മലയാള സാഹിത്യലോകത്ത് നിരവധി നക്ഷത്രങ്ങൾ ഉദിച്ചസ്തമിച്ചിട്ടുണ്ട്. ഇന്നും അവരുടെ കൃതികൾ പലതും വായനക്കാർ നെഞ്ചോട് ചേർത്ത് പിടിക്കുന്നുണ്ട്.ജീവിതത്തിൻറെ കയ്പ്പും മധുരവും അനുഭവിച്ചവരുടെ കഥകൾ പറഞ്ഞും കവിതകൾ രചിച്ചും ആണ് അവർ വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ചത്.സാഹിത്യത്തറവാട്ടിലെ ഈ കാരണവന്മാർക്കിടയിൽ പിള്ളേർക്ക് സ്ഥാനം കിട്ടാതിരുന്ന ഒരു കാലത്താണ്, ബ്ലോഗെഴുത്തിലൂടെ നിരവധി പ്രതിഭകൾ തങ്ങളുടെ രചനകൾ വായനക്കാർക്ക് മുന്നിൽ നിരത്തിയത്.അവയിൽ പലതും പുസ്തകങ്ങളായി പിന്നീട് പ്രസിദ്ധീകരിച്ചു. 2006 മുതലാണ് 'ബൂലോകം' എന്ന പേരിൽ മലയാളത്തിൽ ബ്ലോഗെഴുത്ത് സജീവമായത്.യാദൃശ്ചികമായി ഞാനും അന്ന് ആ ബൂലോകത്ത് എത്തിപ്പെട്ടു.
'മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ' എന്ന എൻറെ ബ്ലോഗിൽ 2006 ഒക്ടോബർ 12ന് പത്താമത്തെ പോസ്റ്റായി ഇട്ട 'സൈനബക്കുള്ള നെല്ലിക്കകള്' എന്ന തികച്ചും സാങ്കൽപ്പികമായ ഒരു കഥയാണ് പിന്നീട് 'ഓത്തുപള്ളി'യായി വികാസം പ്രാപിച്ചത്.തനി ഏറനാടൻ ഭാഷാ ശൈലിയിൽ എഴുതിയ പ്രസ്തുത കഥ വികസിക്കുന്തോറും വായനക്കാരുടെ പ്രോത്സാഹനവും കൂടി വന്നു.തുടർന്നും എഴുതാൻ പ്രചോദനം തന്നതും മലയാളത്തിലെ ഈ ബ്ലോഗ് സുഹൃത്തുക്കളും വായനക്കാരുമാണ്.'ഓത്തുപള്ളി'യുടെ പരിണാമത്തിൽ പങ്ക് വഹിച്ച എൻറെ കുടുംബാംഗങ്ങളടക്കമുള്ള എല്ലാ വായനക്കാർക്കും നന്ദി അർപ്പിക്കുന്നു.
ഒരു നേരമ്പോക്കിനായി എഴുതിത്തുടങ്ങിയ കഥകൾ പേരക്ക നോവൽ മത്സരത്തിലൂടെ പുസ്തകമായി പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുത്തപ്പോൾ ഏറെ അഭിമാനം തോന്നി.മലയാളത്തിൻറെ എഴുത്തു വഴിയിലേക്ക് എന്നെ കൈ പിടിച്ചെത്തിച്ച അന്തരിച്ച് പോയ എൻറെ ബാപ്പയെയും എനിക്ക് എന്നും പ്രചോദനം തന്ന ഉമ്മയെയും എൻറെ സൃഷ്ടികളുടെ ആദ്യ വായനക്കാരായ ഭാര്യയേയും മക്കളെയും ഒപ്പം എൻറെ മലയാള അദ്ധ്യാപകൻ രവീന്ദ്രൻ മാസ്റ്ററെയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു.
ഏറനാടിന്റെ തനത് വാമൊഴിയിലൂടെ പുരോഗമിക്കുന്ന നോവലിന് അവതാരിക എഴുതാൻ ഞാൻ ആദ്യമേ മനസ്സിൽ കണ്ടിരുന്നത് എൻറെ കലാലയത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്ന ഹാഫിസ് മുഹമ്മദ് സാറിനെയാണ്.അദ്ദേഹത്തിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത് സാറിൻറെ പ്രിയ ശിഷ്യനും എൻറെ ബന്ധുവുമായ ജമാൽ തറവട്ടത്തും സാറിനെ കാണാൻ സൗകര്യമൊരുക്കിയത് കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് രജിസ്ട്രാർ ആയ അബ്ദുൽ റഷീദ് പി.കെയും ആയിരുന്നു.അവരിരുവർക്കും, പുതിയ എഴുത്തുകാരെ എന്നും പ്രോത്സാഹിപ്പിച്ചുകൊണ്ട് കൃത്യ സമയത്ത് അവതാരിക എഴുത്തിത്തന്ന ഹാഫിസ് മുഹമ്മദ് സാറിനും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.ഒപ്പം ഈ പുസ്തകം വായനക്കാർക്ക് മുന്നിലെത്തിച്ച പേരക്ക ബുക്സിനും നന്ദി.
പുസ്തകങ്ങളിൽ "ഓത്തുപള്ളി
" മാത്രം ആവശ്യമുള്ളവർ 160 രൂപയും രണ്ട് പുസ്തകങ്ങളും ആവശ്യമുള്ളവർ 240
രൂപയും 9447842699 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്ത് തപാൽ വിലാസം
അറിയിക്കാൻ താത്പര്യപ്പെടുന്നു.
1 comments:
പുസ്തകങ്ങളിൽ "ഓത്തുപള്ളി " മാത്രം ആവശ്യമുള്ളവർ 160 രൂപയും രണ്ട് പുസ്തകങ്ങളും ആവശ്യമുള്ളവർ 240 രൂപയും 9447842699 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്ത് തപാൽ വിലാസം അറിയിക്കാൻ താത്പര്യപ്പെടുന്നു.
Post a Comment
നന്ദി....വീണ്ടും വരിക