എൻ്റെ മൂന്നാമത്തെ പുസ്തകത്തിൻ്റെ പ്രസാധനവുമായി ബന്ധപ്പെട്ടാണ് ഞാൻ കോഴിക്കോട് പെൻഡുലം ബുക്സ് എം.ഡി. ജസീൽ നാലകത്തുമായി പരിചയപ്പെടുന്നത്. നേരിൽ കണ്ട് മുട്ടിയ ദിവസത്തെ സംസാരത്തിൽ തന്നെ ഞാൻ എൻ്റെ പുസ്തകക്കമ്പത്തെക്കുറിച്ചും ഹോം ലൈബ്രറിയെക്കുറിച്ചും സൂചിപ്പിക്കുകയും ഓഫറിൽ പുസ്തകങ്ങൾ നൽകുമ്പോൾ അറിയിക്കണം എന്ന് പറഞ്ഞു വയ്ക്കുകയും ചെയ്തു.
പുസ്തക പ്രസാധനം നടന്നില്ലെങ്കിലും എൻ്റെ പുസ്തക പ്രേമം ജസീൽ മനസ്സിലിട്ടു. മെയ് അവസാന വാരം, ഡി. സി ബുക്സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങളുടെ ഫോട്ടോ എനിക്കയച്ച് തന്ന് അവ നാൽപത് ശതമാനം കുറവിൽ നൽകുന്നതായി അറിയിച്ചു. ഓർഡർ ചെയ്ത ആൾ ഒഴിഞ്ഞതാണെന്നും പുസ്തകങ്ങൾ എല്ലാം പുതിയതാണെന്നും ആവശ്യമുണ്ടെങ്കിൽ വൈകുന്നേരത്തോടെ തന്നെ അറിയിക്കണമെന്നും ജസീൽ പറഞ്ഞു.
പ്രസ്തുത പുസ്തകങ്ങളിൽ ശ്രീ.എം.ടി. വാസുദേവൻ നായരുടെ "നിൻ്റെ ഓർമ്മയ്ക്ക് " എന്ന പുസ്തകം മാത്രമായിരുന്നു എനിക്ക് പരിചയമില്ലാത്തത്. എങ്കിലും എൻ്റെ ശേഖരത്തിലുള്ള ഒരു പുസ്തകം മാത്രം ഒഴിവാക്കി ബാക്കി അഞ്ചെണ്ണം അയക്കാൻ ഞാൻ പറഞ്ഞു. കാശ് ഉടനെ ചോദിച്ചെങ്കിലും മറ്റൊരനുഭവം ഉള്ളതിനാൽ പുസ്തകങ്ങൾ വീട്ടിലെത്തിയ ശേഷം അയക്കാം എന്നറിയിച്ചു. അവ എത്തിയ ഉടനെ ഒന്ന് ഓടിച്ച് മറിച്ച ശേഷം മുഴുവൻ പുസ്തകത്തിൻ്റെയും വില ഞാൻ അടച്ചു.
ഈ മാസത്തെ വായനക്കായി ഞാൻ തെരഞ്ഞെടുത്ത പുസ്തകങ്ങളിൽ ഒന്ന് "നിൻ്റെ ഓർമ്മയ്ക്ക് " ആയിരുന്നു. ആദ്യ കഥയായ 'ഒരു പിറന്നാളിൻ്റെ ഓർമ്മയ്ക്ക്' ' എന്ന കഥ വായിച്ചപ്പോൾ തന്നെ മനസ്സൊന്ന് പിടഞ്ഞു. സർക്കസ് കൂടാരത്തിലെ കലാകാരികളുടെ കഥ പറയുന്ന 'വളർത്തുമൃഗങ്ങൾ' വായിച്ചതോടെ വീണ്ടും ഒരു നീറ്റൽ അനുഭവപ്പെട്ടു. ടൈറ്റിൽ കഥയായ "നിൻ്റെ ഓർമ്മയ്ക്ക് " സ്വന്തം ജീവിതത്തിൽ നിന്ന് ചീന്തിയ ഒരു ഏടായതിനാൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. "മരണത്തിൻ്റെ കൈത്തെറ്റ് " എന്ന കഥയും അവസാന പേജിലെത്തിയപ്പോൾ വേദനാജനകമായി. നിഗൂഢതകൾ നിറഞ്ഞ "കോട്ടയുടെ നിഴൽ" എന്ന കഥയിലും സിതാറിൻ്റെ ഈണത്തെക്കാൾ നൊമ്പരത്തിൻ്റെ കാറ്റാണ് ഉയരുന്നത്. അവസാന കഥയായ "ഓപ്പോൾ" മനസ്സിനെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു.(എന്നെ അൽപനേരം ബാല്യകാലത്തേക്ക് നയിച്ച ഒരു കഥ കൂടിയാണ് ഓപ്പോൾ അത് പിന്നീട് പറയാം).
ഒറ്റ ഇരുപ്പിന് വായിച്ചാൽ ഒരു പക്ഷേ മാനസികാസ്വാസ്ഥ്യം തന്നെ നേരിട്ടേക്കാവുന്ന വിധത്തിലുള്ള ആറ് കഥകൾ അടങ്ങുന്ന ഈ പുസ്തകം എല്ലാവരും വായിക്കണം എന്നാണ് എൻ്റെ എളിയ അഭിപ്രായം.
പുസ്തകം : നിൻ്റെ ഓർമ്മയ്ക്ക്
രചയിതാവ്: എം.ടി. വാസുദേവൻ നായർ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 94
വില: 120 രൂപ
1 comments:
വല്ലാത്തൊരു വായനാനുഭവം
Post a Comment
നന്ദി....വീണ്ടും വരിക