സ്കൂളിൽ പഠിക്കുന്ന കാലത്ത് വേനലവധി ആകാൻ എല്ലാ കുട്ടികളെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. രണ്ട് മാസം കളിച്ച് തിമർക്കുന്നതിന് പുറമെ ഞങ്ങൾക്ക് മറ്റൊരു സന്തോഷവും വേനലവധികൾ തന്നിരുന്നു. ബാപ്പയുടെ നാടായ പേരാമ്പ്രയിലേക്ക് വർഷത്തിൽ ഒരിക്കലുള്ള ബാപ്പയുടെ യാത്ര വേനലവധിക്കാലത്താണ് നടത്താറ്. ബാപ്പയുടെ കൂടെ ഉമ്മയും മക്കളായ ഞങ്ങളും പോകും. രണ്ട് ബസ്സുകൾ മാറിക്കയറണം എന്നതും കോഴിക്കോട് എന്ന അന്നത്തെ കാലത്തെ മഹാനഗരം കാണാമെന്നതും ഒക്കെ ആ യാത്രയുടെ ത്രില്ലിംഗ് എക്പിരിയൻസുകളാണ്.
യാത്ര പോകാനുള്ള ദിവസം ബാപ്പ നേരത്തെ തന്നെ തീരുമാനിച്ച് പ്രഖ്യാപ്പിക്കുന്നതിനാൽ കളിക്കൂട്ടുകാർക്കിടയിൽ "നാട്ടിൽ പോവുന്ന" വിവരം പറഞ്ഞ് അവരെ കൊതിപ്പിക്കുന്നതും ഒരു രസമായിരുന്നു. ഞങ്ങളെപ്പോലെ പോകാൻ അവർക്കൊന്നും "നാടി"ല്ലാത്തത് എന്ത് കൊണ്ട് എന്ന് കുഞ്ഞു മനസ്സിൽ അന്ന് ചോദ്യങ്ങളും ഉയർന്നിരുന്നു.
നാട്ടിൽ പോയാൽ മൂത്താപ്പയുടെ വീട്ടിലാണ് ബാപ്പയുടെയും ഞങ്ങളുടെയും താമസം. അക്കാലത്ത് എനിക്ക് നെയ്ചോറും ബിരിയാണിയും ഒന്നും ഇഷ്ടമില്ലായിരുന്നു. ഇന്ന് കാണുന്ന ബിരിയാണിയുടെ സഹോദരീ സഹോദരന്മാർ ഒന്ന് പോലും അന്ന് ഭൂജാതരായിരുന്നുമില്ല. അരി അമ്മിയിൽ ഇട്ടരച്ച് മൂത്തുമ്മ ഉണ്ടാക്കുന്ന ടയർ പത്തിരിയും നാടൻ കോഴിക്കറിയും ആണ് അതിഥി സൽക്കാരത്തിലെ പ്രധാന വിഭവം.
എൻ്റെ സമപ്രായക്കാരനായ മൂത്താപ്പയുടെ മകൻ മജീദുമായിട്ടായിരുന്നു ഞങ്ങളുടെ പ്രധാന കൂട്ട്. തലയിണയിൽ കയറി ഇരുന്ന് തിണ്ണയിലൂടെ ( ഞാൻ ആദ്യമായി തിണ്ണ കണ്ടത് അവിടെയാണ് ) യുള്ള ബസ് ഓടിച്ച് കളി, രാവിലെ പറമ്പിൽ പോയുള്ള വെളിയിട വിസർജനം, വിവിധ മാവുകളിൽ കയറിയുള്ള മാങ്ങാ പറി അല്ലെങ്കിൽ എറിഞ്ഞ് വീഴ്ത്തൽ, എല്ലാ ബന്ധുക്കളുടെയും വീട് സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾ മൂന്ന് ദിവസത്തെ വാസത്തിനിടയിൽ മജീദിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ചെയ്ത് തീർക്കാറുണ്ട്.
മൂത്താപ്പയുടെ മൂത്ത മകൻ മുഹമ്മദ് കാക്കയുടെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കാനും അന്ന് സമയം കണ്ടെത്തിയിരുന്നു. ബഷീർ കൃതികൾ മിക്കവയും ആദ്യമായി വായിച്ചത് അവിടെ നിന്നാണ്. മൂത്താപ്പയുടെ മറ്റൊരു മകനായ അബ്ദുള്ള കാക്ക തൻ്റെ പെട്ടിക്കടയിലെ മിഠായിയും മറ്റും തരുമായിരുന്നു. വിവിധ ഭരണികളിൽ വച്ച മിഠായികൾ എല്ലാം കൂടി കൊണ്ടു പോകാൻ സൗകര്യത്തിന് ഒരു തക്കാളി പെട്ടിയിൽ അടുക്കി വച്ചത് കൊണ്ടാണ് ഈ കടയ്ക്ക് പെട്ടിക്കട എന്ന് പറയുന്നത് എന്നായിരുന്നു എൻ്റെ ധാരണ.ബഷീർ കഥകളിലെ കഥാ പാത്രങ്ങളായ പാത്തുമ്മയും സുഹറയും റാബിയയും ആയിരുന്നു മൂത്താപ്പയുടെ മറ്റ് മക്കൾ.
