Pages

Saturday, July 21, 2018

ബന്തിപ്പൂർ വനത്തിലൂടെ...

               ഗുണ്ടൽപ്പേട്ടിലെ ചെണ്ടുമല്ലിത്തോട്ടങ്ങൾ മതിയാവോളം ആസ്വദിച്ച ശേഷം ഞാനും കുടുംബവും വീണ്ടും കാറിൽ കയറി. അളിയന്മാരുമൊത്ത് പിറ്റെ ദിവസം മറ്റൊരു യാത്ര പ്ലാൻ ചെയ്തിരുന്നതിനാൽ മടക്കം മമ്പാട്ടെ ഭാര്യാ വീട്ടിലേക്കാണ്. അല്ലെങ്കിലും വന്ന വഴി മടങ്ങാതെ ഗുണ്ടൽ‌പേട്ട് - മുതുമല -ഗൂഡലൂർ-നാടുകാണി വഴി മടങ്ങാം എന്നായിരുന്നു യാത്ര തുടങ്ങുന്നതിന്റെ മുമ്പെ എന്റെ പദ്ധതി. സമയം ഏറെ വൈകിയതിനാൽ ഇനി ആക്സിലേറ്ററിൽ നിന്ന് കാലെടുക്കാൻ പറ്റില്ല എന്ന് മാത്രം.
             പൂന്തോട്ടത്തിന് പുറത്ത് റോഡ് സൈഡിൽ വിറ്റു കൊണ്ടിരുന്ന പൊളിക്കാത്ത  കടല കുറച്ചധികം വാങ്ങി കാറിൽ വച്ചു - പോകുന്ന വഴിയിൽ ഞങ്ങൾക്ക് കൊറിക്കാനും ഭാര്യാ വീട്ടിലെ മറ്റു മക്കൾക്ക് കൊറിക്കാനും വേണ്ടി. പകുതി വിലക്ക് ലഭിക്കുന്ന പച്ചക്കറി സാധനങ്ങൾ റോഡിന്റെ ഇരു വശത്തും കെട്ടി ഉയർത്തിയ ധാരാളം താൽകാലിക ഷെഡുകളിലൂടെ വില്പന നടത്തുന്നുണ്ട്. ഗുണ്ടൽ‌പേട്ട് - ഊട്ടി റൂട്ടിൽ പോകുമ്പോൾ വാങ്ങാം എന്ന് കരുതി ഞാൻ വണ്ടി വിട്ടു.

              ഗുണ്ടല്പേട്ടിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഞാൻ ഊട്ടി റോഡിലൂടെ യാത്ര തുടർന്നു. പച്ചക്കറി ഷെഡുകൾ അധികം കാണാതായപ്പോൾ പണി പാളിയോ എന്ന് സംശയിച്ചു. എന്റെ ഭാഗ്യത്തിന് അല്പ നേരത്തെ ഡ്രൈവിംഗിന് ശേഷം ഒരു കട കണ്ടു. വേറെ രണ്ട് മലയാളി കുടുംബവും അവിടെ പച്ചക്കറി വാങ്ങുന്നുണ്ടായിരുന്നു. ഞങ്ങൾക്കും ഭാര്യാ വീട്ടിലേക്കും ആയി ഇരുപത് കിലോയോളം പച്ചക്കറികൾ വാങ്ങിയിട്ടും 300 രൂപയിൽ താഴെയേ ആയുള്ളൂ. സമയം ആറരയോട് അടുത്തതിനാൽ ഞാൻ വേഗം തന്നെ കാറിൽ കയറി.

               കാടിനകത്ത് കൂടിയുള്ള വിജനമായ റോഡിലൂടെ എന്റെ ആൾട്ടോ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പായുകയാണ്. പുറത്ത് ഇരുട്ട് വ്യാപിക്കാൻ നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഭാര്യക്കും മക്കൾക്കും ഉള്ളിൽ ഭയം മുളക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി.കാട്ടിലൂടെയുള്ള മുന്‍ യാത്രകളിലെല്ലാം കണ്ട് മടുത്ത മാന്‍ കൂട്ടങ്ങള്‍ ഇവിടെയും പ്രത്യക്ഷപ്പെട്ടു.
              പെട്ടെന്നാണ് റോഡ് സൈഡിലെ പൊന്തക്കാടുകൾക്കിടയിൽ നിന്ന് ഒരനക്കം കണ്ടത്. അത് ഒരു ആനയായിരുന്നു ! കാർ നിർത്തുന്നത് അപകടം ക്ഷണിച്ച് വരുത്തും എന്നതിനാൽ കാറിൽ നിന്ന് തന്നെ അവനെ/ളെ  ക്യാമറക്കകത്താക്കി.
             അല്പം കൂടി പോയപ്പോഴേക്കും അത്യാവശ്യം വലിയ ഒരു ആന തന്നെ റോഡ് സൈഡിലേക്കിറങ്ങി. അതോടെ ആനയെ കണ്ടില്ല എന്ന പരാതി  ഇനി കാണരുതേ എന്ന പ്രാര്‍ത്ഥനയായി മാറി.
                  ഇരുട്ട് പരന്ന് തുടങ്ങിയപ്പോഴാണ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ചത്. അങ്ങോട്ട് സ്വാഗതം ചെയ്യുന്ന കടുവയുടെ പടം കൂടി കണ്ടതോടെ എല്ലാവരുടെയും സംസാരം നിലച്ചു. 
                ബന്തിപ്പൂർ വനത്തിലൂടെയുള്ള രാത്രിയാത്ര എന്നാൽ കടുവയും പുലിയും ആനയും കാട്ടുപോത്തുകളും ഒക്കെ ഏതു നിമിഷവും മുൻപിൽ പ്രത്യക്ഷപ്പെടാവുന്ന അപകട യാത്രയാണ്. ഇടക്കിടക്ക് ഹമ്പുകൾ ഉള്ളതിനാൽ സാവധാനം മാത്രമേ ഡ്രൈവ് ചെയ്യാനും പറ്റൂ.വല്ലപ്പോഴും മാത്രമേ വാഹനങ്ങൾ എതിർ ദിശയിൽ പോകുന്നുള്ളൂ എന്നത് എന്റെ ഉള്ളിലും ഭയം അങ്കുരുപ്പിച്ചു. മുമ്പ് ഒരു ബൈക്ക് യാത്രികന്റെ വണ്ടി പഞ്ചറായതും ആനകളുടെ മുന്നിൽ പെട്ടുപോയതും ലോറിയിൽ കയറി രക്ഷപ്പെട്ടതും എല്ലാം ഫേസ്ബുക്കിൽ വായിച്ചിരുന്നു. ഒറ്റക്കാണെങ്കിൽ അതൊക്കെ ചെയ്യാം. കുടുംബത്തെ വിട്ട് ഓടാനും പറ്റില്ലല്ലോ എന്ന ചിന്തയിൽ ഞാൻ മുഴുകുമ്പോഴേക്കും നല്ലൊരു വളവിലെത്തി. വളവ് തിരിഞ്ഞതും അവ്യക്തമായ ഒരു കൂട്ടം റോഡ് വക്കത്ത് തന്നെ !! കാട്ടു പോത്തുകൾ ആയിരുന്നു അത് എന്ന് കാർ പാസ് ചെയ്ത  ശേഷം മനസ്സിലായി.

