Pages

Tuesday, May 12, 2020

???

"ർണിം... ർണിം ..." മൊബൈൽ ബെല്ലടിക്കുന്നത് കേട്ട് ബാലൻ ഉറക്കത്തിൽ നിന്ന് എണീറ്റു. സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു.
' അല്ലെങ്കിലും ക്വാറൻ്റയിൻ കാലം എന്ന് പറയുന്നത് ഒന്നിനും ഒരു വ്യവസ്ഥയും ഇല്ലാത്ത കാലമാണ്. തോന്നുന്നത്  വരെ ഉറങ്ങാം... പക്ഷേ കിട്ടുന്നതേ തിന്നാൻ പറ്റൂ... പുറത്ത് പോകാൻ ഒരു നിവൃത്തിയുമില്ല. എന്നാണാവോ ഈ പൊല്ലാപ്പൊന്ന് തീരുക .ആകെയുള്ള ലീവിൻ്റെ മുക്കാലും വീട്ടിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വരുമല്ലോ ഈശ്വരാ " ബാലൻ്റെ മനസ്സിലുടെ പലതും പാഞ്ഞു.

"ർണിം.. ർണിം .. " മൊബൈൽ വീണ്ടും ശബ്ദിച്ചു.
.
"ഹലോ''

"ഹലോ "

" ആ... ബാലനല്ലേ?'

"അതേ ...ഇതാരാ?"

"ഞാൻ.... ഞാൻ നിൻ്റെ പഴയ ക്ലാസ്‌മറ്റ് കുട്ടൻ... "

" കുട്ടൻ... ഏത് കുട്ടൻ...?"

"എടാ ... നീ മറന്നോ? വടക്കേല കുട്ടൻ. -"

"വടക്കേല കുട്ടൻ.?? ഒരു ക്ലൂ താ ..."

"ഗൾഫിൽ പോയി വന്നപ്പോ നമ്മളെയൊക്കെ മറന്നോ?"

"ആ... പിടി കിട്ടുന്നില്ല" "

"എട്ടാം ക്ലാസിൽ നിനക്ക് വേണ്ടി ദേവസ്യ മാഷിൽ നിന് അടി വാങ്ങിയ കുട്ടനെ നീ മറന്നോടാ ?"

"ഓ... സോറി... സോറി... പെട്ടെന്ന് ഓർമ്മയിൽ വന്നില്ല..എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"

"ലോക് ഡൗൺ അല്ലേ? എന്ത് വിശേഷം? വീട്ടിലിരുന്ന് ബോറടിച്ച് ചത്ത് ...പൊറത്തെറങ്ങ്യാ പോലീസ് വക വേറെ ...''

" ഞാൻ, വന്ന അന്ന് മുതൽ ഏകാന്തവാസത്തിലാ... ഏകാന്ത തടവിൻ്റെ ഭീകരത ഇപ്പഴല്ലേ അറിയുന്നത്? മൊബൈൽ ഉള്ളതാ ഒരാശ്വാസം. ഇതൊന്നും ഇല്ലാത്ത കാലത്തെ ഏകാന്ത തടവ്... ഹോ.. ആലോചിക്കാൻ പോലും വയ്യ... "

"ആട്ടെ... ഞാൻ വിളിച്ചത് നീ ഇന്ന് വരുന്നോ എന്ന് ചോദിക്കാനാ?"

"എവിടേക്ക്? ഞാൻ ക്വാറൻ്റയിനിൽ ആണെടാ ...."

"ക്വറൻറയിൻ... മണ്ണാങ്കട്ട... നീ വരുന്നെങ്കി വാ... നമ്മുടെ ബാബുവിൻ്റെ വീട്ടിൽ ... "

" വരണംന്ന് ണ്ട്...ബട്ട് ... അസുഖമില്ലെങ്കിലും, ഇപ്പോൾ ഞാൻ പുറത്തിറങ്ങിയാൽ അത് സമൂഹത്തിനോട് ചെയ്യുന്ന അപരാധമല്ലേ?"

"ദാ .. ഒരു പുണ്യാളൻ വന്നിരിക്കുന്നു... സമൂഹം എന്ത് പിണ്ണാക്കാ ഇത്രയും കാലം കൊണ്ട് നിനക്ക് തിരിച്ച് തന്നത്?"

"അത് ..അതിപ്പോ ?"

