Pages

Tuesday, February 27, 2007

ബാല്യകാലസ്മരണകള്‍ - രണ്ട്‌

കുഞ്ഞങ്കാക്കയെ ഓര്‍ക്കുമ്പോള്‍ തലയില്‍ പാളത്തൊപ്പി വച്ച അരമുണ്ടുടുത്ത കുപ്പായമിടാത്ത ഒരു രൂപമാണ്‌ എന്റെ മനസ്സിലുള്ളത്‌.ഇതല്ലാത്ത വേഷത്തില്‍ ഒരിക്കല്‍ പോലും കുഞ്ഞങ്കാക്കയെ കണ്ടതായി എനിക്കോര്‍മ്മയില്ല. "ചക്കപ്പം" എന്നായിരുന്നു കുഞ്ഞങ്കാക്ക എന്നെ വിളിച്ചിരുന്നത്‌.ചെറുപ്പത്തില്‍ പഴംചക്ക കൊണ്ടുണ്ടാക്കുന്ന ചക്കപ്പമായിരുന്നു എന്റെ ഇഷ്ടഭോജ്യം(ഇന്നും ചക്കപ്പം ഇഷ്ടമാണ്‌). അന്ന് വിവിധ പറമ്പുകളില്‍നിന്നായി കുഞ്ഞങ്കാക്ക പഴംചക്ക വീട്ടിലെത്തിക്കും.ശേഷം എന്നോടായി പറയും - "കുഞ്ഞങ്കാക്ക ചക്ക കൊണ്ടുവന്നിട്ടുണ്ട്‌.ആയിശാത്തയോട്‌ ( എന്റെ വീട്ടിലെ വേലക്കാരി.എന്നെയും എന്റെ ഇത്താത്തയെയും പൊന്നുപോലെ നോക്കിവളര്‍ത്തിയ അവര്‍ ഏഴുവര്‍ഷം മുമ്പ്‌ ഒരു വാഹനാപകടത്തില്‍ മരിച്ചു) ചക്കപ്പം ഉണ്ടാക്കിത്തരാന്‍ പറയണം.പത്തെണ്ണം ഈ കുഞ്ഞങ്കാക്കാക്കും തരണംട്ടോ..." പിറ്റേ ദിവസം മുതല്‍ ഞാന്‍ ചക്കപ്പസമരം തുടങ്ങും.ആയിശാത്ത ജോലിത്തിരക്ക്‌ കാരണം മറന്നതായിരിക്കും.സ്കൂള്‍ടീച്ചറായ ഉമ്മ വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ എന്റെ സമരം മിക്കവാറും നിരാഹാര ഘട്ടത്തിലേക്ക്‌ എത്തിയിട്ടുണ്ടാകും.അങ്ങിനെ അല്‍പം ചക്കപ്പം ചുട്ട്‌ എനിക്ക്‌ നീട്ടി എന്റെ സമരം അവസാനിപ്പിക്കും.കിട്ടിയ ചക്കപ്പം മുഴുവന്‍ സ്വയം തിന്നതല്ലാതെ കുഞ്ഞങ്കാക്കാക്ക്‌ ചക്കപ്പം കൊടുത്തതായി എനിക്കോര്‍മ്മയേ ഇല്ല. ഏതായാലും എന്റെ ചക്കപ്പപ്രേമം നന്നായറിയുന്ന കുഞ്ഞങ്കാക്ക മാത്രം എന്നെ "ചക്കപ്പോ" എന്ന് വിളിച്ചു വന്നു.

2 comments:

Areekkodan | അരീക്കോടന്‍ said...

"ചക്കപ്പം" എന്നായിരുന്നു കുഞ്ഞങ്കാക്ക എന്നെ വിളിച്ചിരുന്നത്‌.ചെറുപ്പത്തില്‍ പഴംചക്ക കൊണ്ടുണ്ടാക്കുന്ന ചക്കപ്പമായിരുന്നു .....ബാല്യകാലസ്മരണകള്‍ തുടരുന്നു.

സുല്‍ |Sul said...

ചക്കപ്പോ,

നല്ല ഓര്‍മ്മകള്‍. കുഞ്ഞങ്കാക്ക ഇപ്പൊഴുമുണ്ടൊ?

-സുല്‍

Post a Comment

നന്ദി....വീണ്ടും വരിക