ബന്ധു വീടുകളിൽ ഏറ്റവും അടുത്തുള്ളതാണ് കടുവന കുന്നത്ത് വീട്. എലിപ്പാറക്കൽ അമ്മായിയുടെ മകൻ അബ്ദുള്ളക്കുട്ടി കാക്ക (അവുള കുട്ടി എന്നാണ് വിളിക്കുക)യാണ് അവിടെ താമസം. അബ്ദുള്ള കുട്ടി കാക്കാക്ക് മൂന്ന് പെൺമക്കൾ ആയതിനാൽ ആ വീട്ടിൽ പോകാൻ ഞങ്ങൾക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, വീടിൻ്റെ തൊട്ടടുത്ത് തന്നെ ഒരു സ്രാമ്പിയും (ചെറിയ നമസ്കാരപ്പള്ളി) അതിനൊരു കുളവും ഉണ്ടായിരുന്നു.
പ്രസ്തുത കുളത്തിൽ നീന്തിക്കളിക്കാൻ വീട്ടിൽ നിന്ന് അനുവാദം കിട്ടില്ല എന്നതിനാൽ കടുവന കുന്നത്ത് വീട്ടിൽ പോകുന്നു എന്ന വ്യാജേനയാണ് മജീദിൻ്റെ നേതൃത്വത്തിൽ കുളത്തിലേക്ക് പോകാറുണ്ടായിരുന്നത്. ആവോളം നീന്തി കുളം ആകെ കലക്കി മറിക്കുമ്പോൾ മൂന്ന് പറമ്പ് മുകളിൽ താമസിക്കുന്ന മറ്റൊരു വീട്ടുകാരനിൽ നിന്ന് (സ്രാമ്പി പരിപാലകൻ അദ്ദേഹമായിരുന്നു എന്ന് തോന്നുന്നു) ഒരു ഘോരശബ്ദം ഉയരും. അതോടെ കുളിയും കളിയും നിർത്തി തല തുവർത്തി സ്രാമ്പിയിൽ കയറി ളുഹർ നമസ്കാരവും നിർവ്വഹിച്ച് ഒരു ചടങ്ങിന് അബ്ദുള്ളക്കുട്ടി കാക്കയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ച് പോരും.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് കടുവന കുന്നത്തെ പേരക്കുട്ടികളിൽ ഒരാളുടെ കല്യാണമായിരുന്നു. സ്രാമ്പിയും കുളവും എല്ലാം ഇപ്പഴും ഉണ്ടെന്നറിഞ്ഞതോടെ കല്യാണത്തിന് നിർബന്ധമായും പോകണം എന്ന ചിന്ത എൻ്റെ മനസ്സിൽ ഉടലെടുത്തു. മാത്രമല്ല,പണ്ട് നടന്ന് പോയിരുന്ന പാടവരമ്പത്ത് കൂടെയുള്ള വഴി ഉണ്ടെങ്കിൽ അതിലൂടെ തന്നെ നടന്ന് പോകണം എന്നും തീരുമാനിച്ചു. മജീദിനെ വിളിച്ചപ്പോൾ പഴയ വഴി ഉണ്ടെന്നും വരമ്പ് വീതി കൂട്ടി നടവഴി ആക്കിയിട്ടുണ്ടെന്നും അറിഞ്ഞു.
മജീദിൻ്റെ വീട്ടുമുറ്റത്ത് കാർ നിർത്തി മക്കളെയും കൊണ്ട് മജീദിൻ്റെ കൂടെ ഞാൻ വീണ്ടും ആ വഴിയിലൂടെ നടന്നു. ഓർമ്മകളുടെ സുഗന്ധം എൻ്റെ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. കല്യാണ വീട്ടിലേക്ക് കയറും മുമ്പ് തന്നെ സ്രാമ്പിയും കുളവും സന്ദർശിച്ച് ആ പഴയ കഥകൾ എൻ്റെ മോന് പറഞ്ഞു കൊടുത്തു. അവൻ്റെ മൂക്കിൽ അപ്പോൾ, കല്യാണപ്പന്തലിലെ മന്തിയുടെ മണമായിരുന്നു അടിച്ചു കയറിയിരുന്നത്.
6 comments:
കുട്ടിക്കാലത്തേക്ക് ഒരു യാത്ര
എൻ്റെ പേര് കൂടി കണ്ടപ്പോ വല്യ സന്തോഷം നന്നായിട്ടുണ്ട്. എട്ടാം ക്ലാസിൽ തോറ്റ് പൊണ്ണനും പൊട്ടനുമായി നടന്ന അക്കാലം (ഇപ്പോഴും അതുതന്നെ) ഓർമയിലെത്തി
😂😂 സൂപ്പർ ആയിട്ടുണ്ട്. സ്രാമ്പി പരിപാലകൻ ആയിരുന്ന കുഞ്ഞിമൊയ്തിക്കയുടെ ഒച്ച ഒരിക്കലും മറന്നുപോകാത്ത ഒന്നാണ്. ആ സ്രാമ്പിയും കുളവും കാണുമ്പോൾ ആദ്യം മനസ്സിൽ അതാണ് വരിക
പേര് അറിയില്ലെങ്കിലും ആ ശബ്ദവും രൂപവും ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു.
😊
ഒരു വ്യാഴവട്ടത്തിന് ശേഷം ഇവിടെ കണ്ടതിൽ വളരെ സന്തോഷം.
Post a Comment
നന്ദി....വീണ്ടും വരിക