“എടിയേ ഒരു ബക്കറ്റ് കഞ്ഞി
വെള്ളം…” ദാമോദരൻ മാഷ് വീടിന്റെ
ഗേറ്റിലെത്തിയ ഉടനെ വിളിച്ചു പറഞ്ഞു.
“കിങ്ങിണിക്ക് ഞാൻ വെള്ളം
കൊടുത്തൂ….” കന്നുകുട്ടിക്കാണ്
വെള്ളം ചോദിക്കുന്നതെന്ന് കരുതി മാഷുടെ ഭാര്യ അമ്മിണിച്ചേച്ചി അടുക്കളയിൽ നിന്നും വിളിച്ചു
പറഞ്ഞു.
“കിങ്ങിണിക്കും അമ്മിണിക്കും
ഒന്നുമല്ല….ദാമോദരനാ…”
“ങേ…..നിങ്ങളെന്നാ കഞ്ഞി വെള്ളം കൊണ്ട് കുളിക്കാൻ തുടങ്ങിയത്…?” അമ്മിണിച്ചേച്ചി ആശ്ചര്യത്തോടെ ചോദിച്ചു.
“കുളിക്കാനല്ലടീ….കുടിക്കാനാ…. കുടിക്കാൻ“
“കുടിക്കാൻ ഒരു ബക്കറ്റ്
വെള്ളമോ….?നിങ്ങളും കന്നാലിയായോ…?”
’വെറും കന്നാലിയല്ലെടീ….കാട്ടുപോത്താ….കാട്ടുപോത്ത്…’
“ഇതെന്താ കൂത്ത്…..ഗ്യാസ് കണക്ഷനും ബാങ്ക് അക്കൌണ്ടും കണക്ട് ചെയ്യാൻ
പോയ ആൾ കാട്ടുപോത്തായിട്ട് തിരിച്ചു വര്വേ?’
“അതേടീ…..അവർ ദാമോദരനെ കാട്ടുപോത്താക്കി….നീ വെള്ളമെടുക്ക്….എന്റെ ദാഹമൊന്ന് തീർക്കട്ടെ…”
അമ്മിണിച്ചേച്ചി ഒരു വലിയപാത്രത്തിൽ
കഞ്ഞി വെള്ളവും ഗ്ലാസ്സുമായി എത്തി. ദാമോദരൻ മാഷ് പാത്രത്തോടെ വെള്ളം വായിലേക്ക് കമഴ്ത്തി….ഗ്ലും ഗ്ലും ഗ്ലും……ആനവായിലൂടെ കുമ്പളങ്ങ പോകുന്ന പോലെ വെള്ളം ദാമോദരൻ
മാഷുടെ അന്നനാളത്തിലൂടെ കടന്നുപോയി. അമ്മിണിച്ചേച്ചിയുടെ പൊളിച്ചു വച്ച വായിലൂടെ ഇമ്മിണി
വലിയ ഒരു ഈച്ചയും കടന്നുപോയി.
“അതായത് ബാങ്കിൽ ചെന്നപ്പോൾ
അവിടെ തൃശൂർ പൂരത്തിന്റെ അത്രയും ആൾക്കാർ….അതിനിടയിലൂടെ
തിരുകി തിരുകി മുന്നിലെത്തിയപ്പോൾ ആധാർ നിർബന്ധമാണെന്ന് അവർ പറഞ്ഞു….” ദാമോദരൻ മാഷ് വിവരിക്കാൻ തുടങ്ങി.
“ങാ…എന്നിട്ട്…” ഒരു മെഗാസീരിയൽ കാണാനിരിക്കുന്ന പോലെ അമ്മിണിച്ചേച്ചി
കസേര വലിച്ചിട്ട് മാഷുടെ അടുത്തേക്കിരുന്നു.
“ആധാറില്ലാത്ത എനിക്ക്
ഇ-ആധാർ എന്നൊരു കുന്ത്രാണ്ടം ഒരാൾ പറഞ്ഞു തന്നു….അതെടുക്കാനായി ഞാൻ അടുത്തുള്ള കഫേയിലേക്ക് ഓടി…”
“അപ്പോൾ ഒന്നാമത്തെ ഗ്ലാസ്സ്
വെള്ളം സ്വാഹ….”
