവതരിപ്പിച്ചിട്ടില്ല  എന്ന് മാത്രം...” ആഗതൻ പറഞ്ഞു തുടങ്ങി.

“ബേസിക്കലി മാൻ ഈസ് ആൻ അനിമൽ...അപ്പോൾ പിന്നെ മാൻ-അനിമൽ കോൺഫ്ലിക്ട് എന്നത് പൊളിഞ്ഞില്ലേ? തർക്കമുണ്ടെങ്കിൽ തർക്കിക്കാം...” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“ഇന്ത്യയിൽ അശോക ചക്രവർത്തി യുദ്ധ മുന്നണിയിൽ ആനയെ ഉപയോഗിച്ചിരുന്നു.അതുവഴി ഹസ്തിശാസ്ത്രം എന്ന ഒരു പുസ്തകം തന്നെ എഴുതപ്പെട്ടു. ആനകൾ ഭയന്നാൽ അവ പിന്നോട്ട് ഓടും.അതായത് അവക്ക് പരിചയമുള്ള വഴിയിലേക്ക്. ഇതിന് നേരെ വിപരീതമായുള്ള ഒരു ജീവിയുണ്ട് ...ഒട്ടകം. ഇനി ഞാൻ പറയുന്ന കാര്യം ചരിത്രത്തിൽ എവിടെയും കാണപ്പെടില്ല....ചെങ്കിസ്ഖാൻ ജീവികളുടെ ഈ സ്വഭാവ വൈവിധ്യം മനസ്സിലാക്കിയ ചക്രവർത്തിയായിരുന്നു. ഇന്ത്യയിലെ ആനപ്പടയെ തോൽപ്പിക്കാൻ ചെങ്കിസ്ഖാൻ ഒട്ടകപ്പടയെ ഇറക്കി. യുദ്ധ മുന്നണിയിൽ പേടിച്ചരണ്ട ഒട്ടകങ്ങൾ ആനപ്പടക്ക് നേരെ ഓടിയടുത്തു. ഇതുകണ്ട് ആനകൾ പേടിച്ചപ്പോൾ അവ പിന്തിരിച്ച് സ്വന്തം ആൾക്കാരെത്തന്നെ ചവിട്ടി മെതിച്ചോടി. ചെങ്കിസ്ഖാൻ യുദ്ധം ജയിച്ചു. ആന ഇണക്കപ്പെട്ട വന്യ മൃഗമാണ്, ഒട്ടകം ഇണക്കപ്പെട്ട വളർത്തു മൃഗവും. അതാണ് വ്യത്യാസവും...” എനിക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു.

“ആനയെ തളക്കാൻ ഇലക്ട്രിക് വേലി കൊണ്ടൊന്നും കാര്യമില്ല.ജൈവവേലി ഉണ്ടാക്കിയാൽ മതി. ആന ഇറങ്ങുന്ന സ്ഥലത്ത് അഞ്ചടി വീതിയിൽ കാന്താരി മുളക്  ചെടി നടുക. കാന്താരിയുടെ മണം അടിച്ചാൽ ആന പിന്തിരിയും. മറ്റൊന്ന് ആന എപ്പോഴും സഞ്ചരിക്കുന്ന ഒരു വഴിയുണ്ട്.അതിന് ആനത്താര എന്ന് പറയും. ഈ വഴിയിൽ ഒരു കയർ കെട്ടുക. കയറിന്റെ മറ്റേ അറ്റം ഒരു തേനീച്ചക്കൂടുമായും ബന്ധിപ്പിക്കുക.ആന കയറിൽ തട്ടുമ്പോൾ തേനീച്ച ഇളകും. തേനീച്ചയുടെ മൂളൽ ആനക്ക് പിടിക്കില്ല...”

“ജനവാസ കേന്ദ്രത്തിൽ തേനീച്ച ഇളകിയാൽ അതും പ്രശ്നമല്ലേ?” ഞാൻ വെറുതെ ഒരു ചോദ്യം തിരിച്ചു കൊടുത്തു. ആഗതൻ ഒന്ന് ഉത്തരം മുട്ടി.ഉടൻ അടുത്ത ചോദ്യം എറിഞ്ഞു - 
“ആനകൾ കൂട്ടമായി വരുമ്പോൾ ആനത്താരയിലൂടെ സഞ്ചരിക്കുമായിരിക്കും. പക്ഷേ നാട്ടിലിറങ്ങുന്ന ഒറ്റയാൻ അങ്ങനെയല്ലല്ലോ? അത് ഏത് വഴി വരും എന്ന് പറയാൻ സാധിക്കുമോ...?”

