Pages

Sunday, June 17, 2012

ഒരു യാത്രയുടെ വേവലാതികള്‍ - 2

 യാത്രയുടെ തുടക്കം ഇവിടെ

യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോള്‍ “ഒന്ന് വേഗം ഒന്ന് വേഗം” എന്ന് എന്റെ മനസ്സ് വേവലാതിപ്പെട്ടു.ബസ്സിന്റെ വേഗതയില്‍ എന്റെ മനസ്സും ആവലാതിപ്പെട്ടു.എല്ലാം സഹിച്ച് വാച്ചിലേക്ക് നോക്കാതെ അലവലാദി ഞാന്‍ വാച്ചിലേക്ക് നോക്കാ‍തെ കണ്ണിനെ നിയന്ത്രിച്ച് പിടിച്ചു.ബസ്സ് മലപ്പുറത്തെത്തിയപ്പോള്‍ എന്റെ മുറിഞ്ഞ് പോയ നെടുവീര്‍പ്പിന്റെ ബാക്കിയില്‍ പകുതി കൂടി പുറത്തേക്ക് വന്നു.കാരണം സമയം 8.45പി.എം

8.50ന് അടുത്ത ബസ് കിട്ടിയാല്‍ 30-35 മിനുട്ട് കൊണ്ട് അങ്ങാടിപ്പുറത്ത് എത്തുമെങ്കില്‍ 9.29നോ 9.25നോ എത്തും എന്ന് എന്റെ അപാരമായ മനസ്സ് കണക്ക് കൂട്ടി പറഞ്ഞു തന്നു.ട്രെയിന്‍ രണ്ട് മിനുട്ടെങ്കിലും ലേറ്റ് ആയാല്‍....എന്റെ പ്രതീക്ഷകള്‍ ഇന്ത്യന്‍ റെയില്‍‌വെയുടെ സമയനിഷ്ഠക്ക് മുകളില്‍ ഡിസ്കോ കളിക്കാന്‍ തുടങ്ങി.

ഒരിക്കലും എന്നെ വഴിയാധാരമാക്കാത്ത ദൈവം ‘എയ്ഞ്ചല്‍’ എന്ന ബസിനെ തന്നെ കൃത്യം 8.50ന് എന്റെ മുമ്പിലെത്തിച്ചു.ബസിന്റെ വരവും ആള്‍ക്കാരുടെ തിരക്കും കണ്ടപ്പോള്‍ അതിന് മലപ്പുറത്ത് സ്റ്റോപ്പില്ല എന്ന് തോന്നിപ്പോയി.തിക്കിത്തിരക്കി ഞാനും അകത്ത് കയറി ഒരു സീറ്റില്‍ ഇരുന്നിട്ടും ‘ടിംടിം’ മുഴങ്ങുന്നില്ല!അപ്പോഴാണ് പിന്നിലെ ഡോറിന് അടുത്തുണ്ടായിരുന്ന തടിമാടന്‍ പുറത്തിറങ്ങി ഭരതനാട്യം കളിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്.അതുവഴി പോകുന്ന ആള്‍ക്കാരെ നിയന്ത്രിക്കുകയായിരുന്നു അദ്ദേഹം.

“പഢോ....” ആ തടിമാടന്‍ വീണൊ എന്ന് എനിക്ക് സംശയം.അല്ല , ബസ്സിന് മുകളില്‍ നിന്നും എന്തോ താഴേക്കിട്ടതാണ്.പിന്നീട് ആ ശബ്ദങ്ങള്‍ പത്തോ പതിനഞ്ചോ തവണ ഞാന്‍ കേട്ടു.എന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ വീണ്ടും കാര്‍മേഘം ഉരുണ്ട് കൂടാന്‍ തുടങ്ങി.വേവലാതി പൂണ്ട മനസ്സില്‍ നിന്നും ആവലാതികള്‍ ഉണ്ടാകാതിരിക്കാന്‍ അലവലാദിയായ ഞാന്‍ വാച്ചിലേക്ക് നോക്കാ‍തെ കണ്ണിനെ നിയന്ത്രിച്ച് പിടിച്ചു.

