പലരുടെയും കലാലയ ഓർമ്മകളിൽ എന്നും ലൈബ്രറിക്ക് ഒരു സ്ഥാനമുണ്ടായിരിക്കും. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ പണം കൊടുത്ത് വാങ്ങാൻ പറ്റാത്ത വിദ്യാർത്ഥി കാലഘട്ടത്തിൽ അവ വായിക്കാനും ആസ്വദിക്കാനും അവസരം തരുന്നത് അവിടെയുള്ള ലൈബ്രറികളാണ്. പുസ്തകങ്ങൾ വായിക്കാറുണ്ട് എന്ന് ' ചിലരെ ' ധരിപ്പിക്കാനും പലപ്പോഴും കലാലയങ്ങളിലെ ലൈബ്രറികൾ ഉപയോഗപ്പെടുത്താറുണ്ട്. പല പ്രണയങ്ങളും മൊട്ടിടുന്നതും പുഷ്പിക്കുന്നതും ഒരു ലൈബ്രറി പശ്ചാത്തലത്തിലായിരിക്കും.
പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് PSMO കോളേജിലെ ലൈബ്രറിയിൽ ഞാൻ അംഗത്വമെടുത്തിരുന്നെങ്കിലും അവിടെ പോയിരുന്നതായോ പുസ്തകം എടുത്തതായോ എന്റെ ഓർമ്മയിൽ ഇല്ല. നാട്ടിലെ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കെട്ട് കണക്കിന് എടുത്ത് വീട്ടിൽ കൊണ്ടുപോയി വായിച്ചിരുന്ന കാലമായിട്ട് പോലും PSMO ലൈബ്രറി എന്നെ ആകർഷിക്കാതിരിക്കാൻ കാരണം എന്തായിരുന്നുവെന്ന് ഇന്ന് വ്യക്തമല്ല.പക്ഷെ, തിരിഞ്ഞ് നോക്കുമ്പോൾ, ആ ഇടുങ്ങിയ മുറിയും അവിടെ ഇരിക്കുന്ന ഒരു വയസ്സൻ കോലവും ആയിരുന്നു അതിന് കാരണമെന്ന് ഓർമ്മയുടെ കോണിൽ എവിടെയോ തെളിയുന്നു.
ഡിഗ്രിക്ക് ഫാറൂഖ് കോളേജിൽ ചേർന്നപ്പോഴാണ്, ലൈബ്രറി എന്ത് കൊണ്ട് ഒരു പ്രണയാതുര കേന്ദ്രമാകുന്നു എന്ന് മനസ്സിലായത്.ലൈബ്രറിക്കകത്ത് സല്ലാപം അനുവദനീയമല്ലെങ്കിലും കണ്ണുകളാൽ അർച്ചനയും മൗനങ്ങളാൽ കീർത്തനവും സുന്ദരമായി നടക്കും. എല്ലാമെല്ലാം അറിയുന്നത് അവിടെയുള്ള പുസ്തക അലമാരകൾ മാത്രവും.ആ ലൈബ്രറിയുടെ അകത്ത് അൽപ സമയം ഇരുന്നാൽ തന്നെ നമ്മൾ പലതിനോടുമൊപ്പം പുസ്തകത്തെയും അറിയാതെ സ്നേഹിച്ച് പോകും. ഇങ്ങനെ പ്രഥമ ദൃഷ്ടിയിൽ തന്നെ ആകർഷിക്കാൻ സാധിക്കുന്നതായിരിക്കണം കലാലയങ്ങളിലെ ലൈബ്രറികൾ.
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ പി ജി ഫസ്റ്റ് ഇയറിന് പഠിക്കുമ്പോൾ സമയം തികയാത്തതിനാൽ ലൈബ്രറിയിലേക്ക് പോകാറില്ലായിരുന്നു.മാത്രമല്ല അതിനകത്ത് ഇരിക്കുന്നത് 'അല്ലാഹു' ആണെന്നായിരുന്നു കാമ്പസിലെ സംസാരം.കുട്ടികൾ അസിസ്റ്റന്റ് ലൈബ്രേറിയന് ഇട്ട പേരായിരുന്നു 'അല്ലാഹു'.ഏതോ ഒരു കുട്ടി എന്തോ ആവശ്യത്തിന് ലൈബ്രറിയിൽ വന്ന ദിവസം അസിസ്റ്റന്റ് ലൈബ്രേറിയൻ ഒറ്റക്കായിരുന്നു ഉണ്ടായിരുന്നത്.ആവശ്യങ്ങൾ നിറവേറി കിട്ടാൻ സമയദൈർഘ്യം എടുത്തപ്പോൾ കുട്ടി ചൂടായി. ആ സമയം നിസ്സഹായനായ ലൈബ്രേറിയൻ 'ഞാൻ ഏകനാണ്' എന്ന് പറഞ്ഞു.പിറ്റേന്ന് മുതൽ ആ ലൈബ്രേറിയൻ 'അല്ലാഹു' എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് ഞാൻ കേട്ട കഥ.ഈ 'അല്ലാഹു'വിനെ പള്ളിയിൽ നിന്നും കാണാറുണ്ടായിരുന്നു എന്നല്ലാതെ എനിക്ക് ഒരു പരിചയവും ഇല്ല.ഒറിജിനൽ ലൈബ്രേറിയൻ ആയിരുന്ന റഷീദ്ക്ക പി ജി ഹോസ്റ്റലിലെ അന്തേവാസി ആയിരുന്നു.
