"അതിര്‍ത്തിയില്‍ വെടിവയ്പ്പ്.....മഞ്ചേശ്വരത്ത് കേരള സൈനികന് വീരമൃത്യു....." വിദൂര ഭാവിയില്‍ ഏതെങ്കിലും മലയാള ദിനപത്രത്തിന്റെ തലക്കെട്ടായി നമ്മുടെ മക്കള്‍ക്കോ പേരമക്കള്‍ക്കോ ഈ വാര്‍ത്ത വായിക്കേണ്ട ഗതികേട് വരുമോ എന്ന ഭീതിയിലാണ് എന്നെപ്പോലെ ഈ രാജ്യത്തെ പലരും.ഇന്ത്യ എന്ന മഹാരാജ്യത്തിലെ ദേശ-ഭാഷ-വര്‍ഗ്ഗ വ്യത്യാസമുള്ള ജനങ്ങള്‍ ഒന്ന് എന്ന നാനാത്വത്തില്‍ ഏകത്വം എന്ന ചിന്ത തൂത്തെറിഞ്ഞ് ഓരോ സംസ്ഥാനവും സ്വയം ഭരണം പ്രഖ്യാപിച്ച് ഓരോ സ്വതന്ത്ര സ്റ്റേറ്റുകളായോ രാജ്യങ്ങളായോ മാറുന്ന കാലം അതിവിദൂരമല്ല എന്ന് സമീപകാല വാര്‍ത്തകള്‍ പലതും വിളിച്ചോതുന്നു.
സോവിയറ്റ് യൂണിയന്‍ എന്ന അതിശക്തമായ രാഷ്ട്രം പലപലകഷ്ണങ്ങളായി ചിന്നഭിന്നമായ ചരിത്രം നമ്മുടെ കണ്മുന്നില്‍ മായാതെ നില്‍ക്കുന്നുണ്ട്. സോവിയറ്റ് യൂണിയനിലെ അംഗരാഷ്ട്രങ്ങളെ ഒരുമിച്ച് നിര്‍ത്തിയിരുന്ന കമ്മ്യൂണിസം എന്ന ആശയം തകര്‍ന്നതോടൊപ്പം രാഷ്ട്രവും തകര്‍ന്ന് കൊച്ചുകൊച്ചുരാഷ്ട്രങ്ങള്‍ പിറന്നതുപോലെ , ഇന്ത്യയില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം തകര്‍ന്ന് കഴിഞ്ഞാല്‍ കേരള രാഷ്ട്രം,തമിഴ് രാജ്യം,കന്നട പ്രോവിന്‍സ്,റിപബ്ലിക് ഓഫ് മറാത്ത തുടങ്ങീ അനവധി രാജ്യങ്ങളുടെ പിറവി നാം ദര്‍ശിക്കേണ്ടി വന്നേക്കാം.
സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഒരുമിച്ച് നിന്ന് പൊരുതിയ ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച നിമിഷം മുതല്‍ പരസ്പരം പോരടിച്ച് വീഴുന്ന ദയനീയ രംഗം നമ്മുടെ മാതാപിതാക്കള്‍ അന്ന് ദര്‍ശിച്ചു; ഇപ്പോള്‍ നാം ദര്‍ശിച്ചുകൊണ്ടേ ഇരിക്കുന്നു.അന്ന് മുസ്ലിം വര്‍ഗ്ഗീയതയാണ് പാകിസ്ഥാനിന്റെ പിറവിക്ക് കാരണമായത് എന്ന് പലരും ആരോപിക്കുന്നു.അത് ശരിയാണെങ്കില്‍ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മതാധിഷ്ടിത അക്രമങ്ങള്‍ എത്ര രാജ്യങ്ങളുടെ പിറവിക്ക് കാരണമായേക്കും എന്ന് വെറുതെ ഒന്ന് ആലോചിച്ച് നോക്കുക.നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയില്‍ ഭരണകക്ഷിയാണ് ബി.ജെ.പി.അവരുടെ സഖ്യകക്ഷിയായ ബജ്രംഗ്ദള്‍ സമീപകാലത്ത് കൃസ്ത്യാനികള്‍ക്ക് നേരെ കര്‍ണ്ണാടകയിലും ഒറീസയിലും അഴിച്ചുവിട്ട അക്രമപരമ്പരയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവ മാത്രം മതി മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ പ്രതിഷേധം വിളിച്ചു വരുത്താന്‍ .