                  ഈ കാട്ടിനകത്ത് വച്ചെങ്ങാനും കാറിന് എന്തെങ്കിലും സംഭവിച്ചാലോ എന്നായിരുന്നു ഭാര്യയുടെ പേടി. ഇത്രയും ‘ധൈര്യമുള്ള‘വരെയാണ് ഈ യാത്രക്ക് ഞാൻ ഒപ്പം കൂട്ടിയത് എന്ന് അപ്പോഴാണ് മനസ്സിലായത്.വല്ല പുലിയോ കടുവയോ പിടിച്ച് തീരാനാണ് വിധിയെങ്കിൽ അത് നിശ്ചയിച്ച സ്ഥലത്ത് നാം ഓടി എത്തും എന്ന് ഞാൻ അവരെ ഉത്ബോധിപ്പിച്ചു. പെട്ടെന്ന് റോഡ് രണ്ടായി പിരിയുന്ന ഒരു സ്ഥലത്തെത്തി. ഇടതുഭാഗത്തേക്ക് സൂചനയുണ്ടെങ്കിലും പിന്നിൽ വന്ന വാഹനം നേരെ കടന്നു പോയി. സൂചനക്കനുസരിച്ച് തന്നെ പോകാം എന്ന് കരുതി ഞാൻ ഇടതുവശത്തെ വഴിയിലേക്ക് തിരിഞ്ഞു.വശങ്ങളിൽ പിന്നെയും കറുത്ത വലിയ രൂപങ്ങൾ നീങ്ങുന്നത് ഞാൻ കണ്ടു. ഭയം കാരണം ആരും ഒന്നും പറഞ്ഞില്ല. വളവും തിരിവും കയറ്റവും കഴിഞ്ഞ് അത് നേരെയുള്ള റോഡിലേക്ക് തന്നെ കയറിയപ്പോഴാണ്, പിന്നിലുണ്ടായിരുന്ന വാഹനം നേരെ തന്നെ പോയതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.

               രാത്രി ഏഴര മണിയോടെ മുതുമല വന്യ ജീവി സങ്കേതത്തിന്റെ മെയിൻ ഗേറ്റ് കടന്ന് തുറപ്പള്ളിയിൽ എത്തിയപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ ചൊവ്വെ വരാൻ തുടങ്ങിയത്. മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകാനായി വണ്ടി സൈഡാക്കി ഞങ്ങൾ ഒരു ഹോട്ടലിൽ കയറി.

               ഇനിയും കാട് പിന്നിടാനുണ്ട്. മാത്രമല്ല കാട്ടാന ഇറങ്ങുന്ന , രാത്രിയായാൽ കോടമഞ്ഞ് പൂക്കുന്ന നാടുകാണി ചുരവും താണ്ടാനുണ്ട്.തുറപ്പള്ളിയിലെ ചായ അതിനുള്ള ഊർജ്ജം തന്നു. കൂടുതൽ പ്രശ്നങ്ങളില്ലാതെ ഞങ്ങൾ മമ്പാട് എത്തുമ്പോൾ സമയം രാത്രി പത്ത് മണി ആയിരുന്നു. അവിടെ, പിറ്റെ ദിവസത്തെ യാത്രയുടെ ചുടു ചർച്ചയിലേക്ക് ഞങ്ങളും അലിഞ്ഞ് ചേർന്നു.

മുന്നറിയിപ്പ് :- നേരം ഇരുട്ടിയാൽ ബന്തിപ്പൂർ വനത്തിലൂടെയുള്ള എല്ലാ യാത്രകളും കഴിയുന്നതും ഒഴിവാക്കുക.വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പാക്കി മാത്രം യാത്രക്ക് പുറപ്പെടുക.

1 comments:

Areekkodan | അരീക്കോടന്‍ said...

പെട്ടെന്നാണ് റോഡ് സൈഡിലെ പൊന്തക്കാടുകൾക്കിടയിൽ നിന്ന് ഒരനക്കം കണ്ടത്. അത് ഒരു ആനയായിരുന്നു !

Post a Comment

നന്ദി....വീണ്ടും വരിക