Pages

Wednesday, September 18, 2019

കൊടൈക്കനാലിലെ സൈക്കിള്‍ സവാരി

                ഊട്ടിയിലും കൊടൈക്കനാലിലും പോകുന്നവര്‍ ഒരു ബോട്ട് സവാരി നടത്താതിരിക്കാന്‍ സാധ്യത വളരെ കുറവാണ് . രണ്ട് സ്ഥലത്തുമുള്ള തടാകങ്ങള്‍ സഞ്ചാരികളെ അത്രയധികം മാടി വിളിക്കും. കൊടൈക്കനാലില്‍ എത്തിയ ഞങ്ങളും ആ ആകര്‍ഷണ വലയത്തില്‍ വീണുപോയി. ബോട്ട് ഹൌസില്‍ ചെന്നപ്പോള്‍ അവിടെ തൃശൂര്‍ പൂരത്തിനുള്ള ആള്‍ക്കാര്‍ ടിക്കറ്റെടുത്ത് കാത്ത് നില്‍ക്കുന്നു! ചാലിയാറിലെ തോണീയാത്രക്ക് ഒക്കില്ല കൊടൈക്കനാലിലെ ബോട്ട് യാത്ര എന്ന കൂട്ട ആത്മഗതം ഞങ്ങളെ പുറത്തേക്ക് നയിച്ചു.

                ബോട്ട് ഹൌസിന്റെ നേരെ മുമ്പില്‍ സൈക്കിള്‍വാലകള്‍ കസ്റ്റമേഴ്സിനെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. മക്കള്‍ക്ക് എല്ലാവര്‍ക്കും സൈക്കിളിംഗ് അറിയാം എന്നതിനാല്‍ അര മണിക്കൂര്‍ സവാരി നടത്താം എന്ന് തീരുമാനിച്ചു.മറ്റു വാഹനങ്ങള്‍ ഓടുന്ന അതേ റോഡിലൂടെ തന്നെയാണ് സൈക്കിളും ഓട്ടേണ്ടത് എന്നത് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു ചലഞ്ച് ആയിരുന്നു. കാരണം അവരാരും ഇതുവരെ മെയിന്‍ റോഡിലൂടെ സൈക്കിളോട്ടിയിട്ടില്ല. അങ്ങനെ എസ്കോര്‍ട്ടായി ഞാനും അനിയനും കൂടെ പോകാനും തീരുമാനിച്ചു. എന്റെ വാലായി കുഞ്ഞുമോന്‍ ലിദുവും കൂടിയതോടെ അവനെ എവിടെ ഇരുത്തും എന്നൊരാശങ്ക ഉണ്ടായി. ഹാന്റിലില്‍ ഒരു കൊട്ടക്കസേര ഉറപ്പിച്ച് തന്ന് കൊണ്ട് സൈക്കിള്‍വാല അതും പരിഹരിച്ചു.

                   മുമ്പ് മായാറില്‍ പോയപ്പോഴും എന്റെ സൈക്കിളിംഗ് പരിജ്ഞാനം ഞാന്‍ പരീക്ഷിച്ചു നോക്കിയിരുന്നതിനാല്‍, 100 രൂപ വാടക പറഞ്ഞിട്ടും പിന്മാറിയില്ല. അങ്ങനെ ഞാനും എന്റെ മക്കളും അനിയനും അവന്റെ മക്കളും അടങ്ങുന്ന സംഘം ഓരോ സൈക്കിളിലായി അമീബാ ആകൃതിയിലുള്ള തടാകത്തിന്റെ ചുറ്റുമുള്ള റോഡിലൂടെ യാത്ര ആരംഭിച്ചു. ചെറിയ മക്കളെ ഞാനും ലുലു മോളും അനിയനും മുന്നിലും പുറകിലുമായി കയറ്റി.
            ടൂറിസ്റ്റ് വാഹനങ്ങളും ടാക്സി വാഹനങ്ങളും മറ്റുമായി റോഡ് നല്ല തിരക്കായിരുന്നു. എങ്കിലും കൊടൈക്കനാലിന്റെ തണുപ്പും പ്രകൃതി ഭംഗിയും ആസ്വദിച്ചുകൊണ്ട് അല്പം സാഹസികമായി തന്നെ ഞാനും മക്കളും ആ സവാരി അവിസ്മരണീയമാക്കി. തടാകത്തിന് ചുറ്റുമുള്ള 4 കിലോമീറ്റര്‍ സൈക്കിള്‍ സവാരി ഈ ട്രിപ്പിലെ ഏറ്റവും നല്ല അനുഭവമായി.
                                                 
                                                 
                                       
                          സൈക്കിളിംഗ് കഴിഞ്ഞ് എല്ലാവരും പാര്‍ക്കില്‍ അല്പ നേരം കൂടി വിശ്രമിച്ചു. തടാകത്തില്‍ പരക്കുന്ന ഇരുട്ട് മെല്ലെ കരയെയും വിഴുങ്ങാന്‍ തുടങ്ങി. തണുപ്പും ശരീരത്തിലേക്ക് അരിച്ചു കയറുന്നത് അനുഭവപ്പെട്ടു. കാഴ്ചകളും മങ്ങിത്തുടങ്ങിയപ്പോള്‍, സന്ധ്യയോടെ ഞങ്ങള്‍ കൊടൈക്കനാലിനോട് വിട പറഞ്ഞു.

4 comments:

Areekkodan | അരീക്കോടന്‍ said...

കൊടൈക്കനാലിന്റെ തണുപ്പും പ്രകൃതി ഭംഗിയും ആസ്വദിച്ചുകൊണ്ട് അല്പം സാഹസികമായി തന്നെ ഞാനും മക്കളും ആ സവാരി അവിസ്മരണീയമാക്കി. തടാകത്തിന് ചുറ്റുമുള്ള 4 കിലോമീറ്റര്‍ സൈക്കിള്‍ സവാരി ഈ ട്രിപ്പിലെ ഏറ്റവും നല്ല അനുഭവമായി.

മഹേഷ് മേനോൻ said...

കൊടൈക്കനാൽ പോയിട്ടുള്ളപ്പോഴെല്ലാം സൈക്കിൾ സവാരി നടത്തിയിട്ടുണ്ട്... എനിക്കും വളരെ ഇഷ്ടമുള്ള ഒരു പരിപാടിയാണ് :-)

Areekkodan | അരീക്കോടന്‍ said...

മഹേഷ് ജി...പ്രകൃതി ആസ്വാദനവും സൈക്കിള്‍ സവാരിയും.അതാണ് കൊടൈക്കനാല്‍

Muralee Mukundan , ബിലാത്തിപട്ടണം said...

തടാകത്തിന് ചുറ്റുമുള്ള ഈ സൈക്കിൾ സവാരി  നല്ല അനുഭവമായി.

Post a Comment

നന്ദി....വീണ്ടും വരിക