മതപരിവര്‍ത്തനം നടത്തുന്നു എന്ന പേരില്‍ ഇത്രയും ഭീകരമായി അക്രമങ്ങള്‍ അഴിച്ചുവിട്ടത് ഭരണത്തിന്റെ ഹുങ്കും അധികാരത്തിന്റെ ചെങ്കോലും കയ്യില്‍ ഭദ്രമായി എന്ന അഹംഭാവത്തിന്റെ ബഹിര്‍സ്ഫുരണമാണ്.ഇവിടെ സംസ്ഥാന ഗവണ്മെന്റുകള്‍ നിസ്സംഗത പാലിക്കുമ്പോള്‍ പൗരന്റെ മൗലികാവകാശമാണ് ഹനിക്കപ്പെടുന്നത്.സംസ്ഥാന ഗവണ്‍മന്റ് നോക്കുകുത്തിയാകുമ്പോള്‍ നടപടി എടുക്കേണ്ട കേന്ദ്രഗവണ്മെന്റും മൗനം ഭജിക്കുന്നത് അക്രമികള്‍ക്ക് പ്രോല്‍സാഹനനമാകുന്നു.സിമിയെ നിരോധിച്ച കേന്ദ്രഗവണ്മെന്റിന് ബജ്രംഗ്ദളിനെ നിരോധിക്കാനുള്ള നട്ടെല്ല് ഇല്ല എന്ന് പ്രവൃത്തിയിലൂടെ ഗവണ്‍മന്റ് തന്നെ തെളിയിച്ചു.
ജമ്മുകാശ്മീരിലെ സ്ഥിതിഗതികളും ആ സംസ്ഥാനം അതിവിദൂരമല്ലാതെ ഇന്ത്യക്ക് നഷ്ടമായേക്കും എന്ന സൂചന നല്‍കുന്നു.കാഷ്മീരിലെ മുസ്ലിം ജനസാമാന്യം ഗവണ്മെന്റിനോട് കടുത്ത പ്രതിഷേധത്തിലാണ്.പ്രത്യേകിച്ചും മുസ്ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളിലേക്കുള്ള ബസ്സുകള്‍ ആക്രമിക്കപ്പെട്ടതോടെ.അഫ്ഗാനിസ്ഥാനില്‍ ശക്തിയാര്‍ജ്ജിച്ചുക്കൊണ്ടിരിക്കുന്ന താലിബാന്‍ പാകിസ്ഥാനിലെ ഏതെങ്കിലും ജിഹാദിഗ്രൂപ്പുമായി കൈ കോര്‍ത്ത് കാശ്മീരിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഈ അസന്തുഷ്ടജനത ഇന്ത്യന്‍പട്ടാളത്തെ സഹായിക്കാന്‍ മുന്നോട്ട് വരും എന്ന് ചിന്തിക്കുന്നത് പോലും മൗഢ്യമാണ്.മതേതരപാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫ്രന്‍സും പിഡിപിയും വിഘടനവാദത്തിന് പരോക്ഷ പിന്തുണ നല്‍കുന്നു എന്ന വാര്‍ത്ത രാഷ്ട്രത്തിനെതിരെ രാഷ്ട്രീയക്കാരുടെ കോമാളിത്തം എവിടം വരെ എത്തി എന്നതിന്റെ ഉത്തമോദാഹരണമാണ്.
ഇസ്ലാം ഒരിക്കലും ഭീകരവാദം അംഗീകരിക്കുന്നില്ല.വഴിയില്‍ നിന്നും മുള്ള് നീക്കുന്നത്‌പോലും സത്‌പ്രവൃത്തിയായി കാണുന്ന ഒരു മതത്തിന് വഴിയില്‍ ബോംബ് വച്ച് നിസ്സഹായരും നിരപരാധികളുമായ അനേകം പേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്നതിനെ ന്യായീകരിക്കാന്‍ സാധ്യമല്ല.ഇസ്ലാമിക മതപണ്ഠിതന്മാര്‍ എല്ല ഭീകരപ്രവര്‍ത്തനങ്ങളും മതനിയമങ്ങള്‍ക്ക് എതിരാണ് എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അക്രമങ്ങളെ അപലപിക്കാന്‍ പോലും ഹൈന്ദവ നേതാക്കള്‍ വാ തുറന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്.കര്‍ണ്ണാടകയിലും ഒറീസയിലും പീഢനമനുഭവിക്കുന്ന സ്വന്തം മതക്കാരുടെ ദീനവിലാപം ക്രൈസ്തവര്‍ തിങ്ങിതാമസിക്കുന്ന നാഗാലാന്റിലെയും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളെ പ്രകോപിതരാക്കിയാല്‍ നാം ആരെ പഴിചാരും?