ബസ്സിനെ ഞെരിച്ചമര്‍ത്തിയിരുന്ന മുതുകിലെ ഭാരം മുഴുവന്‍ ഇറക്കിയപ്പോള്‍  ബസ്സ് ഒന്ന് ഊര നിവര്‍ത്തിയതേ ഉള്ളൂ.അപ്പോഴേക്കും ആ തടിമാടന്‍ പിന്നില്‍ ചാടിക്കയറി ബസ്സിന്റെ ഊര വളച്ചു.ബസ് കിതച്ചോടാന്‍ തുടങ്ങിയപ്പോള്‍ ‘രാജ്യറാണി’യെപ്പറ്റി കണ്ടക്ടറോട്‌ ചോദിക്കണോ വേണ്ടേ എന്ന് ഒരു ‘എക്കാചക്ക’(കണ്‍ഫ്യൂഷന്റെ പുതിയ മലയാളം) ഉണ്ടായി.വാച്ചില്‍ നോക്കാതെ വേവലാതിയെ അകറ്റി നിര്‍ത്തിയ ഞാന്‍ ഈ ചോദ്യത്തിലൂടെ പൂര്‍ണ്ണമായും വേവലാതിപ്പെടണോ എന്ന സംശയം ഉയര്‍ന്നതിനാല്‍ മിണ്ടാതെ ഇരുന്നു.

യാത്രയില്‍ പല ചിത്രങ്ങളും എന്റെ മനസ്സിലൂടേ പാഞ്ഞു.തിരുവല്ലയില്‍ വന്ന് ട്രെയിനില്‍ ഓടിക്കയറുന്നതിനിടയില്‍ വീണ് മരണമടഞ്ഞ വിദ്യാര്‍ത്ഥി, ‘ ഉപ്പച്ചീ’ എന്ന് വിളിച്ച് എന്നെ സ്വീകരിക്കുന്ന എന്റെ രണ്ട് വയസ്സുകാരി മകള്‍ ലൂന, വാതില്‍ വരെ വന്ന് എന്നെ യാത്രയാക്കിയ എന്റെ സഹധര്‍മ്മിണി...എല്ലാവരേയും ഓര്‍ത്തപ്പോള്‍ എന്റെ മനസ്സില്‍ ഒരു തീരുമാനവും ഉറച്ചു - വണ്ടി നീങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും അതിലേക്ക് കയറണ്ട.180 രൂപ പോയാലും വേണ്ടില്ല , എന്നെ പ്രതീക്ഷയോടെ കാത്തി നില്‍ക്കുന്നവരുടെ അടുത്തേക്ക് ജീവനോടെ തിരിച്ചു ചെല്ലുന്നതാണ് അതിനെക്കാള്‍ വലുത് എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

ബസ്സ് അങ്ങാടിപ്പുറത്ത് എത്തിയപ്പോള്‍ ഞാന്‍ പുറത്തേക്ക് നോക്കി - എതിരെ വാഹനങ്ങള്‍ വരുന്നുണ്ടോ എന്നറിയാന്‍.ട്രെയിന്‍ എത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റ് അടച്ചിട്ടുണ്ടാകും.അപ്പോള്‍ പിന്നെ എതിരെ വാഹനങ്ങള്‍ വരില്ല.അപ്പോള്‍ ഇറങ്ങി ഓടണം, റെയില്‌വേ സ്റ്റേഷനിലേക്ക്.

പ്രതീക്ഷയോടെ ഞാന്‍ ബസ്സിന്റെ വാതിലിനടുത്തേക്ക് നീങ്ങി.കൃത്യം 9.15ന് ബസ്സ് എന്നെ ഗേറ്റ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു!ഞാന്‍ സ്റ്റേഷനിലേക്ക് നടന്നു, അല്ല ഓടി- കണ്‍ മുന്നില്‍ വച്ച് ട്രെയിന്‍ മിസ് ആയ ഒരു അനുഭവം മുമ്പുള്ളതിനാല്‍. ധാരാളം പേര്‍ രാജ്യറാണി എക്സ്പ്രെസ്സിനെ പ്രതീക്ഷിച്ച് ഇരിക്കുന്നത് കണ്ടപ്പോള്‍ എന്റെ എല്ലാ വേവലാതിയും അസ്തമിച്ചു.അപ്പോഴും ഒരു അലവലാദിയായി ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

(തുടരും...)

