നാട്ടിലൊന്നും ടെലിവിഷനുകൾ പ്രചുരപ്രചാരം നേടാത്ത 1980 കളുടെ മദ്ധ്യകാലം. അന്ന് ഞാൻ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. പത്രം മാത്രമായിരുന്നു അന്ന് ലോക വിവരങ്ങൾ അറിയാനുള്ള ഏക മാർഗ്ഗം. അത്യാവശ്യം വരുമാനമുള്ളവരുടെ വീട്ടിൽ മാത്രമേ പത്രവും ഉണ്ടാകാറുള്ളൂ.
അരീക്കോട്ടുകാരൻ എന്ന നിലക്ക് കാൽപന്തുകളി രക്തത്തിൽ അലിഞ്ഞ് ചേർന്നതിൻ്റെ ഫലമായി പന്ത് കളി എൻ്റെ ഇഷ്ടപ്പെട്ട ഒരു ഗെയിം ആയിരുന്നു. കുട്ടികൾ നടത്തുന്ന ലോക്കൽ ടൂർണ്ണമെൻറുകളിൽ കളിക്കാനും വൈകിട്ട് പുഴയുടെ തീരത്ത് കളിക്കാനും ലോക്കൽ സെവൻസ് മത്സരങ്ങൾ കാണാനും ഫുട്ബാൾ വാർത്തകൾ വായിക്കാനും എല്ലാം ഈ കളിക്കമ്പം ഇടയാക്കിയിട്ടുണ്ട്.
1986-ൽ ഞാൻ പത്താം ക്ലാസിൽ എത്തിയ വർഷമാണ് മെക്സിക്കോ ലോകകപ്പ് അരങ്ങേറുന്നത്. അന്നത്തെ പത്രവായനക്കിടയിൽ ഒരു വാർത്ത എൻ്റെ ശ്രദ്ധയിൽ പെട്ടു . എന്തോ ഒരു പ്രശ്നത്തിൻ്റെ പേരിൽ ആരോടോ ഉടക്കി നിന്നിരുന്ന ( അതെല്ലാം ഓർമയിൽ നിന്ന് മാഞ്ഞു പോയി) അന്നത്തെ സൂപ്പർ താരം അർജൻറീനയുടെ ഡീഗോ മറഡോണ ക്ഷമാപണം നടത്തി എഴുതിയ കത്തായിരുന്നു വാർത്തയിലെ വിഷയം. ഒരു മഹാപ്രതിഭയുടെ ഈ പ്രവർത്തനം എൻ്റെ കുട്ടി മനസ്സിൽ അന്ന് ഒരാരാധന സൃഷ്ടിച്ചു. അന്ന് മുതൽ അറിയാതെ ഞാൻ അർജൻ്റീന ടീമിൻ്റെ ആരാധകനായി (പിന്നീട് ഓരോ ലോക കപ്പിലും എൻ്റെ ടീമുകൾ മാറിമറിഞ്ഞു). ആ വർഷം മറഡോണ എന്ന ഒറ്റയാൻ്റെ മാസ്മരിക പ്രകടനത്തിൻ്റെ പിൻബലത്തിൽ അർജൻ്റീന ചരിത്രത്തിലെ രണ്ടാം ലോകകപ്പ് ഉയർത്തി.
മെക്സിക്കോ ലോകകപ്പ് കാണാൻ വേണ്ടി എൻ്റെ വലിയ മൂത്താപ്പ ടെലിവിഷൻ വാങ്ങിയതും മറഡോണയുടെ പന്തു കൊണ്ടുള്ള ഇന്ദ്രജാലം ബ്ലാക്ക് & വൈറ്റിൽ കണ്ടതും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.
