ഇന്നലെ ഈ വര്‍ഷത്തെ റമളാന്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച.കഴിഞ്ഞ വെള്ളിയാഴ്ച യാത്രയില്‍ ആയതിനാല്‍ ജുമുഅ ഖുതുബ (വെള്ളിയാഴ്ചയിലെ ഉത്ബോധന പ്രസംഗം) നഷ്ടപ്പെട്ടതിനാലും റമളാന്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ആയതിനാലും ഞാന്‍ നേരത്തെ തന്നെ പള്ളിയിലേക്ക് പുറപ്പെട്ടു.മുന്നിലെ ആദ്യ നിരയില്‍ തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു.
പ്രസംഗം തുടങ്ങി.ഖതീബ് (പ്രാസംഗികന്) സാവധാനം റമളാനിന്റെ ഓരോ പത്ത് ദിവസങ്ങളുടേയും സവിശേഷതകളെപറ്റി പറഞ്ഞു.ആദ്യത്തെ പത്ത് ദിവസം കാരുണ്യത്തിന്റേതും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേതും മൂന്നാമത്തെ പത്ത് നരകമോചനത്തിന്റേതും ആണെന്ന് സാമാന്യമായി പറഞ്ഞു.
അതിനാല്‍ ആദ്യത്തെ പത്ത് ദിവസം കാരുണ്യത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കണം.പക്ഷേ .. ദൈവത്തോട് കാരുണ്യത്തെ തേടുമ്പോള്‍ സ്വയം നാമും ഒന്ന് ചിന്തിക്കണം - നാം മറ്റുള്ളവരോട് കരുണ കാണിക്കുന്നുണ്ടോ?നിന്റെ വൃദ്ധരായ മാതാപിതാക്കളോട് നീ കരുണ കാണിക്കുന്നുണ്ടോ , അതോ അവരെ വൃദ്ധസദനത്തിലാക്കിയാണോ നീ ദൈവത്തിന്റെ കാരുണ്യത്തിന് കൈ നീട്ടുന്നത്?നിന്റെ സഹോദരീ സഹോദരന്മാരിലും ബന്ധുക്കളിലും രോഗികളും ഭിന്നശേഷിയുള്ളവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും ഇല്ലേ? അവരെ നോക്കേണ്ട ബാധ്യത മാറ്റിവച്ചാണോ നീ ദൈവത്തിന്റെ കാരുണ്യത്തിന് കൈ നീട്ടുന്നത്?നിന്റെ അയല്‍വാസികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്ലേ? അവരോട് കരുണ കാണിക്കാതെയാണോ നീ ദൈവത്തിന്റെ കാരുണ്യത്തിന് കൈ നീട്ടുന്നത്?നിന്റെ ചുറ്റും മിണ്ടാപ്രാണികളായ എത്രയോ ജന്തുക്കള്‍ വസിക്കുന്നില്ലേ?അവരോട് കരുണ കാണിക്കാതെയാണോ നീ ദൈവത്തിന്റെ കാരുണ്യത്തിന് കൈ നീട്ടുന്നത്?
രണ്ടാമത്തെ പത്തില്‍ താന്‍ ചെയ്ത മലയോളം വരുന്ന പാപങ്ങള്‍ വിട്ടു പൊറുത്ത് മാപ്പാക്കിത്തരാനാണ് പ്രാര്‍ത്ഥന.പക്ഷേ.... ദൈവത്തോട് പാപമോചനം തേടുമ്പോള്‍ സ്വയം നാമും ഒന്ന് ചിന്തിക്കണം - നാം മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ?നിന്റെ മുഴുവന്‍ പാപങ്ങളും പൊറുത്ത് തരാന്‍ ആവശ്യപ്പെടുന്ന അതേ സമയത്ത് നിന്റെ അയല്‍വാസി ഒരിഞ്ച് ഭൂമി വിട്ടുതരാന്‍ പറഞ്ഞത് നീ കേട്ടില്ലെന്ന് നടിക്കുന്നോ? നിന്റെ സഹോദരങ്ങള്‍ കടമായി വാങ്ങിയ പണം തിരികെ ലഭിക്കാന്‍ നീ ധൃതി കൂട്ടുന്നോ? ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നിനക്ക് ദൈവത്തോട് പാപം വിട്ടുപൊറുത്ത് തരാന്‍ ആവശ്യപ്പെടാന്‍ അവകാശമുണ്ടോ?
പ്രസംഗം കഴിഞ്ഞപ്പോള്‍ പലരും സ്വയം ചിന്തിച്ചിരിക്കും എന്ന് എനിക്കുറപ്പാണ്. മനുഷ്യബന്ധങ്ങള്‍ നിലനിര്‍ത്തി ദൈവത്തോട് കൂടുതല്‍ പ്രാര്‍ത്ഥിക്കുക.തീര്‍ച്ചയായും അതിലൂടെ ഈ റമളാന്‍ മാസം ഒരു മാറ്റം സൃഷ്ടിക്കുക തന്നെ ചെയ്യും.ദൈവം സഹായിക്കട്ടെ , ആമീന്‍.
4 comments:
നിന്റെ വൃദ്ധരായ മാതാപിതാക്കളോട് നീ കരുണ കാണിക്കുന്നുണ്ടോ , അതോ അവരെ വൃദ്ധസദനത്തിലാക്കിയാണോ നീ ദൈവത്തിന്റെ കാരുണ്യത്തിന് കൈ നീട്ടുന്നത്?
കാരുണ്യത്തിന് ആയി നീട്ടുന്ന കൈകള്‍ കരുണകാട്ടുന്നവയാണോ?
നാം മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ?
നന്നായി മാഷെ
ആശംസകള്‍
വളരെ നന്നായി...
Post a Comment
നന്ദി....വീണ്ടും വരിക