Pages

Saturday, August 15, 2026

സൗഹൃദം പൂക്കുന്ന വഴികൾ - 33

ആറാം ക്ലാസ് വരെ ഞാൻ പഠിച്ചത് അരീക്കോട് ജി. എം. യു.പി സ്‌കൂളിൽ ആയിരുന്നു. അരീക്കോട് ടൗണിൻ്റെ പരിസരത്തുള്ളവരായിരുന്നു അന്ന് ക്ലാസിൽ ഉണ്ടായിരുന്ന മിക്കവരും. ഞങ്ങളിൽ പലരും ഒരേ സമയം തന്നെ പത്താം ക്ലാസും പൂർത്തിയാക്കി. അങ്ങാടിയിലും മറ്റും പലപ്പോഴും കണ്ടുമുട്ടുന്നതിനാൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കാതെ തന്നെ പഴയ ബന്ധങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.

അന്നത്തെ സഹപാഠികളിൽ ഒരാളായിരുന്നു ഹാഫിസ്. അരീക്കോട്ടെ അറിയപ്പെടുന്ന  പന്തക്കലകത്ത് കുടുംബത്തിൽ നിന്നായിരുന്നു ഹാഫിസ് വന്നിരുന്നത്. ആറാം ക്ലാസിന് ശേഷം ഞാൻ സ്‌കൂൾ മാറിയതിനാൽ ഹാഫിസും ഞാനും വേർപിരിഞ്ഞു. പിന്നീട് പ്രീഡിഗ്രിക്ക് ഞങ്ങൾ വീണ്ടും പി. എസ്. എം. ഒ കോളേജിൽ ഒരുമിച്ചു. പ്രീഡിഗ്രിക്ക് ശേഷം ഞങ്ങൾ പല കോളേജുകളിലായി ഡിഗ്രി പഠനവും ഉന്നത പഠനവും പൂർത്തിയാക്കി. ഞാൻ സർക്കാർ ജോലിയിൽ കയറിയപ്പോൾ ഹാഫിസ് യു.കെയിലും സൗദിയിലും ഖത്തറിലും ജോലിയും ബിസിനസുമായി ജീവിതം നയിക്കുന്നു. 

അന്നത്തെ സഹപാഠികളിൽ ഭൂരിപക്ഷം പേരും ഹാഫിസിനെപ്പോലെ തന്നെ വിദേശത്തേക്ക് കയറി. യു.കെയിലും ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും എല്ലാം അവർ ചിതറിക്കിടക്കുന്നു. പലരും പല സമയത്തായി നാട്ടിൽ എത്തുന്നതിനാൽ എല്ലാവരെയും കണ്ടു മുട്ടാനുള്ള ഭാഗ്യം നാട്ടിലുള്ള എനിക്കാണ് ലഭിക്കാറ്. കൂട്ടത്തിൽ ഹ്രസ്വ സന്ദർശനത്തിനായി ഇടക്കിടക്ക് നാട്ടിൽ വരുന്നത് ഹാഫിസാണ്.

ഹാഫിസ് നാട്ടിൽ വന്നാൽ എൻ്റെ വീട്ടിലും വന്നിരിക്കും. വീട്ടിൽ വരുന്നു എന്ന് വിളിച്ചു പറയുമ്പോഴാണ് അവൻ നാട്ടിലെത്തിയ വിവരം ഞാനറിയാറ്.നാട്ടിൽ എത്തിയാൽ എല്ലാ കൂട്ടുകാരുടെയും വീട് സന്ദർശിക്കുക എന്നത് അവൻ്റെ ഒരു പതിവാണ്. ഇന്ന് അവൻ്റെ പിതാവിൻ്റെ ഒരു അനുസ്‌മരണ പരിപാടിയിൽ വെച്ചാണ് പിതാവിൽ നിന്ന് കിട്ടിയതാണ് ഈ സ്വഭാവം എന്ന് മനസ്സിലായത്. 

ഇന്നലെ ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തി ചായ കുടിച്ചു കഴിഞ്ഞ ഉടനെയാണ് അവൻ്റെ ഫോൺ വന്നത്.തലേ ദിവസം കോഴിക്കോട് വെച്ച് കണ്ടുമുട്ടിയതിനാൽ വീട്ടിലേക്ക് ഇനി വരുന്നില്ല എന്നും ഒന്ന് മെയിൻ റോഡിലേക്ക് ഇറങ്ങി വരാനും അവൻ പറഞ്ഞു.  കാറിൽ എന്നെ കയറ്റിയ ശേഷം അന്ന് പോകാനുള്ള മൂന്ന് വീടുകൾ പറഞ്ഞ് തന്നു. അങ്ങനെ രാത്രി എട്ട് മണിക്ക് ഞങ്ങൾ പര്യടനം തുടങ്ങി.

ആദ്യം പോയത് ആറാം ക്ലാസ് വരെയും ശേഷം പ്രീഡിഗ്രിക്കും എൻ്റെ ക്ലാസിൽ പഠിച്ചതും ഹാഫിസിൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റും എൻ്റെ ബന്ധുവുമായ നജീബയുടെ വീട്ടിലേക്കാണ്. അര മണിക്കൂറോളം അവിടെ ചെലവഴിച്ചതിനിടക്ക് ചായ സൽക്കാരവും വർത്തമാനം പറച്ചിലും എല്ലാം നടന്നു.