പി ജി രണ്ടാം വർഷം പൂർത്തിയാക്കിയത് പൊന്നാനി എം.ഇ.എസ് കോളേജിൽ നിന്നായിരുന്നു. അവിടെയും ഞാൻ, ന്യൂട്ടനും ഐൻസ്റ്റീനും മറ്റും കണ്ടുപിടിച്ച ഫിസിക്സിലെ കടുകട്ടി പദങ്ങളോടും കണക്കുകളോടും അതനുസരിച്ച് ആരൊക്കെയോ ഉണ്ടാക്കിയ ഉപകരണങ്ങളോടും മല്ലിട്ട്, ഫിസിക്സിൽ മാസ്റ്റർ ഡിഗ്രി എടുക്കാൻ യുദ്ധം ചെയ്യുന്ന കാലഘട്ടമായതിനാൽ ലൈബ്രറി എന്നതൊക്കെ ബോധമണ്ഠലത്തിന്റെ പാതാളത്തിലായിരുന്നു.
പി ജിക്ക് ശേഷം പിന്നീട് കോളേജിൽ കാല് കുത്തുന്നത് കോളേജ് ജീവനക്കാരനായിട്ടാണ്. ആദ്യം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാടും ശേഷം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടും മാറി മാറി പതിനേഴ് വർഷം ജോലി ചെയ്തു. ഈ രണ്ട് കോളേജിലും വമ്പൻ ലൈബ്രറികൾ ഉണ്ടെങ്കിലും ഉയരവും വണ്ണവും കൂടിയ ടെക്നിക്കൽ പുസ്തകങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.വയനാട്ടിൽ പത്രം വായിക്കാൻ മാത്രമായിരുന്നു എന്റെ ലൈബ്രറി സന്ദർശനം. കോഴിക്കോട് കോളേജിലെ ലൈബ്രറി, കാമ്പസിന്റെ ഓണം കേറാ മൂലയിൽ ആയിരുന്നതിനാൽ അപൂർവ്വമായേ ഞാൻ അവിടെ പോകാറുള്ളൂ. അതും നെറ്റ് വർക്ക് തകരാറുണ്ടെങ്കിൽ അത് പരിഹരിക്കാനായിരുന്നു പോയിരുന്നത്.
2021 ൽ സ്ഥലം മാറ്റം ലഭിച്ചത് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്ടേക്കാണ്. ജോയിൻ ചെയ്ത ദിവസം തന്നെ കോളേജ് ലൈബ്രറി സന്ദർശിക്കാനും ഇടയായി. ടെക്നിക്കൽ പുസ്തകങ്ങൾക്ക് പുറമെ ജനറൽ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ് എന്ന വാർത്ത എന്നെ സന്തോഷിപ്പിച്ചു.ഈ കോളേജിൽ എനിക്ക് ഇരിക്കാൻ ലഭിച്ച കാബിൻ, ലൈബ്രറിയുടെ രണ്ട് റൂം മാത്രം അപ്പുറവും ആയതിനാൽ ഞാനും ലൈബ്രറിയും തമ്മിൽ ഒരു അയോണിക് ബോണ്ട് പെട്ടെന്ന് തന്നെ രൂപപ്പെട്ടു. അങ്ങനെ അംഗത്വ ഫോർമാലിറ്റികൾ പൂർത്തിയാക്കി ആദ്യമായി ഞാൻ ഒരു എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറിയിലെ അംഗമായി.ആദ്യമായി എടുത്ത പുസ്തകം സിനിമാ നടൻ മുകേഷ് എഴുതിയ 'മുകേഷ് കഥകൾ' ആയിരുന്നു.അതിന്റെ വായനാനുഭവം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം
1 comments:
ലൈബ്രറിക്കകത്ത് സല്ലാപം അനുവദനീയമല്ലെങ്കിലും കണ്ണുകളാൽ അർച്ചനയും മൗനങ്ങളാൽ കീർത്തനവും സുന്ദരമായി നടക്കും.
Post a Comment
നന്ദി....വീണ്ടും വരിക