“കഫേയിൽ നിന്നും കിട്ടിയ
പേപ്പറുമായി വീണ്ടും ബാങ്കിൽ ഓടി എത്തി…അവർക്ക്
അതിലെ ഫോട്ടോ വ്യക്തത പോരാത്രേ…..”
“എന്നിട്ട്?”
“അപ്പോൾ ഞാൻ സ്റ്റുഡിയോയിലേക്ക്
വച്ചു പിടിച്ചു…..നല്ലൊരു
കുട്ടപ്പൻ ഫോട്ടോ എടുത്തങ്ങ് ബാങ്ക് മാനേജർക്ക് കൊടുത്തു…”
“അപ്പോൾ വെള്ളം ഗ്ലാസ്സ്
രണ്ടും സ്വാഹ…”
“ഫോട്ടോ കണ്ട ബാങ്ക് മാനേജർ
ഒറ്റ ചോദ്യം….ഇതാരാ…..?ഞാൻ പറഞ്ഞു ദാമോദരൻ….ഇ-ആധാർ കാട്ടി അടുത്ത ചോദ്യം…കുത്താൻ നിൽക്കുന്ന ------ പോലെയുള്ള
ഇതോ…..? ഞാൻ പറഞ്ഞു അതും
ദാമോദരൻ…അപ്പോൾ അടുത്ത ചോദ്യം… ഇതിലേതാ ഈ ദാമോദരൻ??’
“ഇ-ബാങ്കിംഗ്…. ഇ-ആധാർ…
അതുപോലെ ഇ-ദാമോദരൻ…നല്ല
കഥ”
“അങ്ങനെ ഇ-ദാമോദരനെ തേടി
ഞാൻ വീണ്ടും കഫേയിലേക്ക് ഓടി….എത്ര
പറഞ്ഞിട്ടും കഫേക്കാർക്ക് മനസ്സിലാവുന്നില്ല….അടുത്ത
കഫേയിലും പോയി നോക്കി….അവസാനം
അവർ ഗൂഗിളിൽ തപ്പിയിട്ട് പറഞ്ഞു….ഇരയിമ്മൻ
തമ്പി…ഇത്തിക്കരപക്കി…ഇരവി….ഇങ്ങനെയുള്ളവരുണ്ട്. ഇ-ദാമോദരൻ ഇല്ല…അതിനാൽ അവിടെ നിന്നും ഒരു ഇ-ആധാർ എടുത്തു.വീണ്ടും
ബാങ്കിലേക്ക് ഓടി….”
“അപ്പോൾ മൂന്നും നാലും
അഞ്ചും ഗ്ലാസ്സും സ്വാഹാഹാഹ….”
“അങ്ങനെ ഇ-ആധാർ കാർഡിൽ
അക്കൌണ്ട്നമ്പറും എഴുതി ബാങ്കിൽ കൊടുത്ത ശേഷം വേഗം ഗ്യാസ് ഏജൻസിയിലേക്ക് ഓട്ടോ വിളിച്ചു…. അവിടെ ചെന്നപ്പോ ആറ്റുകാൽ പൊങ്കാലപോലെ നിറയെ സ്ത്രീ
ജനങ്ങൾ….ന്നാലും തിക്കിത്തിരക്കി
അവിടേയും ആധാർ കോപ്പി കൊടുത്തു…”
“ഹാവൂ….അങ്ങനെ ബാങ്കും ഗ്യാസും ആധാറും ലിങ്കായി….സമാധാനായി…അല്ലേ?”
“അല്ല….ഉള്ള സമാധാനോം പോയിക്കിട്ടി…”
“ങേ…!!അതെങ്ങനെ?”
