മലമ്പുഴയിലേക്കും കോഴിക്കോട്ടേക്കും മറ്റും വിനോദയാത്ര പോയ സ്കൂൾ ജീവിതകാലത്ത് ആരോടോ പറഞ്ഞത് എന്റെ മനസ്സിൽ ഓർമ്മ വരുന്നു.
“എടാ നമ്മുടെ നാടും ഒരു ടൂറിസ്റ്റ് സെന്ററാ...”
“നിനക്കെങ്ങനെ അത് മനസ്സിലായി?” ആരോ ചോദിച്ചു.
“ഇന്നലെ നമ്മൾ സ്പോർട്സ് കാണാൻ പോയില്ലേ...എം.എസ്.പി ക്യാമ്പിലേക്ക്.... അപ്പോൾ അവിടെ ഒരു പഴയ കെട്ടിടം കണ്ടില്ലേ....അതിന്റെ മുന്നിലെ ബോർഡിൽ എഴുതിയത് വായിച്ചിരുന്നോ?” ഞാൻ ചോദിച്ചു.
“അത് ഇംഗ്ലീഷിൽ അല്ലേ...അത് നിനക്ക് തന്നെയേ വായിക്കാൻ കഴിയൂ...”
“ആ...ടൂറിസ്റ്റ് ബംഗ്ലാവ് എന്നാണ് എഴുതിയത്...അതായത് ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള സ്ഥലം...ടൂറിസ്റ്റ് സെന്റർ ആകാതെ ടൂറിസ്റ്റ് ബംഗ്ലാവ് ഉണ്ടാകോ?” എന്റെ ചെറിയ ബുദ്ധിയിൽ നിന്നും ഉയർന്ന വാദം അന്ന് എല്ലാവർക്കും ദഹിച്ചില്ല.
മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു അരീക്കോട് എന്ന് ഞാൻ വല്ല്യുമ്മയിൽ നിന്നും മറ്റും കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മലബാർ സ്പെഷ്യൽ പോലീസ് എന്ന എം.എസ്.പി യുടെ ഒരു ക്യാമ്പും ഇവിടെ ഉണ്ടായത്. ഇതിഹാസ രചയിതാവ് ശ്രീ.ഒ.വി.വിജയൻ, പ്രാഥമിക വിദ്യാഭ്യാസം അരീക്കോട് ആരംഭിക്കാൻ ഇടയായത് അദ്ദേഹത്തിന്റെ അച്ഛന് ഈ എം.എസ്.പി ക്യാമ്പിൽ ജോലി ആയത് കാരണമായിരുന്നു.
അരീക്കോട് ടൌണിൽ നിന്ന് പോലീസ് സ്റ്റേഷനു മുന്നിലൂടെയുള്ള കയറ്റം കയറിയാൽ ഈ ക്യാമ്പിൽ എത്താം.ഗേറ്റിൽ തോക്കും പിടിച്ച് നിൽക്കുന്ന പാറാവുകാർ ഉള്ളതിനാൽ കുട്ടിക്കാലത്ത് അങ്ങോട്ട് പോകുന്നത് തന്നെ പേടിയായിരുന്നു. എന്നാൽ സബ്ജില്ലാ കായികമത്സരങ്ങൾ പലപ്പോഴും അരങ്ങേറിയത് എം.എസ്.പി ഗ്രൌണ്ടിൽ ആയിരുന്നു.എന്റെ മൂത്ത മോൾ ലുലു കുഞ്ഞായിരിക്കുമ്പോൾ ഭാര്യയെയും കൂട്ടി ഒരു സ്പോർട്സ് മീറ്റ് കാണാൻ ഞാൻ അവിടെപ്പോയിരുന്നു.എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഫുട്ബാൾ കളിയും ഉണ്ടാകാറുണ്ട്. പക്ഷെ പിന്നീട് ഈ ക്യാമ്പ് ധ്രുത കർമ്മസേനക്ക് കൈമാറിയതിനാൽ പൊതുജനത്തിന് പ്രവേശനം ഇല്ലാതായി.
