എന്റെ ആദ്യ ജയ്പൂർ സന്ദർശന വേളയിലാണ് അമീൻ എന്ന രാജസ്ഥാനിയെ ഞാൻ പരിചയപ്പെടുന്നത്. എന്റെ വീടിന്റെ മാർബിൾ പണി ചെയ്ത അബ്ദുറഹ്മാനാണ് അദ്ദേഹത്തിന്റെ അനിയൻ കൂടിയായ അമീനിനെ പരിചയപ്പെടുത്തിത്തന്നത്.ജയ്പൂർ സന്ദർശനം കഴിഞ്ഞ് കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഞങ്ങളുടെ മടക്കം എന്ന് അബ്ദുറഹ്മാനോട് അറിയിച്ചതാണ് ഈ പരിചയപ്പെടുത്തലിന് നിദാനമായത്.കോട്ട റെയിൽവേ സ്റ്റേഷനിലെ സിവിൽ എഞ്ചിനീയറിംഗ് മാനേജർ ആയിരുന്നു അമീൻ.
രാത്രി കോട്ടയിൽ എത്തുന്ന ഞങ്ങൾക്ക് കയറേണ്ട അടുത്ത ട്രെയിൻ പുലർച്ചെ മൂന്ന് മണി കഴിഞ്ഞിട്ടായതിനാൽ അത്രയും സമയം എന്ത് ചെയ്യും എന്ന് ആലോചിക്കുന്നതിനിടയിലാണ് അനിയൻ കോട്ടയിലുള്ള വിവരം അബ്ദുറഹ്മാൻ അറിയിച്ചത്.കോട്ടയിൽ എത്തിയ ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ച് (Click & Read) അമീൻ സ്വന്തം ജ്യേഷ്ഠന്റെ എല്ലാ നിർദ്ദേശങ്ങളും അക്ഷരംപ്രതി പാലിച്ചു.അമീൻ എന്നെങ്കിലും കേരളത്തിൽ വന്നാൽ എൻ്റെ വീട്ടിൽ ഒരു ഗംഭീര വിരുന്ന് ഒരുക്കണം എന്ന് അന്ന് തന്നെ ഞാൻ മനസ്സിൽ ഒരു തീരുമാനം ഇട്ടു.ജ്യേഷ്ഠൻ അരീക്കോട് അടുത്ത് പത്തനാപുരത്ത് താമസിക്കുന്നതിനാൽ എന്നെങ്കിലും വരാം എന്ന് അമീനും പറഞ്ഞു.
എൻ്റെ നാലാം കാശ്മീർ യാത്രയുടെ ഒരാഴ്ച മുമ്പാണ് കേരളത്തിൽ വരുന്നതായി മെസഞ്ചർ ചാറ്റ് വഴി അമീൻ അറിയിച്ചത്.വരുന്ന ദിവസം അറിയിക്കണം എന്ന് ഞാനും പറഞ്ഞു.എല്ലാം തീരുമാനമായി വന്നപ്പോൾ അമീൻ വരുന്ന ദിവസമായി നിശ്ചയിച്ചത് സെപ്റ്റംബർ മുപ്പതിനായിരുന്നു.അതും രാത്രി പതിനൊന്ന് മണിക്ക്.പിറ്റേ ദിവസം ഒക്ടോബർ ഒന്നിന് എൻ്റെ കാശ്മീർ യാത്രയും ആയതിനാൽ വരുന്ന ദിവസം തന്നെ രാത്രി ഭക്ഷണത്തിന് ഞാൻ അമീനിനെ ക്ഷണിച്ചു.ട്രെയിൻ ലേറ്റ് ആയാൽ അത് അതിഥിക്കും ആതിഥേയനും എല്ലാം ബുദ്ധിമുട്ടാകും എന്ന് അമീൻ പറഞ്ഞു. അങ്ങനെയെങ്കിൽ പിറ്റേ ദിവസം പ്രഭാത ഭക്ഷണത്തിന് കുടുംബ സമേതം എൻ്റെ വീട്ടിൽ എത്തണം എന്ന് ഞാൻ ശാഠ്യം പിടിച്ചു.പോകാനുള്ള സാധന സാമഗ്രികൾ ഒരുക്കുന്നതിനിടയിൽ പ്രസ്തുത സന്ദർശനം എനിക്ക് ബുദ്ധിമുട്ടാകും എന്ന് അമീൻ പറഞ്ഞെങ്കിലും ഞാൻ അയഞ്ഞില്ല.
