Part 10: മഞ്ഞ് താഴ് വരയിലേക്ക്
കേബിൾ കാറിൽ നിന്ന് താഴോട്ടു നോക്കുമ്പോൾ ചിലർക്ക് ധൈര്യം ചോർന്ന് പോകും. ഇടക്കിടക്കുള്ള ടവറിലേക്ക് എത്തുമ്പോൾ ഒരു പിടിച്ചു കുലുക്കലും അനുഭവപ്പെടും. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ഹരിയാനയിൽ നിന്നുള്ള ഒരു ഫാമിലി ആയിരുന്നു.
"ചക്കർ ലഗ്ത ഹേ..." എൻ്റെ അടുത്തിരുന്ന കുട്ടി അമ്മയോട് പറഞ്ഞു. തല കറങ്ങുന്നതായി പറഞ്ഞിട്ടും അമ്മ മറുപടി ഒന്നും പറഞ്ഞില്ല.
"ആംഖേം ബന്ദ് കർ ബൈഠോ... അഭീ ഊപർ പഹുംജേഗ ..." ഞാൻ കുട്ടിയോട് പറഞ്ഞു. കേബിൾ കാറിൽ യാത്ര ചെയ്യുമ്പോൾ ചിലർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. കണ്ണടച്ച് ഇരുന്നാൽ അത് പോകുകയും ചെയ്യും.
സ്തൂപികാഗ്ര വൃക്ഷങ്ങളുടെ തലപ്പിന് മുകളിലൂടെ ആയിരുന്നു കേബിൾ കാർ പോയിക്കൊണ്ടിരുന്നത്. ഇലകളുള്ള മരങ്ങൾ എല്ലാം തന്നെ കോൺ ഷേപ്പിലായിരുന്നു. അല്ലാത്തവ എല്ലാം ഇല പൊഴിക്കുകയും ചെയ്തിരുന്നു. ദൈവത്തിൻ്റെ ഈ സൃഷ്ടി വൈഭവം കാരണം മരത്തിൽ വീഴുന്ന മഞ്ഞെല്ലാം അതിൽ തങ്ങാതെ മണ്ണിൽ പതിക്കുന്നു. മരം ഒടിഞ്ഞ് വീഴാതെ രക്ഷപ്പെടുകയും ചെയ്യുന്നു. പക്ഷെ, മരങ്ങൾക്ക് സമീപം കണ്ട കുടിലുകളുടെ മുകളിലെല്ലാം മഞ്ഞ് തങ്ങി നിൽക്കുന്നുണ്ട്. ഈ കുടിലുകൾക്കുള്ളിൽ എങ്ങനെയാണാവോ ഇവർ ധൈര്യത്തോടെ അന്തിയുറങ്ങുന്നത്? ആലോചിച്ച് ആലോചിച്ച് ഞങ്ങൾ കൊങ്ങ്ദൂരിയിൽ എത്തി.
കഴിഞ്ഞ വർഷം മഞ്ഞിൻ്റെ ഒരു കണിക കാണാൻ മൂന്നും നാലും കുന്നുകൾ കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ഇത്തവണ കേബിൾ കാറിൽ വന്നിറങ്ങുന്നത് തന്നെ മഞ്ഞിലേക്കാണ്. അന്ന് ഡെയ്സിപ്പൂക്കൾ വിരിഞ്ഞ് നിന്നിരുന്ന കുന്ന് മുഴുവൻ ഇന്ന് മഞ്ഞ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.
2022 മെയ്സ്കീയിംഗ്, സ്കേറ്റിംഗ്, സ്ലൈഡിംഗ്, സ്ലെഡ്ജിംഗ് തുടങ്ങീ മഞ്ഞിലെ വിവിധതരം ആക്ടിവിറ്റികൾക്ക് പേരുകേട്ട സ്ഥലമാണ് ഗുൽമാർഗ്ഗ്. മഞ്ഞ് മലകളുടെ മാടിവിളി ഞങ്ങളുടെ കാലുകളുടെ വേഗത കൂട്ടി. ഏറ്റവും അടുത്തുള്ളതും വിശാലമായതുമായ കുന്നിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. അല്പ സമയത്തിനകം തന്നെ ഞങ്ങൾ ആ തൂവെള്ളക്കുന്നിലെത്തി.
മഞ്ഞിൽ പല തരം ആക്റ്റിവിറ്റികളുമായി എല്ലാവരും ആർമാദിച്ചു. അതിനിടെ സത്യൻ മാഷ് ആരെയോ കൈ പിടിച്ച് നടത്തിക്കുന്നത് ഞാൻ കണ്ടു. ഇംഗ്ലീഷിൽ എന്തൊക്കെയോ പറയുന്ന അവരെ ഞാൻ ഒന്ന് കൂടി ശ്രദ്ധിച്ചു.
"അള്ളാ... ഇത് നമ്മളെ ബദറുത്ത അല്ലേ?"
"യെസ് ... " ബദറുത്ത മൂളി.
"അങ്ങോട്ട് കയറാൻ കഴിയുമോ?" സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചിട്ട് നാലഞ്ച് വർഷം കൂടി കഴിഞ്ഞതിനാൽ സത്യൻ മാഷ് ബദറുത്തയോട് ചോദിച്ചു.
"ഐ ഹാവ് മെയ്ഡ് മൈ മൈൻഡ് .." പിന്നെയും ഇംഗ്ലീഷ് ഒഴുകാൻ തുടങ്ങി.
"പേടിക്കേണ്ട... തല മരവിച്ചപ്പോൾ ഇംഗ്ലീഷ് മാത്രം നിർഗ്ഗളിക്കുന്നതാ...കുറച്ച് കഴിഞ്ഞാൽ ശരിയാകും." ഞാൻ സത്യൻ മാഷെ സമാധാനപ്പെടുത്തി.
