Pages

Tuesday, August 13, 2013

തൃശൂരിലെ ബസ് യാത്ര

        യാത്ര തരുന്ന അത്രയും ജീവിതാനുഭവങ്ങള്‍ വേറെ ഒന്നില്‍ നിന്നും ലഭിക്കും എന്ന് എനിക്ക് തോന്നുന്നില്ല.ട്രെയ്‌നില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറിയുള്ള യാത്രയായിരുന്നു നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇഷ്ടപ്പെട്ടിരുന്നത് എന്ന് നാം എല്ലാവരും വായിച്ചറിഞ്ഞതാണ്. അതിന് ഒരു കാരണമായി അദ്ദേഹം പറഞ്ഞത് ജനങ്ങളുടെ അവസ്ഥ നേരിട്ടറിയാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം അതായിരുന്നു എന്നതാണ്. 

   പല നാട്ടിലും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങള്‍ വ്യത്യസ്തങ്ങളാണ്. തിരുവനന്തപുരത്ത്കാരനായ എന്റെ സുഹൃത്തിന്റെ ഉപ്പ , മലപ്പുറത്തെ ടിക്കറ്റില്ലാ യാത്രയെപറ്റിയും മുന്‍ വാതിലിലെ ‘കിളി’യും പിന്‍  വാതിലിലെ ചെക്കറും തമ്മിലുള്ള ആശയവിനിമയരീതിയെപറ്റിയും പലതവണ അത്ഭുതത്തോടെ സൂചിപ്പിച്ചിരുന്നു. കൊട്ടിയത്തെ കൊട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നേരിട്ടനുഭവിച്ചതാണ്.

        തൃശൂരില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അരീക്കോട്ടേക്ക് സര്‍വീസ് നടത്തിയിരുന്ന രാജ് മോട്ടോര്‍സിലാണ് ഞാന്‍ ആദ്യമായി മല്ലികയും വാടാര്‍മല്ലിയും കോര്‍ത്തുള്ള പൂമാല കണ്ടത്. മുറിച്ച ടിക്കറ്റിന്റെ ബാക്കി വരുന്നത് ഞങ്ങള്‍ക്ക് ആദ്യമായി കിട്ടിയതും രാജ് ബസ്സില്‍ നിന്നായിരുന്നു. ബെല്ലിന് പകരം വിസില്‍ ഉപയോഗിക്കുന്നത് ആദ്യമായി കണ്ടതും ഇതേ ബസ്സിലായിരുന്നു. ഇത്രയും പറഞ്ഞത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ ബസ് യാത്രയിലെ ഒരു അനുഭവമാണ്.

             കാതടപ്പിക്കുന്ന  വിസിലാണ് തൃശൂര്‍ ജില്ലയിലെ പ്രൈവറ്റ് ബസ്സുകളിലെ ഡബിള്‍ ബെല്‍ . ടൌണ്‍ വിട്ടു കഴിഞ്ഞാല്‍ ഈ വിസില്‍ കണ്ടക്ടറുടെ കയ്യിലെ ചെറുവിരലിന്റെ അലങ്കാരമായി തൂങ്ങും. പിന്നെ ബസ് നില്‍ക്കുന്നതും പോകുന്നതും കണ്ടക്ടറുടെ ശബ്ദത്തിനനുസരിച്ചാണ് !!ബസ് നിര്‍ത്തണമെങ്കില്‍ ഉച്ചത്തില്‍ ‘ഹൊയ്’ എന്ന് പറയും. പിന്നെ കേള്‍ക്കുന്നത് ‘വേറ...വേറ...” എന്നാണ്. വേഗം ഇറങ്ങൂ എന്നതാണ്  ലോപിച്ച് ‘വേറ’ ആയത് ! അങ്ങാടിയില്‍ പോകുന്നവനോട് ‘നായിപ്പ്ച്ചും’ (ഒരു നാഴി ഉപ്പ് എനിക്കും വാങ്ങൂ) എന്ന മലപ്പുറം ലോപനത്തെ ഓര്‍മ്മിപ്പിക്കുന്നതായി എനിക്കത് തോന്നി. ആളിറങ്ങി കഴിഞ്ഞാല്‍ കണ്ടക്ടര്‍ ‘ഓ’ എന്ന് ഉച്ചത്തില്‍ പറയും, അതാണ് ഡബിള്‍ ബെല്‍ !!

              മലപ്പുറം ജില്ലയില്‍ ടിക്കറ്റ് പണ്ടേ ഇല്ല.പക്ഷേ കയറിയ ആള്‍ക്കാരുടെ എണ്ണവും ബാഗിലെത്തിയ പണവും സംബന്ധിച്ച്  വൈകിട്ട്  കണ്ടക്ടറും ബസ് മുതലാളിയും തമ്മില്‍ കശപിശയുണ്ടാകാതിരിക്കുന്നതിനായി ചെക്കര്‍ എന്നൊരു സംവിധാനം ഉണ്ട്. തൃശൂരില്‍ ഈ രണ്ട് സംവിധാനവും ഇല്ല.ബസ് മുതലാളി തന്നെയാണാവോ കണ്ടക്ടര്‍ ?

5 comments:

Areekkodan | അരീക്കോടന്‍ said...

ആളിറങ്ങി കഴിഞ്ഞാല്‍ കണ്ടക്ടര്‍ ‘ഓ’ എന്ന് ഉച്ചത്തില്‍ പറയും, അതാണ് ഡബിള്‍ ബെല്‍ !!

Cv Thankappan said...

ങ്ഹേ!അങ്ങ്ന്യേണ്ടോ!!!
നന്നായി മാഷെ.
ആശംസകള്‍

Anonymous said...

Masse enikum ee samsayam undu

ajith said...

വേറ വേറ!!

Manikandan said...

തൃശൂരിൽ ചില ബസ്സുകളിൽ തൊഴിലാളികൾക്ക് ശംബളം ഇല്ല. മുതലാളിയ്ക്ക് എല്ലാ ചിലവും കഴിച്ച് ഒരു മുൻനിശ്ചയിച്ച തുക തൊഴിലാളികൾ കൊടുക്കണം. അന്നത്തെ വരവിൽ മുതലാളിയുടെ വിഹിതവും ഇന്ധനച്ചെലവും കഴിച്ച് ബാക്കിവരുന്ന തുക തൊഴിലാളികൾക്ക് വീതിച്ചെടുക്കാം. ഇതാവാം ചില ബസ്സുകളിൽ ടിക്കറ്റും, ടിക്കറ്റ് പരിശോധകനും ഇല്ലാത്തതിന്റെ കാരണം. സംഗതി പറഞ്ഞുകേട്ടുള്ള അറിവാണ്.

Post a Comment

നന്ദി....വീണ്ടും വരിക