കല്യാണത്തിന് ശേഷം എൻ്റെ ഒരേ ഒരു സഹോദരിയുടെ താമസം പെരിന്തൽമണ്ണക്കടുത്ത് പട്ടിക്കാടായിരുന്നു . ഇടക്കെപ്പോഴെങ്കിലും ഒന്ന് വിരുന്ന് പോകണം എന്ന് എനിക്ക് തോന്നുമ്പഴും ബാപ്പയുടെ നിർദ്ദേശം ലഭിക്കുമ്പഴും അവിടെ പോയി ഒരു ദിവസം തങ്ങി ഞാൻ തിരിച്ചു പോരും. എൻ്റെ വിവാഹ ശേഷം ഭാര്യയുടെ കൂടെയും ചില ദിവസങ്ങളിൽ അവിടെപ്പോയി താമസിക്കാറുണ്ടായിരുന്നു.
മേൽ യാത്രക്കിടയിൽ പലപ്പോഴും ഒരു ഗേറ്റിൽ എൻ്റെ കണ്ണുകളുടക്കാറുണ്ടായിരുന്നു. കുഞ്ഞു ക്ലാസിൽ പഠിക്കുന്ന കാലത്തേ കേട്ടിരുന്ന, ജ്ഞാനപ്പാന എന്ന ഗ്രന്ഥം നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട പൂന്താനം നമ്പൂതിരിയുടെ ഇല്ലത്തിൻ്റെ ഗേറ്റായിരുന്നു അത്.എൻ്റെ യാത്ര ബസ്സിലായതിനാൽ ആ പടികൾ കടന്ന് അകത്ത് കയറാൻ ഒരിക്കലും എനിക്ക് അന്ന് അവസരം ലഭിച്ചിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് കാറിൽ അത് വഴി മടങ്ങവെ ഞാൻ കുടുംബ സമേതം ആ തിരുമുറ്റത്ത് എത്തി.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂരിലേക്ക് പോകുന്ന വഴിയിലുള്ള കീഴാറ്റൂരിലെ പൂന്താനം ഇല്ലത്തിൽ ആണ് പൂന്താനം നമ്പൂതിരി ജനിച്ചത്. ഈ ഇല്ലം ഇന്ന് സംരക്ഷിക്കുന്നത് ഗുരുവായൂർ ദേവസ്വം ആണ്. റോഡിൽ നിന്ന് ഇല്ലത്തിന്റെ പുറകുവശത്തുള്ള വയലിലൂടെ അകത്തേയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്. റോഡ് സൈഡിലെ ഗേറ്റിനടുത്ത് വാഹനം പാർക്ക് ചെയ്ത ശേഷം കാൽനടയായി ഇല്ലത്തിലേക്ക് പോകാം.
ആദ്യം കാണുന്ന പടിപ്പുരയും കടന്നുചെന്ന് കഴിഞ്ഞാൽ സാക്ഷാൽ പൂന്താനം നമ്പൂതിരി താമസിച്ചിരുന്ന ഇല്ലം കാണാം. അങ്ങോട്ട് പ്രവേശിക്കുന്നതിന് മുമ്പ് പാദരക്ഷകൾ അഴിച്ച് വയ്ക്കണം. ഇല്ലത്തിനകത്ത് ഒരു പ്രതിഷ്ഠ ഉള്ളത് കൊണ്ടാണ് പാദരക്ഷകൾ അഴിച്ച് വയ്ക്കാൻ നിർദ്ദേശം എന്ന് ഞാൻ എവിടെയോ വായിച്ചു.
നിർഭാഗ്യവശാൽ ഇല്ലത്തിൻ്റെ അകത്തേക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല. പുറം ഭംഗി ആസ്വദിച്ച് ഞങ്ങൾ ചുറ്റും നടന്നു കണ്ടു. ഇല്ലത്തോട് ചേർന്ന് മറ്റൊരു കെട്ടിടം കൂടിയുണ്ട്. അക്കാലത്തെ പത്തായപ്പുരയായിരുന്നുവത്രെ അത്. വിവിധ പരിപാടികൾ നടത്താനായി ചെറിയൊരു വേദിയും തൊട്ടടുത്ത് കാണാം.
വീണ്ടും മുന്നോട്ട് പോയ ഞങ്ങൾ ഇല്ലത്തിൻ്റെ പൂമുഖത്തെത്തി. തിരുവനന്തപുരത്ത് ഡിഗ്രിക്ക് പഠിക്കുന്ന പെരിന്തൽമണ്ണക്കാരി ശാമിലയെ ഞങ്ങൾ അവിടെ വച്ച് പരിചയപ്പെട്ടു. അവളെ ഗൈഡ് ചെയ്തതിന് ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാനുള്ള സഹായം അവൾ വാഗ്ദാനം ചെയ്തു. അൽപം ചില ഫോട്ടോകൾ എടുത്ത ശേഷം ഞങ്ങൾ തിരിച്ചിറങ്ങി.
ഇല്ലത്തെപ്പറ്റിയും പൂന്താനത്തെപ്പറ്റിയും എല്ലാം സന്ദർശകർക്ക് ചെറിയൊരു വിവരണം കൊടുക്കാൻ ഒരു കെയർടേക്കറോ വിവരണ ബോർഡുകളോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ഒന്നാശിച്ച് പോയി.
1 comments:
അങ്ങനെ ഇല്ലത്തെത്തി
Post a Comment
നന്ദി....വീണ്ടും വരിക