Pages

Friday, April 21, 2023

ഈദിന്റെ സന്ദേശം

"....ഈദ് എന്നാൽ മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ്. പെരുന്നാൾ ദിവസം ഒരാളും പട്ടിണി കിടക്കരുത് എന്ന മഹത്തായ ലക്ഷ്യം മുൻ നിർത്തിയാണ് ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഫിത്വർ സകാത്ത് എന്ന കർമ്മം കൂടി നിർവ്വഹിക്കുന്നത്...." മഹല്ല് കമ്മിറ്റിക്ക് വേണ്ടി ബാപ്പ റെക്കോർഡ് ചെയ്യുന്ന ഈദ് സന്ദേശം പതിനഞ്ച് വയസ്സുകാരനായ അബ്ദുല്ല സശ്രദ്ധം കേട്ടിരുന്നു.

"ഉപ്പാ.... നമ്മളെപ്പഴാ പുത്തനുടുപ്പ് വാങ്ങാൻ പോകുന്നത്?" റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ അബ്ദുല്ല ഉപ്പയോട് ചോദിച്ചു.

"ഇന്ന് വൈകിട്ട് തന്നെ പോകാം... പെരുന്നാൾ ഇങ്ങെത്തിയില്ലേ..."

"ങാ..എങ്കിൽ ഞാനൊരു കാര്യം പറയട്ടെ..."

" അവിടെയും ഇവിടെയും ഒക്കെ തൊങ്ങലുള്ള പാന്റ് വേണം എന്നായിരിക്കും..."

"അല്ല .."

"പിന്നെ...?"

"ഇത്തവണ എനിക്ക് ഉടുപ്പ് എടുക്കുമ്പോ നമ്മുടെ അയൽവാസി ദാസനും ഒരു ഉടുപ്പ് വാങ്ങിക്കാമോ?''

"ദാസന് ഉടുപ്പ് വാങ്ങുകയോ ? അവന് പെരുന്നാളില്ലല്ലോ..?"

"ങാ... അവന്റെ അഛൻ മരിച്ചത് കൊണ്ടാ അവന് പെരുന്നാളില്ലാത്തത് എന്ന് അവൻ പറഞ്ഞിരുന്നു..."

"ഹ...ഹ..ഹ.... അതല്ല മോനേ... പെരുന്നാൾ മുസ്ലിംകൾക്കുള്ളതാ... ദാസൻ ഹിന്ദുവാ..."

"അല്ല ഉപ്പാ... കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ പെരുന്നാൾ പോലെ അവർക്കും ഒരു പെരുന്നാൾ ഉണ്ടായിരുന്നു.പടക്കം ഒക്കെ പൊട്ടിക്കുന്ന ...."

"ഓ... വിഷു...''

"ആ... അതെന്നെ... പക്ഷെ ദാസന് അന്ന് പുത്തനുടുപ്പ് വാങ്ങി കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല..."

"പക്ഷെ... നമ്മുടെ പെരുന്നാളിന് ഒരു അമുസ്ലിമിന് പുതുവസ്ത്രം വാങ്ങിക്കൊടുക്കാൻ പറ്റില്ല മോനേ..."

"അതെന്താ ഉപ്പാ? ദാസൻ അമുസ്ലിമായിരിക്കാം... പക്ഷെ, നമ്മളെപ്പോലെ വസ്ത്രം ആവശ്യമുള്ള ഒരു മനുഷ്യൻ തന്നെയല്ലേ ?"

"ആഹാ... നീ എന്നെ പഠിപ്പിക്കാണോ?"

"പഠിപ്പിക്കുകയല്ല.. ഓർമ്മിപ്പിക്കുകയാണ് ... നിമിഷങ്ങൾക്ക് മുമ്പ് ഉപ്പ റെക്കോർഡ് ചെയ്ത ഈദ് സന്ദേശത്തിൽ പറഞ്ഞില്ലേ ....ഈദ് എന്നാൽ മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് എന്ന് ... "
"ആ... അതൊക്കെ നാട്ടുകാർക്ക് വേണ്ടി പറയുന്നതല്ലേ ..."

"അതെ... അങ്ങനെ വായ കൊണ്ട് പറയുകയല്ല വേണ്ടത്... പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണം....അപ്പോഴേ ഈ ദുനിയാവ് നന്നാകൂ.... അതാകട്ടെ ഈ ഈദിന്റെ സന്ദേശം... ദാസന് പുതുവസ്ത്രം ഇല്ലെങ്കിൽ എനിക്കും ഈ പെരുന്നാളിന് പുതു വസ്ത്രം വേണ്ട... "

"ശരി മോനേ... ഈ വർഷത്തെ പെരുന്നാളിന് എന്റെ മോനും ദാസനും ഒരേ പോലെയുള്ള വസ്ത്രമാകട്ടെ സമ്മാനം... വൈകിട്ട് നമുക്ക് ദാസനെയും കൂട്ടി ഷോപ്പിംഗിന് പോകാം.."

ഉപ്പയുടെ മറുപടി കേട്ട് അബ്ദുല്ലയുടെ മുഖത്ത് ഒരു ശവ്വാലമ്പിളിക്കല വിരിഞ്ഞു.

2 comments:

Areekkodan | അരീക്കോടന്‍ said...

ഈദാശംസകൾ

ആനന്ദ് ശ്രീധരം said...

♥️♥️

Post a Comment

നന്ദി....വീണ്ടും വരിക