11 comments:

ajith said...

അരീക്കോടന്‍ മാഷ് രാജ്യറാണിയെ പിടിക്കുമോ? ലക്ഷ്യത്തിലെത്തുമോ? സമയവുമായി മത്സരിച്ച് മാഷ് തന്റെ ദൌത്യം പൂര്‍ത്തീകരിക്കുമോ? ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുക!!

mini//മിനി said...

പിന്നെ, രാജ്യറാണിയെ പിടിക്കാതെ എങ്ങനെയാ? മാഷാരാ മോൻ!

Areekkodan | അരീക്കോടന്‍ said...

അജിത്ജീ...ഉദ്വേഗജനകമായ ആ നിമിഷങ്ങള്‍ക്കുള്ള മറുപടി എന്റെ അടുത്ത പോസ്റ്റിന്റെ തലക്കെട്ടില്‍ തന്നെയുണ്ട്.

മിനി ടീച്ചര്‍....അതെന്നെ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ അതു ശരി മല പോലെ വന്ന്ത്‌ എലിപോലെ പോയി

ഇനി എലി പോലെ വന്നത്‌ മലപോലെ യാകാന്‍ രാജ്യറാണി ഒരു പത്തു മണിക്കൂര്‍ താമസികുകയും കൂടി വേണം അല്ലെ :)

Cv Thankappan said...

യാത്രയില്‍ വിഘ്നങ്ങള്‍ ഉണ്ടാകാതെ മംഗളമായി
തീരട്ടെ!
ആശംസകള്‍

krishnakumar513 said...

യാത്ര തുടരട്ടേ മാഷേ...

ഫൈസല്‍ ബാബു said...

ചോദിക്കണോ വേണ്ടേ എന്ന് ഒരു ‘എക്കാചക്ക’(കണ്‍ഫ്യൂഷന്റെ പുതിയ മലയാളം) ഉണ്ടായി
ഹഹാഹ്ഹ് പുതിയ ഒരു വാക്ക് കൂടി കിട്ടി ,,വണ്ടി കിട്ടിക്കാണും പക്ഷെ ടിക്കറ്റ് എടുക്കാന്‍ മറന്നോ ???

Areekkodan | അരീക്കോടന്‍ said...

പണിക്കര്‍ സാര്‍...അതാണ് അരീക്കോടന്റെ സ്ഥിരം അനുഭവം

തങ്കപ്പന്‍ജീ....നന്ദി

കൃഷ്ണകുമാര്‍....നന്ദി

ഫൈസല്‍....ഊര്‍ക്കടവില്‍ ‘എക്കാചക്ക’ പ്രയോഗം ഇല്ലേ?

Unknown said...

തുടരും ????
അതൊരു മാതിരി ചെയ്ത്തായ്പ്പോയി

ente lokam said...

ഒറ്റയടിക്ക് എല്ലാം വായിച്ചു...
അത് കൊണ്ടു ഒരു 'എക്ക ചെക്ക'യു
മില്ലാതെ വായന 'നടന്നു' കിട്ടി...ഇനി ഓടി
നടന്നു അടുത്ത പോസ്റ്റിനു കൈ നീട്ടി നില്‍ക്കുന്നു
അരീകോടന്‍ മാഷെ...

Areekkodan | അരീക്കോടന്‍ said...

സുമേഷ്...പോസ്റ്റ് നീണ്ടാല്‍ അതിലും വലിയ ചെയ്ത്താനാവും.

എന്റെ ലോകം...അത് ശരി,നല്ല ഐഡിയ.

Post a Comment

നന്ദി....വീണ്ടും വരിക