"അത് തന്നെ... നാട്ടുകാർക്ക് വീടുണ്ടാക്കാനും ചികിത്സക്കും കല്യാണത്തിനും ഒക്കെ അങ്ങോട്ട് കൊടുക്കല്ലാതെ.... ഇപ്പം നീ വന്നപ്പോ ആരെങ്കിലും തിരിഞ്ഞു നോക്യോ?"

"അത് ... നമുക്കൊരാവശ്യം വന്നിട്ടില്ല.....അതോണ്ടല്ലേ?"

"എടാ.. ഇപ്പം നിനക്ക് നിൻ്റെ നാട്ടാരെയും ചങ്ങായിമാരെയും ഒക്കെ കാണാൻ ആഗ്രഹം ല്ലേ.. ആരെങ്കിലും നിൻ്റട്ത്ത് വരാൻ ധൈര്യം കാണിച്ചോ? നീ പറഞ്ഞ സമൂഹം... തേങ്ങാക്കൊല ... എവിടെപ്പോയി?"

"അത് ..അത്..."

"അതെന്നയാ പറഞ്ഞത് ... നീ ആരും കാണാതെ വാ ... നമുക്ക് കൊറച്ച് നേരം ഒന്ന് കൂടാം... ഉഷാറാക്കാൻ മറ്റതും ഉണ്ട്.. വേഗം വാ ..."

"എടാ പോലീസ് സ്റ്റേഷനീന്ന് വിളിക്കും, എവിടെയാ ന്ന് ചോദിച്ച് ?"

" വീട്ടിൽ തന്നെയുണ്ട് എന്ന് പറഞ്ഞാ മതി.. നമ്മുടെ നാട്ടിൻ പുറത്ത് അവര് വീട്ടിൽ വന്ന് നോക്കുകയൊന്നും ഇല്ല.. ... വേഗം വാ.... "

" മൊബൈലിൽ ലൊക്കേഷൻ മനസ്സിലാക്കാം.... "

"ഫൂ.... എടാ പോത്തേ... നീ നാട് വിട്ടൊന്നും പോരുന്നില്ലല്ലോ ... ലൊക്കേഷൻ മാറാൻ... വരുന്നെങ്കി വേഗം വാ... സാധനം തീരും ... "

" കുട്ടാ... നീ പറഞ്ഞതൊക്കെ ശരിയാ... പക്ഷെ ഞാനില്ല..:

"അതെന്താടാ ?"

"ഞാൻ ഗൾഫിൽ പോയി അധ്വാനിച്ചത് കൊണ്ട് ഞാൻ മാത്രമല്ല വളർന്നത്... എൻ്റെ നാട്ടുകാർക്ക് വേണ്ടി ചെലവിട്ട ഓരോ നാണയത്തുട്ടും ഈ രാജ്യത്തിൻ്റെ സമ്പദ്ഘടനയെ മാറ്റി മറിച്ചിട്ടുണ്ട് ... "

"അതിന്?"

"സമൂഹം വല്ലതും തിരിച്ചു തന്നോ എന്ന് നീ ചോദിച്ചില്ലേ? അത് തന്നെ.. ആ മാറ്റം കാരണമാ നിന്നെപ്പോലുള്ള കുറെ പേർക്ക് നാട്ടിൽ തന്നെ ജീവിക്കാൻ സാധിക്കുന്നത് .. "

"അതെങ്ങനെ?'

"നിനക്കൊക്കെ പണി ഉണ്ടാകുന്നത് ഞങ്ങളെപ്പോലുള്ളവർ ചെയ്യുന്ന ഈ ചെറിയ സഹായം കൊണ്ടാ... "

"ഓ.. ഒരു സുവിശേഷകൻ വന്നിരിക്കുന്നു.... "

" മാത്രമല്ല.. ഇപ്പഴത്തെ അവസ്ഥയിൽ നാം സ്വയം സുരക്ഷ ഉറപ്പ് വരുത്തണം... കൂട്ടമായി താമസിക്കുന്ന നമ്മൾക്കിടയിൽ ഒരാളുടെ അശ്രദ്ധ മതിയെടാ എല്ലാം തരിപ്പണമാക്കാൻ ...''

" ഉം ....അതോണ്ട്?"