“ങാ...അത് ശരിയാ....ഒറ്റയാന് കാന്താരി വേലി മാത്രമേ പറ്റൂ...” ആഗതൻ മുട്ടു മടക്കി. അധികം ചോദ്യങ്ങൾ വരുന്നതിന് മുമ്പെ അദ്ദേഹം സ്ഥലം വിട്ടു.

മേൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല.  ചെങ്കിസ്ഖാനിന്റെ ഒട്ടകപ്പടയെപ്പറ്റി സെർച്ച് ചെയ്തിട്ടൊന്നും കിട്ടുന്നില്ല. പക്ഷെ എനിക്ക് കിട്ടിയ ആ വിവരങ്ങൾ പുതുമയുള്ളതായതിനാൽ മാത്രം അതിവിടെ പങ്ക് വയ്ക്കുന്നു.

9 comments:

Areekkodan | അരീക്കോടന്‍ said...

അപ്പോൾ പിന്നെ മാൻ-അനിമൽ കോൺഫ്ലിക്ട് എന്നത് പൊളിഞ്ഞില്ലേ? തർക്കമുണ്ടെങ്കിൽ തർക്കിക്കാം...

സുധി അറയ്ക്കൽ said...

പുതുമയുള്ള കാര്യങ്ങൾ തന്നെ.ഒരു അബദ്ധം സാർ കാണിച്ചില്ലേ?അയാളുടെ കൈയിൽ വീരവാദം പോലെ ഇങ്ങനെയുള്ള കഥകൾ ഉണ്ടാകുമായിരുന്നു.ഞാനാണേൽ ഒന്നും മിണ്ടാതെ ആളെ ചുമ്മാ പൊക്കിപ്പറഞ്ഞോണ്ടിരുന്നേനേ

Areekkodan | അരീക്കോടന്‍ said...

സുധീ...ലാപ്‌ടോപ് ഓണാക്കി ഒരു പോസ്റ്റ് തയ്യാറാകുമ്പോഴാ ഈ പോസ്റ്റിനുള്ള വക അയാൾ തന്നത്.എല്ലാം കൂടി കേട്ടാൽ സുനാമി കഴിഞ്ഞ പോലെ ആകും ന്ന് കരുത്യാ ഒരു ചെക്ക് വിളിച്ചത്.

Punaluran(പുനലൂരാൻ) said...

അത് അറിവും ചെറുതല്ല..ആ വ്യക്തിയ്ക്ക് അറിവുണ്ട് ഔചിത്യമില്ല എന്നേയുള്ളൂ..ക്ഷമിക്കുക . പിന്നെ എല്ലാ അറിവും ഇന്റർനെറ്റിൽ കിട്ടില്ല..ആശംസകൾ
















shajitha said...

punalooraan paranjathupole nalla arivulla manushyan, bodamillenne ulloo

© Mubi said...

എങ്ങിനെയൊക്കെയാണ് ഓരോ കാര്യങ്ങള്‍ നമ്മള്‍ അറിയുന്നതല്ലേ...

Areekkodan | അരീക്കോടന്‍ said...

പുനലൂരാന്‍ & Shajitha...എനിക്ക് തോന്നിയത് അങ്ങനെയല്ല.അദ്ദേഹത്തിന് പറയാന്‍ ധാരാളമുണ്ട്.പക്ഷേ കേള്‍ക്കാന്‍ ആള്‍ക്കാരില്ല.ഞാന്‍ ഇരുന്ന് കൊടുത്തപ്പോള്‍ അദ്ദേഹം കെട്ടു പൊട്ടിച്ചു എന്ന് മാത്രം.

Areekkodan | അരീക്കോടന്‍ said...

Mubi...അതെ, അറിവുകള്‍ വിവിധം വരുന്ന വഴിയും വൈവിദ്ധ്യമാര്‍ന്നത് !

Cv Thankappan said...

വായിച്ചിട്ട് ചരിത്രം പരതുകയായിരുന്നു പിന്നെ മറന്നേപോയി.കാര്യം കിട്ടിയേയുമില്ല!
ആശംസകള്‍ മാഷെ

Post a Comment

നന്ദി....വീണ്ടും വരിക