‘ആധാറും പറഞ്ഞ് നമ്മളെ
ഇങ്ങനെ വഴിയാധാരമാക്കി കഴിഞ്ഞപ്പോഴാണ് പത്രവാർത്ത കണ്ടത്….ഗ്യാസ് സബ്സിഡിക്ക് ആധാർ നിർബന്ധമില്ലന്ന്….ഇത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ വെകിളി പിടിച്ച പോത്തുപോലെയുള്ള
ഈ നെട്ടോട്ടം ഒഴിവാക്കാമായിരുന്നു….ഇപ്പോ ഞാനാരായി…?”
“കാട്ടുപോത്തായി….”
“അതെന്നെടീ…. ആധാർ ദാമോദരനെ കാട്ടുപോത്താക്കി….!!“
9 comments:
.അവസാനം അവർ ഗൂഗിളിൽ തപ്പിയിട്ട് പറഞ്ഞു….ഇരയിമ്മൻ തമ്പി…ഇത്തിക്കരപക്കി…ഇരവി….ഇങ്ങനെയുള്ളവരുണ്ട്. ഇ-ദാമോദരൻ ഇല്ല…
അവസാനത്തെ ഗ്ലാസിലെ വെള്ളവും സ്വാഹ..
അപ്പൊ ശരിക്കും ഗ്യാസ് കിട്ടാൻ ഇനി ആധാർ വേണ്ടേ..പ്രവാസി ആയതു കൊണ്ട് ഈ വക കാര്യങ്ങളിൽ ഒന്നും ഒരു വിവരവും ഇല്ല..
നമ്മക്കിതുവരെ ആധാറില്ല
കിട്ടുമ്പോ എങ്ങനെയിരിക്കുവോ എന്തോ?
ഞാനുമെടുത്തില്ല ‘ആധാർ’. ചിലപ്പോൾ ‘പ്രവാസി ആധാർ’ വരും. അപ്പോഴാകാം..
കാട്ടുപോത്ത് മാത്രമല്ല, മനുഷ്യനെ കഴുതയാക്കുന്ന പരിപാടിയും ഉണ്ടെന്ന് കേട്ടു.
അക്ബര്ക്കാ....വേണോ വേണ്ടേ വേണ്ടണോ എന്ന് ഇപ്പോ വാസിക്കും പ്രവാസിക്കും അയല്‍വാസിക്കും ഒന്നും പിടിയില്ല എന്നതാണ് സത്യം.
അജിത്ജീ....ആധാര്‍ ആശംസകള്‍
വീ.കെ....പ്രവാസി ആധാര്‍ നല്ല ഐഡിയ ആണ്.മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഒന്ന് അവതരിപ്പിച്ചു നോക്കൂ.
മിനി ടീച്ചര്‍....പൊതുജനം എന്നും കഴുതയാണല്ലോ,പിന്നെ പ്രത്യേകിച്ച് പറയേണ്ട എന്ന് കരുതിയാ ദാമോദരനെ കാട്ടുപോത്താക്കിയത്.
ഹാഹ കലക്കി മാഷേ ,,, ആധാര്‍ ഇല്ലാത്തവര്‍ക്ക് ഗ്യാസ് കണക്ഷന് ഏറ്റവും അടുത്ത ആളുടെ പേരിലേക്ക്മാ മാറ്റാം എന്ന് കേട്ട് പോയിട്ട് ഞാന്‍ കുടിച്ച വെള്ളത്തിനു കണക്കില്ല :)
പാവം ജനത്തെ കഴുതകളാക്കും.....
ആശംസകള്‍
ജനങ്ങളെ വഴിയാധാരമാക്കാനുള്ള ഓരോ ഏർപ്പാടുകൾ.. പ്രവാസികളുടെ കാര്യമാണ് ഇതിലും പരിതാപകരം. അവരുടെ പേരിലുള്ള കണക്ഷൻ അധാറില്ലാത്തതു കൊണ്ട് ഭാര്യയുടെ പേരിലേക്കോ മറ്റോ മാറ്റുന്നതിനുള്ള പൊല്ലാപ്പുകൾ ഓർത്ത് മൊത്തം ഗ്യാസ് കേറിയിരിക്കയാണ്...
Post a Comment
നന്ദി....വീണ്ടും വരിക