"എത്ര തവണ ഡൽഹി സന്ദർശിച്ചിട്ടുണ്ട്?" എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ അത് തിട്ടപ്പെടുത്താൻ ഇരു കൈകളിലെയും വിരലുകൾ തികയില്ല എന്ന് എനിക്കുറപ്പാണ്.എന്നിട്ടും ഞാൻ ഇതുവരെ കാണാത്ത നിരവധി കാഴ്ചകൾ ഡൽഹിയിൽ ഉണ്ട്താനും.കോളേജ് കുട്ടികളോടോപ്പമുള്ള ഐ വി ക്ക് ഡൽഹിയിൽ വച്ച് ഞാൻ വിരാമമിട്ടപ്പോൾ ഈ കാണാക്കാഴ്ചകൾ തേടി പുറപ്പെടുക എന്നതായിരുന്നു എൻ്റെ പ്രഥമ പദ്ധതി. രണ്ടാമത്തെ മകൾ ലുഅ പഠനാവശ്യാർത്ഥം ഡൽഹിയിൽ താമസം തുടങ്ങിയിട്ട് എട്ട് മാസത്തോളമായിരുന്നു.അതിനാൽ സ്ഥലങ്ങൾ ഏറെക്കുറെ അവൾക്ക് പരിചിതമായി കഴിഞ്ഞിരുന്നു.
ഞങ്ങളുടെ ഹോട്ടൽ കരോൾബാഗിന് തൊട്ടടുത്തായിരുന്നു.മെട്രോയിൽ വരുമ്പോൾ ഇറങ്ങേണ്ടത് കരോൾബാഗ് മെട്രോ സ്റ്റേഷനിൽ ആണ്.അതിനാൽ തന്നെ ആദ്യം കരോൾബാഗിലൂടെ ഒന്ന് കറങ്ങാം എന്ന് എനിക്ക് തോന്നി.കരോൾബാഗ് മുമ്പ് കണ്ടതാണെങ്കിലും ചെറിയ ചില ഷോപ്പിംഗുകൾ കൂടി ബാക്കിയുള്ളതിനാലും ലുഅ മോള് ഇതുവരെ കരോൾബാഗ് കാണാത്തതിനാലും ആ തീരുമാനത്തെ ഡബിൾ ഓ കെ ആക്കി.കരോൾ ബാഗിൽ പല സ്ഥലത്തും ചുറ്റിക്കറങ്ങി ആവശ്യമായ സാധനങ്ങളും വാങ്ങിയ ശേഷമാണ് മോള് ദരിയാഗഞ്ചിനെപ്പറ്റി എന്നോട് പറഞ്ഞത്.അന്ന് ഞായറാഴ്ച കൂടി ആയതിനാൽ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ പോകണം എന്നും അതൊന്ന് അനുഭവിച്ചറിയണമെന്നും അവൾ പറഞ്ഞു.അങ്ങനെ ഞങ്ങൾ ദരിയാഗഞ്ച് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ട്രെയിൻ ഇറങ്ങി മാർക്കറ്റിലേക്ക് നടക്കുന്നതിനിടയിലാണ് എതിർഭാഗത്ത് റോട്ടിൽ തന്നെയുള്ള ഒരു നിർമ്മിതി എന്റെ ശ്രദ്ധയിൽ പെട്ടത്.കോട്ടയുടെ വാതിലിന് സമാനമായി കല്ലുകൾ കൊണ്ട് പടുത്തുണ്ടാക്കിയ ഒരു ഗേറ്റ് ആയിരുന്നു അത്.ഗേറ്റിന്റെ മറുഭാഗവും തുറന്നു കിടന്നതിനാൽ അത് മറ്റെങ്ങോട്ടും ഉള്ള കവാടമല്ല എന്ന് മനസ്സിലായി.ഗൂഗിളിനോട് ചോദിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.
ന്യൂ ഡൽഹിയെയും ഓൾഡ് വാൾഡ് (Old Walled) ഡൽഹി അഥവാ ഷാജഹാനാബാദിനെയും ബന്ധിപ്പിക്കുന്ന കവാടമായ ഡൽഹി ഗേറ്റ് ആയിരുന്നു അത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ 1638 ൽ നിർമ്മിച്ചതാണ് പ്രസ്തുത ഗേറ്റ്.ചക്രവർത്തി ജുമാ മസ്ജിദിലേക്ക് പ്രാർത്ഥനയ്ക്ക് പോകാൻ ഉപയോഗിച്ചിരുന്നത് ഈ വഴി ആയിരുന്നു എന്ന് ചരിത്രം പറയുന്നു.റോഡിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇത്തരം നിർമ്മിതികൾ ജയ്പൂരിലും കണ്ടിരുന്നു.പക്ഷെ ഡൽഹിയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് എന്റെ ശ്രദ്ധയിൽ പെടുന്നത്.
ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷന് പകരം ചാന്ദ്നി ചൗക്ക് സ്റ്റേഷനിലോ ചോരി ബസാർ സ്റ്റേഷനിലോ ആണ് ഞങ്ങൾ ഇറങ്ങിയത്. അതിനാൽ തന്നെ അത്യാവശ്യം ദൂരം നടക്കേണ്ടി വന്നു. റംസാൻ വ്രതം ആരംഭിച്ചതിനാൽ ലുഅ നോമ്പ് എടുത്തിരുന്നു. യാത്രക്കാരനായതിനാൽ എനിക്ക് നോമ്പ് ഇല്ലായിരുന്നു. ഏകദേശം നാലര മണിയോടെ ഞങ്ങൾ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ എത്തി. കച്ചവടക്കാർ തന്നെ ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഞങ്ങൾ അസർ നമസ്കാരം നിർവ്വഹിച്ചു. കച്ചവടക്കാർ സംഘം ചേർന്ന് നമസ്കരിക്കുന്നതും ഹൃദ്യമായ കാഴ്ചയായി.
രാജ്യത്തെ തന്നെ ഏറ്റവും വലിയ പുസ്തക വിപണികളിലൊന്നാണ് ഓള്‍ഡ് ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ഈ സണ്‍ഡേ ബുക്ക് മാര്‍ക്കറ്റ്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.പഠന പുസ്തകങ്ങള്‍, നോവലുകള്‍, മാസികകള്‍, മത്സര പരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍, ചിത്രകഥകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഇവിടെ ലഭിക്കും. ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമേ ലഭിക്കൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
നാം തിരയുന്ന ഒരു പുസ്തകം കിട്ടിയില്ലെങ്കിൽ കച്ചവടക്കാരനോട് പറഞ്ഞാൽ അടുത്ത ആഴ്ച ആ പുസ്തകം എത്തിച്ച് തരും. വാങ്ങുന്ന പുസ്തകങ്ങളുടെ അവസ്ഥ അത് മറിച്ച് നോക്കി ബോധ്യപ്പെട്ടതിന് ശേഷമേ കാശ് കൊടുക്കാവൂ. കാരണം പുറം ചട്ട പുതിയതും അകം പഴയതുമായ പുസ്തകങ്ങളും തുഛമായ വിലക്ക് ഇവിടെ ലഭിക്കും.
ലോകത്തിലെ ഏത് പ്രസാധകരുടെയും പുസ്തകങ്ങൾ 20 രൂപ മുതൽ 500 രൂപ വരെ വിലയിൽ ലഭിക്കുന്ന വലിയൊരു പുസ്തക ചന്തയാണിത്. കൂടുതൽ പുസ്തകങ്ങൾ വാങ്ങി വില പേശിയാൽ നിരക്ക് പിന്നെയും താഴും. അൽപം ക്ഷമയും സമയവും ഉണ്ടെങ്കിൽ നിരവധി ലോക ക്ലാസിക്ക് കൃതികൾ തന്നെ തുഛമായ സംഖ്യക്ക് നമ്മുടെ ശേഖരത്തിൽ വരുത്താൻ ഈ മാർക്കറ്റിലെ സന്ദർശനം ഉപകരിക്കും.
ഒരു മണിക്കൂറോളം കറങ്ങി പല കച്ചവടക്കാരിൽ നിന്നായി ഒരു സഞ്ചി നിറയെ പുസ്തകങ്ങൾ ഞാനും വാങ്ങി. അടുത്ത ഡൽഹി സന്ദർശന വേളയിൽ കുടുംബാംഗങ്ങളെ കൂടി ഈ അത്ഭുതലോകം കാണിക്കണമെന്ന് മനസ്സിൽ തീരുമാനിച്ച് ഞങ്ങൾ അവിടെ നിന്നും മടങ്ങി.
1 comments:
ഡൽഹിയിലെ കാണാക്കാഴ്ചകളിലൂടെ ...
Post a Comment
നന്ദി....വീണ്ടും വരിക