"അതോണ്ട് എത്രയും പെട്ടെന്ന് ഇപ്പോൾ നിങ്ങൾ കൂടി നിൽക്കുന്ന സ്ഥലത്ത് നിന്ന് പിരിഞ്ഞ്  പോകണം. പോലീസ് എന്നെ ഉടൻ വിളിക്കും.. സമൂഹത്തിൻ്റെ നന്മക്കായി എനിക്ക് നിങ്ങളെ ഒറ്റ് കൊടുക്കേണ്ടി വരും. - "

"കുയ്...കൂയ്... ഇന്ന് എത്രാം തീയ്യതിയാന്ന് കലണ്ടറിൽ  നോക്ക് ..?"

"ഏപ്രിൽ ഒന്ന് !"

"ഏപ്രിൽ ഫൂൾ...!!"

(ഈ കഥക്ക് അതിനാൽ തന്നെ തലക്കെട്ടില്ല. പകരം വാൽക്കെട്ട് ഇടുന്നു)

11 comments:

Areekkodan | അരീക്കോടന്‍ said...

Lockdownലെ ഒരു മത്സരത്തിന് വേണ്ടി എഴുതിയതായിരുന്നു...ബട്ട്...ഇനി ഇവിടെ കിടക്കട്ടെ...

Bipin said...

ഏപ്രിൽ ഫൂൾ ആണെങ്കിലും.....
പോലീസ് കണ്ടില്ലെങ്കിൽ നിയന്ത്രണ ലംഘനം ആകാം എന്ന മാനസിക സ്ഥിതി.
കൊള്ളാം.

Cv Thankappan said...

നല്ല സന്ദേശം
എഴുത്തും നന്നായി.
എന്നാലും, അവസാനം

ഏപ്രിൽ ഫൂളാക്കിയപ്പോൾ കാര്യഗൗരവം നഷ്ടപ്പെട്ടത്തോന്നലുണ്ടാക്കുന്നു!
ആശംസകൾ മാഷേ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് ആരേയും ഫൂളാക്കാനല്ല..ബോധവൽക്കരിക്കാനാണ്..പേര്
എന്തായാലും നല്ലൊരു നൽകുന്നുണ്ട്..

Areekkodan | അരീക്കോടന്‍ said...

ബിപിനേ ട്ടോ... കാണുന്നതാണല്ലാ എല്ലാം പ്രശനമാക്കുന്നത്. ആരും കണ്ടില്ലങ്കിൽ പ്രശനമേയില്ല'

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേ ട്ടാ..കഥാനായകൻ ജയിലിൽ പോകുന്നതായിരുന്നു ആദ്യത്തെ പ്ലാൻ. അത് സാധാരണ സംഭവമായതിനാൽ ഒന്ന് ട്വിസ്റ്റിയതാ..

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്ക.. .സന്തോഷം.

Geetha said...

കാലികപ്രസക്തം. ആദ്യം വായിച്ചപ്പോൾ വിചാരിച്ചു പ്രവാസിയുടെ ഇപ്പോൾ നാട്ടിൽ വന്നാൽ അനുഭവിക്കുന്ന ദുഃഖങ്ങൾ ആകാമെന്ന് ... ക്വാറന്റൈനിൽ കഴിയുന്ന അയാളെ സുഹൃത്ത് നിർബന്ധിച്ചു പൊല്ലാപ്പിലാക്കുമോ എന്ന് സംശയിച്ചു ... എന്ത് വന്നാലും പുറത്തിറങ്ങില്ല ... സമൂഹത്തോട് ഉത്തരവാദിത്വമുണ്ട് ... എന്ന പ്രവാസിയുടെ മറുപടി അസ്സലായി . അവസാനം അതൊരു ഏപ്രിൽഫൂളാക്കിക്കളഞ്ഞു . എന്നാലും നന്നായിരുന്നു മാഷേ പോസ്റ്റ് .

Muralee Mukundan , ബിലാത്തിപട്ടണം said...

ഏപ്രിൽ ഫൂൾ വാലായി വന്നാലും ഇല്ലെങ്കിലും
അസ്സലൊരു ബോധവൽക്കരണമാണിത് കേട്ടോ ഭായ് ..

Areekkodan | അരീക്കോടന്‍ said...

ഗീതേച്ചി... ഒരു അപ്രതീക്ഷിത ട്വിസ്റ്റ് ഒക്കെ വേണ്ടേ?

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... പോലീസുകാരുടെ മത്സരത്തിന് വേണ്ടി എഴുതിയതായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക