അക്കാലത്ത് പല വീടുകളിലെയും പ്രധാന വരുമാന മാർഗ്ഗം കാർഷിക ഉൽപന്നങ്ങളായിരുന്നു. അടക്ക,കശുവണ്ടി,കുരുമുളക് എന്നിവ അൽപ സ്വല്പം ഉണ്ടാക്കുന്നവർ മറ്റേതെങ്കിലും തോട്ടങ്ങൾ കൂടി പാട്ടത്തിന് എടുക്കുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നു. തോട്ടത്തിലെ ഒരു വർഷത്തെ വിളയ്ക്ക് ഒരു മതിപ്പു വില കണക്കാക്കി വാങ്ങുന്ന രീതിയാണ് പാട്ടം.കുരുമുളകിന്റെയും കശുവണ്ടിയുടെയും പാട്ടം കാലാവസ്ഥക്കനുസരിച്ച് ലാഭവും നഷ്ടവും സംഭവിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. എങ്കിലും പാട്ടത്തിനെടുക്കുന്നവർ അത് എല്ലാ വർഷവും തുടർന്ന് കൊണ്ടിരിക്കും.എന്റെ പിതാവും കുരുമുളക് പാട്ടത്തിന് എടുക്കാറുണ്ടായിരുന്നു.
കുരുമുളക് ഉണക്കിയാൽ അത് ദീർഘകാലം സൂക്ഷിച്ചു വയ്ക്കാം. അതിനാൽ നല്ല വില കിട്ടുന്ന സമയം നോക്കി അത് വിറ്റഴിക്കാനും പറ്റും.ഇങ്ങനെ എന്റെ വീട്ടിൽ വിൽക്കാനായി ഉണക്കിവച്ച കുരുമുളക് ചാക്കിലാക്കി വച്ചത് അബു കണ്ടിരുന്നു. ആ ചാക്കിലാണ് നേരത്തെ പഠിപ്പിച്ച് തന്ന സൂത്രം പരീക്ഷിക്കാൻ അവൻ നിർദ്ദേശിച്ചത്. ഒരു കിലോ കുരുമുളക് എടുത്താൽ ചാക്കിന്റെ ഷേപ്പിന് പ്രത്യേകിച്ച് മാറ്റം ഒന്നും സംഭവിക്കില്ലെന്നതിനാൽ ബാപ്പ അറിയില്ലെന്നും അബു പറഞ്ഞു. ഒരു കിലോ കുരുമുളക് വിറ്റാൽ നൂറു രൂപ കിട്ടുമെന്നും ആ പൈസ കൊണ്ട് സിനിമ കാണൽ അടക്കമുള്ള നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അബു പറഞ്ഞു.
അങ്ങനെയിരിക്കെയാണ് അരീക്കോട് ഉപജില്ലാ ശാസ്ത്രമേള അരീക്കോട് ജി.എം.യു.പി സ്കൂളിൽ വച്ച് നടക്കുന്നത് ഞാനറിഞ്ഞത്. അത് കാണാൻ എൻ്റെ മനസ്സിൽ ഒരാഗ്രഹം ഉദിച്ചു.ശാസ്ത്രമേള എന്നൊക്കെ പറഞ്ഞാൽ അല്പം സ്റ്റാൻഡേർഡ് ഉള്ളവർക്കുള്ളതായതിനാൽ അബുവിനെ അതിന് പറ്റില്ല എന്ന് ഞാൻ തന്നെ തീരുമാനിച്ചു.പിന്നെ കൂടെ കൂട്ടാൻ പറ്റുന്നത് കൃഷ്ണൻ ആണ്. അരീക്കോട് എത്തണമെങ്കിൽ തോണി കയറുകയും വേണം. കടവ് കടക്കാനും പിന്നെ ഐസ് വാങ്ങാനും പൈസ വേണം. കൃഷ്ണൻ കൂടി ഉണ്ടെങ്കിൽ കുറച്ചധികം പൈസ വേണം.
അങ്ങനെ അബു പഠിപ്പിച്ച് തന്ന വിദ്യയിലൂടെ കുരുമുളക് ചോർത്താനായി ഞാൻ പരിസര വീക്ഷണം നടത്തി.കുരുമുളക് ചോർത്താൻ ഓടക്കുഴൽ ആയിരുന്നു അവൻ പറഞ്ഞു തന്ന ആയുധം.ചാക്കിൽ കുത്തുമ്പോൾ ഓടക്കുഴലിനുള്ളിലൂടെ വരുന്ന കുരുമുളക് മണികൾ പേപ്പർ കവറിൽ ശേഖരിക്കണം എന്നായിരുന്നു അബുവിന്റെ നിർദ്ദേശം.ഇതിനായി, ഉമ്മ കാണാതെ അടുക്കളയിൽ നിന്ന് ഓടക്കുഴലും തലേ ദിവസം പഞ്ചസാര കൊണ്ട് വന്ന പേപ്പർ കവറും എടുത്ത് ഞാൻ മെല്ലെ അട്ടിയിട്ടിരിക്കുന്ന കുരുമുളക് ചാക്കിനടുത്തെത്തി. ഉമ്മയും വാപ്പയും ആ പരിസരത്തൊന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ ഓടക്കുഴൽ കൊണ്ട് ചാക്കിൽ ഒന്ന് കുത്തി.മോഷണത്തിൽ മുൻ പരിചയം ഇല്ലാത്തതിനാൽ ഓടക്കുഴലിന്റെ അടിയിൽ കവർ വയ്ക്കാൻ ഞാൻ മറന്നുപോയി!!
മുല്ലപ്പെരിയാർ പൊട്ടിയാലെന്ന പോലെ ഓടക്കുഴലിനുള്ളിലൂടെ ഉതിർന്നു വന്ന കുരുമുളക് മണികൾ നേരെ വീണത് നിലത്ത് ആരോ വച്ചിരുന്ന അലൂമിനിയം പാത്രത്തിലേക്കായിരുന്നു.ഉണങ്ങിയ കുടപ്പനയോലയിൽ ആട് കാഷ്ടിക്കുമ്പോഴുണ്ടാകുന്ന ചറ പറ ശബ്ദം പോലെ ഒന്ന് പാത്രത്തിൽ നിന്നുയർന്നു. കുത്തിയ ഓടക്കുഴൽ വലിച്ചെടുക്കാനും ആ വെപ്രാളത്തിൽ ഞാൻ മറന്നുപോയി.
"ട്ടേ.." ശബ്ദം കേട്ട് ഓടിയെത്തിയ വാപ്പയുടെ അടി കൃത്യം കരണക്കുറ്റിയിൽ തന്നെ പതിച്ചു . എൻ്റെ കണ്ണിൽ നിന്നും ഒരായിരം പൊന്നീച്ചകൾ പറന്നുയർന്നു . ഇപ്പോഴും കുരുമുളക് കാണുമ്പോൾ ആ അടിയുടെ ഒരു പെരുപെരുപ്പ് ഞാൻ പിരടിയിൽ അനുഭവിക്കും. മാത്രമല്ല മോഷണം മോശമാണ് എന്ന സന്ദേശം മനസ്സിൽ ഉയരുകയും ചെയ്യും.
1 comments:
ഇപ്പോഴും കുരുമുളക് കാണുമ്പോൾ ആ അടിയുടെ ഒരു പെരുപെരുപ്പ് ഞാൻ പിരടിയിൽ അനുഭവിക്കും.
Post a Comment
നന്ദി....വീണ്ടും വരിക