ഈയിടെ മുമ്പൈയില്‍ ജോലി ആവശ്യാര്‍ത്ഥം വന്ന ഒരു ബീഹാരി യുവാവ് രാജ്‌താക്കറെയുടെ നവനിര്‍മ്മാണ്‍ സേനാപ്രവര്‍ത്തകരാല്‍ വധിക്കപ്പെട്ടു.മുമ്പൈയിലെ ജോലി മുമ്പൈയികാര്‍ക്ക് എന്നും മറാത്ത മണ്ണില്‍ മറാത്തക്കാര്‍ മാത്രം എന്നും അനുനിമിഷം ഉദ്‌ഘോഷിക്കുന്ന ശിവസേനക്കും നവനിര്‍മ്മാണ്‍ സേനക്കും കൂച്ചുവിലങ്ങിടാന്‍ സംസ്ഥാന ഗവണ്മെന്റിനോ കേന്ദ്രഗവണ്മെന്റിനോ സാധിക്കാത്തത് ദു:ഖകരമാണ്.മണ്ണിന്റെ മക്കള്‍ വാദത്തിനിരയായുള്ള ആ യുവാവിന്റെ രക്തസാക്ഷിത്വവും ഗവണ്മെന്റിന്റെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമായില്ല എങ്കില്‍ നമ്മുടെ രാജ്യത്തിന്റെ പോക്ക് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച റിപബ്ലിക് ഓഫ് മറാത്ത എന്ന ആശയത്തിലേക്കല്ലേ?
ന്യൂനപക്ഷങ്ങളും വിവിധ വര്‍ഗ്ഗ സമൂഹങ്ങളും സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന വിവിധ സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.ഇന്തോനേഷ്യയിലെ കിഴക്കന്‍ പ്രദേശത്തെ ഇത്തരത്തിലുള്ള ഒരു സമരത്തെ UNO വരെ പിന്താങ്ങുകയും ചെയ്തു.ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരകലഹങ്ങള്‍ പുതിയ രാഷ്ട്രങ്ങളുടെ പിറവികളില്‍ കലാശിച്ചുകൊണ്ടിരിക്കുന്നു.ചൈനയില്‍ ടിബറ്റ്‌വാസികളും പൊരുതുന്നത് സ്വതന്ത്ര രാഷ്ട്രപദവിക്കായാണ്.ഗവണ്മെന്റിന്റെ ചെയ്തികളില്‍ അസന്തുഷ്ടരും രോഷാകുലരുമായ ജനങ്ങള്‍ സ്വീകരിക്കുന്ന ഈ പ്രതിഷേധമാര്‍ഗ്ഗങ്ങളുടെ പര്യവസാനം പുത്തന്‍ രാഷ്ട്ര പിറവിയിലാണെന്ന യാഥാര്‍ത്ഥ്യം ഇന്ത്യ അതീവജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണ്.
ഇന്ത്യയുടെ ഐക്യം തന്നെ തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്തികളേയും മതാധിഷ്ഠിത സംഘടനകളേയും ഒരേ നിയമത്തിന്റെ ത്രാസിലിട്ട് തൂക്കാനോ സംഘബലത്തോടെ നേരിടാനോ നിര്‍ഭാഗ്യവശാല്‍ നമ്മുടെ മതേതരരാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും സാധിച്ചില്ല.അധികാരത്തിന്റെ അപ്പക്കഷ്ണം നീട്ടിയാല്‍ ഏത് ഭാഗത്തേക്കും ചായുന്ന ആദര്‍ശമില്ലാത്ത പാര്‍ട്ടികളും നേതാക്കന്മാരും ഇന്ത്യ എന്ന ആ സുന്ദരനാമത്തെ ഉടന്‍ തന്നെ ചരിത്രത്താളുകളിലേക്കും കാലയവനികക്കുള്ളിലേക്കും എത്തിക്കും എന്ന് റിപബ്ലിക്കിന്റെ ഈ അറുപതാമാണ്ടില്‍ നമുക്ക് വിലപിക്കാം.
7 comments:
"അതിര്‍ത്തിയില്‍ വെടിവയ്പ്പ്.....മഞ്ചേശ്വരത്ത് കേരള സൈനികന് വീരമൃത്യു....." വിദൂര ഭാവിയില്‍ ഏതെങ്കിലും മലയാള ദിനപത്രത്തിന്റെ തലക്കെട്ടായി നമ്മുടെ മക്കള്‍ക്കോ പേരമക്കള്‍ക്കോ ഈ വാര്‍ത്ത വായിക്കേണ്ട ഗതികേട് വരുമോ?
തുര്‍ക്കിയില്‍ സെക്കുലര്‍ എന്ന് പറയുന്നത് ഒരു മതത്തിനെയും വാഴ്ത്താതതാണെന്നു കേട്ടിരിക്കുന്നു. ഒരു മതത്തിന്റെയും പ്രത്യേകമായ അടയാളങ്ങള്‍ അവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയുടെ ശാപം തന്നെയാണ് മതങ്ങള്‍. മതപ്രീണനവും. ആദ്യം ഇന്ത്യനും പിന്നെ മാത്രം ഹിന്ദുവോ ക്രിസ്ത്യനൊ മുസ്ലിമോ ആകാന്‍ ഇന്ത്യക്കാരനാകുമോ?
പ്രാദേശികമായ ചേരിതിരുവുകള്‍ ഇന്ത്യ അഥവാ ഭാരതത്തിനു എന്നും ഉള്ളതാണ്. പല പ്രവശ്യകളെ ഒന്നിച്ചാക്കി മാറ്റി എന്നുള്ളത് ബ്രിട്ടീഷ് ഭാരത്തിന്റെ നേട്ടവും. രാഷ്ട്രീയമുതലെടുപ്പിന് മുതിരുന്ന പ്രാദേശികനേതാക്കളും അതെ നാട്ടുരാജാക്കന്മാരുടെ വകഭേദങ്ങള്‍. പക്ഷെ അതില്‍ മതം കൂടെ കലരുമ്പോള്‍ ഭയാനകം ആകുന്നുവെന്നു മാത്രം.
(പോസ്റ്റ് ഒരിടത്തേക്ക് കൂടുതല്‍ ചായ്വ് കാണിക്കുന്നുവോ അരികോടന്‍ മാഷേ ? എന്റെ തോന്നല്‍ മാത്രമല്ല അതെങ്കില് കുറേ ഉത്തരങ്ങള്‍ അതില്‍ തന്നെ ഉണ്ടാകും :)
"അധികാരത്തിന്റെ അപ്പക്കഷ്ണം നീട്ടിയാല്‍ ഏത് ഭാഗത്തേക്കും ചായുന്ന ആദര്‍ശമില്ലാത്ത പാര്‍ട്ടികളും നേതാക്കന്മാരും ഇന്ത്യ എന്ന ആ സുന്ദരനാമത്തെ ഉടന്‍ തന്നെ ചരിത്രത്താളുകളിലേക്കും കാലയവനികക്കുള്ളിലേക്കും എത്തിക്കും എന്ന് റിപബ്ലിക്കിന്റെ ഈ അറുപതാമാണ്ടില്‍ നമുക്ക് വിലപിക്കാം"
എല്ലാ നേതാക്കന്‍മാരെയും ഈ പട്ടികയില്‍ പെടുത്താതെ മാഷേ,ചില വ്യത്യസ്ത് കേസുകളും ഉണ്ട്.നമുക്ക് നോക്കാം അവര്‍ എന്താ ചെയ്യുക എന്ന്
"സോവിയറ്റ് യൂണിയനിലെ അംഗരാഷ്ട്രങ്ങളെ ഒരുമിച്ച് നിര്‍ത്തിയിരുന്ന കമ്മ്യൂണിസം എന്ന ആശയം തകര്‍ന്നതോടൊപ്പം രാഷ്ട്രവും തകര്‍ന്ന് കൊച്ചുകൊച്ചുരാഷ്ട്രങ്ങള്‍ പിറന്നതുപോലെ.." വാഹ്! വാഹ്! എന്തൊരു ചരിത്രബോധം! എന്തൊരു വിജ്ഞാനം!! കമ്മ്യൂണിസത്തെ എവിടെയാണ് അടക്കം ചെയ്തിരിക്കുന്നത് എന്നു കൂടി പറഞ്ഞുതരുമെന്ന് മോഹിച്ചു..
:) രാജിവ് ഈ പോസ്റ്റില്‍ ആ ഒരൊറ്റ വരി മാത്രമെ കണ്ടുള്ളൂ അല്ലെ?
പ്രിയ...ഇപ്പോള്‍ ഇന്ത്യയില്‍ നടന്ന്നുകൊണ്ടിരിക്കുന്നത് അധികാരിവര്‍ഗ്ഗത്തിന്റെ പക്ഷപാതപെരുമാറ്റമാണ്.തീര്‍ച്ചയായും അതിനെതിരെ ശബ്ദിക്കാനാണ് ഞാന്‍ ഈ പോസ്റ്റിലൂടെ ശ്രമിച്ചത്.അത് മറുഭാഗത്തേക്ക് ചായുന്നത് സ്വാഭാവികമല്ലേ?നിരീക്ഷണത്തിന് നന്ദി.
അരുണ്‍....ശരിയാണ്,എല്ലാ നേതാക്കളും അങ്ങനെയല്ല.പക്ഷേ സീറ്റ് കിട്ടില്ല എന്നുറപ്പാകുമ്പോള്‍ മറുകണ്ടം ചാടിയ എത്ര എത്ര നേതാക്കന്മാര്‍.ഇക്കഴിഞ്ഞ ആഴ്ചയില്‍ തന്നെ UP യിലും കര്‍ണ്ണാടകയിലും മറുകണ്ടം ചാടിയത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ്.ഇലക്ഷനില്‍ സീറ്റ് തരപ്പെടാതാകുമ്പോള്‍ താന്‍ അതുവരെ പുലര്‍ത്തിപോന്ന ആദര്‍ശം തെറ്റാവുന്നതെങ്ങനെ?
Rajeev....സ്വാഗതം.... സോഷ്യലിസ്റ്റ് ആശയങ്ങളില്‍ എനിക്കും താല്‍പര്യമുണ്ടായിരുന്നു.പക്ഷേ ഒരു അനിവാര്യത പോലെ കമ്മ്യൂണിസം പല രാജ്യങ്ങളിലും തകര്‍ന്നടിഞ്ഞപ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ ചികയാതെ മറുഭാഗം വിശദീകരിക്കാനാണ് രാഷ്ട്രീയാന്ധത ബാധിച്ചവര്‍ ശ്രമിച്ചത്.കമ്മ്യൂണിസത്തിന്റെ പല ആശയങ്ങളോടും എനിക്ക് ഇപ്പോഴും മമത തോന്നുന്നുണ്ട്.പക്ഷേ മറ്റ് പാര്‍ട്ടികളെപ്പോലെ സ്വന്തം ആവശ്യത്തിന് അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നില്ല.രാഷ്ട്രീയതിമിരം ബാധിക്കാത്ത കണ്ണുണ്ടെങ്കില്‍ കമ്മ്യൂണിസത്തെ അടക്കം ചെയ്തത് ഞാന്‍ ഓതിത്തരേണ്ട ആവശ്യമുണ്ടാകില്ല.
നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ സങ്കല്‍പത്തിന്റെ തകര്‍ച്ച ഇന്ത്യയുടെ നാശത്തിലേക്ക് തന്നെയാണു ചെന്നെത്തുക.എന്തെങ്കിലും ചെയ്യാന്‍ കെല്പുള്ള നമ്മുടെ രാഷ്ട്രീയക്കാരുടെ അവസ്ഥ പറയാതിരിക്കുകയല്ലേ ഭേദം. ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവര്‍ ആരുമില്ല എന്ന പഴമൊഴിയെ അന്വര്‍ഥമാക്കും വിധം ആദര്‍ശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര്‍ വരെ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന ദയനീയ കാഴ്ച.വര്‍ഗ്ഗീയതക്കെതിരായുള്ള ജനങ്ങളുടെ വിധിയെഴുത്തില്‍ അധികാരത്തിലേറിയവര്‍ അധികാരം നിലനിര്‍ത്താന്‍ വര്‍ഗ്ഗീയതയുമായി സന്ധി ചെയ്യുന്നു.
എല്ലാ നെറികേടുകള്‍ക്കും വ്യഖ്യാനങ്ങള്‍ നല്‍കി നേതാക്കള്‍ക്കു സുരക്ഷിത വലയമൊരുക്കുന്ന അണികളും കൂടിയാവുമ്പോള്‍ നമ്മുടെ രാഷ്ട്രീയത്തിന്റെ ദുരന്ത ചിത്രം പൂര്‍ണ്ണമാവുന്നു.
പ്രസക്തമായ നിരീക്ഷണം അരീക്കോടന്‍ മാഷേ.
അഭിനന്ദനങ്ങള്‍.
Post a Comment
നന്ദി....വീണ്ടും വരിക