ഹര്‍ത്താല്‍ തീരുമാനം പ്രഖ്യാപ്പിക്കുമ്പോളും ചില സമരപരിപാടികള്‍ കാണുമ്പോഴും പലപ്പോഴും മനസ്സില്‍ തോന്നാറുണ്ട് , ഇവര്‍ക്ക് ഈ ഊര്‍ജ്ജം വല്ല ജനോപകാരപ്രദമായ കാര്യത്തിനും ഉപയോഗിച്ചു കൂടേ എന്ന്.പൊതുജനങ്ങളെ ശല്യം ചെയ്തു എന്ന ചീത്തപ്പേര് ലഭിക്കുന്നതിന് പകരം അന്ന് അവര്‍ ഉപകാരപ്രദമായ പ്രവര്‍ത്തനം നടത്തി എന്നെങ്കിലും പറയിപ്പിക്കാമല്ലോ.ബസ്സ്റ്റാന്റ് വൃത്തിയാക്കല്‍,ബസ് വെയ്റ്റിംഗ് ഷെഡ് പുതുക്കിപ്പണിയല്‍/നിര്‍മ്മിക്കല്‍ , ഡ്രെയിനേജ് നന്നാക്കല്‍,റോഡിലെ കുഴി അടക്കല്‍ എന്നിങ്ങനെ എത്രയോ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ ദിവസമായിട്ടും ഹര്‍ത്താല്‍ ദിനത്തില്‍ വഴി മുടക്കാനല്ലാതെ ഒരു സംഘടനയും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നില്ലല്ലോ എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്.
എന്നാല്‍ ഇന്ന് മാതൃഭൂമി തൃശൂര്‍ എഡിഷനില്‍ കണ്ട ഒരു വാര്‍ത്ത എനിക്ക് ഏറെ സന്തോഷം തരുന്നു.ആ വാര്‍ത്ത ഇതാ ഇവിടെ.
രാഷ്ട്രീയവൈരം മറന്ന് കുഴിയടച്ചു; ജനം കയ്യടിച്ചു
തൃപ്രയാര്‍ : സൗരോര്ജവിവാദം കത്തിക്കയറിയതോടെ നേരില്‍ കണ്ടാല്‍ കീരിയും പാമ്പുമാകുന്ന ഡി.വൈ.എഫ്.ഐ.ക്കാരും യൂത്ത് കോണ്‍ഗ്രസ്സുകാരും എടമുട്ടം പാലപ്പെട്ടിയില്‍ ഒത്തുകൂടിയപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്. മുണ്ട് മടക്കിക്കുത്തി ഇരുകൂട്ടരും വിജനമായ ദേശീയപാതയിലേക്കിറങ്ങി. മെറ്റലും മണലും സിമന്റും കൂട്ടി അവര്‍ ദേശീയപാതയിലെ ചതിക്കുഴികള്‍ അടച്ചു. എല്‍.ഡി.എഫിന്റെ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു അപൂര്‍വ്വസംഗമം. അപകടമേഖലയായ പാലപ്പെട്ടി വളവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോകള്ക്കുമെല്ലാം ഇനി അപകടഭീതി കൂടാതെ യാത്രചെയ്യാം.
ഇരുസംഘടനകളുടെയും പാലപ്പെട്ടി യൂണിറ്റുകളാണ് ഹര്‍ത്താല്‍ദിനം ശ്രമദാനത്തിനായി മാറ്റിവെച്ചത്. എന്നും അപകടമുണ്ടാകുന്ന ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുന്നതും ഇവരായിരുന്നു. പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കുന്നതിന് മുന്നിലുണ്ടാകാറുള്ള യുവാക്കള്‍ ശ്രമദാനത്തിന് മുന്നിട്ടിറങ്ങിയത് രാഷ്ട്രീയം റോഡിന് പുറത്തുവെച്ചാണ്.
സിമന്റും മണ്ണും മെറ്റലും വാങ്ങാനുള്ള പണം ഇരുകൂട്ടരും ചേര്‍ന്നാണ് സമാഹരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ 25-ഓളം വരുന്ന യുവാക്കള്‍ റോഡിലിറങ്ങി. ഒന്നരയ്ക്ക് റോഡില്‍നിന്ന് കയറുമ്പോള്‍ പാലപ്പെട്ടി കിഴക്ക്, പടിഞ്ഞാറ് വളവ് മേഖലയിലെ 15-ഓളം കുഴികള്‍ അടഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, ഡി.വൈ.എഫ്.ഐ. പാലപ്പെട്ടി യൂണിറ്റ് സെക്രട്ടറി ഷാജഹാന്, വിപിന്‍ദാസ്, രാഗേഷ്, റിനേഷ്, കിരണ്‍, എസ്.പി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കടപ്പാട് : മാതൃഭൂമി ദിനപത്രം
ഇതുപോലെ നമ്മുടെ എല്ലാ സംഘടനകളും ഒന്ന് മുന്നിട്ടിറങ്ങിയിരുന്നെങ്കില്‍ ???
5 comments:
ഇതുപോലെ നമ്മുടെ എല്ലാ സംഘടനകളും ഒന്ന് മുന്നിട്ടിറങ്ങിയിരുന്നെങ്കില്‍ ???
ഞാനും കണ്ടു .. ഇതാവണം രാഷ്ട്രീയ പ്രവര്‍ത്തനം .. അഭിനന്ദനങ്ങൾ
നമ്മൂടെ ഈ നാട് കണ്ടാല്‍ തിരിച്ചറിയാത്തവിധം മാറിപ്പോയേനേ...
നല്ല മാതൃക
എങ്കിൽ നമ്മളെന്നേ നന്നായേനെ... അതിന് സ്നേഹം വേണം. അവനോനോടും അവനോന്റെ നാട്ടുകാരോടും. ഈ മാതൃക ബാക്കിയുള്ളവരും കണ്ടു പഠിച്ചിരുന്നെങ്കിൽ...
Post a Comment
നന്ദി....വീണ്ടും വരിക