Pages

Tuesday, August 06, 2019

ഒരു വട്ടം കൂടിയെന്‍....1

            ഇങ്ങനെ തുടങ്ങുന്ന ഒരു ഗാനം ഇരുപത് വയസ്സ് കഴിഞ്ഞ എല്ലാ മലയാളികള്‍ക്കും സുപരിചിതമായിരിക്കും. ചില്ല് എന്ന ചിത്രത്തിന് വേണ്ടി  പ്രൊഫ. ഒ.എന്‍.വി കുറുപ്പ് എഴുതിയ ഈ ഗാനം ആരെങ്കിലും ആലപിക്കാത്ത അല്ലെങ്കില്‍ വാമൊഴിയായി പറയാത്ത അതുമല്ലെങ്കില്‍ ഓര്‍മ്മിക്കാത്ത ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമവും ഉണ്ടാകില്ല എന്നാണ് എന്റെ പക്ഷം. എന്റെ പത്താം ക്ലാസ് ബാച്ചായ 86-87 എസ്.എസ്.സി ബാച്ചിന്റെ പ്രഥമ സംഗമത്തിന് ഒരു പേര് വേണം എന്ന് പറഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഈ ഗാനത്തിലെ ആദ്യ മൂന്ന് വാക്കുകളാണ്.

            32 വര്‍ഷത്തിന് ശേഷം ഇങ്ങനെ ഒരു സംഗമം നടക്കുമോ ഇല്ലേ എന്നും നടന്നാല്‍ തന്നെ അതിന്റെ വിജയം എത്രയെന്നുമൊക്കെയുള്ള സന്ദേഹം നിലനില്‍ക്കെ പൊടുന്നനെ ഉണ്ടായ ഒരു ധൈര്യമാണ് ഞങ്ങളുടെ സംഗമം നടക്കാന്‍ കാരണം. 28/8/18ന്, ഞങ്ങളുടെ സഹപാഠിയായിരുന്ന മുജീബും ജാഫറും അവരുടെ പ്രീഡിഗ്രി സംഗമം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തോന്നിയ ആശയമായിരുന്നു SSC ബാച്ചിന്റെ ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ. ചുറ്റുവട്ടത്തുള്ള സഹപാഠികളെയും അറിയാവുന്ന സഹപാഠികളെയും ചേര്‍ത്തും സന്ദര്‍ശിച്ചും കൂട്ടായ്മ വലുതായി. 2018 സെപ്റ്റംബര്‍ 15ന് രാത്രി എന്നെ തിരഞ്ഞും കൂട്ടുകാരെത്തി.അന്ന് തന്നെ എന്റെ ജ്യേഷ്ടനും ഞങ്ങളുടെ അധ്യാപകനും സംഗമം ഏറെ ആഗ്രഹിക്കുന്ന ആളുമായ കരീം മാസ്റ്ററെയും സന്ദര്‍ശിച്ചു.
                    ലാന്റ് ഫോണ്‍ പോലും അപൂര്‍വ്വമായിരുന്ന അക്കാലത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തേടിപിടിക്കുക എന്നത് ശ്രമകരമായിരുന്നു. സ്കൂളില്‍ പോയി നോക്കിയാല്‍ അന്നത്തെ ഹാജര്‍ പുസ്തകം കിട്ടും എന്ന് ആരോ പറഞ്ഞതനുസരിച്ച് ശ്രമം നടത്തിയെങ്കിലും രണ്ട് ക്ലാസൊഴികെ ബാക്കിയുള്ളവ ചിതലരിച്ച് പോയി എന്ന വിവരമാണ് കിട്ടിയത്. പക്ഷെ ചിതലരിക്കാത്ത ഞങ്ങളുടെ ഓര്‍മ്മകള്‍ അവിടെയും തുണയായി. ഓരോരുത്തരും 32 വര്‍ഷം മുമ്പ് തന്റെ ക്ലാസില്‍ പഠിച്ചിരുന്ന സഹപാഠികളുടെ ഊരും പേരും ഓര്‍മ്മിച്ചെഴുതുന്ന ഒരു അനൌദ്യോഗിക മത്സരം നടത്തി.

                   മത്സരം ക്ലിക്കായതോടെ കൂടുതല്‍ പേര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അവരെത്തേടി പോകുന്ന ഒരു പരിപാടി തുടങ്ങി. അതും വന്‍ വിജയമായതോടെ ഗ്രൂപ് ഉണര്‍ന്നു.ചില വീട് സന്ദര്‍ശനങ്ങള്‍,നമ്മുടെ രവീന്ദ്രന്‍ മാഷുടെ ഭാഷയില്‍ പറഞ്ഞാല്‍ ആശയ വിപുലീകരണവും കഴിഞ്ഞ് ആമാശയ വിപുലീകരണത്തിലേക്കെത്തി. അതും എല്ലാവരും ആസ്വദിച്ചു. പത്രപ്രവര്‍ത്തകനായ ഒരു സഹപാഠി ഒരു വാര്‍ത്ത തയ്യാറാക്കി പത്രങ്ങള്‍ക്കും നല്‍കി.
                   അതിനിടയില്‍ സംഗമത്തിന്റെ ചര്‍ച്ചകള്‍ പൊങ്ങി വന്നെങ്കിലും ഗ്രൂപ് ബലം കൂടാനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും മുന്‍‌ഗണന നല്‍കി. ഇതു പ്രകാരം അവൈലബിള്‍ അംഗങ്ങളെ വച്ച് ഒരു ഏകദിന വിനോദയാത്രയും സംഘടിപ്പിച്ചു. ഒരു വിനോദയാത്ര കൂടി തീരുമാനിച്ചെങ്കിലും ആള് തികയാത്തത് കാരണം ഉപേക്ഷിച്ചു.

                  ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്ന കടുത്ത യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ പലരും നിര്‍ജ്ജീവമാകാന്‍ തുടങ്ങി. നേതൃത്വം കൊടുത്തിരുന്നവര്‍ക്കെല്ലാം വിവിധങ്ങളായ ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നതിനാല്‍ അവരും ഉള്‍വലിഞ്ഞു. അന്നത്തെ പെണ്‍‌കുട്ടികളെക്കൂടി (ഇന്നത്തെ അമ്മമാരും അമ്മൂമമാരും !) ഉള്‍പ്പെടുത്തിയാല്‍ ഗ്രൂപ് സജീവമാകും എന്ന് അറിയാമായിരുന്നെങ്കിലും സദുദ്ദേശത്തോടെ തുടങ്ങിയ ഗ്രൂപ്പിനെ കുടുംബം കലക്കി ഗ്രൂപ്പ് ആക്കി മാറ്റേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ ഗ്രൂപ് അന്ത്യശ്വാസത്തിലേക്ക് അടുക്കുമ്പോഴാണ് ഒരു കനലാട്ടം കണ്ടത്. പിന്നെ സംഭവിച്ചത് ചരിത്രമായിരുന്നു.

(തുടരും....)

5 comments:

Areekkodan | അരീക്കോടന്‍ said...

പിന്നെ സംഭവിച്ചത് ചരിത്രമായിരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

Good...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... നന്ദി

സുധി അറയ്ക്കൽ said...

ആഹാ.സസ്പെൻസിട്ട്‌ നിർത്തിക്കളഞ്ഞല്ലോ.

Areekkodan | അരീക്കോടന്‍ said...

സുധീ...സസ്പെൻസോ? അടുത്തത് നേരെ താഴെ തന്നെ ഉണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക