കുടകിലൂടെയുള്ള പര്യടനത്തിന്റെ രണ്ടാം ദിവസമാണിന്ന്. എനിക്കറിയാവുന്ന കാഴ്ചകൾ ഇന്നലയോടെ അവസാനിച്ചു.ഇന്നലെ ചായ കുടിക്കുമ്പോൾ ഹോട്ടലിൽ നിന്ന് പറഞ്ഞ് തന്നതും നെറ്റിൽ നിന്നും മനസ്സിലാക്കിയതുമായ കാഴ്ചകളിലേക്കാണ് ഇന്ന് മിഴി തുറക്കാനുള്ളത്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദുബാരെ ആനക്യാമ്പ് ആണ്.അവിടെ പോകുന്നു എന്ന് അറിയിച്ചപ്പോൾ ഇന്നലെ ആകാശ് സിംഗും 'അച്ഛാ' എന്നായിരുന്നു അഭിപ്രായം പറഞ്ഞത്.
പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു.ദുബാരെയിലേക്ക് പോകാനായി ഗൂഗിൾ മാപ്പ് ഇട്ടപ്പോഴാണ് ഹാരങ്കിയിലേക്ക് പോയതിന്റെ നേരെ എതിർവശത്തേക്ക് പതിമൂന്ന് കിലോമീറ്റർ സഞ്ചരിക്കണം എന്ന് മനസ്സിലായത്.അപ്രതീക്ഷിതമായി, ഞങ്ങൾ താമസത്തിനായി തെരഞ്ഞെടുത്ത സ്ഥലം വളരെ കൃത്യമായി! രാവിലെ ഗ്രൂപ്പിൽ ഒരു സുപ്രഭാതം സന്ദേശം ഇട്ടപ്പോഴാണ് പത്താം ക്‌ളാസ് സഹപാഠി നുസൈബയും കുടുംബവും പരിസരത്തെവിടെയോ തലേ ദിവസം വന്ന് താമസിക്കുന്നതായി അറിഞ്ഞത്.
ദുബാരെയിലേക്കുള്ള റോഡും ഏതോ ഒരു ഉൾഗ്രാമത്തിലേക്കുള്ളത് പോലെ തോന്നിച്ചു.റോഡ് വീതി കുറവാണെങ്കിലും ട്രാഫിക് വളരെ കുറവായതിനാൽ അര മണിക്കൂറിനകം ഞങ്ങൾ സ്ഥലത്തെത്തി.അവിടെ എത്തിയപ്പോഴാണ് നേരത്തെ പുറപ്പെടേണ്ടതിന്റെ ആവശ്യകത മനസ്സിലായത്.വളരെ നീളമുള്ള ക്യൂവാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.ഒരു വേള ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടി വരുമോ എന്ന് പോലും ഞങ്ങൾ സംശയിച്ചു.
കാവേരി നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ചിട്ടു വേണം ആനക്യാമ്പിലെത്താൻ. മുതിർന്നവർക്ക് നൂറ് രൂപയും കുട്ടികൾക്ക് അൻപത് രൂപയുമാണ് ഫീസ്.ബോട്ട് ചാർജ്ജടക്കമാണ് അത്.ടിക്കറ്റ് എടുക്കാൻ പ്രത്യേക കൗണ്ടർ ഇല്ല.ക്യൂവിൽ നിൽക്കുക.രാവിലെ ഒമ്പത് മണി മുതൽ ടിക്കറ്റ് കൊടുത്ത് തുടങ്ങും.കൃത്യം പതിനൊന്ന് മണി വരെ ടിക്കറ്റ് കൊടുത്തുകൊണ്ടിരിക്കും.പിന്നീട് എത്ര പേര് ബാക്കി ഉണ്ടെങ്കിലും വൈകിട്ട് നാലരക്കേ പ്രവേശനമുള്ളൂ.പാർക്കിംഗ് ഫീസായി നാൽപത് രൂപ വേറെ നൽകണം.
മൈസൂർ ദസറക്കുള്ള ആനകളെ പരിശീലിപ്പിക്കുന്ന കേന്ദ്രമായിരുന്നു ദുബാരെ.ഇന്ന് ആനകളെപ്പറ്റി പഠിക്കാനും ആനകളുമായി ഇടപഴകാനും ആനയെ ഊട്ടാനും കുളിപ്പിക്കാനും എല്ലാം സഞ്ചാരികൾക്ക് അവസരം നൽകുന്ന ഒരിടമാണ് ദുബാരെ ആനക്യാമ്പ്.പ്രത്യേകം പരിശീലനം സിദ്ധിച്ചവരുടെ മേൽനോട്ടത്തിന് കീഴിൽ ആനകളുടെ പെരുമാറ്റ രീതികൾ വളരെ അടുത്തുള്ള ഒരു ഗ്യാലറിയിൽ ഇരുന്ന് നമുക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാം.
ആനകളെപ്പറ്റിയുള്ള ക്‌ളാസും ആനകളെ ഭക്ഷണമൂട്ടാനുള്ള അവസരവും ആനസവാരിയും ക്യാമ്പിൽ ഉണ്ടെന്ന് പലരുടെയും യാത്രാ കുറിപ്പുകളിൽ കണ്ടിരുന്നു. അതെല്ലാം പ്രത്യേക പാക്കേജിനകത്താണോ എന്നറിയില്ല,അങ്ങനെയുള്ള ഒരു ആക്ടിവിറ്റിയും എവിടെയും കണ്ടില്ല.പുഴയിൽ ആനകളെ കുളിപ്പിക്കുന്നിടത്ത് ചില സഞ്ചാരികൾ അവയെ കുളിപ്പിക്കുന്നതും കൊമ്പിൽ തൊടുന്നതും എല്ലാം ഞാൻ നോക്കി വച്ചിരുന്നു.ഞാനും മക്കളെയും കൊണ്ട് അങ്ങോട്ട് ചെന്നു.
ടിക്കറ്റ് എടുത്തതാണെങ്കിൽ കുളിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ മുൻപിൻ ആലോചിക്കാതെ ഞങ്ങൾ ചെന്നു.മക്കൾ ആനയെ തൊട്ടും കൊമ്പിൽ പിടിച്ചും കുളിപ്പിച്ചും ആർമാദിക്കുകയും ക്യാമറയിൽ പകർത്തുകയും ചെയ്തു.ആനയെ തിരിച്ചു കിടത്താൻ പാപ്പാന്മാർ ഓർഡർ കൊടുത്തപ്പോഴേക്കും ഞങ്ങൾക്കും മതിയായതിനാൽ ഞങ്ങൾ തിരിച്ചു കയറി.പിന്നീടാണ് ആ കുളിപ്പിക്കലിന് ആളൊന്നിന് നൂറ് രൂപ ടിക്കറ്റ് വേറെ ഉണ്ട് എന്നറിഞ്ഞത്. അടുത്ത ബോട്ടിന് തിരിച്ച് കയറിയത് കാരണം തൽക്കാലം ഞങ്ങൾ രക്ഷപ്പെട്ടു.
പാർക്കിംഗ് ഏരിയയിൽ തിരിച്ചെത്തിയപ്പോഴേക്കും, നേരത്തെ വിളിച്ച സഹപാഠി നുസൈബയും ഫാമിലിയും അവിടെ എത്തി.ക്യൂവിൽ നിന്നെങ്കിലും സമയം കഴിഞ്ഞതിനാൽ അവർക്ക് ക്യാമ്പിൽ പോകാൻ പറ്റിയില്ല എന്ന് പിന്നീടറിഞ്ഞു.റിവർ റാഫ്റ്റിങ് സൗകര്യവും ഉണ്ടെങ്കിലും അപകട ഭീതിയും ഉയർന്ന റേറ്റും കാരണം അവർ അതിനും മുതിർന്നില്ല. ഞങ്ങൾ അടുത്ത കേന്ദ്രമായ അബി ഫാൾസ് ലക്ഷ്യമാക്കി യാത്രയായി.
1 comments:
കാവേരി നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ചിട്ടു വേണം ആനക്യാമ്പിലെത്താൻ.
Post a Comment
നന്ദി....വീണ്ടും വരിക