മക്കളെ നാട് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ദിവസം വൈകുന്നേരം ഞാൻ അവരെയും കൊണ്ട് വീണ്ടും ഈ ക്യാമ്പിന്റെ മുന്നിലെത്തി. താമരശ്ശേരി ചുരത്തിൽ ഉള്ള പോലെ രണ്ട് ഹെയർപിൻ വളവുകൾ കയറി വേണം മുകളിലെത്താൻ. കുട്ടിക്കാലത്ത് ഞങ്ങൾ കുറുക്ക് വഴികൾ ഉപയോഗിച്ചിരുന്നു. ഇന്ന് അവ കാട് മൂടി ഇല്ലാതായി. പോകുന്ന വഴിയിലെ പാലപ്പൂ മരങ്ങളിൽ ചിലത് ഇപ്പോഴും ഉണ്ട്. മക്കൾ അതിന്റെ പൂക്കൾ ശേഖരിക്കാൻ മത്സരിച്ചപ്പോൾ ഞാനും അറിയാതെ കുട്ടിക്കാലത്തേക്ക് ഊർന്നിറങ്ങി.
ക്യാമ്പ് ഗേറ്റ് എത്തുന്നതിന് തൊട്ടു മുമ്പ് വലതു ഭാഗത്ത് ആണ് ടി.ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടൂറിസ്റ്റ് ബംഗ്ലാവ്. ബ്രിട്ടീഷ് ഭരണ കാലത്ത് അവരുടെ വലിയ ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ഉണ്ടാക്കിയതാണെന്ന് അതിന്റെ രൂപം കണ്ടാൽ തന്നെ മനസ്സിലാകും. ഇന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ആണ് ഇതുള്ളത്. കുറഞ്ഞ വാടകക്ക് താമസിക്കാൻ, കുന്നിന് മുകളിലെ ഒരു ഗവണ്മെന്റ് റിസോർട്ട് എന്ന് തന്നെ പറയാം.
കെട്ടിടത്തിന് യാതൊരു മാറ്റവും വരുത്താതെ മുറ്റം ഇന്റർലോക്കിട്ട് മിനുക്കി ഇന്നും ഞങ്ങളുടെ നാടിനെ “ടൂറിസ്റ്റ് കേന്ദ്രമാക്കി” ഈ ടി.ബി നിലകൊള്ളുന്നു. വൈകുന്നേരങ്ങളിലെ സൂര്യാസ്തയവും അങ്ങകലെയുള്ള പശ്ചിമഘട്ടത്തിൽ നിന്നുള്ള ഇളം കാറ്റും ആസ്വദിച്ച് അല്പനേരം ഇവിടെ ഇരുന്നാൽ മനസ്സിന് ഒരു കുളിർമ്മ വരും. മഞ്ഞുകാലത്തെ കോടമഞ്ഞും നല്ല ഒരു അനുഭവമായിരിക്കും. നിർഭാഗ്യവശാൽ ഇന്നത്തെ തലമുറയിലെ അരീക്കോട്ടുകാർക്ക് പോലും നഗര മധ്യത്തിലെ ഈ സ്ഥലം അപരിചിതമാണ്.(എന്റെ അരീക്കോട് - 1)
7 comments:
മക്കളെ നാട് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ദിവസം വൈകുന്നേരം ഞാൻ അവരെയും കൊണ്ട് വീണ്ടും ഈ ക്യാമ്പിന്റെ മുന്നിലെത്തി.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല!
ആശമ്മ്സകൾ മാഷേ
തങ്കപ്പേട്ടാ...സത്യം.പക്ഷേ ജനങ്ങള് എന്തോ ഈ പരിസരത്ത് നിന്ന്
ഇപ്പോഴും ഒഴിഞ്ഞ് നില്ക്കുന്നു.
ഒരുകണക്കിന് ജനങ്ങൾ ഒഴിഞ്ഞു നിൽക്കുന്നതും നന്നായി... മാലിന്യ കൂമ്പാരം കുറയും മാഷേ
മുബീ... അത് ശരിയാണ്
അരീക്കോട്ടുകാർ പോലും മറന്നുപോയ ടൂറിസ്ററ് ബംഗ്ളാവ് ...!
ബിലാത്തിയേട്ടാ...അതെന്നെ
Post a Comment
നന്ദി....വീണ്ടും വരിക