കഴിഞ്ഞ വർഷം സോനാമാർഗ്ഗ് സീറോ പോയിൻ്റിൽ കുറെ സമയം മഞ്ഞിൽ ചെലവഴിച്ചിരുന്നെങ്കിലും സ്കീയിംഗോ സ്കേറ്റിംഗോ ഒന്നും ചെയ്തിരുന്നില്ല. ഇവിടെ ഏതെങ്കിലും ഒന്നിൽ കയറണം എന്ന് കരുതിയിരിക്കുമ്പഴാണ് തോണി പോലെയുള്ള ഒരു സാധനവുമായി ഒരാൾ എൻ്റെ അടുത്തെത്തിയത്.
"ചാഹ്തെ ഹൊ സർ?" എന്നെ നോക്കി അയാൾ ചോദിച്ചു.
'ഇതു പോലെയൊന്ന് എൻ്റെ ടെറസിൻ്റെ മുകളിൽ വെറുതെ കിടക്കുന്നുണ്ട് ' ഞാൻ ആത്മഗതം ചെയ്തു. അപ്പഴാണ് അതേ പോലെയുള്ള ഒരു മരക്കഷ്ണത്തിൽ കയറി ഇരുന്ന് രണ്ട് പേർ മഞ്ഞിലൂടെ ഊർന്നു വരുന്നത് ഞാൻ കണ്ടത്.
"സിർഫ് ദൊ സൗ പച്ചാസ് റുപയെ..." ആഗതൻ എന്നെ നോക്കി പറഞ്ഞു.
'ഇയാളിത് ഈ സാധനത്തിൻ്റെ വിലയാണോ പറയുന്നത് അതോ അതിൽ കയറി ഇരിക്കാനുള്ള തുകയോ?' ഞാനാകെ കൺഫ്യൂഷനിലായി.
"എക് സൗ റുപയെ ..." നൂറ് രൂപക്ക് പോരുന്നെങ്കിൽ പോരട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു. അയാൾ എന്നോട് കയറി ഇരിക്കാൻ പറഞ്ഞു !
പെട്ടു പോയതിനാൽ ഞാൻ പറയുന്നിടത്ത് നിന്ന് തുടങ്ങണം എന്നും താഴെ വരെ പോകണം എന്നും ഞാൻ കണ്ടീഷൻ വച്ചു. അതിനും അയാൾ സമ്മതിച്ചു! താഴെ നിന്ന് എന്നെ മുകളിലേക്ക് തിരിച്ച് എത്തിക്കണം എന്നും ഞാൻ നിബന്ധന വച്ചു. അതും ആ പഹയൻ സമ്മതിച്ചു!! ഞാൻ പറയുന്ന ഹിന്ദി അവന് മനസ്സിലാവുന്നില്ലേ എന്നൊരു സംശയം തോന്നിയതിനാൽ എല്ലാം ഒരിക്കൽ കൂടി പറഞ്ഞുറപ്പിച്ചു. അങ്ങനെ സ്ലെഡ്ജ് എന്ന് പറയപ്പെടുന്ന ആ മരപ്പെട്ടിക്ക് മുകളിൽ ആദ്യം അയാളും തൊട്ടുപിന്നിൽ ഞാനും കയറിയിരുന്നു.സത്യൻ മാഷ് ക്യാമറ റെഡിയാക്കിപ്പിടിച്ചു.
"വൺ... റ്റു .... ത്രീ..." സ്ലെഡ്ജ് എന്നെയും കൊണ്ട് മഞ്ഞിലൂടെ ഊർന്ന് പോകാൻ തുടങ്ങി. നിയന്ത്രിക്കാൻ മുന്നിൽ ആളുണ്ടായതിനാൽ ഒരു കുഴപ്പവും തോന്നിയില്ല. കരാർ പ്രകാരം അതേ സ്ലെഡ്ജിൽ ഇരുത്തി അവൻ എന്നെ മഞ്ഞ് മലയിലേക്ക് തന്നെ വലിച്ച് കയറ്റി.
"ആപ് ഖുദ് ജാവൊ..''
സ്ലെഡ്ജ് എനിക്ക് വിട്ട് തന്ന് കൊണ്ട് ഒറ്റക്ക് ഒന്ന് പോയി നോക്കാൻ !ആദ്യം ഒന്ന് മടിച്ചെങ്കിലും അവസരം കിട്ടിയ നിലക്ക് ഒന്ന് ശ്രമിക്കാം എന്ന് എനിക്ക് തോന്നി. സ്റ്റിയറിംഗ്, ബ്രേക്ക്, ബെല്ല് ഇത്യാദി ഒന്നും ഇല്ലാത്തതിനാൽ നിയന്ത്രണം വിട്ടാലും ആളുകൾ മുന്നിൽ പെട്ടാലും കാല് എങ്ങനെ വയ്ക്കണം എന്ന് അവൻ പറഞ്ഞു തന്നു. ഞാൻ സ്ലെഡ്ജിൽ വീണ്ടും കയറി ഇരുന്നു.
"എക്... ദോ... തീൻ ..."
കട്ടപ്പാടത്ത് കൂടി ചേര പായുന്ന പോലെ സ്ലെഡ്ജ് ഏതിലൂടെയൊക്കെയോ നിരങ്ങി നീങ്ങി.
1 comments:
കട്ടപ്പാടത്ത് കൂടി ചേര പായുന്ന പോലെ സ്ലെഡ്ജ് ഏതിലൂടെയൊക്കെയോ നിരങ്ങി നീങ്ങി.
Post a Comment
നന്ദി....വീണ്ടും വരിക