രണ്ട് വർഷം മുമ്പ് രൂപീകരിച്ച ഞങ്ങളുടെ പത്താം ക്ലാസ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു നെല്ലിയാമ്പതിയിലേക്കുള്ള എൻറെ രണ്ടാമത് യാത്ര.നാട്ടിൽ നിന്നുള്ള ദൂരവും മറ്റും നേരത്തെ പരിചയം ഉള്ളതിനാൽ പുലർച്ചെ നാല് മണിക്ക് തന്നെ ഞങ്ങൾ പുറപ്പെട്ടു. അരുണന്റെ തങ്കോദയത്തിൽ നെല്ലിയാമ്പതി മലനിരകളിലെ മഞ്ഞ് വഴിമാറുന്ന കാഴ്ച്ച ആസ്വദിക്കാനും തിരക്കേറുന്നതിന് മുമ്പേ മലമുകളിൽ എത്താനും ആയിരുന്നു ഇത്രയും നേരത്തെ പുറപ്പെട്ടത്.
ദോശക്കും വടക്കും പേരുകേട്ട പാലക്കാട്ട് വച്ച് കഴിക്കുന്ന പ്രാതൽ അത് തന്നെയാകട്ടെ എന്ന് ഞങ്ങൾ എല്ലാവരും ഐക്യകണ്ഠേന തീരുമാനിച്ചു.കാരണം ഞായറാഴ്ച ആയതിനാൽ മിക്ക ഹോട്ടലുകളും അവധിയിലായിരുന്നു. അവിടെയും ഇവിടെയും തുറന്ന് വച്ചിരിക്കുന്ന നാടൻ മക്കാനികളിലെ ചില്ലു കൂട്ടിലിരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നത് ഇഡ്ലിയും വടയും മാത്രവും. പിട്ടു പീടികയിൽ നിന്നും ഇടത്തോട്ടുള്ള റോഡിലേക്ക് കയറുന്നത് വരെ പ്രതീക്ഷ ഞങ്ങളെ നയിച്ചു. അവസാനം വഴി വക്കിൽ കണ്ട ഒരു "വീട്ടലി'ൽ (വീട് + ഹോട്ടൽ) കയറി ദോശയും ഇഡ്ലിയും വടയും എല്ലാം കൂടി തട്ടിയപ്പോഴാണ് ആമാശയത്തിന് സമാധാനം കിട്ടിയത്.
പാലക്കാടൻ ഗ്രാമങ്ങളുടെ ഭംഗി, വയലുകളിൽ തല ഉയർത്തി നിൽക്കുന്ന നെൽച്ചെടികളും അവക്കിടയിൽ അവിടവിടെ നെഞ്ച് വിടർത്തി നിൽക്കുന്ന കരിമ്പനകളും അതിനിടയിലൂടെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന നടവഴികളും ആണ്.റോഡിന്റെ ഇരുഭാഗത്തും സ്വർണ്ണ നിറത്തിൽ വിളഞ്ഞ് നിൽക്കുന്ന നെൽപ്പാടങ്ങൾ മനോഹരമായ കാഴ്ച തന്നെയാണ്.ഒന്നിറങ്ങി നെൽക്കതിർ മണം വീശുന്ന കാറ്റേറ്റ് നടക്കാൻ ആശ തോന്നിയെങ്കിലും സംഗതി നടന്നില്ല.പോകുന്ന വഴിയേ കണ്ട പോത്തുണ്ടി ഡാമിനും തൽക്കാലം റ്റാറ്റാ പറഞ്ഞു വിട്ടു.അല്പം കൂടി മുന്നിലേക്ക് നീങ്ങിയപ്പോൾ ചെക്ക് പോസ്റ്റിൽ വണ്ടി നിർത്തി .മല കയറുന്ന എല്ലാവരുടെയും പേരും ഊരും അവിടെ രേഖപ്പെടുത്തി.മൂന്ന് മണിക്കകം തിരിച്ചിറങ്ങണം എന്ന വാണിംഗിന് "ഉം" എന്ന് മൂളിക്കൊടുത്തു.
പോത്തുണ്ടിയില്‍ നിന്നും നെല്ലിയാമ്പതി വരെ 22 കിലോമീറ്റര്‍ ദൂരമുണ്ട്. വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോകുന്ന വഴിയിൽ പത്ത് ഹെയർപിൻ വളവുകൾ ഉണ്ട് എന്ന് പറയപ്പെടുന്നു (പുറംകാഴ്ചകൾ ആസ്വദിക്കുന്നതിനിടക്ക് ഞാനത് അറിഞ്ഞതേയില്ല) . റോഡ് വളരെ ഇടുങ്ങിയതുമാണ്. മൺസൂൺ കാല യാത്രയിൽ നിരവധി വെള്ളച്ചാട്ടങ്ങൾ വഴിയിൽ കാണാം.കല്ലും മണ്ണും ഏത് സമയത്തും ഉരുണ്ട് വരാം എന്നതിനാൽ മഴക്കാലത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയുള്ള കുളി അത്ര നല്ലതല്ല.
സമുദ്ര നിരപ്പില്‍ നിന്ന് 500 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തിലാണ് നെല്ലിയാമ്പതി മലനിരകൾ സ്ഥിതി ചെയ്യുന്നത്. താഴ്വാരത്തെ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന പല വ്യൂ പോയിന്റുകളും ഇടക്കിടക്ക് ഉണ്ട്. പാലക്കാട് ജില്ലയുടെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ നിന്നെല്ലാം ആസ്വദിക്കാം. നേരത്തെ എത്തിയതിനാൽ ഞങ്ങൾക്ക് ആവശ്യത്തിന് സമയം ലഭിച്ചു. അതിനാൽ തന്നെ ഞങ്ങൾ അവയെല്ലാം ആസ്വദിച്ച് തന്നെ മല കയറി.
(തുടരും...)
3 comments:
നെല്ലിയാമ്പതിയിലേക്കുള്ള എൻറെ രണ്ടാമത് യാത്ര
ഇപ്പോൾ പണ്ടത്തത്ര നാരങ്ങയില്ലെന്ന് പറയുന്നത് ശരിയാണോ ഭായ് ?
മുരളിയേട്ടാ...നാരങ്ങ കാണാൻ പറ്റിയില്ല.പേരക്ക ഇഷ്ടം പോലെയുണ്ട്.
Post a Comment
നന്ദി....വീണ്ടും വരിക