ചില സുഹൃദ് ബന്ധത്തിന്റെ ആഴവും പരപ്പും നമ്മുടെ കണക്കുകൂട്ടലിന്റെ പരിധിക്കപ്പുറം വ്യാപിച്ചു കിടക്കുന്നത് പലപ്പോഴും നമ്മൾ തന്നെ തിരിച്ചറിയാറില്ല.ഏതോ കാലത്ത് ഒരുമിച്ച് പഠിച്ചു അല്ലെങ്കിൽ ഒരുമിച്ച് ജോലി ചെയ്തു എന്നതിനാൽ ആലുവ മണൽപ്പുറത്ത് നിന്ന് കണ്ടാലും ഒന്ന് പുഞ്ചിരിക്കുക എന്നതിൽ കവിഞ്ഞ പ്രകടനങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല. എന്നാൽ എന്റെ ചില സൗഹൃദങ്ങളുടെ ആഴം ഞാൻ പലപ്പോഴും ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തൃശൂർ സന്ദർശന വേളയിൽ ഫൗസിയയെയും ഷിലുവിനെയും കണ്ടുമുട്ടിയത് ഇവിടെ പറഞ്ഞിരുന്നു.
രണ്ടാമത്തെ മകൾ ലുവക്ക് CUSAT അഡ്മിഷൻ പരീക്ഷ എഴുതാനായി ഒരിക്കൽ കൂടി എനിക്ക് തൃശൂരിൽ എത്തേണ്ടി വന്നു. പിറ്റേ ദിവസം മൂത്തമോൾ ലുലുവിന് തിരുവനന്തപുരത്ത് പരീക്ഷ ഉള്ളതിനാൽ രാത്രി വണ്ടിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ലുവയുടെ പരീക്ഷ നാലരക്ക് കഴിഞ്ഞാൽ പിന്നെ രാത്രി പത്തര വരെ തൃശൂരിൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് എൻ്റെ മനസ്സിലേക്ക് ഓടിക്കയറിയ ഉത്തരങ്ങളായിരുന്നു രാകേഷ്, ഷീജ, ഫൗസിയ,ഷിലു ഷാലിമാർ എന്നീ പേരുകൾ. ഇതിൽ ഷിലുവിന്റെ വീട്ടിൽ കഴിഞ്ഞ തവണ പോയതിനാൽ ബാക്കി മൂന്ന് പേരെയും ഞാൻ തൃശൂരിൽ വരുന്ന വിവരം അറിയിച്ചു. മൂന്ന് പേരും ആതിഥേയത്വം വാഗ്ദാനം ചെയ്തെങ്കിലും നറുക്ക് വീണത് ഫൗസിയക്കായിരുന്നു.
പന്ത്രണ്ടരക്ക് പരീക്ഷക്ക് കയറിയ മകളെയും കാത്ത് നാലര വരെ ഇരിക്കുക എന്ന പണി ഞങ്ങൾ കരുതിയതിനേക്കാളും വലിയ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.കോവിഡ് കാലമായതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളൊന്നും തുറക്കാത്തതും ഞങ്ങളെപ്പോലെ പലരെയും നിരാശരാക്കി. കൃത്യ സമയത്താണ് എന്റെ ആതിഥേയ ഫൗസിയയുടെ ഹസ്ബന്റ് ബഷീർക്ക വിളിച്ചതും ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയതും.
അൽപ സമയത്തിനകം തന്നെ ഞാൻ ഇതുവരെ കാണാത്ത എന്നെ ഇതുവരെ കാണാത്ത, ഫൗസിയയുടെ മകൻ ആഷിഖ് കാറുമായി ഞങ്ങളെത്തേടി എത്തി. കൂർക്കഞ്ചേരിക്കടുത്ത് ചീയാരം എന്ന സ്ഥലത്ത് ഒരു കുടുംബം മുഴുവൻ ഞങ്ങളെയും കാത്തിരിക്കുകയായിരുന്നു.മനസ്സ് നിറയാൻ ഇനി എന്ത് വേണം? ഭക്ഷണം കഴിച്ച് ഞാൻ അൽപ നേരം ഒന്ന് മയങ്ങുകയും ചെയ്തു. വൈകുന്നേരം ലുവയെ കൂട്ടാൻ ബഷീർക്കയും മകൻ അസീമും ഞാനും വീണ്ടും വെസ്റ്റ് ഫോർട്ട് ജംഗ്ഷനിൽ പോയി, അവളെയും കൂട്ടി ചീയാരത്ത് തന്നെ തിരിച്ചെത്തി.
രാത്രി യാത്ര ചെയ്യാനുള്ളതാണെങ്കിലും വിഭവ സമൃദ്ധമായ ഭക്ഷണം തന്നെയായിരുന്നു ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. മേമ്പൊടിയായി ഫൗസിയ സ്പെഷ്യൽ പുഡ്ഡിംഗും ആയതോടെ വയറും നിറഞ്ഞു. സന്ദർശനത്തിന്റെ ഓർമ്മക്കായും പത്താം ക്ലാസ് ഫുൾ എ പ്ലസ്സോടെ പാസ്സായ അയിശക്കുള്ള സമ്മാനമായും 'അമ്മാവന്റെ കൂളിങ് എഫക്ട്' ഞാൻ അവർക്ക് നൽകി. രാത്രി പത്തരക്കുള്ള ട്രെയിനിൽ ഞങ്ങളെ കയറ്റി വിടാനായി ആഷിഖും അയിഷയും റെയിൽസ്റ്റേഷൻ വരെ കാറിൽ ഞങ്ങളെ എത്തിച്ചു തരികയും ചെയ്തു.
പ്രിയരേ, സൗഹൃദം ഒരു പൂമരമാണ്. കാലം കഴിയുന്തോറും പൂത്തുലയുന്ന ഒരു പൂമരം.അതിനെ ഇനിയും പുഷ്പിക്കാൻ അനുവദിക്കുക. മനസ്സ് സന്തോഷം കൊണ്ട് നിറയും , തീർച്ച.
6 comments:
സൗഹൃദം ഒരു പൂമരമാണ്
Great 👍
Thanks Abdurahman
നല്ല സൗഹൃദങ്ങൾ ശരിക്കും പൂമരം തന്നെ . ആശംസകൾ മാഷേ
ഏവരുടെയും ജീവിതത്തിൽ
എളുപ്പത്തിൽ നേടാവുന്ന ഒന്നാണ്
സൗഹൃദ സമ്പാദ്യം ...😍
വലിയ മുതൽ മുടക്കുകളൊന്നും
ഇല്ലാതെ തന്നെ ആർക്കും വെട്ടിപ്പിടിക്കാവുന്ന,
ഒട്ടും മാനസിക സമ്മർദ്ദമില്ലാതെ ,നഷ്ടത്തിൽ കലാശിക്കാതെ
സൂക്ഷിച്ചു വെക്കാവുന്ന ഒരു സമ്പാദ്യമാണത്... ✨️
Geethaji... Thanks
മുരളിയേട്ടാ... അതെ, മുതൽ മുടക്കില്ലാതെ സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്ന് ....അതാണ് സൗഹൃദം
Post a Comment
നന്ദി....വീണ്ടും വരിക