പത്രങ്ങളിൽ ബ്ലാക്ക് & വൈറ്റിൽ വന്നിരുന്ന ഫോട്ടോകൾ ആയിരുന്നു അന്ന് പല ചുമരുകളിലും സ്ഥാനം പിടിച്ചിരുന്നത്. എന്നാൽ ഫുട്ബാൾ എന്നെക്കാളും തലയിൽ കയറിയ എൻ്റെ അനിയൻ വാങ്ങിക്കൊണ്ടു വന്ന സ്പോർട്സ്റ്റാർ ഇംഗ്ലീഷ് മാഗസിനിൽ നിന്ന് കിട്ടിയ കളർ ഫോട്ടോകൾ അവൻ്റെ റൂമിൻ്റെ ചുമരുകളിൽ നിറഞ്ഞ് നിന്നു. അവൻ ഒഴിവാക്കിയത് എൻ്റെ പുസ്തകങ്ങളുടെ ചട്ടകളിലും സ്ഥാനം പിടിച്ചു.
ഞങ്ങളുടെ കോളനിയിൽ ആദ്യമായി വാങ്ങിയ ടിവിക്ക് മുമ്പിൽ രാത്രി എല്ലാവരും തടിച്ച് കുടിയിരുന്ന് കണ്ട മറഡോണയുടെ ഫുട്ബാളാനന്തര ജീവിതം ദുരന്തമായി മാറിയതും പിന്നീട് പല തവണ പത്രങ്ങളിൽ നിന്ന് വായിച്ചു. എങ്കിലും നീലയും വെള്ളയും കലർന്ന ജഴ്സിയിൽ ആ മാന്ത്രികക്കാലുകൾ ത്രസിപ്പിച്ച മനുഷ്യ ഹൃദയങ്ങൾ നിരവധിയാണ്. അതിനാൽ തന്നെ കാതങ്ങൾ അകലെയാണെങ്കിലും മറഡോണയുടെ വിയോഗ വാർത്ത മനസ്സിൽ നൊമ്പരം ഉണ്ടാക്കുന്നു .
ഫുട്ബാൾ മാന്ത്രികന് ആദരാഞ്ജലികൾ
7 comments:
നീലയും വെള്ളയും കലർന്ന ജഴ്സിയിൽ ആ മാന്ത്രികക്കാലുകൾ ത്രസിപ്പിച്ച മനുഷ്യ ഹൃദയങ്ങൾ നിരവധിയാണ്. അതിനാൽ തന്നെ കാതങ്ങൾ അകലെയാണെങ്കിലും മറഡോണയുടെ വിയോഗ വാർത്ത മനസ്സിൽ നൊമ്പരം ഉണ്ടാക്കുന്നു .
ഡീഗോ... എങ്ങനെ മറക്കും ആ ചരിത്ര ഗോൾ!
മുബീ...അതെ, എല്ലാവരും മറഡോണയെ ഓർക്കുന്നത് ആ ഗോളിലൂടെ തന്നെ.
കാൽ പന്തിന്റെ ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രാജകുമാരൻ
മുരളിയേട്ടാ... അന്ന് ടെലിവിഷൻ അത്ര പ്രചാരത്തിൽ ഇല്ലാത്തതിനാലും സോഷ്യൽ മീഡിയ ഇല്ലാത്തതിനാലും കാണാതെ പോയ എത്ര എത്ര പ്രകടനങ്ങൾ ഉണ്ടാകും. ഈ വിയോഗം ഫുട്ബാളിന് ഒരു തീരാനഷ്ടം തന്നെ
അതേ ... ഈ വിയോഗം ഫുട്ബോൾ ലോകത്തിനു തീരാനഷ്ടം തന്നെ ... മാഷിന് ഫുട് ബോൾ കളിയോടുള്ള കമ്പം ...അദ്ദേഹത്തോടുള്ള ആരാധന ... ഒക്കെയും ഈ വാക്കുകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നു . ഓർമ്മക്കുറി പ്പ് നന്നായി പകർത്തി . ആശംസകൾ ...
Geethaji...ഇന്ന് മെസ്സിയുടെയും റൊണാൾഡോയുടെയും കളി കാണുന്ന സൗകര്യം അന്നില്ലാതെ പോയതിനാൽ നഷ്ടമായ നേരനുഭവങ്ങൾ ഈ നഷ്ടത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.
Post a Comment
നന്ദി....വീണ്ടും വരിക