തുടർന്ന് ഞങ്ങളുടെ രണ്ട് പേരുടെയും പ്രീഡിഗ്രി ബാച്ച് മേറ്റും ഇപ്പോൾ കീഴുപറമ്പ് പഞ്ചായത്തിൽ താമസക്കാരനുമായ എൻ്റെ ബന്ധു ഡോ.അഹമ്മദ് യാസിറിൻ്റെ വീട്ടിലെത്തി. വാർദ്ധക്യ സഹജമായ രോഗങ്ങൾ അലട്ടുന്ന യാസിറിൻ്റെ ഉമ്മക്കൊപ്പവും അര മണിക്കൂറിലധികം ഞങ്ങൾ സമയം ചെലവഴിച്ചു. പറയാതെ വന്ന ചായക്ക് മുമ്പിൽ ഞങ്ങൾ വീണ്ടും വയറിനെ മറന്നു.

യാസിറിൻ്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അവൻ്റെ അയൽവാസിയും എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റുമായ മുനീർ ഒരു സംശയ നിവാരണത്തിനായി ഫോൺ ചെയ്തത്. അവൻ്റെ തൊട്ടടുത്തുണ്ട് എന്നറിയിച്ചപ്പോൾ അവനും വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ അവിടെയും കയറി. പറഞ്ഞ് വന്നപ്പോൾ ഹാഫിസും അവനും ബന്ധുക്കളായി. പിന്നെ ചായ വരാൻ ഒട്ടും താമസമുണ്ടായില്ല. അര മണിക്കൂറിലധികം അവിടെയും പലതും ചർച്ച ചെയ്തു.

ഏറ്റവും അവസാനമായി പോയത് ഞങ്ങളുടെ രണ്ട് പേരുടെയും യു.പി.സ്കൂൾ മേറ്റായ ഡോ. ഫസലു റഹ്മാൻ്റെ അനിയൻ്റെ വീട്ടിലേക്കാണ്. ആഗസ്റ്റ് 15 ന് "കുടിയിരിക്കൽ" അഥവാ ഹൗസ് വാമിംഗ് നടക്കുന്നതിനാൽ യു.കെയിൽ നിന്നും വന്ന ഫസൽ അവിടെ ആയിരിക്കും എന്ന ധാരണയിലാണ് ഞങ്ങൾ അങ്ങോട്ട് പോയത്.

പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. അവരുടെ ഡിന്നറിലേക്ക് എത്തിയതിനാൽ ഞങ്ങൾക്കും അതിൽ പങ്കാളിയാകേണ്ടി വന്നു. ഡിന്നറിനൊപ്പം ചായ കുടിക്കാനും ഞാൻ ഇന്നലെ പഠിച്ചു. ഹാഫിസിനും എനിക്കും ഫസലിനോട് ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരുന്നതിനാൽ ഈ കൂടിക്കാഴ്ച അവസാനിച്ചത് രാത്രി 12:15 നാണ്.

ഇന്ന് ഞാനും ഹാഫിസും ഞങ്ങളുടെ കുട്ടിക്കാല സ്‌കൂൾ മേറ്റുകൾ തന്നെയായ സുൾഫീക്കറിനും സുനിലിനും ഒപ്പം മേൽ സൂചിപ്പിച്ച ഹൗസ് വാമിംഗിന് പോയി. പത്താം ക്ലാസ് വരെ വിവിധ ക്ലാസുകളിൽ കൂടെ ഉണ്ടായിരുന്ന നിരവധി പേരെ അവിടെ വെച്ച് കണ്ടുമുട്ടി.

ഉച്ചക്ക് ശേഷം ഹാഫിസിൻ്റ പിതാവിൻ്റെ അനുസ്‌മരണാർത്ഥം നടന്ന ഒരു ചടങ്ങിൽ ചെന്നിരിക്കുമ്പോഴാണ് എൻ്റെ പിന്നിൽ നിന്ന് ഒരു സ്ത്രീ ശബ്‌ദം ഞാൻ കേട്ടത്.

"ആബിദ് , എന്നെ അറിയുമോ?"

പർദ്ദ ധരിച്ചിരിക്കുന്നതിനാൽ പെട്ടെന്ന് എനിക്ക് ആളെ പിടികിട്ടിയില്ല.

"ഞാൻ സോണിയ, നിൻ്റെ കൂടെ ജി.എം.യു.പി സ്‌കൂളിൽ പഠിച്ചിരുന്നു " 

അതോടെ എനിക്ക് ആ പഴയമുഖം ഓർമ്മ വന്നു. ആറാം ക്ലാസിൽ നിന്നും പിരിഞ്ഞ ശേഷം ഞാൻ സോണിയയെ കണ്ടു മുട്ടുന്നത് ഇപ്പോഴാണ് എന്നാണ് എൻ്റെ ഓർമ്മ. എങ്കിലും എന്നെ അവൾ തിരിച്ചറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിന് അവളുടെ മറുപടി ഇതായിരുന്നു.

"ഫേസ് ബുക്കിൽ നിൻ്റെ ഫ്രണ്ടായതിനാൽ നിൻ്റെ പോസ്റ്റുകൾ ഞാൻ സ്ഥിരം കാണാറുണ്ട്"

ഓൺലൈൻ സൗഹൃദം ഓഫ് ലൈൻ സൗഹൃദത്തെ ഊട്ടിയുറപ്പിച്ച ആ നിമിഷം എനിക്ക് മനോഹരമായ ഒരു അനുഭവമായി. സൗഹൃദങ്ങൾ നീണാൾ വളരട്ടെ.

2 comments:

Areekkodan | അരീക്കോടന്‍ said...

വളരട്ടങ്ങനെ വളരട്ടെ...

Anonymous said...

Good relàaions more enjoying sweets

Post a Comment

നന്ദി....വീണ്ടും വരിക