അങ്ങനെ ഒക്ടോബർ ഒന്നിന് രാവിലെ എട്ടര മണിക്ക് അമീനും കുടുംബവും കസിനും മറ്റുമായി പത്ത് പേർ ഒരു ഓട്ടോറിക്ഷയിൽ എൻ്റെ വീട്ടിലെത്തി.രണ്ട് വർഷം മുമ്പ് ഏതാനും നിമിഷം മാത്രം നേരിൽ കണ്ട ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു.പത്തിരിയും പുട്ടും ദോശയും കോഴിക്കറിയും ബീഫും എല്ലാം അടങ്ങുന്ന വിഭവ സമൃദ്ധമായ ഒരു പ്രാതൽ ഭാര്യയും മക്കളും കൂടി തയ്യാറാക്കിയിരുന്നു.കാരണം ഒരു മുൻപരിചയവും ഇല്ലാതെ രാജസ്ഥാനിലെ കോട്ടയിൽ അവരും ആ സ്നേഹം അനുഭവിച്ചറിഞ്ഞിരുന്നു.
ഭക്ഷണ ശേഷം വീട് മൊത്തം അവർ ചുറ്റിക്കണ്ടു.രാജസ്ഥാനിൽ നിന്നും വ്യത്യസ്തമായി വലിയ വീടുകളും വിസ്താരമായ സ്ഥലങ്ങളും വീടിന് ചുറ്റുമുള്ള മരങ്ങളും മുറ്റത്തെ അലങ്കാര ചെടികളും വീട്ടിലെ ലൈബ്രറിയും എല്ലാം അതിഥികൾക്ക് പുതിയ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു.അവയെല്ലാം അവർ ഫോട്ടോയിലും വീഡിയോയിലും പകർത്തി.അതിഥികളിൽ ഒരാൾ ഡൽഹിയിലാണ് താമസം.മകൾ ഡൽഹിയിൽ പഠിക്കുന്ന വിവരം ഞാൻ അവരെ അറിയിച്ചു.മകൾക്ക് താമസ സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ വിളിച്ചാൽ അവർ വന്ന് പിക്ക് ചെയ്തോളാം എന്ന വാക്ക് എനിക്കും കുടുംബത്തിനും കൂടുതൽ ധൈര്യം നൽകുന്നു.
വീട്ടിൽ അതിഥികൾ വരുമ്പോൾ ഉമ്മയെയും ഞങ്ങൾ അതിലേക്ക് ക്ഷണിക്കാറുണ്ട്. അമീനിന്റെ ഭാര്യ തട്ടം കൊണ്ട് മുഖം മറക്കുന്നത് കണ്ട എൻ്റെ ഉമ്മ അവർക്കെല്ലാവർക്കും സ്വന്തം മക്കനകൾ നൽകി.കുടുംബ സമേതം രാജസ്ഥാനിലേക്ക് ഇനിയും വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ സലാം പറഞ്ഞിറങ്ങുമ്പോൾ എൻ്റെ മനസ്സിൽ കോട്ടയിലെ ആ രാത്രി വീണ്ടും വീണ്ടും മിന്നി മറഞ്ഞു.
സൗഹൃദത്തിന്റെ ചില്ലകളിലാണ് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ പൂക്കുന്നത് എന്ന് അനുഭവത്തിലൂടെ വീണ്ടും ബോധ്യപ്പെടുന്നു.
1 comments:
സൗഹൃദത്തിന്റെ ചില്ലകളിലാണ് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ പൂക്കുന്നത്
Post a Comment
നന്ദി....വീണ്ടും വരിക