Pages

Wednesday, June 07, 2023

മഹാബലിപുരത്തെ പാതാളം

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് സ്‌കൂളിൽ നിന്ന് ആദ്യത്തെ മദ്രാസ് ടൂർ പോകുന്നത്.തീവണ്ടി മറിയും എന്ന ഭയത്താലോ അതല്ല മക്കളെ ഒരു ദിവസം പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന കാരണത്താലോ അതുമല്ല തൈര് സാദായും കൂട്ടി സ്വന്തം പൊന്നോമനകൾ അഞ്ച് ദിവസം പുളിച്ച ചോറ് തിന്നേണ്ടി വരും എന്നതിനാലോ എന്നറിയില്ല മിക്ക മാതാപിതാക്കളും കുട്ടികളെ ഈ ടൂറിന് വിട്ടിരുന്നില്ല. എന്നാൽ ഒരാഴ്ചയ്ക്ക് ഈ കുട്ടിച്ചാത്തന്റെ /കുട്ടിച്ചാത്തിയുടെ ശല്യം നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒഴിഞ്ഞു കിട്ടട്ടെ എന്ന് ആഗ്രഹിച്ച് മക്കളെ ടൂറിന് വിട്ട ചില രക്ഷിതാക്കളും ഉണ്ടായിരുന്നു. എന്നെ ഏത് ഗണത്തിൽ പെടുത്തിയാണ് ഈ ടൂറിന് പോകാൻ എൻറെ മാതാപിതാക്കൾ അനുമതി നൽകിയത് എന്ന് എനിക്ക് ഇന്നും അജ്ഞാതമാണ് അനന്തമാണ് അവർണ്ണനീയമാണ്.

ടൂർ ദിനം അടുക്കുന്തോറും മനസ്സിൽ എന്തൊക്കെയോ തുമ്പികളും കിളികളും പറന്നു നടക്കാൻ തുടങ്ങി.മദ്രാസ് ടൂർ എന്ന് മാത്രമേ കുട്ടികളായ ഞങ്ങൾക്ക് അറിയാമായിരുന്നുള്ളൂ.മദ്രാസിൽ എന്തൊക്കെ കാണും എന്നതിനെപ്പറ്റി ഒരു മുൻ ധാരണയും ഉണ്ടായിരുന്നില്ല.മുമ്പ് ആരും അവിടെ പോയ ചരിത്രവും ഇല്ലാത്തതിനാൽ ഒരു റഫറൻസിനും രക്ഷയുണ്ടായിരുന്നില്ല.

"മഹാബലിപുരത്ത് പോകുന്നുണ്ടോ?" ചരിത്ര അദ്ധ്യാപകൻ കൂടിയായിരുന്ന എന്റെ പിതാവ്, ടൂറിന് പോകുന്നതിന് ദിവസങ്ങൾക്ക്  മുമ്പ് എന്നോട് ചോദിച്ചു.

"മഹാബലി നമ്മുടെ നാട്ടിലല്ലേ...? ഞങ്ങൾ പോകുന്നത് തമിഴ്നാട്ടിലേക്കാ..." ചരിത്രാദ്ധ്യാപകന്റെ മകന് ചരിത്രം നന്നായിട്ടറിയാം എന്ന് തെളിയിച്ച് ഞാൻ ബാപ്പയെ തിരുത്തി.

"അതേ, മഹാബലിപുരത്ത് പോകുന്നുണ്ടോ എന്ന് തന്നെ...."  പെരുന്തച്ചന്റെ മകനാകാൻ ഞാൻ നടത്തിയ ശ്രമം ബാപ്പ എട്ടുനിലയിൽ പൊട്ടിച്ചു.

'അപ്പോ നമ്മുടെ മാവേലി പാതാളത്തിലേക്ക് താഴ്ന്ന് പിന്നെ പൊങ്ങിയ നാടാകുമോ ഈ മഹാബലിപുരം ? അങ്ങനെയെങ്കിൽ പാതാളത്തിലേക്കുള്ള ഒരു വഴി ഓർ കുഴി അവിടെ കാണേണ്ടതല്ലേ? ' എന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നു.ഞങ്ങളെ ചരിത്രം പഠിപ്പിക്കുന്ന തോമസ് മാഷ് ടൂറിന് പോരുന്നുണ്ട്.മാഷോട് തന്നെ ചോദിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി.

"നമ്മുടെ ക്ലാസ്സിൽ നിന്ന് ആരൊക്കെയാ മദ്രാസ് ടൂറിനുള്ളത്?" പിറ്റേ ദിവസം ക്ലാസ്സിൽ വന്ന ഉടനെ തോമസ് മാഷ് ചോദിച്ചു.

"യൂസുപ്പ്..." ക്ലാസ്സിലെ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവരിൽ പെട്ട യൂസുഫിന്റെ പേര് എല്ലാവരും കൂടി വിളിച്ച് പറഞ്ഞു. യൂസുഫ് മെല്ലെ എണീറ്റു നിന്ന് ചുറ്റും നോക്കി.ഉടനെ ഞാനും എണീറ്റു നിന്നു.

"അതെയ്..., ടൂർ പോകുന്നത് സ്ഥലം കാണാൻ മാത്രമല്ല, അവിടെ ഉറങ്ങിക്കിടക്കുന്ന ചരിത്രം കൂടി പഠിക്കാനാ..." യൂസുഫിന്റെ മുഖത്തേക്ക് നോക്കി തോമസ് മാഷ് പറഞ്ഞു.പക്ഷെ യൂസുഫ് കേട്ടത് മറ്റെന്തോ ആയിരുന്നു.

"ഇല്ല സേർ, ഞാൻ അതിനെ ഉണർത്താതെ ശ്രദ്ധിയ്ക്കാം..." യൂസുഫിന്റെ മറുപടി കേട്ട് ക്ലാസ് പൊട്ടിച്ചിരിയിൽ മുങ്ങി.അപ്പോഴാണ് ബാപ്പ എന്നോട് ചോദിച്ച ചോദ്യം എന്റെ മനസ്സിൽ നിന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റത്.

"സാർ... നമുക്ക് മഹാബലിപുരത്തെ പാതാളം കാണാൻ പറ്റുമോ?" എന്റെ ചരിത്ര കൗതുകം ഒരു ഗമണ്ടൻ ചോദ്യമായി തോമസ് മാഷിന്റെ നേരെ ചീറിപ്പാഞ്ഞു.

"മഹാബലിപുരത്തെ പാതാളമോ? അതാരാ പറഞ്ഞത്?" ഇതുവരെ കേൾക്കാത്ത പാതാളത്തെപ്പറ്റിയുള്ള  എന്റെ ചോദ്യം തോമസ് മാഷേയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

'ങേ! അങ്ങനെയൊന്ന് ഇല്ലേ? ഇതിപ്പോ ഇനി ആരുടെ തലയിലേക്കാ വച്ച് കൊടുക്കുക?' ഒരു നിമിഷം ഞാൻ ആലോചിച്ചു. പെട്ടെന്ന് എനിക്ക് തന്നെ ഒരു ബുദ്ധി തോന്നി.

"സർവ്വവിജ്ഞാന കോശം വാല്യം 8 പേജ് 612 ൽ പറയുന്ന പാതാളം...." സർവ്വ വിജ്ഞാനകോശങ്ങളുടെ പത്ത് വാല്യങ്ങൾ വീട്ടിലുള്ളതും ബാപ്പ ഇടക്കിടെ അവ വായിക്കുന്നതും കണ്ടതിനാൽ  ഞാൻ വെറുതെയങ്ങ് തട്ടി വിട്ടു.

"തൊട്ടടുത്ത പേജിൽ ആ പാതാളം തൂർന്ന് പോയതായി പറയുന്നുണ്ടല്ലോ?" ഒരു ചെറു പുഞ്ചിരിയോടെ തോമസ് മാഷ് എന്നെ കടത്തി വെട്ടി ഒരു കതിന തന്നെ പൊട്ടിച്ചു. ഞാൻ അതോടെ നിശബ്ദനായി.

ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ യാത്ര ആരംഭിച്ചു.കോഴിക്കോട് വരെ ബസ്സിലും അവിടെ നിന്ന് ട്രെയിനിലുമായിരുന്നു യാത്ര. ആദ്യമായിട്ട് ട്രെയിനിൽ കയറുന്നതിന്റെ കൗതുകം പലരും പലവിധത്തിലും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.പക്ഷെ എന്റെ മനസ്സിൽ നിറഞ്ഞത് മാവേലിയുടെ മഹാബലിപുരവും മാവേലി നാടുവിട്ടെത്തിയ പാതാളവും കാണാനുള്ള തിടുക്കമായിരുന്നു.

അങ്ങനെ ടൂറിന്റെ മൂന്നാം ദിനത്തിൽ ഞങ്ങൾ മഹാബലിപുരത്തെത്തി. ഒറ്റക്കല്ലിൽ നിർമ്മിച്ച ക്ഷേത്രവും കൊത്തിയെടുത്ത ശില്പങ്ങളുമായിരുന്നു മഹാബലിപുരത്തെ പ്രധാന കാഴ്ചകൾ.അതിനിടക്ക് എവിടെയെങ്കിലും പാതാളത്തിലേക്കുള്ള വഴിയുണ്ടോ എന്ന് ഞാൻ ചികഞ്ഞു നോക്കി.അന്ന് തോമസ് മാഷോട് ചോദിച്ച പോലെ ഇനിയും ഒരബദ്ധം പറ്റാതിരിക്കാൻ പാതാളത്തെപ്പറ്റി ആരോടും ചോദിച്ചില്ല.വൈകുന്നേരം വരെ മഹാബലിപുരത്ത് കറങ്ങിയിട്ടും പാതാളം പോയിട്ട് മാവേലിയുടെ ഒരു ചിത്രം പോലും എവിടെയും കണ്ടില്ല.

ടൂർ കഴിഞ്ഞ് വീട്ടിലെത്തിയ എന്നോട് ബാപ്പ ടൂർ വിശേഷങ്ങളൊക്കെ ചോദിച്ചു.മദ്രാസിൽ കണ്ട കാഴ്ചകളെപ്പറ്റി ഞാൻ ബാപ്പയെ ധരിപ്പിച്ചു.

"പക്ഷേ, പാതാളത്തിലേക്കുള്ള വഴിയുടെ പൊടി പോലും എവിടെയും കണ്ടില്ല" മഹാബലിപുരത്തെപ്പറ്റി ബാപ്പ ഇങ്ങോട്ട് ചോദിക്കുന്നതിന് മുമ്പേ ഞാൻ അങ്ങോട്ട് വെടിവച്ചു.

"പാതാളമോ?" ബാപ്പയുടെ ചോദ്യം എന്നെ വീണ്ടും അങ്കലാപ്പിലാക്കി.

"മഹാബലി...മാവേലി...പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്...." ഞാൻ നിന്ന് പരുങ്ങി.

"മോനേ...ആ മഹാബലി വേറെ... ഇത് മാമ്മല്ലപുരം എന്ന മഹാബലിപുരം... പല്ലവരാജവംശത്തിലെ രാജാവായിരുന്ന  മാമല്ലന്റെ പേരിൽ അറിയപ്പെട്ടിരുന്ന മാമ്മല്ലപുരം എന്ന നഗരമാണ് പിന്നീട് പേരുമാറ്റി മഹാബലിപുരമായത്." പുഞ്ചിരിച്ചുകൊണ്ട് ബാപ്പ പറഞ്ഞു. 

"ങാ.." ബാപ്പ പറഞ്ഞത് മൂളിക്കേൾക്കുമ്പോൾ, ആ പേര് മാറ്റിയവന്റെ മൊട്ടത്തലയിൽ കല്ല് മഴ പെയ്യട്ടെ എന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നത്.

1 comments:

Areekkodan | അരീക്കോടന്‍ said...

ചില അമളികൾ ഇപ്പോൾ ഓർക്കുന്നത് രസകരമാണ്....

Post a Comment

നന്ദി....വീണ്ടും വരിക