Pages

Tuesday, November 01, 2022

പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ

മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഭാഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ഭാഷകൾ ഉടലെടുത്തത് ഈ ആശയവിനിമയം എളുപ്പമാക്കാൻ വേണ്ടിയാണ്. ഒരു ഭൂവിഭാഗത്തിലുള്ള ഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന ഭാഷയാണ് ആ പ്രദേശത്തെ മാതൃഭാഷയാകുന്നത്. കേരളത്തിൽ താമസിക്കുന്ന നമ്മുടെ മാതൃഭാഷ മലയാളമാണ്.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് മലയാള ഭാഷ. ലോകസാഹിത്യത്തിൽ എണ്ണം പറഞ്ഞ നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിൽ പിറവി എടുത്തിട്ടുണ്ട്. പക്ഷെ ഇന്ന് നമ്മുടെ മലയാളത്തിന്റെ അവസ്ഥ അത്ര ആശാവഹമല്ല. വലിയൊരു അപചയം തന്നെ മലയാളത്തിന് സംഭവിച്ചിട്ടുണ്ട്. അധീശ ഭാഷയായ ഇംഗ്ലീഷിന്റെ കടന്നുകയറ്റവും , അതിപ്രസരവും ഒപ്പം നമ്മുടെ ചില അനാവശ്യ ശീലങ്ങളും ആണ് ഈ അപചയത്തിന് കാരണം. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് മലയാള ഭാഷ സമ്പന്നവും സമ്പുഷ്ടവും ആയിരുന്നു.പിഴച്ച ഒരു കാൽവയ്പ്പിലൂടെ നാമത് ഇല്ലാതാക്കി. മാതൃഭാഷയിൽ നടത്തേണ്ട പ്രാഥമിക വിദ്യാഭ്യാസം, ആംഗലേയ ഭാഷയിലേക്ക് മാറ്റിയതായിരുന്നു പിഴച്ച ആ തീരുമാനം.

ഒരു കുഞ്ഞിന്റെ വ്യക്തിത്വ വികാസം സംഭവിക്കുന്നത് പഠനത്തോടൊപ്പം അവന്റെ ചുറ്റുമുള്ള കാര്യങ്ങൾ വീക്ഷിക്കുന്നതിലും കൂടിയാണ്. പുതിയ ഒരു വസ്തുവിനെ കാണുമ്പോൾ അതെന്താണെന്നറിയാനുള്ള ഒരു ജിജ്ഞാസ അവനിൽ ഉയരുന്നു. ആ സമയത്ത് ലഭിക്കുന്ന മുഴുവൻ വിവരങ്ങളും അവന്റെ തലച്ചോറിൽ കൊത്തി വയ്ക്കപ്പെടുന്നു. നിർഭാഗ്യവശാൽ ഇന്ന് ഈ പ്രായത്തിൽ അവന് ലഭിക്കുന്ന മിക്ക പുതിയ പദങ്ങളും ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ളതാണ്. അമ്മിഞ്ഞപ്പാൽ പോലെ മാതൃഭാഷയും ഒരു കുഞ്ഞിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്.

മാതൃഭാഷയിലുള്ള പഠനം സാമൂഹിക പദവിക്കും തൊഴിൽ സാദ്ധ്യതകൾക്കും മങ്ങലേൽപ്പിക്കും എന്നാണ് പലരുടെയും ധാരണ. എന്നാൽ നമ്മുടെ മുൻഗാമികളിൽ പലരും മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടി പ്രഗത്ഭരായവരാണ്. വിവിധ കാര്യങ്ങളെപ്പറ്റി കൂടുതൽ അവഗാഹം നേടാനും വസ്തുനിഷ്ഠപരമായി അപഗ്രഥനം നടത്താനും ചൊട്ടയിൽ തന്നെ മാതൃഭാഷ പഠിക്കണം.കുട്ടിയുടെ ആത്മവിശ്വാസത്തെയും അത് ദൃഢപ്പെടുത്തും എന്നാണ് എന്റെ അഭിപ്രായം. മാതൃഭാഷയിൽ നടത്തുന്ന പരീക്ഷകളിലും അഭിമുഖങ്ങളിലും കുട്ടികൾ ശോഭിക്കാൻ കാരണവും ഈ ആത്മവിശ്വാസത്തിന്റെ കരുത്താണ്.

പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയാണ് , പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നിന്നും അധിനിവേശ ഭാഷയിലേക്ക് മാറ്റാനുള്ള കാരണമായി പലരും പറയുന്നത്. ഒരു പരിധി വരെ അത് ശരിയായിരിക്കാം. പക്ഷെ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ ലഭ്യമാക്കേണ്ടത് ഭാഷയുടെ വികാസത്തിനും കുട്ടികളുടെ ബുദ്ധിപരമായ ഔന്നത്യത്തിനും അനിവാര്യമാണ്. അതിന് അനുയോജ്യമായ നടപടികൾ സ്വയം നടപ്പിൽ വരുത്തുകയേ നിർവ്വാഹമുള്ളൂ.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ !
മർത്ത്യന് പെറ്റമ്മ തൻ ഭാഷതാൻ
മാതാവിൻ വാത്സല്യദുഗ്ദ്ധം നുകർന്നാലേ
പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ.

മഹാകവി വള്ളത്തോളിന്റെ ഈ വരികൾ ഉൾക്കൊള്ളാൻ നമുക്ക് പരിശ്രമിക്കാം.

3 comments:

Areekkodan | അരീക്കോടന്‍ said...

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കോളേജിൽ നടത്തിയ ഹ്രസ്വ ലേഖന മത്സരത്തിനായി തയ്യാറാക്കിയത്.

Dhruvakanth s said...

വളരെ നല്ലൊരു വായനാ അനുഭവം..
മലയാളം അതിമനോഹരമായ ഭാഷയാണ്. നമ്മുടെ വിദ്യാഭ്യാസം മാതൃഭാഷയിൽ തന്നെയാണ് വേണ്ടത്. പക്ഷെ ഇംഗ്ലീഷ് ഭാഷക്കും പ്രാധാന്യം നൽകണമെന്നാണ് എന്റെ ഒരു അഭിപ്രായം. കാരണം നമുക്കൊരു universal acces ലഭിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലൂടെയാണ്. രണ്ടും ഒരുപോലെ കൊണ്ടുപോകാം.... 👏👏👏

Areekkodan | അരീക്കോടന്‍ said...

Dhruvakanth...ശരിയാണ്.പക്ഷെ, പ്രാഥമിക വിദ്യാഭ്യാസത്തിൽ മാതുഭാഷയ്ക്ക് തന്നെയാവണം മുൻ‌തൂക്കം.

Post a Comment

നന്ദി....വീണ്ടും വരിക